***************************************************************************
പുലർച്ചെ തന്നെ സുമിത്രയും ശിവനും തറവാട്ടിലേക് പുറപ്പെട്ടു. വീട്ടുപണികളിൽ മുഴുകി അമ്മു പകൽ മുഴുവൻ കഴിച്ചുകൂട്ടി. സന്ധ്യക്ക് ഉമ്മറത്ത് വിളക്ക് കൊളുത്തി നാമം ജപിച്ചു കഴിഞ്ഞു അവളോരോന്നു ആലോചിച്ച ഇറയത്തു തന്നെയിരുന്നു. ചെറുതായി മഴ ചാറിക്കൊണ്ടിരുന്നു. അവളോർത്തു .. ഇതുപോലെയൊരു മഴയിലാണ് തന്നെയും കൂട്ടി അമ്മാവൻ ഇവിടേയ്ക്ക് വന്നു കയറിയത്. അമ്മയുടെയും അച്ഛന്റെയും മരണശേഷം അമ്മാവനാണ് തന്റെ എല്ലാ കാര്യങ്ങളും നോക്കിയത്. ശിവേട്ടന്റെ പെണ്ണായി താൻ ഇവിടെ വളർന്നു. പെട്ടെന്നായിരുന്നു അമ്മാവന്റെ മരണം. അതിനു ശേഷം അമ്മാവന്റെയും തന്റെ അമ്മയുടെയും മൂത്ത സഹോദരൻ വല്യമ്മാമ്മ ഭാഗംവയ്പ്പിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ഈ വീടും പറമ്പും തട്ടിയെടുക്കാൻ ശ്രമിച്ചു. സാമ്പത്തികപ്രശ്നങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ നില്കുന്ന സമയത്താണ് ശിവേട്ടൻ പ്രവാസിയാകുന്നത്. പന്ത്രണ്ടു വർഷങ്ങൾ കൊണ്ട് നഷ്ടപ്പെട്ടുവെന്ന് കരുതിയതെല്ലാം അദ്ദേഹം തിരിച്ചു പിടിച്ചു.
ഫോൺ ബെൽ കേട്ടവൾ ഓർമ്മയിൽ നിന്നു ഞെട്ടിയുണർന്നു . സുമിത്രയാണ് വിളിച്ചത്. പിറ്റേന്നു ഉച്ചക്കെ തിരികെ എത്തുകയുള്ളൂ.. ശിവൻ വീട്ടിലേക്കു തിരിച്ചിട്ടുണ്ടെന്നു പറഞ്ഞു ഫോൺ കട്ട് ആയി. അവൾ ധൃതിയിൽ അടുക്കളയിലേക്കു കയറി അത്താഴം കാലമാക്കാൻ ആരംഭിച്ചു. പണികളെല്ലാം തീർന്നപ്പോഴേക്കും മുൻവാതിലിൽ മണി മുഴക്കം കേൾക്കാം. അവളോടിപ്പോയി ജനലിലൂടെ നോക്കിയപ്പോൾ മഴയിൽ നനഞ്ഞുകുളിച്ചു ശിവൻ നിൽക്കുകയാണ്. വേഗം തന്നെ വാതിൽ തുറന്നു കൊടുത്തിട്ടവൾ ടവൽ എടുക്കാനോടി. തിരികെവന്നപ്പോഴേക്കും അവൻ മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
” ശിവേട്ടാ .. വാതിൽ തുറക്ക് ..”
അവൾ തട്ടി വിളിച്ചു. വാതിൽ തുറന്നതും ടവൽ അവനെ ഏൽപ്പിച്ചു.
” ദാ തല നല്ലോണം തോർത്തി രാസ്നാദി തിരുമ്മു ട്ടോ .. ഞാൻ കഴിക്കാൻ എടുത്തു വെക്കാമെ ..” ധൃതിയിൽ തിരിഞ്ഞ അവളുടെ കൈയിൽ പിടിച്ചവൻ വലിച്ചടുപ്പിച്ചു.
“ശ്യോ .. പോയി തലയൊക്കെ തോർത്തി വാ ചെക്കാ .. പനി പിടിക്കും ട്ടോ ..”
അവൾ കുതറി .
“പനി പിടിച്ചാലെന്താ … നീയുണ്ടല്ലോ കെട്ടിപ്പിടിച്ച് കിടക്കാൻ “..
ഉമ്മ വെക്കാനാഞ്ഞപ്പോഴേക്കും അവളവന്റെ കൈ വിടുവിച്ചു ഗോവണിയ്ക്കടുത്തേക്കോടി .
“രാത്രി നിന്നെ ഞാനെടുത്തോളാമെടി പെണ്ണെ ..”
അവൾ നാണത്തോടെ ഗോവണിയിറങ്ങി. രാത്രി അത്താഴം കഴിഞ്ഞു ശിവൻ മുകളിലേക്ക് പോയി . അമ്മു പാത്രങ്ങളെല്ലാം കഴുകിയൊതുക്കി അടുക്കളയും വൃത്തിയാക്കി മേൽ കഴുകി വന്നപ്പോൾ അവൻ തിരികെ വന്നു ഹാളിൽ ഇരിക്കുകയായിരുന്നു.
“കിടക്കുന്നില്ല്യേ ശിവേട്ടാ..”
തെല്ലൊരു കുസൃതിയോടെയാണവൾ ചോദ്യമെറിഞ്ഞത്.