ഞാൻ [Ne-Na]

Posted by

കാൾ കട്ട് ആയി.. അല്ലെങ്കിലും ദേവിക അങ്ങനെ ആണ്.. ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരിക്കും മുന്നിൽ വന്ന് നിൽക്കുക. ഇപ്പോൾ പഠനം പൂർത്തിയാക്കി ചെന്നൈയിൽ നിന്നും വരുകയാണ്. എക്സാം കഴിഞ്ഞിട്ട് കുറച്ച് കാലമായെങ്കിലും ഒരു ജോലി ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് അവൾ അവിടെത്തന്നെ തുടരുകയായിരുന്നു.
ഗ്ലാസിൽ ഉണ്ടായിരുന്ന ബാക്കി കട്ടൻ കുടിക്കുന്നതിനിടയിൽ ദേവികയെക്കുറിച്ചുള്ള ഓർമ്മകൾ മനസിൽ ഓടിയെത്തി.
ആദ്യമായി ഞാൻ അവളെ കാണുന്നത് കോളേജിൽ ആദ്യദിനം ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോഴാണ്. കുറച്ച് പെൺകുട്ടികൾക്ക് ഇടയിലിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു അവൾ. പക്ഷെ ദേവികയെക്കാൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മുഖം അവൾക്കരികിലായി ഒരു ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന പെൺകുട്ടിയുടേതായിരുന്നു. അഞ്ചു എന്ന് വിളിക്കുന്ന അഞ്ജലി.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആരുമറിയാതെ അഞ്ജുവിനെ തന്നെ ശ്രദ്ധിക്കുമായിരുന്നു. വെളുത്ത് കൊലുന്നനെയുള്ള രൂപവും രാവിലെതന്നെ ക്ലാസ്സിൽ വരുമ്പോൾ വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന നീളമുള്ള മുടിയുമുള്ള അസ്സലൊരു പട്ടത്തി കുട്ടി.. ദേവിക ഒരു വായാടിയായി ക്ലാസ്സിൽ മൊത്തം പാറിപ്പറന്ന് എല്ലാരുടെയും ശ്രദ്ധ പിടിച്ച് പറ്റുമ്പോൾ അഞ്ജലി ഐശ്വര്യം തുളുമ്പുന്ന പുഞ്ചിരിയുമായി തന്റെ ഇരിപ്പിടത്തിൽ ഒതുങ്ങിക്കൂടുകയാണ് ചെയ്തത്. ദിവസം ചെല്ലുംതോറും അവളുടെ ആ പുഞ്ചിരിയും രൂപവും മനസിനുള്ളിൽ ആഴത്തിൽ പതിയുകയായിരുന്നു.
ഞാനും ഒരു ഒതുങ്ങിയ പ്രകൃതക്കാരനായതിനാൽ ക്ലാസ്സിൽ ആരുമായും വലിയ ഒരു സൗഹൃദം സ്ഥാപിച്ചിരുന്നില്ല. പ്രതേകിച്ച് പെൺപിള്ളേരോട് മിണ്ടിട്ടുകൂടി ഇല്ലായിരുന്നു.
എന്റെ നേർ വിപരീത സ്വഭാവം ആയിരുന്നു ദേവികക്ക്. ആൺപെൺ വ്യത്യാസം ഇല്ലാതെ എല്ലാപേർക്കും ഇടയിൽ അവളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസ്സിലെ ആൺപിള്ളേരുടെ ഒരു വാനരപ്പട അവൾക്കൊപ്പം എപ്പോഴും ഉണ്ട്. ഞാൻ സംസാരിക്കാൻ അധികം താല്പര്യം കാണിക്കാഞ്ഞതിനാലാണെന്ന് തോന്നുന്നു എന്നോട് ഇതുവരെ മിണ്ടാൻ വന്നിട്ടില്ല. ദേവിക ആളത്ര ശരിയല്ല ചില ആൺപിള്ളേരുമായി അവൾക്ക് വേണ്ടാത്ത ബന്ധമുണ്ടെന്ന് ക്ലാസ്സിൽ ഒരു രഹസ്യ സംസാരം ഉണ്ട്. ഏത് സമയവും ആൺപിള്ളേർക്കൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന അവളെ കാണുമ്പോൾ എനിക്കും അതിൽ എന്തോ സത്യമുള്ളതായി തോന്നാതിരുന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *