തലയ്ക്ക് മുകളിൽ വെള്ളിടി വെട്ടിയ പോലെ തോന്നി ,വീണു പോകാതിരിക്കാൻ മേശയിൽ കയ്യമർത്തി ആന്റിയെ നോക്കി … മുഖമെല്ലാം വിളറി വെളുത്തു നിൽക്കുകയാണവർ ..
”ലീലാമ്മേ ,ഞാൻ പോലീസിനെ വിളിച്ചോളാം നീ ആ സെക്കൂരിറ്റിയെ കൂട്ടി മുകളിൽ പോയി കാര്യമെന്താണെന്നു നോക്ക് …വേഗം .”
ലീലാമ്മ വേഗം സെക്കൂരിറ്റിയെ വിളിക്കാൻ പുറത്തേക്കോടി ,
”അർജുൻ ?”
”ആന്റി കുറച്ചു കഴിഞ്ഞു പൊലീസിന് ഫോൺ ചെയ്‌താൽ മതി ,,,പുതിയ ബ്ലോക്ക് എവിടെയാ ”
”നീ ഒറ്റയ്ക്ക് …..”
”ആന്റി എന്റെ ഇന്നോവ പുറത്തുണ്ട് ,ഇതാ കീ ,ആകാശിനെ വിളിച്ചു അതൊന്നു മേഴ്സി ഹോസ്പിറ്റലിൽ കൊണ്ടിടാൻ പറയണം ..”
”അപ്പോൾ നീ …”
”ആന്റി ഞാൻ വിളിച്ചോളാം ..”
”അർജുൻ നീ പോകേണ്ട ,അവര് മൂന്നാലു പേരുണ്ടെന്നല്ലേ പറഞ്ഞത് ..”
”എന്റെ കയ്യിലെ തുറുപ്പു ചീട്ടാണവർ , അവർക്കെന്തെങ്കിലും പറ്റിയാൽ പിന്നെ വേറെ വഴിയില്ല …ആന്റി ആകാശിനെ വിളിച്ചു ഇന്നോവ മാറ്റാൻ പറ ,ഞാൻ വിളിച്ചോളാം ”
”അർജുൻ …”
ആന്റി പിന്നിൽ നിന്ന് വിളിക്കുന്നത് ശ്രദ്ധിക്കാതെ ഞാൻ സ്മിത പോയ പുതിയ ബ്ലോക്ക് ലക്ഷ്യമാക്കി കുതിച്ചു …പണി നടക്കുന്നതേയുള്ളു അവിടെ ,ചുറ്റി മൊബൈൽ ടോർച്ച തെളിച്ചു മൊത്തം നോക്കിയെങ്കിലും ആരെയെയും കാണാനായില്ല ….പെട്ടെന്നാണ് മതിലിനപ്പുറത്തെ റോഡിലൂടെ ടോർച്ചു തെളിച്ചു ആരൊക്കെയോ ഓടുന്നത് കണ്ടത് ..ഒന്നും നോക്കിയില്ല പൊളിഞ്ഞു കിടന്ന ഭാഗത്തൂടെ എടുത്തു ചാടി ആ വെളിച്ചം ലക്ഷ്യമാക്കി ഓടി …
ദൂരെ നിന്നെ കാണാം ,അവിടെയൊരു പിടിവലി നടക്കുകയാണ് ,ഒരാൾ തെറിച്ചു വീഴുന്നത് വ്യക്തമായി കണ്ടു ..അതോടെ ഓട്ടത്തിന്റെ വേഗത കൂട്ടി …ആ കുതിപ്പിൽ ഷൂ എന്തിലോ തട്ടി വേച്ചു വീഴാൻ പോയി ,,ഭാഗ്യത്തിന് ഏതോ ഒരു മരത്തിന്റെ താഴത്തെ കൊമ്പിൽ പിടിത്തം കിട്ടി .ഇല്ലെങ്കിൽ തെറിച്ചു വീഴുമായിരുന്നു ,ഒന്ന് . ബലം പിടിച്ചപ്പോൾ അത് പൊട്ടി കയ്യിലേക്ക് വന്നു .കയ്യിലൊതുങ്ങിയ കഷ്ണമാണ് ,അതിന്റെ ആത്മവിശ്വാസത്തോടെ ഞാനവരുടെ അടുത്തേക്ക് പാഞ്ഞു ..
രണ്ടു പേര് സ്മിതയുമായി പിടിവലി നടത്തുകയാണ് ,നേരത്തെ വീഴുന്ന കണ്ടവൻ എഴുന്നേൽക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട് ..ഞാൻ അടുത്തെത്തിയതും ഒരുത്തൻ എനിക്ക് നേരെ തിരിഞ്ഞു , മരക്കഷ്ണം കൃത്യമായി അവന്റെ കഴുത്തിൽ തന്നെ കൊണ്ടു ,വെട്ടിയിട്ട പോലെ അവൻ നിലത്തേക്ക് വീഴുന്നത് കണ്ട രണ്ടാമൻ ഒന്ന് പതറിയ പോലെ തോന്നി .ആ ഒറ്റ നിമിഷം അവൻ അരയിൽ നിന്നെന്തോ എടുക്കാൻ തുനിഞ്ഞതാണ് ,സ്മിതയുടെ കാലു അവന്റെ മർമ്മം നോക്കി ഉയർന്നു .ഒരു ഞെരക്കത്തോടെ അവിടം പൊത്തി അവൻ കുനിഞ്ഞു നിൽക്കെ സ്മിതയുടെ കയ്യും പിടിച്ചു ഞാൻ തിരിച്ചോടി …..ഒരു പത്തു മീറ്റർ ……പാഞ്ഞു വരുന്ന ഒരു വാഹനത്തിത്തിൽ നിന്നുള്ള വെളിച്ചം ഞങ്ങളിൽ പതിച്ചു …
”അതാടാ ..അവള് തന്നെ …”
അതിൽ നിന്നാരുടേയോ ആക്രോശം കേൾക്കാം ,വരുന്നത് ശത്രു തന്നെ …എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളിരുവരും പകച്ചു നിൽക്കെ ആ വെളിച്ചം അടുത്തേക്ക് കുതിച്ചെത്തി കൊണ്ടിരുന്നു ,,
[തുടരും ]