“നീ അരി വെന്തൊന്നു നോക്കിയേ മോളെ …വേവ് പാകം ആണെങ്കിൽ വാർത്തിട്ടോളൂ..ഞാനൊന്ന് തൊടിയിലേക്കിറങ്ങട്ടെ.. മാമ്പഴം വീണുകിടപ്പുണ്ടാവും. മോന് മാമ്പഴപ്പുളിശ്ശേരി വല്യേ ഇഷ്ട്ടാണ്..”
സുമിത്ര പുറത്തേയ്ക്ക് പോയി. അമ്മു പണികൾ എല്ലാം വേഗം ഒതുക്കി പ്രാതൽ മേശമേൽ കൊണ്ടുവച്ചു.
ഇനി ശിവേട്ടനെ വിളിക്കാൻ മുകളിലേക്ക് പോവാനുള്ള ധൈര്യമില്ല. ഈശ്വരാ.. എന്തൊക്കെയാ നിമിഷനേരം കൊണ്ട് ചെയ്തുകൂട്ടിയത്..വഷളൻ.. കഴിഞ്ഞു പോയ നിമിഷങ്ങളോർത്ത് അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. അന്നത്തെ ദിവസം മുഴുവൻ ശിവന്റെ മുന്നിൽ ചെന്ന് പെടാതെ അവൾ കഴിഞ്ഞുകൂടി. അഥവാ ചെന്നുപെട്ടാലും സുമിത്രയുടെ സാന്നിധ്യം ഉറപ്പാക്കാൻ അവൾ മറന്നില്ല. പിറ്റേന്നും അതാവർത്തിച്ചു. വര്ഷങ്ങള്ക്കു ശേഷമുള്ള വരവായതിനാൽ ശിവൻ സുഹൃത്തുക്കളെയും മറ്റും കാണാനുള്ള തിരക്കിലായിരുന്നു .
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞു സുമിത്ര മയങ്ങാൻ പോയിക്കിടന്നു. ശിവൻ വീട്ടിലില്ലായിരുന്നു. അമ്മു മുകളിലെ നിലയിൽ അമ്മാവന്റെ പഴയ പുസ്തകങ്ങൾക്കിടയിൽ പരതുകയായിരുന്നു. അവസാനമൊരു പുസ്തകം കിട്ടി. അതുമായി അവൾ ജനലിനരികിൽ പോയിനിന്നു മറിച്ചുനോക്കിക്കൊണ്ട് ഇരിക്കുമ്പോൾ കഴുത്തിൽ ഒരു നിശ്വാസം പോലെ. ഞെട്ടി തിരിഞ്ഞതും പിന്നിൽ ശിവൻ. അവനവളെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി. ശബ്‌ദിക്കാനാവാതെ നിന്നുപോയി അമ്മു.
“നീയെന്താ പെണ്ണെ ..ഒഴിവാക്കി നടക്കുവാ എന്നെ?
അവളൊന്നും മിണ്ടിയില്ല.
“ദേഷ്യമാണോ അമ്മൂ എന്നോട് ..? ഞാൻ തൊട്ടതും ഉമ്മവെച്ചതുമൊക്കെ നീയെന്റെ പെണ്ണാണെന്ന അധികാരത്തിലാണ്. നിനക്കിഷ്ട്ടല്ലെങ്കിൽ ഇനിയിങ്ങനെ ഒന്നുമുണ്ടാവില്ല.. “
പെട്ടെന്ന് അവൾ അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു അതിൽ ചുണ്ടുകൾ ചേർത്ത് പറഞ്ഞു.
“ഇക്കിഷ്ട്ടാണ് ശിവേട്ടാ.. ഒരുപാട് ..ശിവേട്ടൻ തൊടുമ്പോ ഞാൻ എന്നെത്തന്നെ മറന്നു പോവാണ്. പിന്നെ നമ്മളെ അരുതാത്ത രീതിയിൽ ഒന്നും അമ്മായി കാണാൻ പാടില്യ. അതോണ്ടാ ഞാൻ…വേറൊന്നും ആലോചിച്ചുകൂട്ടി സങ്കടപ്പെടരുതേ ന്റെ പൊന്ന്..”
അവനവളെ ചേർത്ത് നിർത്തി തഴുകി.
“എത്രയും വേഗം നിന്നെ ഇവിടുത്തെ പെണ്ണാക്കാൻ ഉള്ള ഒരുക്കത്തിലാ ‘അമ്മ . എന്നോട് ഇന്നലെ സംസാരിച്ചിരുന്നു. നാളെ അച്ഛന്റെ തറവാട്ടിൽ ഉത്സവം അല്ലെ. ‘അമ്മ അങ്ങട്ട് പോണുണ്ട്. അക്കൂട്ടത്തിൽ എല്ലാം തീരുമാനിച്ചു സമയോം നോക്കി കുറിപ്പിച്ചിട്ട് വരാന്നു പറഞ്ഞിട്ടുണ്ട്. സന്തോഷം ആയോ എന്റെ പെണ്ണിന് ?”
അവൾ പുഞ്ചിരിച്ചുകൊണ്ട് അവനോടു ചേർന്നു നിന്നു. സന്ധ്യക്ക് അവരൊരുമിച്ചു ക്ഷേത്രത്തിൽ പോയി തൊഴുതു വന്നു. അത്താഴവും കഴിഞ്ഞു കിടക്കാൻ നേരം സുമിത്ര അമ്മുവിനോട് കാര്യങ്ങൾ പറഞ്ഞു. അവൾക്കു സന്തോഷമായി. തറവാട്ടിലെ ഉത്സവം കൂടാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കുളിച്ചു കയറി ആറ് ദിവസം ആയിട്ടുള്ളു .അതിനാൽ വീട്ടിൽ തന്നെ നിൽക്കാമെന്നവൾ സമ്മതിച്ചു.