ഞാൻ [Ne-Na]

Posted by

“എന്താ നിനക്കും ഫോൺ വിളിക്കാൻ ആരെങ്കിലും വേണമെന്ന് തോന്നുന്നുണ്ടോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“സത്യം പറഞ്ഞാൽ അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല.”
അവളുടെ മനസ് ഇളകി തുടങ്ങിയിരിക്കുന്നതായി എനിക്ക് മനസിലായി.. അത് എന്റെ മനസിന് ചെറിയൊരു സന്തോഷവും നൽകി.
“എങ്കിൽ നമുക്ക് നല്ലൊരു ചെക്കനെ നോക്കി തുടങ്ങിയാലോ?”
“കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോഴും ഒരു ടെൻഷൻ ആണെടാ… പിന്നെ ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി.”
“എന്താ?”
“ഓഫീസിൽ ഒരാൾ എന്റെ ചുറ്റും കിടന്ന് കറങ്ങുന്നുണ്ടോന്ന് ഒരു ഡൌട്ട്.”
“ആര്?”
“ബിബിൻ എന്നാണ് പേര്.. നമ്മളെക്കാളും ഒരു വയസേ കൂടുതൽ ഉള്ളു.. ഈ ഇടയായി എന്നെ കാണുമ്പോൾ ഒരു ചിരിയും സംസാരവുമൊക്കെ ഉണ്ട്.”
വീണ്ടും ബിജുവിനെ പോലെ ആരെങ്കിലും ആണോ എന്നായിരുന്നു എന്റെ സംശയം.
“വല്ല കോഴിയും ആണോടി?”
“ആണെന്ന് തോന്നുന്നില്ല.. വേറെ പെൺപിള്ളേരുമായിട്ടൊന്നും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഒരു ഒതുങ്ങിയ സ്വഭാവം ആണ്.. ആരുമായും അധികം സംസാരം ഒന്നും ഇല്ല.”
“അപ്പോൾ നീ അവനെയും ശ്രദ്ധിക്കുന്നുണ്ടല്ലേ?”
ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
.
.
ബീച്ചിലെ മണൽ തിട്ടയിലിരുന്ന് ഞാൻ തിരമാലകൾക്കൊപ്പം ഓടിക്കളിക്കുന്ന ദേവുവിനെ നോക്കി. ആസ്തമ സൂര്യന്റെ വെളിച്ചം അവളുടെ മുഖത്തു തന്നെ തട്ടുന്നു. അത് അവളെ കൂടുതൽ സുന്ദരി ആക്കുന്നപോലെ. ചുവന്ന ചുരിദാർ പാന്റ് മുട്ടിനൊപ്പം ഉയർത്തിവച്ച് ചെറു തിരയിൽ കാല് നനച്ച് കളിക്കുകയാണ് അവൾ. അവളുടെ ഉള്ളിൽ എന്ത് മാത്രം സന്തോഷം ഉണ്ടെന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയും.
അവൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ ഓടിയെത്തി.
ബിബിൻ വന്നെന്നെ പ്രൊപ്പോസ് ചെയ്തടാ, ഞാൻ അത് പ്രതീക്ഷിച്ചിരുന്നതാണ്.. അത്കൊണ്ട് അപ്പോൾ തന്നെ ഞാൻ ഡിവോഴ്സ് ആണെന്ന കാര്യം അവനോട് പറഞ്ഞു.. അവന്റെ മുഖത്തെ അപ്പോൾ നീ ഒന്ന് കാണേണ്ടതായിരുന്നു.
ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.
ഞാൻ വിചാരിച്ചത് അതുവഴി അങ്ങ് പുള്ളി പോകുമെന്നായിരുന്നു.. പക്ഷെ മൂന്നിന്റന്ന് വന്ന് പറയുവാ ഡിവോഴ്സ് ഒന്നും പുള്ളിക്കാരന് വിഷയമല്ല. എന്നെ കല്യാണം കഴിക്കാൻ താല്പര്യം ആണെന്ന്. പക്ഷെ വീട്ടിൽ രണ്ട് അനിയത്തിമാർ നിൽപ്പുണ്ട് അവരുടെ കല്യാണം കഴിയാതെ എന്റെ കാര്യം വീട്ടിൽ അറിയിക്കാൻ പറ്റില്ല പ്രതേകിച്ച് ഞാൻ ഒരു രണ്ടാംകെട്ട് കാരി ആയതിനാൽ അനിയത്തിമാരുടെ കല്യാണത്തിന് മുൻപ് എന്നെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് ചെന്നാൽ അത് അവർക്ക് നല്ലൊരു ആലോചന വരുന്നതിന് തടസ്സമാകുമെന്ന്. അതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.”
തിരമാലകൾക്ക് ഒപ്പം ഓടിക്കളിച്ച് തളർന്നപ്പോഴാണെന്ന് തോന്നുന്നു ദേവു വന്ന് എന്റെ അരികിലേക്ക് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *