എന്തിനെന്നു ചിന്തിക്കാതെ കിട്ടുന്ന എന്ത് ജോലിയും പണിഷ്മെന്റ് ആയാൽ അതും യാന്ത്രികമായി ചെയ്യാനുള്ള മാനസികനില കൈവന്നു തുടങ്ങി . പ്ലസ് ടു തുടങ്ങിയ കാലഘട്ടത്തിൽ അവസാനത്തെ പ്രീഡിഗ്രി ബാച്ചിൽ പഠിക്കുക ആയിരുന്നു ഞാൻ. വീടിനടുത്തുള്ള സ്കൂളിൽ നിന്നും കുറച്ചകലെയുള്ള കോളേജിന്റെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേർന്നപ്പോൾ സ്വാഭാവികം ആയും എടുത്തു പോകുന്ന അമിത സ്വാതന്ത്ര്യം എന്നെ പൂര്ണമായും ക്ലാസ്സിൽ കയറാതിരിക്കുന്നതിലേക്കു എത്തിച്ചു.
സിഗരറ്റും മദ്യവും രുചിക്കുന്നതും അവിടെ വച്ച് തന്നെ , ഒന്നാം വർഷ പരീക്ഷയിൽ മനോഹരമായി പൊട്ടിയതോടെ കുട്ടിക്കാലം മുതൽ മാതാപിതാക്കളും അധ്യാപകരും നട്ടു വളർത്തിയ സ്വപ്നങ്ങളിലേക്കുള്ള പാതിവഴിയിൽ പകച്ചു നിൽക്കേണ്ടി വന്നു . ജീവിതത്തിലെ ആദ്യപരാജയം , തിരിച്ചു പിടിക്കാൻ ഒരു പാട് അവസരങ്ങൾ മുന്നിലുണ്ടെങ്കിലും അതൊന്നും പ്രായത്തിന്റെ അപക്വത കാരണം കണക്കിലെടുത്തില്ല . പരാജയം വീട്ടിൽ അറിയാൻ പാടില്ല എന്ന ഒരേയൊരു ലക്‌ഷ്യം കൊണ്ടെത്തിച്ചത് നാവികസേന വിളിക്കുന്നു എന്ന വാചകത്തിൽ ആയിരുന്നു . ക്ലാസ് കട്ട് ചെയ്തു നടക്കുന്നവരെ പൊക്കുന്ന സ്‌ക്വാഡ് റീഡിങ് റൂമിൽ കയറില്ല എന്ന വിശ്വാസത്തിൽ ഇരുന്നപ്പോൾ അവിടെ കിടന്ന ഒരു തൊഴിൽ വാരികയുടെ മുഖ താളിൽ കണ്ട വാചകം. ഒരു ജോലി കിട്ടിയാൽ പിന്നെ പ്രശ്നമില്ല എന്ന തോന്നൽ ആണ് അപേക്ഷ അയക്കുവാൻ പ്രേരിപ്പിച്ചത് .. ആ സമയത്തു കുടുംബം നേരിടുന്ന ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം വീട്ടിൽ നിന്ന് വലിയ എതിർപ്പും ഉണ്ടായില്ല. മറ്റൊരു മാർഗം മുന്നിൽ ഇല്ലാതിരുന്നതു കൊണ്ടാവാം ..പരിശ്രമം ഫലം കണ്ടു . അന്തർവാഹിനികളുടെ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു അടിസ്ഥാന പരിശീലനത്തിനായി ഇവിടെ എത്തി നിൽക്കുന്നു . പരിശീലന കാലത്തു കഠിനമായതും വിരസമായതുമായ പല ജോലികളും ചെയ്യുമ്പോഴും പണിഷ്മെന്റുകൾ ചെയ്യുമ്പോഴും അതിനെ ലഘൂകരിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് അവളെ കുറിച്ച് ചിന്തിക്കുക എന്നത് . പിന്നീടങ്ങോട്ടുള്ള കഠിന പാതകളിൽ ഊർജ്ജം പകർന്നത് ഈറൻ തുണികളുടെയും വെളിച്ചെണ്ണയുടെയും ഗന്ധമുള്ള ചിന്തകൾ ആയിരുന്നു . മർദീകരിച്ച ടോർപിഡോ കുഴലുകളിലൂടെ നിറഞ്ഞു നീങ്ങുമ്പോൾ നെഞ്ചിലമരുന്ന ഭാരം അവളുടെ മാർദ്ദവമേറിയ വക്ഷോജങ്ങളെന്നു സങ്കല്പിച്ചാൽ അനായാസം കടന്നു പോകുമായിരുന്നു . ട്രെയിനിങ് പൂർത്തിയാക്കി ആദ്യ അവധിക്കു നാട്ടിലേക്ക് തിരിക്കുമ്പോൾ മനസിലുണ്ടായിരുന്നത് ശരീരത്തിൽ പടർന്നു കയറുന്ന ഇളം ചൂടുള്ള മൃദുലത ആയിരുന്നു .
അന്തർവാഹിനി [Pavithran]
Posted by