ഞാൻ [Ne-Na]

Posted by

അവൾ ഷോപ്പിൽ പോയി ചായ വാങ്ങുന്നതും തിരികെ വരുന്നതും നോക്കി ഞങ്ങൾ ഇരുന്നു. തിരികെ വരുമ്പോൾ അവളുടെ കൈയിൽ മൂന്നു ഗ്ലാസ് ചായ ഉണ്ടായിരുന്നു. ഒരു ഗ്ലാസ് ചായ എന്റെ കൈയിൽ തന്നിട്ട് അവൾ ബിബിൻ ഇരിക്കുന്ന ബെഞ്ചിലേക്ക് ഇരുന്ന് അവന് നേരെ ചായ നീട്ടി. അവളെ ഒന്ന് തുറിച്ച് നോക്കിയ ശേഷം അവൻ ഒരു പുഞ്ചിരിയോടെ ചായ വാങ്ങി.
ഞാൻ അവർ ഇരിക്കുന്നത് ശ്രദ്ധിച്ചു. ഇഴകി ചേർന്നൊന്നും അല്ല അവൾ അവന്റെ അരികിൽ ഇരിക്കുന്നത്. അവർക്കിടയിൽ ഒരു അകലം ഉണ്ടായിരുന്നു.
ഔപചാരികമായ സംഭാഷണങ്ങൾക്ക് ശേഷം ഞാൻ വിഷയത്തിലേക്ക് കടന്നു.
“ബിബിന് ഇവളുമായുള്ള കല്യാണം എന്ന് നടത്താമെന്നാണ് പ്ലാൻ?”
“എന്തായാലും എനിക്ക് ഒരു നാല് വർഷത്തെ സാവകാശം വേണ്ടി വരും.”
“നാല് വർഷമെന്ന് പറയുമ്പോൾ ഇവൾക്കന്ന് വയസ് മുപ്പത് ആകും.”
“എന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കണം.. എനിക്ക് രണ്ട് അനിയത്തിമാരാണ് ഉള്ളത്, അവരെ എനിക്ക് കെട്ടിച്ച് വിടണം.”
“അതൊക്കെ ശരിയാണ്, പക്ഷെ ഇവളുടെ ജീവിതത്തിലെ നാല് വർഷമാണ് പാഴായി പോകുന്നത്.”
ബിബിന്റെ സ്വരം ഒന്ന് കടുത്തു.
“ഇവൾ കാത്തിരിക്കാൻ തയ്യാറാണല്ലോ.. പിന്നെന്താ കുഴപ്പം.”
ഞാൻ ദേവുവിനെ നോക്കിയപ്പോൾ അവൾ ദയനീയമായി എന്നെ നോക്കുകയാണ്.
ഞാൻ ദേഷ്യം ഉള്ളിലൊതുക്കി പറഞ്ഞു.
“ഓക്കേ.. പക്ഷെ നാല് വർഷം കാത്തിരുന്നാൽ ഈ വിവാഹം നടക്കുമെന്ന് എന്താ ഒരു ഉറപ്പ്.”
“ഞാൻ പറഞ്ഞല്ലോ എന്റെ അനിയത്തിമാരുടെ കല്യാണം കഴിയാതെ ഇവളെ കെട്ടുവാൻ എനിക്കാവില്ല.. അവരുടെ കല്യാണത്തിന് മുൻപ് ഞാൻ ഒരു രണ്ടാംകെട്ടുകാരിയെ കല്യാണം കഴിച്ചാൽ അത് ചിലപ്പോൾ എന്റെ അനിയത്തിമാരുടെ ജീവിതത്തെ ബാധിക്കും.”
“ഞാൻ അത് മനസിലാക്കുന്നു..അത് കൊണ്ട് എന്റെ ആവിശ്യം ഇത്രേ ഉള്ളു, ഉടനെ കെട്ടണമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ വീട്ടിൽ ദേവുവിന്റെ കാര്യം പറഞ്ഞ് സമ്മതം വാങ്ങണം. ഞങ്ങൾക്ക് ഒരു ഉറപ്പിന് വേണ്ടി.”
കുറച്ച് നേരം നിശബ്തനായി ഇരുന്നിട്ട് അവൻ പറഞ്ഞു.
“എന്റെ വീട്ടുകാർ ഒരു പഴഞ്ചൻ ചിന്താഗതിക്കാർ ആണ്, ഇപ്പോൾ ഇത് വീട്ടിൽ പറഞ്ഞാൽ അവർ അത് സമ്മതിക്കില്ല.”
“അപ്പോൾ നാല് വർഷം കഴിഞ്ഞാൽ സമ്മതിക്കുമെന്നാണോ?”
“അനിയത്തിമാരുടെ കല്യാണം കഴിഞ്ഞാൽ പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് എനിക്ക് ഉറപ്പുണ്ട്.”
“അഥവാ അന്നും വീട്ടുകാർ സമ്മതിച്ചില്ലേലും നീ ഇവളെ കെട്ടുമോ?”
അവൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
“എന്റെ വീട്ടുകാരെ എതിർത്ത് ഞാൻ ഒന്നും ചെയ്യില്ല.. പക്ഷെ ഞാൻ ഉറപ്പ് തരുന്നല്ലോ അവരെക്കൊണ്ടു സമ്മതിപ്പിക്കുമെന്ന്.
എനിക്ക് എന്റെ ദേഷ്യത്തെ പിടിച്ച് നിർത്താനായില്ല.
“ഇവളെന്താ എല്ലാര്ക്കും തട്ടി കളിക്കാവുന്ന പന്താണെന്നാണോ നിന്റെ വിചാരം.. ഈ കല്യാണത്തെ കുറിച്ച് നീ ഇനി ചിന്തിക്കേണ്ട.”
ഞാൻ ദേവുവിനോടായി പറഞ്ഞു.
“ദേവു, ഇത് ഇവിടം കൊണ്ട് നിർത്തുന്നതാണ് നിനക്ക് നല്ലത്, നമുക്കിത് വേണ്ട.”
ദേവുവിന്റെ മുഖം ആകെ വിവർണ്ണം ആയി.
ഒച്ച ഉയർത്തികൊണ്ട് ബിബിൻ ചോദിച്ചു.
“അവൾ ആരെ കെട്ടണം കെട്ടണ്ട എന്ന് തീരുമാനിക്കാൻ നീ ആരാണ്.. അവളുടെ സഹോദരൻ ഒന്നും അല്ലല്ലോ നീ.”

Leave a Reply

Your email address will not be published. Required fields are marked *