ഞാൻ [Ne-Na]

Posted by

പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഹൃദയത്തിലെ ഭാരമൊന്ന് ഇറക്കാമെന്ന് വച്ചപ്പോൾ എന്റെ കാൾ ഒന്ന് എടുക്കുവാൻ ഇന്നലെ പരിചയപ്പെട്ട ഒരുത്തനെ പേടിക്കണം അവന്റെ അനുവാദം വേണം… എന്റെ ദേവു ഒരിക്കലും ഇങ്ങനെ അല്ലായിരുന്നു, സ്വന്തം വ്യക്തിത്വവും സ്വതന്ത്രവും അവൾ ഒരിക്കലും മറ്റൊരാളുടെ മുന്നിൽ അടിയറവു വയ്ക്കില്ലായിരുന്നു. എന്റെ ദേവു ചത്തു.. നീ മറ്റാരോ ആണ്.. എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് അകത്ത് മരണവും കാത്ത് കിടപ്പുണ്ട്. നിനക്ക് വേണ്ടി ഞാൻ ചിലവാക്കിയ സമയത്തിന്റെ നൂറിൽ ഒന്ന് സമയം ഞാൻ എന്റെ മായ്ക്ക് വേണ്ടി ചിലവാക്കി കാണില്ല.. പക്ഷെ നീ എന്നോട് കാണിച്ചിരുന്ന സ്നേഹത്തിന്റെ നൂറ് ഇരട്ടി മായ എന്നെ സ്നേഹിച്ചിട്ടുണ്ട്. ഇനി അവളുടെ ഓർമ്മകൾ മതി എനിക്ക് ജീവിക്കാൻ, ഒരിക്കൽ പോലും നീ എന്റെ മുന്നിലേക്ക് വന്ന് പോകരുത്.”
ദേവികയ്ക്ക് എന്തെങ്കിലും പറയുവാൻ സാധിക്കുന്നതിന് മുൻപ് ഞാൻ എന്റെ ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞു.
മനസിലെ എന്തൊക്കെയോ ഭാരം ഒഴിഞ്ഞ് പോയതുപോലെ. കരഞ്ഞു.. എത്രനേരം കരഞ്ഞുവെന്ന് എനിക്ക് പോലും അറിയില്ല.
ഞാൻ പിന്നെ ദേവികയെ അവസാനായി കാണുന്നത് മായയുടെ മരണ വീട്ടിൽ വച്ചാണ്.
മായയുടെ ശവ ശരീരത്തിനടുത്ത് ഇരുന്ന് തുണികൾ കൊണ്ട് മൂടി കെട്ടിയിരുന്ന അവളുടെ തലയിൽ ഭാഗികമായി മാത്രം കാണാൻ കഴിയുന്ന അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുന്നതിനിടയിൽ അറിയാതെ തല ഒന്ന് ഉയർത്തിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ കണ്ട്. അപ്പോൾ തന്നെ ഞാൻ തല താഴ്ത്തി. ഞാൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ ആയിരിക്കും അവൾ എന്റെ അരികിലേക്ക് വന്നില്ല.
.
.
എല്ലാം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഞാൻ പിന്നെ ദേവികയെ വിളിക്കുകയോ അവളെ കുറിച്ച് തിരക്കാനോ ശ്രമിച്ചിട്ടില്ല.
മായയുടെ മരണശേഷം ഒരു ആറു മാസം കഴിഞ്ഞപ്പോൾ ‘അമ്മ കല്യാണം എന്ന വിഷയം എടുത്തിട്ടു. അന്നത്തെ എന്റെ പ്രതികരണം കണ്ടിട്ടാകും പിന്നെ ഇതുവരെ വീട്ടിൽ നിന്നും ആരും കല്യാണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല.
ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പക്ഷെ ജീവിതത്തിന് ഒരു അർത്ഥമില്ലാത്ത പോലെ.
അങ്ങനെ ഇരിക്കെ ആണ് ഇന്നലെ അഞ്ജലി വിളിച്ചത്.ദേവികയെ കുറിച്ചായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്.. കഴിഞ്ഞ ഒരു മാസത്തിനിടക്ക് അവൾ രണ്ട് തവണ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്ന്. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഡിഗ്രി ക്ലാസ്സിലേക്ക് ആദ്യ ദിവസം കയറി ചെല്ലുമ്പോൾ കണ്ട പൊട്ടിച്ചിരിച്ച് കൊണ്ടിരിക്കുന്ന അവളുടെ മുഖം ആണ്.
മനസൊന്നു പിടച്ചു. ഞാൻ ഒരു വർഷക്കാലമായി അവളെ മറന്നിരിക്കുന്നു. ‘അമ്മ മരിക്കുമ്പോഴും അവർക്കൊരു വിശ്വാസം ഉണ്ടായിരുന്നിരിക്കില്ലേ ഞാൻ ഉള്ളടിത്തോളം കാലം അവൾക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാൻ ഓടി എത്തുമെന്ന്.
അവളുടെ ലൈഫിലെ ഓരോ കാല അളവിലും ഓരോരുത്തർ വന്നിറങ്ങി പോയി. പക്ഷെ ഒരിക്കൽ പോലും അവൾ എന്നെ പൂർണമായും ഒഴുവാക്കിയിരുന്നില്ല. അവളെ കെട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്ന ബിബിൻ ഞാനുമായി ഇനി മിണ്ടരുതെന്ന് പറഞ്ഞിട്ടുപോലും സമയം കണ്ടെത്തി അവൾ എന്നോട് സംസാരിക്കുമായിരുന്നു.. ഞാനല്ലേ അവസാനം അവൾ എന്റെ മുന്നിലേക്ക് വന്ന് പോകരുതെന്ന് പറഞ്ഞ് ആട്ടി പായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *