കോൾ സെന്റർ 3 [കമൽ]

Posted by

ജോജോ കൈ പുറകിൽ കെട്ടി ഒരു വളിച്ച ചിരി ചിരിച്ചു.
“പക്ഷെ ഇതൊരു ചെറിയ കാര്യമല്ല. മം??? ഇന്നെന്താഴ്ചയാ?”
“ഇന്ന്… ഇന്ന് ചൊവ്വ… അല്ലേ?” ജോജോ അവനെ ഇടം കണ്ണിട്ട് നോക്കി.
“അപ്പൊ ഇന്ന് ചൊവ്വ. നാളെ ബുധൻ. മറ്റന്നാ വ്യാഴം.”
“അതിന്?”
“വെള്ളിയാഴ്ച്ച വരെ നീയെനിക്ക് സമയം താ. നിനക്കൊരു ജോലിയുമായെ ജിന്റോ ഇനി നിന്റെ മുന്നിൽ വരൂ. അതു വരെ നീയെനിക്ക് സമയം തരണം.”
“ജിന്റോ… ഒറപ്പാണേ…”
“എടാ, ജിന്റോ ഒരു വാക്ക് പറഞ്ഞാൽ അത് വാക്കാ.”
“എന്നാ ഒരു അഞ്ഞൂറ് കടം താ. വണ്ടീൽ പെട്രോൾ അടിക്കാൻ പോലും കാശില്ല.”
“നീ ആയിരം വച്ചോ. ജോലി കിട്ടിക്കഴിഞ്ഞിട്ടു തന്നാൽ മതി.” ജിന്റോ പേഴ്‌സ് തുറന്ന് രണ്ട് അഞ്ഞൂറെടുത്ത് ജോജോയുടെ കയ്യിൽ വച്ചു ചുരുട്ടി.
“ജിന്റോ…” ജോജോ വികാരാധീനനായി വിളിച്ചു.
“നീ വീട്ടിലോട്ട് ചെല്ലട… ചേട്ടായി നിന്നെ വെള്ളിയാഴ്ച്ച വന്നു കാണാം. ഒരു നല്ല വാർത്തയുമായി. ഒക്കെ… ചിയർ അപ് മാൻ…”
ജിന്റോ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുന്നത് കലങ്ങിത്തുടങ്ങിയ കണ്ണുകളുമായി ജോജോ നോക്കി നിന്നു. കൈക്കുള്ളിൽ ചുരുട്ടി വച്ചിരുന്ന നോട്ടുകൾ അവൻ തിടുക്കത്തിൽ പോക്കറ്റിലിട്ടു.
വെള്ളിയാഴ്ച്ച ദിവസം, വീട്ടിൽ വെറുതേയിരുന്നു ബോറടിച്ചപ്പോൾ കണ്ട പറമ്പെല്ലാം തെണ്ടി കണ്ടവരുടെ മാവിൽ കല്ലെറിഞ്ഞ് കിട്ടിയ പച്ചമങ്ങയും കടിച്ചു ചവച്ചു കൊണ്ട് വീട്ടിൽ കയറി വന്ന ജോജോയെ കണ്ട് ബേബിച്ചേച്ചിക്ക് അല്പം അരിശം തോന്നി.
“വേറെ പണിയൊന്നുമില്ലേൽ ആടിനിച്ചിരി തീറ്റയെങ്കിലും കൊടുക്കെടാ ജോജോയെ… എത്ര നാളായി മേലെന്നും പറഞ്ഞു പണിക്കും പോവാതെ വീട്ടിൽ കുത്തിയിരിക്കുന്നു?”
“കയ്യിന്റെ കൊഴേലെ വേദനയങ് മാറുന്നില്ല അമ്മിച്ചീ. അതാ. ഇനീപ്പോ തിങ്കളാഴ്ച്ച മൊതല് പണിക്ക് പോവാം.”
“നിന്റെ പ്രായത്തീ നിന്റപ്പൻ പത്തു പേരുടെ പണിയെടുക്കുവാരുന്നു. നെനക്ക് പ്രായം 23 ആയതല്ലെയൊള്ളൂ? നാണാവൊണ്ടോടാ ഇച്ചേരേ ഇരുമ്പ് തട്ടിയപ്പോ കയ്യുളുക്കിയെന്ന് പറയാൻ?”
“എന്റെ പൊന്നമ്മിച്ചീ, എനിക്കൊരു വേദനയുമില്ല. ഞാനറിയാണ്ട് പറഞ്ഞു പോയതാ. പോരെ?”
“അതിന് നീ ചാടിക്കടുക്കാൻ വരുന്നതെന്തിനാടാ ചെക്കാ? വന്നിരി ഞരമ്പെണ്ണ ചൂടാക്കി പിടിച്ചു തരാം.”

Leave a Reply

Your email address will not be published. Required fields are marked *