ഞാൻ കാർ പാർക്ക് ചെയ്തു വരുമ്പോൾ അമ്മു അമ്മുമ്മയെയും കെട്ടിപിടിച്ചു നിൽക്കിന്നുണ്ട്.
“കുട്ടാ, എത്ര നാളയെടാ കണ്ടിട്ട്, നീ അമ്മുമ്മയെ മറന്നല്ലേ, വല്ലപ്പോഴും ഇങ്ങോട്ടൊന്നു ഇറങ്ങിക്കൂടെ കണ്ണാ. നിന്റെ ശബ്ദം കേൾക്കാനാ ഇടയ്ക്കു രമേശനോട് വിളിക്കാൻ പറയുന്നേ അപ്പൊ നിനക്കാണെങ്കിൽ തിരക്കും.”
എന്റെ മുടിയിൽ തഴുകി അമ്മുമ്മ പറഞ്ഞു.
“അമ്മുക്കുട്ടി അമ്മയുടെ പിണക്കം മാറ്റാനായിട്ടല്ലേ ഞാനിങ്ങോട്ടു വന്നേ. ഇനി ഒരാഴ്ചക്ക് ഞാൻ എങ്ങോട്ടും പോകുന്നില്ല.”
അമ്മുമ്മയെ കെട്ടിപിടിച്ചോണ്ടു ഞാൻ പറഞ്ഞു.
“നീ അമ്മുമ്മയെ കളിപ്പിക്കാൻ പറയാ. നാളെ ആശുപത്രിയിൽ തിരക്കുണ്ടെന്നു പറഞ്ഞു നീ അങ്ങ് പോകും.”
അമ്മുമ്മ എന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു.
“ഇല്ലെന്റെ അമ്മുകുട്ടിയാമ്മേ… ഞാൻ ഒരാഴ്ച ലീവാ. ഞാൻ എന്റെ അമ്മുക്കുട്ടിയമ്മയെ കാണാൻ പോകുകയാണ് അതോണ്ട് ആരും എന്നെ വിളിച്ചു ശല്യം ചെയ്യരുതെന്ന് പറഞ്ഞിട്ടാ വന്നേ.”
അതും പറഞ്ഞു ഞാൻ അമ്മുമ്മയുടെ മടിയിൽ കിടന്നു.
“അമ്മുമ്മയുടേം കൊച്ചുമോന്റെയും കിന്നാരം കഴിഞ്ഞേകിൽ വാ ചായ കുടിക്കാം..”
ആന്റിയാണ്, വെക്കേഷന് തറവാട്ടിൽ നിൽക്കാൻ വരുമ്പോ എന്റെയും അമ്മുന്റെയും കൂട്ട് ആന്റിയാണ്. മോഹൻലാലിൻറെ കട്ട ഫാൻ. വെക്കേഷന് വരുമ്പോ സിനിമക്ക് പോകാൻ ആന്റിയാണ് ഞങ്ങൾക്ക് വേണ്ടി അമ്മാവന്റെ അടുത്ത് സോപ്പിടാറു.
അമ്മാവന് രണ്ടു കുട്ടികളാണ് കണ്ണനും മാളുവും. കണ്ണൻ ഏഴിലും മാളു അഞ്ചിലും ആണ്. അമ്മുവിനെ കണ്ടതോടെ രണ്ടും അവളുടെ കൂടെ തന്നെയായി.
ചായ കുടിക്കാൻ വരുമ്പോഴാണ് അമ്മാവനെ കണ്ടത്. അമ്മാവൻ ആള് കുറച്ചു കർക്കശക്കാരൻ ആണ് അതുകൊണ്ടു തന്നെ ആന്റിയോട് സംസാരിക്കുന്നതുപോലെ ഫ്രീ ആയി അമ്മാവന്റെ അടുത്ത് ഞാൻ സംസാരിക്കാറില്ല.
ജോലിയുടെ വിശേഷങ്ങളും മറ്റും ചോദിച്ചും പുറത്തെന്തോ പണിയുണ്ടെന്നും പറഞ്ഞു അമ്മാവൻ ചായകുടി മതിയാക്കി എണിറ്റു.
“എന്നാ ഞാൻ പുറത്തൊക്കെ ഒന്ന് നടന്നിട്ടു വരാം.”