ഞാൻ [Ne-Na]

Posted by

എന്നെ മറികടന്ന് പോയ ദേവിക ബാഗ് കൊണ്ട് വച്ച ശേഷം എന്റെ അരികിലേക്ക് വന്ന് ചോക്ലേറ്റ് നീട്ടി. ഞാൻ തെല്ലൊരു അത്ഭുതത്തോടെ ചോക്ലേറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു.
“എന്താ ഇപ്പോൾ ചോക്ലേറ്റ് തരാൻ?’
“ഇന്നെന്റെ ബെർത്ത്ഡേ ആണ്.”
ഞാൻ ചുമ്മാ മനസ്സിൽ ഇന്നെന്താ തീയതി എന്ന് ആലോചിച്ച് നോക്കിയപ്പോഴാണ് അതിശയിച്ച് പോയത്. ഇന്ന് തന്നാണ് എന്റെയും ബെർത്ത്ഡേ, വീട്ടിൽ അമ്മയും അച്ഛനും ഞാനുമെല്ലാം അത് മറന്ന് പോയിരിക്കുന്നു. അല്ലെങ്കിലും ഇതൊന്നും ആഘോഷിക്കുന്ന പതിവ് പണ്ടേ വീട്ടിൽ ഇല്ല.
ഞാൻ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും അതിശയം. ഞാൻ ചെലവ് നടത്തിയേ പറ്റുള്ളൂ എന്ന വാശിയും. അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നതുകൊണ്ട് ഞാൻ രക്ഷപെട്ടു.
അത് ഒരു താൽക്കാലിക രക്ഷപെടൽ മാത്രം ആയിരുന്നു. ഇന്റർവെൽ ആയപ്പോൾ ദേവിക വന്ന് എന്റെ കൈയിൽ പിടിച്ച് വലിച്ച് പുറത്ത് കടയിൽ കൊണ്ടുപോയി എന്റെ വകയിൽ ഒരു ജ്യൂസ് കുടിച്ചിട്ടേ അടങ്ങിയുള്ളു.
ജ്യൂസ് കുടിക്കുന്നതിനിടയിൽ അവൾ എന്റെ ജനന വർഷവും നാളും എല്ലാം തിരക്കി. എല്ലാം ഒരേപോലെ.. പിന്നെ അവൾക്ക് അറിയേണ്ടിയിരുന്നത് എന്റെ ജനന സമയം ആയിരുന്നു. അത് മാത്രം എനിക്കും അറിയില്ലായിരുന്നു.
അന്ന് ക്ലാസ് കഴിഞ്ഞ് പോകുന്നതിന് മുൻപായി അവൾ എന്റെ ഫോൺ നമ്പർ വാങ്ങി രാത്രി വിളിക്കും അതിന് മുൻപായി ജനന സമയം വീട്ടിൽ ചോദിച്ച് വച്ചേക്കണം എന്നും പറഞ്ഞാണ് പോയത്.
അവൾ പറഞ്ഞ വാക്ക് തെറ്റിച്ചില്ല. രാത്രി തന്നെ എന്നെ വിളിച്ചു. ഞങ്ങൾ തമ്മിൽ ഉള്ള ജനന സമയത്തിന്റെ വ്യത്യാസം ഒരു മണിക്കൂർ മാത്രമാണെന്ന് ഞാനും അവളും മനസിലാക്കി. ആ ഫോൺ വിളി വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പല ദിവസങ്ങളിലും അവൾ എന്നെ വിളിച്ചു. പല കാര്യങ്ങളും അവൾ എന്നോട് സംസാരിച്ചു. അതിൽ നിന്നൊക്കെയാണ് അവളുടെ അച്ഛൻ ദേവികയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചെന്നും ‘അമ്മ മാത്രമാണ് അവൾക്കുള്ളതെന്നും മനസിലാക്കിയത്. അമ്മക്ക് ഒരു ജോലി ഉള്ളതിനാലും പാരമ്പര്യമായി കുറച്ച് സ്വത്ത് കിട്ടിയതിനാലും സാമ്പത്തികമായി വലിയ കുഴപ്പമില്ലെന്നും മനസിലാക്കി.
അഞ്ജലിയോട് എനിക്ക് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് മനസിലാക്കിയ ദേവിക പലപ്പോഴായി എനിക്ക് അഞ്ജലിയോട് സംസാരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി തന്നു. അതുവഴി എനിക്ക് അഞ്ജലിയോട് ചെറിയ തോതിലുള്ള സൗഹൃദം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞു.
കോളേജിലെ ദിനങ്ങൾ സന്തോഷകരമായി കടന്ന് പോകുന്നതിനിടയിലാണ് ദേവികയെ വളരെയധികൾ ദുഖത്തിലാഴ്ത്തിയ ആ ദിനം കടന്ന് വന്നത്.
ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പുറത്തേക്ക് പോയ ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് വന്നപ്പോഴാണ് ഒരു ആൾക്കൂട്ടം കണ്ടത്. എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയ ഞാൻ അതിനുള്ളിലേക്ക് കടന്ന് ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ദേവികയെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *