ഞാൻ [Ne-Na]

Posted by

“നീ ഒന്ന് മനസിലാക്കണം.. ഞാൻ ആരോട് സംസാരിക്കണം സംസാരിക്കേണ്ട എന്ന് തീരുമാനിക്കാൻ നീ എന്റെ കാമുകനോ ഭർത്താവോ അല്ല.. എന്റെ കൂട്ടുകാരൻ മാത്രമാണ്.. എനിക്കറിയാം ഞാൻ ആരോടൊക്കെയാ സംസാരിക്കേണ്ടത് വേണ്ടാത്തതെന്ന്.”
അവളുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി.
കൂടുതൽ ഒന്നും കേൾക്കാതിരിക്കാനായി ഞാൻ ഫോൺ കട്ട് ചെയ്തു കളഞ്ഞു.
മനസ് ആകെ നീറുന്നത് പോലെ.. ആരോടെങ്കിലും ഒന്ന് സംസാരിച്ചില്ലെങ്കിൽ ചങ്ക് പൊട്ടുമെന്ന് എനിക്ക് തോന്നി. എപ്പോൾ എനിക്ക് മനസ് തുറന്ന് ഒന്ന് സംസാരിക്കാൻ മായ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു.
അവളെ തന്നെ ഞാൻ ഫോൺ വിളിച്ചു.
അവൾ ഫോൺ എടുത്തതും ഞാൻ “മായ” എന്ന് ഒന്ന് വിളിച്ചു.
എന്റെ സ്വരത്തിൽ നിന്നു തന്നെ എന്റെ മനസ് അസ്വസ്ഥമാണെന്ന് അവൾക്ക് തോന്നിയിരിക്കണം.
ഞാൻ ഒന്നും പറയാതെ തന്നെ അവൾ എന്നോട് ചോദിച്ചു.
“എന്താ ഏട്ടാ .. എന്ത് പറ്റി?”
ആ നിമിഷം എന്നെ മനസിലാക്കാൻ മായയെ കാലും നന്നായി വേറെ ആരും ഇല്ലെന്ന് എനിക്ക് തോന്നിപോയി.
ഞാൻ മനസ് തുറന്ന് എല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നെ ആശ്വസിപ്പിച്ച് ഓരോന്ന് പറഞ്ഞു.
അവസാനം ഇതുകൂടി അവൾ പറഞ്ഞു.
“നമുക്ക് ഒരു സുഹൃത്തിനെ സ്നേഹിക്കാം, സഹായിക്കാം.. പക്ഷെ അവരുടെ വ്യക്തി സ്വാതന്ത്രത്തിൽ കയറി ഇടപെടാൻ ശ്രമിക്കാതിരിക്കുക.”
അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. ദേവു എന്നും എന്റെ സുഹൃത്തായിരിക്കും ഒരാപത്ത് വന്നാൽ കൂടെ നിൽക്കുകയും ചെയ്യും.. പക്ഷെ അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.
പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ദേവിക എന്നെ ഫോൺ വിളിക്കുന്നത്.
അന്ന് അങ്ങനെ സംസാരിച്ചതിന് അവൾ ക്ഷമയൊക്കെ പറഞ്ഞു. ഞാൻ തിരിച്ചും.. പക്ഷെ എനിക്ക് മനസ് തുറന്ന് അവളോട് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കിയിട്ടെന്നവണ്ണം അന്ന് ഫോൺ വയ്ക്കുന്നതിന് തൊട്ട് മുൻപായി അവൾ പറഞ്ഞു.
“നീയൊരു കാര്യം മനസിലാക്കണം.. ഈ കണ്ടവരുടെ പേരിൽ നമ്മൾ അടി കൂടി, അവർ എന്റെ ജീവിതത്തിൽ കടന്ന് വന്ന ചില കഥാപാത്രങ്ങൾ മാത്രമാണ്.. പക്ഷെ എനിക്കൊരു പ്രശ്നം വന്നാൽ സങ്കടം വന്നാൽ സന്തോഷം വന്നാൽ അത് ആരോടെങ്കിലും ഒന്ന് പങ്കുവയ്ക്കണമെന്ന് തോന്നിയാൽ നീ ഈ പറഞ്ഞവരുടെയോ എന്റെ അമ്മയുടേയോ പോലും മുഖമല്ല എന്റെ മനസ്സിൽ ആദ്യം വരുന്നത്.. നിന്റെ മുഖം മാത്രമായിരിക്കും അപ്പോൾ എന്റെ മനസിലുണ്ടാകുക.”
.
.
അവൾ ഫോൺ വച്ച് കഴിഞ്ഞപ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലേക്ക് ഒഴുകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *