എന്ത് എടുക്കണം എന്നൊരു ഐഡിയ ഇല്ലാതെ ചുമ്മാ കറങ്ങി കൊണ്ടിരുന്നപ്പോൾ കുറച്ചു ഉച്ചത്തിൽ കല പില പോലെ ആ ശബ്ദം.. അതെ അവരുടെ.. അന്ന് കണ്ടപോലെ കുറച്ചു പേരുണ്ട് നന്നായി അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾ. ഏറെ പ്രതീക്ഷയോടെയാണ് ഓരോ മുഖങ്ങളും ഞാൻ നോക്കിയത്.. ലിപ്സ്റ്റികിട്ട ചുണ്ടുകൾക്ക് മുകളിൽ മീശരോമങ്ങൾ വടിച്ചതിന്റെ അടയാളം എടുത്തു കാണിക്കുന്നു ചിലരിൽ.. പതിവിലും ഇറക്കി വെട്ടി തയ്ച്ച ബ്ലൗസിന്റെ പിൻഭാഗത്തിലൂടെ പുറകിലെ പക്ഷിയുടെ ടാറ്റൂ വ്യക്തമായി കാണാം. കൂട്ടത്തിൽ സാരിയുടുത്ത് നിറയെ ആഭരണങ്ങൾ ധരിച്ച വലിയ വട്ട പൊട്ടു തൊട്ട തടിച്ച ഒരു സ്ത്രീ. അവരാണെന്നു തോന്നുന്നു ഇവരെ നയിക്കുന്നത്. അവർ മറ്റൊരു ഭാഗത്തേക്ക് പോകുകയാണ് പക്ഷെ ഈ കൂട്ടത്തിൽ അവളെ മാത്രം കണ്ടില്ല നിരാശയോടെ തിരിഞ്ഞ എന്റെ മുൻപിലേക്ക് നീല സാരിയുടുത്തു കയ്യിലൊരു ഡ്രെസ്സുമായി അവൾ.. മുഖത്തോടു മുഖം നോക്കി തൊട്ടടുത്തു ഞാൻ കാണാൻ ഏറെ ആഗ്രഹിച്ചവൾ.. ഇനിയൊരിക്കൽ കണ്ടാൽ ചോദിക്കാൻ കരുതിവച്ച ചോദ്യങ്ങൾ എല്ലാം മറന്നു അവളെ തന്നെ പരിസരം മറന്നു നോക്കി നിന്നുപോയി ഞാനും… അവളും.
വിജി… നീ എവിടെയായിരുന്നു നിന്നെ ഞങ്ങൾ എവിടെയെല്ലാം നോക്കി വാ നമുക്ക് പോകാം ഒട്ടും നേർത്തതല്ലാത്ത ആ സ്ത്രീ ശബ്ദത്തിനൊപ്പം അവളും എന്റെ അരികിലൂടെ ആ കൂട്ടത്തിലേക്കു പോയി.. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയ അവൾ തല വെട്ടിച്ചു വേഗം മുന്നോട്ടു നടന്നു. അവർക്കു ഏറ്റവും പിറകിലായി കടന്നുവന്ന ആ തടിച്ച സ്ത്രീ അവൾ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടായിരിക്കണം അവരും തിരിഞ്ഞു നോക്കി അവരെ തന്നെ നോക്കി നിൽക്കുന്ന എന്നെ ഒന്ന് രൂക്ഷമായി ഒന്ന് നോക്കി മുന്നോട്ട് പോയി..
അണ്ണൻ ഒന്നും വാങ്ങാതെ ഇവരെയും നോക്കി നിൽക്കാണോ..
സെന്തിൽ കറങ്ങി തിരിഞ്ഞെത്തി അണ്ണാ ഇവർ നമ്മൾ കഴിഞ്ഞ ആഴ്ച പണിക്കു പോയില്ലേ അതിന്റെ അപ്പുറം ഒരു പഴയ ഒരു കോളനി ഉണ്ട് അവിടെ താമസിക്കുന്നവരാ ആ തടിച്ച സ്ത്രീയില്ലേ അവരാണ് ഗംഗാമയി അവരുടെ കീഴിലാണ് ഇവരെല്ലാം.. പകല് ഇവരെ ആട്ടിയോടിക്കുന്ന പലരും രാത്രി അവിടേക്കു ചെല്ലും ഇവരെ തേടി.. പാവങ്ങളാ അണ്ണാ എല്ലാം.. പെറ്റ തള്ളയും തന്തയും വരെ തള്ളി പറഞ്ഞവർ.. ആലെങ്കിൽ നാട്ടുകാരും വീട്ടുകാരും കൂടി ആട്ടിയോടിച്ചവർ അവർക്കും ജീവിക്കണ്ടേ അണ്ണാ.. ആരാ ഇവർക്ക് ജോലി കൊടുക്കുക പിന്നെ വിശപ്പ് മാറ്റാൻ തെണ്ടുന്നതിനും നല്ലതല്ലേ രാത്രിയിൽ തങ്ങളെ തേടിവരുന്നവരെ….. അവൻ ബാക്കി പറയാതെ നിർത്തി…
വിജേഷേ നീ എന്തിനു ഇങ്ങനെ… ഉത്തരം കിട്ടാതെ എന്റെ മനസും ഈ ട്രെയിൻ പോലെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.
വീട്ടിലെത്തി… പകൽ വല്ലാത്ത ബോറടിയാ പണ്ടത്തെ പോലെയല്ല എല്ലവന്മ്മാരും പണിക്കു പോകുന്നുണ്ട് അതുകൊണ്ട് തന്നെയാ ഞാനും ബാംഗ്ലൂർക്കു പോയതും പിന്നെ ഇപ്പോൾ വീട്ടിൽ പെങ്ങളും ഉണ്ണികുട്ടനും ഉള്ളത് കൊണ്ട് വലിയ കുഴപ്പമില്ല. വൈകുന്നേരം ക്ലബ്ബിൽ പോകും പിന്നെ ഓരോ കുപ്പിയും എടുത്തു എല്ലാവരും കൂടെ കൂടും രാത്രിയിൽ വൈകിയേ വീട്ടിലേക്കു വരികയുള്ളു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞുപോയി ആരോടും വിജീഷിനെ കണ്ടതൊന്നും പറഞ്ഞില്ല എന്തായാലും അവിടെ ചെന്നിട്ട് അവനെ നേരിൽ കാണണം..