ഞാൻ [Ne-Na]

Posted by

“പുള്ളിക്കാരൻ പറയുന്നത് സിജോയെ ഇനി കാണുന്നത്പോലും ഇല്ലല്ലോ, പിന്നേ എന്തിനാണ് അവനുമായി ഒരു കോണ്ടാക്ട്.. ആവശ്യമില്ലാത്ത ബന്ധങ്ങൾ ആണ് അനാവശ്യ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നതെന്ന്. ആണുങ്ങളുമായി ഞാൻ ഇനി ആവശ്യകാര്യങ്ങൾക്കല്ലാതെ വേറെ സംസാരം വേണ്ടെന്ന് പറഞ്ഞു. ചിന്തിച്ചപ്പോൾ അതാണ് നല്ലതെന്നു എനിക്ക് തോന്നി. എന്തിനാ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ തലയിലേക്ക് വലിച്ചിഴക്കുന്നത്.”
എനിക്ക് ഇപ്പോൾ തന്നെ ബിബിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം മനസിലായി കഴിഞ്ഞിരുന്നു. കല്യാണത്തിന് മുൻപ് തന്നെ ഒരു സ്നേഹത്തിന്റെ പുറത്ത് ദേവുവിനെ ഒരു കൂട്ടിലിട്ട തത്ത ആക്കി മാറ്റുകയാണ്, അപ്പോൾ കല്യാണം കഴിഞ്ഞാൽ എന്തായിരിക്കും അവസ്‌ഥ.. അവൾ ആരുമായി സംസാരിച്ചാലും ഒരു സംശയത്തോടെ അല്ലെ അവളെ നോക്കുകയുള്ളു. ഈ പൊട്ടിക്ക് ഇപ്പോൾ അതൊന്നും എത്ര പറഞ്ഞാലും മനസിലാകില്ല.. പറയുന്നവരെ അവിശ്വസിക്കാതെ ഉള്ളു.
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“നിന്നോടും അകലം പാലിക്കാണെന്ന് ഏട്ടൻ പറഞ്ഞു.. ഞാൻ അപ്പോഴേ പറഞ്ഞു നിന്റെ കാര്യത്തിൽ കൈ കടത്തിയത് കൊന്നു കളയുമെന്ന്.”
ഞാൻ അത് കേട്ട് ചെറുതായി പുഞ്ചിരിച്ചു.
എനിക്കറിയാമായിരുന്നു കുറഞ്ഞു നാളുകൾ കൊണ്ട് എല്ലാരേയും അവളിൽ നിന്നും അകറ്റിയ അവന് എന്നെയും അവളിൽ നിന്നും അടർത്തി മാറ്റാൻ അധികം നാളുകൾ വേണ്ടി വരില്ലെന്ന്. അവർ ഒരേ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്.. അതുകൊണ്ട് അവർ തമ്മിൽ അടുക്കുവാനുള്ളതും ഞാനുമായി അകലുവാനും ഉള്ള അവസരം വളരെ കൂടുതൽ ആണ്.
“നിങ്ങളുടെ കല്യാണം എന്നത്തേക്ക് നടത്താമെന്നാണ് ബിബിൻ പറയുന്നത്?”
“രണ്ട് അനിയത്തിമാരുടെയും കല്യാണം നടത്താനായി ഒരു നാല് വർഷത്തെ സാവകാശമാണ് എന്നോട് ചോദിച്ചിട്ടുള്ളത്.”
“ദേവു.. ഈ നാല് വർഷമെന്ന് പറയുമ്പോൾ നിനക്ക് വയസ് എത്ര ആകുമെന്ന് അറിയാമോ?”
“എനിക്കറിയാടാ.. പക്ഷെ നീ ഒരു കാര്യം ചിന്തിക്കണം, ഞാൻ ഒരു രണ്ടകെട്ടു കാരി ആണ്, പക്ഷെ ചേട്ടൻ അങ്ങനല്ല.. അപ്പോൾ നമ്മളും ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം.”
“പക്ഷെ ഈ നാല് വർഷത്തിന് ശേഷം അവന്റെ വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ?”
പെട്ടെന്ന് നടത്തം നിർത്തി അവൾ എന്നോട് ചോദിച്ചു.
“നീ എല്ലാത്തിനും ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നതെന്തിനാ?”
“നമ്മൾ എല്ലാ വശവും ചിന്തിക്കണം ദേവു, നിന്റെ കാര്യത്തിൽ ഇനിയൊരു ചാൻസ് എടുക്കാൻ പറ്റില്ല.”
അവൾ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു.
“നിനക്ക് ഒരു ഉറപ്പല്ലേ വേണുന്നത്.. നിനക്കും ഏട്ടനും തമ്മിൽ സംസാരിക്കാനുള്ള ഒരു അവസരം ഞാൻ ഉണ്ടാക്കി തരാം.. നീ തന്നെ സംസാരിച്ച് എന്താ ഏട്ടന്റെ വീട്ടിലെ അവസ്ഥ എന്ന് മനസിലാക്കിക്കോ, ഏട്ടൻ നിനക്കൊരു ഉറപ്പ് തന്നാൽ പോരെ?”

Leave a Reply

Your email address will not be published. Required fields are marked *