മൃഗം 32 [Master]

Posted by

“ശരി പപ്പാ..എനിക്കുമുണ്ട് ഭയം. അവര്‍ വെറുതെ ഇരിക്കില്ല..ചാനലുകള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട വീഡിയോകള്‍ ഏറ്റെടുത്ത് ചര്‍ച്ച തുടങ്ങിയതോടെ അവരുടെ പതനം ഉറപ്പായിക്കഴിഞ്ഞിരുന്നു എങ്കിലും ദ്വിവേദി ഒരു കടമ്പ തന്നെ ആയിരുന്നു. ഇപ്പോള്‍ എല്ലാം ക്ലീനായി അവസാനിച്ചിരിക്കുന്നു.. പപ്പ പറഞ്ഞത് പോലെ അവന്മാര്‍ എന്നെ കൊല്ലാന്‍ പോലും മടിക്കില്ല..”
“അതെ മോളെ..ബി വെരി കെയര്‍ഫുള്‍…ഗുഡ് നൈറ്റ്…സമയം പത്തര കഴിഞ്ഞു..”
കോട്ടുവായിട്ടുകൊണ്ട് പുന്നൂസ് പറഞ്ഞു. പതിവുപോലെ പപ്പയ്ക്കും മമ്മിയ്ക്കും ചുംബനം നല്‍കിയ ശേഷം ഡോണ തന്റെ മുറിയിലേക്ക് പോയി. ഭയം ഉണ്ടായിരുന്നു എങ്കിലും അവളുടെ മനസ് പൂര്‍ണ്ണ സന്തോഷത്തിലായിരുന്നു. താന്‍ കുറെ നാളുകളായി കഠിനമായി നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങള്‍ താന്‍ ഉദ്ദേശിച്ച തീരത്ത് തന്നെ അടുക്കാന്‍ പോകുന്നു. കബീറിനെ വധിക്കാന്‍ ഡെവിള്‍സ് എടുത്ത തീരുമാനമാണ് അനായാസമായി അവരെ നിയമത്തിന്റെ പിടിയില്‍ എത്തിക്കാന്‍ തനിക്ക് സഹായകരമായത് എന്ന് ഓര്‍ത്തപ്പോള്‍, അവനെ ഇല്ലാതാക്കിയ അവര്‍ ചെയ്തത് മുംതാസിനു കാലം നല്‍കിയ നീതിയാണ് എന്നവള്‍ക്ക് തോന്നി. ഇനി ഒരു ദിനം കൂടി മാത്രം. അത് കഴിഞ്ഞാല്‍ അവര്‍ അഴികള്‍ക്കുള്ളില്‍ ആകും! മോളെ മുംതാസേ..നിനക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ എനിക്ക് കഴിഞ്ഞല്ലോ. എനിക്കറിയാം നിന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടെന്ന്.. ഡോണ ലൈറ്റ് അണച്ച ശേഷം കട്ടിലില്‍ കിടന്നു. മെല്ലെ നിദ്ര അവളുടെ കണ്ണുകളെ തഴുകി.
രാത്രി പന്ത്രണ്ടുമണി ആകാന്‍ ഏതാണ്ട് പത്തുമിനിറ്റ് ബാക്കി ഉള്ളപ്പോള്‍ പുന്നൂസിന്റെ വീടിനു പുറത്ത് ഒരു കറുത്ത പജേറോ എത്തി ബ്രേക്കിട്ടു. അതിനു രണ്ടു ഭാഗത്തും നമ്പരുകള്‍ ഉണ്ടായിരുന്നില്ല. അല്‍പനേരം കഴിഞ്ഞപ്പോള്‍ മുന്‍പിലെ സീറ്റില്‍ നിന്നും സ്റ്റാന്‍ലി പുറത്തിറങ്ങി. അവനും, മറ്റു രണ്ടുപേരും കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന, മുഖവും തലയും മൂടുന്ന ഒരുതരം തൊപ്പി ധരിച്ചിരുന്നു. ഗേറ്റിന്റെ അരികിലെത്തി അത് പരിശോധിച്ച ശേഷം അവന്‍ പോക്കറ്റില്‍ നിന്നും എന്തോ ഒരു സാധനം എടുത്ത് അതിന്റെ പൂട്ടിനു നേരെ പിടിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറക്കപ്പെട്ടു. വണ്ടി വളരെ പതിയെ പുന്നൂസിന്റെ വീട്ടുമുറ്റത്തേക്ക് കയറി നിന്നു. ഗേറ്റ് വീണ്ടും അടച്ചിട്ട് സ്റ്റാന്‍ലി വന്നപ്പോള്‍ അര്‍ജുനും മാലിക്കും വണ്ടിയില്‍ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ഇരുട്ടില്‍ തലയുയര്‍ത്തി നിന്നിരുന്ന പുന്നൂസിന്റെ ബംഗ്ലാവിലേക്ക് അവര്‍ നോക്കി.
“കമോണ്‍..ബാക്ക് ഡോര്‍ വഴി ഉള്ളില്‍ കയറാം”
സ്റ്റാന്‍ലി മറ്റു രണ്ടുപേരോടുമായി പറഞ്ഞു. മൂവരും ഇരുളിന്റെ മറപറ്റി പാദപതനശബ്ദം പോലും കേള്‍പ്പിക്കാതെ വീടിന്റെ പിന്നിലേക്ക് മെല്ലെ നീങ്ങി. ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ അല്ലാതെ മറ്റു യാതൊരു ശബ്ദങ്ങളും കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല ആ ഇരുണ്ട രാത്രിയില്‍. വീടിന്റെ മുന്‍പില്‍ നിന്നും വശത്തേക്ക് നീങ്ങിയ ഡെവിള്‍സിന്റെ മുന്‍പിലേക്ക് പെട്ടെന്നൊരു രൂപം പ്രത്യക്ഷപ്പെട്ടു. അയാളുടെ കൈയില്‍ നീട്ടിപ്പിടിച്ച ഒരു റിവോള്‍വറും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *