ഞാൻ [Ne-Na]

Posted by

അത് ഞങ്ങളുടെ സൗഹൃദത്തിന്റെ ഒരു തുടക്കമായിരുന്നു. പിന്നെ പലപ്പോഴും ഞങ്ങൾ ചാറ്റ് ചെയ്യുകയും ഫോൺ വിളിക്കുകയുമൊക്കെ ചെയ്തു. അവൾ വളരെ സൗഹൃദപരമായാണ് അപ്പോഴെല്ലാം എന്നോട് പെരുമാറിയത്. മനസിനുള്ളിൽ എന്റെ ആദ്യ പ്രണയം അപ്പോഴും അലയടിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ നല്ലൊരു കൂട്ടുകാരനായി തന്നെ അവളോട് സംസാരിച്ചു.
ദേവു അവളുടെ കല്യാണ ലെറ്റർ ആദ്യമായി തന്നത് എനിക്കായിരുന്നു. അവളുടെ കല്യാണം അടുത്തപ്പോൾ ഞാൻ എല്ലാത്തിനും ഓടി നടന്നു. രാജീവ് അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ആത്മാർഥമായി തന്നെ പ്രാർത്ഥിച്ചു അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ. ആ താലി അവളുടെ കഴുത്തിൽ വീഴുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ മനസിലാക്കി അവൾ ആ ജീവിതം എത്രത്തോളം ആഗ്രഹിച്ചിരുന്നെന്ന്.
അവൾ ആഡിറ്റോറിയത്തിൽ നിന്നും കാറിലേക്ക് കയറുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ പെട്ടെന്ന് തന്നെ ഞാനത് തുടച്ച് മാറ്റി. പക്ഷെ ഏത് സമയവും വാലുപോലെ എന്റെ കൂടെ ഉണ്ടായിരുന്ന മായ അത് കണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ വിരലുകൾ എന്റെ കൈയിൽ മുറുകി. ആ നിമിഷങ്ങളിൽ കാറിൽ കയറുന്നതിനു മുൻപായി ദേവു വന്നെന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. പക്ഷെ അതിന് കഴിയില്ലെന്ന് എനിക്കും ദേവുവിനും നന്നായി അറിയാം. കാരണം എല്ലാപേർക്കും മുന്നിൽ ഞങ്ങൾ വെറും കൂട്ടുകാർ മാത്രമാണ്. അവളങ്ങനെ ചെയ്താൽ അതവിടെ പല ചോദ്യങ്ങൾക്കും വഴിയൊരുക്കും. പക്ഷെ കാറിൽ കയറുന്നതിന് തൊട്ടുമുൻപായി അവൾ എന്നെയൊന്ന് നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള യാത്ര പറച്ചിൽ സ്നേഹം എല്ലാം ഉണ്ടായിരുന്നു.
അവൾ പോയി കഴിഞ്ഞപ്പോൾ എല്ലാപേരും പല വഴിക്കായി പിരിഞ്ഞു. ഞാൻ ചുമ്മാ കാർ പോയ വഴിയിലേക്ക് നോക്കി നിന്നു.
പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു ശബ്‌ദം.
“കൂട്ടുകാരി പോയതിന്റെ വിഷമത്തിൽ നിൽക്കയാണോ?”
തിരിഞ്ഞ് നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അഞ്ജലി നിൽക്കുന്നു. ഞാനും മുഖത്ത് ഒരു പുഞ്ചിരി വരുത്തി.
എന്റെ കൂടെ തന്നെ നിൽക്കുന്ന മായയെ നോക്കി അവൾ ചോദിച്ചു.
“ഇവൾ ഇപ്പോഴും വാലുപോലെ നിന്റെ കൂടെ തന്നെ ഉണ്ടോ?”
മായയുടെ മുഖത്തു നാണയത്തിൽ കലർന്ന ഒരു ചിരി വിടർന്നു.
“മായയുടെ കല്യാണം ഒന്നും ആയില്ലേ?”
അതിനുള്ള മറുപടി ഞാൻ ആണ് പറഞ്ഞത്.
“വരുന്ന ആലോചനകൾ എല്ലാം അവൾ ഇപ്പോൾ കല്യാണം വേണ്ട എന്നും പറഞ്ഞ് മുടക്കുകയാണ്.”
അഞ്ജലി എന്നോടായി ചോദിച്ചു.
“എനിക്കൊരു സഹായം ചെയ്യുമോ?”
“എന്താ?”
“എനിക്കിവിടെ നിന്നും ട്രിവാൻഡ്രം പോകണം.. എന്നെയൊന്ന് ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ ആക്കി തരുമോ?”

Leave a Reply

Your email address will not be published. Required fields are marked *