ഞാനല്ലേ അവനെ തലേൽ കേറ്റി വച്ചതും ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം കൊടുത്തതും.ഞാൻ ഇതൊക്കെ കാണണം.
ഷൈലജ,അവൾ ദേഷ്യം കൊണ്ട് വിറച്ചു.കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് പിരിച്ചെടുത്ത കളക്ഷൻ തുകയും ഓഫീസിലെ രഹസ്യലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും ചേർത്ത് നല്ലൊരു തുകയുമായി മനു കടന്നിരിക്കുന്നു.ഭ്രാന്ത് പിടിച്ച അവൾ തന്റെ ലാൻഡ് ഫോൺ ഡയൽ ചെയ്യാനായി തുടങ്ങവെ ഒരു കത്ത് അവളുടെ ശ്രദ്ധയിൽ പെട്ടു.
ഫോണിന് താഴെ മടക്കി ഭദ്രമായി വച്ച
നിലയിൽ കിട്ടിയ കത്തവൾ തുറന്നു.
വായിക്കാൻ തുടങ്ങി അതിലെ വരികളിലൂടെ കടന്നുപോയപ്പോൾ അവൾക്ക് ദേഹം തളരുന്നത് പോലെ തോന്നി.വെട്ടിവിയർത്ത അവൾ ഒരു മരവിപ്പോടെ കസേരയിലേക്കിരുന്നു.
പ്രിയപ്പെട്ട നാത്തൂന്……..
നാത്തൂനിപ്പൊ മനുവിന്റെ പിറകെ ആവും.എനിക്കിപ്പോ ഇത് ചെയ്തെ പറ്റു.വർഷം പത്തു കഴിഞ്ഞു,
മച്ചിയെന്ന വിളി ഒരുപാട് കേട്ടു.ചേച്ചി പോലും ഇടക്ക് തമാശപോലെ പറയുമ്പോൾ ചിരിച്ചു തള്ളിയിട്ടുണ്ട്, ഞാൻ അങ്ങനെയല്ല എന്നറിഞ്ഞിട്ടും.
ഇപ്പൊ എന്റെ പ്രാർത്ഥനയുടെ ഫലം എന്നവണ്ണം,അല്ലെങ്കിൽ എന്റെ ഭർത്താവ് തന്റെ കുറവ് മറച്ചുപിടിച്ച് ജീവിക്കാൻ കാട്ടിയ ഉത്സാഹം മൂലമോ….എന്റെ ഉള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ട്…… അതിന് ഒരു വഴി ഒരുക്കിത്തന്നത് നാത്തൂനും.തെളിച്ചു പറഞ്ഞാൽ മനുവിന്റെ കുഞ്ഞ് ഇന്ന് എന്റെ ഉദരത്തിലുണ്ട്.ഈ അവസ്ഥ ഉള്ളതുകൊണ്ട് എനിക്ക് അയാളുടെ കൂടെ വയ്യ.എന്റെ കുഞ്ഞ് അവന്റെ അച്ഛനൊപ്പം വളരണം.അതുകൊണ്ട് ഞാൻ മനുവിനൊപ്പം പോകുന്നു.
പിന്നെ,കഴിഞ്ഞാഴ്ച്ചയുള്ള കളക്ഷനും ഓഫീസിൽ നിന്ന് നല്ലൊരു തുകയും ഞങ്ങളുടെ കൈവശമുണ്ട്.
അതിനായിട്ടൊ അല്ലാതെയൊ ഞങ്ങളെ തിരയരുത്.കാരണം ചിറ്റ്സ്
തന്നെ.കണക്കിൽ പെടുന്നതും അല്ലാതെയുമുള്ള വലിയ തുകകൾ ഉണ്ടെന്ന് അറിയാല്ലോ.അതുകൊണ്ട് ഇതുവരെയുള്ളത് സൗകര്യപൂർവ്വം മറക്കാം.ഇനി എനിക്ക് ജീവിക്കണം എന്റെ കുഞ്ഞിനും അവന്റെ അച്ഛനും ഒപ്പം…………
പിന്നൊരു കാര്യം.ഞങ്ങൾ ഒന്നിച്ചാണ്
എന്ന് മറ്റുള്ളവരോ,മനുവിന്റെ വീട്ടില് എന്തെങ്കിലും തട്ടുകേടോ വന്നാൽ
അത് നാത്തൂന്റെ കുഴി തോണ്ടാൻ ആളെ ഏർപ്പാട് ചെയ്തിട്ട് ആവണം.
അവനെയൊന്ന് സ്നേഹിച്ചപ്പൊ ഒരു അവിഹിതത്തിന്റെ കഥകൂടി പുറത്ത് വന്നു.ഞാനതങ്ങു വിട്ടു.നാത്തൂനും വിട്ടെ പറ്റു കാരണം മൂന്നാമത്തെ ആൺതരി തന്നെ.അവനറിയില്ല.
ഞാൻ കണക്ക് കൂട്ടി എടുത്തതാ മോളെ…..നിന്റെ രഹസ്യം അറിയുന്ന ഞാൻ ഉള്ളപ്പോൾ ഇപ്പൊ ഉണ്ടായ നഷ്ടം നീ മറന്നേ പറ്റു.അതുകൊണ്ട് ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാവരുത് എന്നാഗ്രഹിച്ചുകൊണ്ട് നമ്മുക്ക് പിരിയാം.
ഷീല
?അവസാനിച്ചു?
ആൽബി