ഒരു വാക്ക് പോലും മിണ്ടാതെ മേരിയെ നോക്കി ഒരു പുഞ്ചിരി വരുത്തി ലയ അവിടെനിന്നും നടന്നു നീങ്ങി. അപ്പോഴും അവളുടെ നോട്ടം ആ കൂട്ടത്തിനിടയിൽ നിന്നും തൻറെ കണ്ണുകളിൽ ഉടക്കിയ ആ രണ്ടു കണ്ണുകളിലേക്ക് ആയിരുന്നു.
അവൾ അവിടെനിന്നും നേരെ സ്റ്റാഫ് റൂമിലേക്ക് പോയി. റൂമിന്റെ മുന്നിൽ തന്നെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് എന്ന ബോർഡ് ഉണ്ടായിരുന്നു. അകത്തു മൊത്തം എട്ട് മേശയും കസേരയും. അവസാനം കിടക്കുന്ന ഒരു ടേബിൾ ഒഴിച്ച് ബാക്കി എല്ലാത്തിലും ടീച്ചർമാരുണ്ട്. റൂമിലേക്ക് കയറിയപാടെ എല്ലാവരുടെയും മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ലയ തൻറെ ഇരിപ്പിടത്തിലേക്ക് നടന്നു. തൻറെ മേശയുടെ മേൽ ഹാൻഡ് ബാഗ് വച്ചശേഷം ലയ എല്ലാവരേയും പരിചയപ്പെട്ടു. അൽപ സമയം കഴിഞ്ഞു മേരി അവിടേക്ക് വന്നു.
“ലയ ടീച്ചറെ… ടീച്ചർക്ക് ഫസ്റ്റ് ഹവർ 3rd ഇയർ BBA ക്ലാസ് ആണ്.”
അതും പറഞ്ഞു ബാക്കിയുള്ള ടീച്ചേഴ്സ്നോട് കുശലം പറഞ്ഞു മേരി അവിടെ നിന്നും യാത്രയായി.
ലയ മൊബൈൽ എടുത്തു വീട്ടിൽ വിളിച്ചു ജോയിൻ ചെയ്ത കാര്യം പറഞ്ഞതും ബെല്ലടിച്ചു. മൊബൈൽ ഓഫ് ചെയ്ത് ബാഗിൽ വച്ച് ബുക്ക് ഷെൽഫിൽ നിന്നും തനിക്ക് വേണ്ടതായ ബുക്കും എടുത്തു ലയ നേരെ ക്ലാസിലേക്ക് പോയി. ആദ്യമായി പഠിപ്പിക്കുന്നതിന്റെ എല്ലാ ഭയങ്ങളും മനസ്സിൽ നിന്നും തുടച്ചു മാറ്റിയ ശേഷമാണ് ലയ ക്ലാസിലേക്ക് കയറിയത്.
ക്ലാസിലേക്ക് കയറി വരുന്ന പുതുമുഖത്തെ കണ്ട് ആശ്ചര്യപ്പെട്ടെങ്കിലും കുട്ടികളെല്ലാം എണീറ്റ് ഒരേ സ്വരത്തിൽ പതിവ് ഗാനം പാടി.
“ഗുഡ്മോണിങ് മിസ്സ്”
പെട്ടെന്നുള്ള ഗാനം കേട്ട് ചിരി വന്നെങ്കിലും എങ്കിലും അത് പുറത്തുകാട്ടാതെ ലയ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് ഗുഡ്മോണിങ് പറഞ്ഞു.
ബുക്ക് അവിടെ കണ്ട ടേബിളിൽ വെച്ചശേഷം ലയ സ്വയം പരിചയപ്പെടുത്തി.
“ ഹായ് ഞാൻ ലയ വിശ്വനാഥൻ. ഇവിടെ അടുത്ത് തന്നെയാണ് വീട്. ഞാനെൻറെ എംബിഎ കംപ്ലീറ്റ് ചെയ്തു. ഞാൻ നിങ്ങൾക്ക് പഠിപ്പിക്കുന്ന സബ്ജക്റ്റ് സർവീസ് മാനേജ്മെന്റാണ്. പിന്നെ ഇന്ന് മുതൽ ഞാൻ ആണ് നിങ്ങളുടെ പുതിയ ക്ലാസ് ടീച്ചർ.”
“ വെൽകം ടു അവർ ക്ലാസ്സ് മിസ്സ്. വീ ആർ സോ ഹാപ്പി ടു ഹാവ് യു ഹിയർ”. ക്ലാസിലെ പ്രധാന കോഴിയും പണച്ചാക്കുമായ ബിനോയ് ഉടൻ തന്നെ എണീറ്റ് നിന്ന് പറഞ്ഞു. ലയയെ കണ്ട് കണ്ണ് തള്ളി അവൾടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ ആണ് പുള്ളിക്കാരന്റെ ഉദ്ദേശം.