“ഞാൻ വന്നിട്ട് പത്തിരുപതൊന്ന് കൊല്ലം ആയി. എന്തെ…”
“ഒന്നുമില്ല. ഞാൻ ഇപ്പൊ വന്നെ ഉള്ളൂ ഇവിടെ സവാള തീർന്നു വീട്ടിൽ അപ്പോ ഒരെണ്ണം വാങ്ങാൻ വന്നതാ.”
“അതിന് ഞാൻ നീ എപ്പൊ വന്നു എന്ന് ചോദിച്ചാ.”
“ഇല്ല” അതും പറഞ്ഞ് ഫസ്ന ആമിനയെ നോക്കി.
കൊളമാക്കല്ലെ എന്നുള്ള ഭാവത്തിൽ ആമിന അവളെ നോക്കി.
“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് വീട്ടിൽ വന്ന് കോളേജിൽ നടക്കുന്ന ഒന്നും പറയരുതെന്ന്. നിനക്ക് എന്താടീ പറഞ്ഞാലും മനസ്സിലാവില്ല എന്നുണ്ടോ?”
അജു അൽപം കലിപ്പിലാണ് അത് പറഞ്ഞത്. അവൻറെ ഭാവം മാറുന്നത് ശ്രദിച്ച ആമിന ഉടനെ ഫസ്‌നയോട് അവിടന്ന് പോകാൻ ആംഗ്യം കാണിച്ചു. ഫസ്‌ന ഉടൻ തന്നെ അവിടന്ന് അജു കാണാതെ പോയി.
“നീ എന്താടാ ആ പാവം കൊച്ചിനെ ഇങ്ങനെ എപ്പോഴും വഴക്ക് പറയുന്നെ.”
“അവൾക്ക് അവൾടെ കാര്യം നോക്കിയാൽ പോരേ എന്തിനാ എന്റെ കാര്യങ്ങൾ ഇവിടെ വന്ന് വിളമ്പാൻ നിക്കണെ.”
അതും പറഞ്ഞ് അവൻ എണീറ്റ് കൈ കഴുകാൻ പോയി.
“പിന്നെ നിന്റെ കാര്യങ്ങൾ അവള് വേറെ ആരോടും അല്ലാലോ പറഞ്ഞത് എന്നോടല്ലെ. നിന്റെ കാര്യങ്ങൽ ഞങ്ങൾ അറിയരുതെന്നുണ്ടോ നിനക്ക്.”
അൽപം ദേഷ്യത്തിൽ ആമിന പറഞ്ഞു.
“ഞാൻ ഒന്നും പറഞ്ഞില്ല പോരേ… നിങ്ങളൊക്കെ എന്ത് വേണേലും അറിഞ്ഞൊളൂ.”
“നീ ഇങ്ങനെ എപ്പോഴും അവളെ വഴക്ക് പറയല്ലേ അവള് വാപ്പ ഇല്ലാത്ത കുട്ടി അല്ലേ.”
“അതുകൊണ്ട് മാത്രം ആണ് ഞാൻ അവളെ എപ്പോഴും വെറുതെ വിടുന്ന. അല്ലെങ്കിൽ എന്നെ ഞാൻ ഇവിടന്ന് ഓടിച്ചേനെ.”
“എന്നാൽ എനിക്ക് അതൊന്നു കാണണം എന്റെ വീട്ടിൽ വരുന്ന എന്റെ മരുമകളെ നീ ഇവിടന്നു ഓടിക്കുന്നത്”.
“ഉമ്മ എന്താ പറഞ്ഞെ… മരുമകളാ…”
“എന്തെ എന്റെ മരുമകൾ തന്നെയാ… ഞങ്ങൾക്കൊക്കെ ഭയങ്കര ഇഷ്ടമാണ് അവളെ. പിന്നെ നിന്റെ വാപ്പച്ചി പറഞ്ഞു സമയം ആകുമ്പോൾ പോയി ചോദിച്ചു തീരുമാനിക്കാം എന്ന്.”
“ഡ്സോ…..”
പെട്ടന്നാണ് ആമിനയുടെ മുന്നിൽ ഇരുന്ന പ്ലേറ്റ് പൊട്ടി ചിതറിയത്. അതിൽ പതിഞ്ഞ തന്റെ മകന്റെ കയ്യിൽ നിന്നും രക്തം വടിയുന്നതും കാണാം.