ഞാൻ [Ne-Na]

Posted by

എന്റെ ശ്രദ്ധ അവളുടെ ഇടത് കൈയിലെ മുറുവിലെ കെട്ടിലായി. ഞാൻ എന്റെ ഇടതു കൈ കൊണ്ട് അതിലേക്കൊന്നു തൊട്ടു.
ദേവു പെട്ടെന്ന് എന്തോ ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി എന്നെ നോക്കി.
“എന്തിനാ ദേവു നീ ഇങ്ങനെ ചെയ്തേ?”
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
“നീ പറഞ്ഞതായിരുന്നു ശരി, ബിജുവിനെ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപെട്ടു.”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“ഞാൻ അവനെ ഒരുപാട് വിശ്വസിച്ചിരുന്നു. അവനിൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു അനുഭവം ഉണ്ടായപ്പോൾ ഞാൻ തകർന്നു പോയി. ആദ്യം രാജീവ് ഇപ്പോൾ ബിജു.. സ്നേഹിക്കുന്നവരിൽ നിന്നെല്ലാം വഞ്ചന മാത്രമാണ് കിട്ടുന്നതെന്ന് മനസിലാക്കിയപ്പോൾ അറിയാതെ മരണത്തെ കുറിച്ച് ചിന്തിച്ചു പോയി.
“ബിജുവിൽ നിന്നും എന്താനുഭവം ആണ് നിനക്കുണ്ടായത്?”
“എന്നോടൊന്നും ചോദിക്കലും, ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്.”
പിന്നെ വീടെത്തുവോളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞങ്ങൾ വീടെത്തുമ്പോൾ ഞങ്ങളെയും കാത്ത് ‘അമ്മ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.ദേവു കാറിൽ നിന്നും ഇറങ്ങിയതും ‘അമ്മ കരഞ്ഞ് കൊണ്ട് വന്ന് അവളെ കെട്ടിപിടിച്ചു. അവളും അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു.
എനിക്ക് കൂടുതൽ നേരം അവരുടെ കരച്ചിൽ കണ്ട് നില്ക്കാൻ തോന്നിയില്ല. അവളുടെ ബാഗ് അകത്തേക്ക് വച്ച് ഞാൻ പെട്ടെന്ന് തന്നെ കാറിൽ കയറി അവിടെ നിന്നും പോയി.
രണ്ട് ദിവസത്തേക്ക് ഞാൻ നല്ല ജോലിത്തിരക്കിലായിരുന്നു. ദേവികയെ കാണാൻ പോകാനേ കഴിഞ്ഞില്ല. മൂന്നിന്റെ അന്ന് ഞാൻ അവളുടെ വീട്ടിൽ ചെല്ലുമ്പോൾ ദേവു ഹാളിൽ തന്നെ ഇരുപ്പുണ്ട്. അവളുടെ കോലം കണ്ട് ഞാൻ ഞെട്ടിപ്പോയി.
രണ്ട് ദിവസം കൊണ്ട് അവൾ ഒരുപാട് മെലിഞ്ഞത് പോലെ.. കവിളൊക്കെ ഒട്ടി കണ്ണിനു ചുറ്റും കറുപ്പുവീണ് ആകെ കോലം കെട്ടുപോയി അവൾ.
എന്നെ കണ്ട് അവൾ ചെറുതായി പുഞ്ചിരിച്ചു.
“എന്ത് കോലമാണ് ദേവു ഇത്. നീ ഒന്നും കഴിക്കുന്നില്ലേ?”
അതും കേട്ട് അവിടേക്ക് വന്ന അവളുടെ ‘അമ്മ പറഞ്ഞു.
“ഒന്നും കഴിക്കാത്തത് പോയിട്ട് ഒന്ന് ഉറങ്ങുന്നത് പോലും ഇല്ല അവൾ. അവളുടെ കണ്ണ് കിടക്കുന്നത് കണ്ടില്ലേ.”
ഒരു വികാരവും ഇല്ലാത്ത മുഖത്തോടെ ഇരിക്കുകയായിരുന്നു ദേവു അപ്പോൾ.
”അമ്മാ ഇവൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തേ..”
എന്റെ വാക്ക് കേട്ടയുടൻ ‘അമ്മ പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു. ഞാനും അമ്മയുടെ പിറകെ അവിടേക്ക് ചെന്നു.
“മോനെ അവളുടെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്കാകെ പേടി തോന്നുന്നു.”
“‘അമ്മ പേടിക്കണ്ട.. അവളെ വേദനിപ്പിക്കുന്ന എന്തോ ഒന്ന് ബിജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായി.. കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കൊള്ളും.”
പാത്രത്തിലേക്ക് കഞ്ഞി ഒഴിച്ച്കൊണ്ടു ‘അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *