“അവിടെ കുപ്പിയിലിരുപ്പുണ്ട് മോളെ.. വിദ്യയെ അതങ്ങു എടുത്തു കൊടുക്ക്.”
വിദ്യ എടുത്തു കൊടുത്ത കുപ്പിയിൽ നിന്നും രണ്ടു ഏലക്ക എടുത്തു തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടുകൊണ്ട് ജീന അവളോട് പറഞ്ഞു.
“ഏലക്ക ഇട്ടാൽ നല്ല മണവും ചെറിയൊരു ടേസ്റ്റ് വ്യത്യാസവും ഉണ്ടാകും.”
കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർത്തുമ്പോഴാണ് ‘അമ്മ വേലക്കാരിയോട് പറയുന്നത് ജീന കേട്ടത്.
“ഉള്ളി തൊലിക്കണം.. ഇന്ന് ചിക്കൻ കറി വയ്ക്കുന്നുണ്ട്.”
അത് കേട്ട ജീന പറഞ്ഞു.
“ചിക്കൻ ചെറുതായി ഫ്രൈ ചെയ്തിട്ട് കറി വയ്ക്കാൻ അമ്മെ.. അതാ ഇച്ചായന് ഇഷ്ട്ടം..”
എന്തോ ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“അല്ലെങ്കിൽ ചിക്കൻ കറി ഞാൻ തന്നെ വയ്ക്കാം.”
വിദ്യയും അമ്മയും പരസ്പരം മുഖത്തേക്ക് നോക്കി.
വിദ്യ ചെറിയൊരു ചിരിയോടെ പറഞ്ഞു.
“എന്ത് പറഞ്ഞാലും അവളുടെ ഒരു ഇച്ചായന്റെ ഇഷ്ട്ടം.. ഇക്കണക്കിന് ഇവൾ അമ്മയെ ഇവിടത്തെ അടുക്കളയിൽ നിന്നും പുറത്താക്കുന്ന ലക്ഷണം കാണുന്നുണ്ട്.”
അത് കേട്ടു ചെറുതായൊന്നു പരുങ്ങികൊണ്ടു ജീന പറഞ്ഞു.
“അത്… അമ്മെ.. ഞാൻ…”
അവളുടെ പരുങ്ങൽ കണ്ട് ‘അമ്മ പറഞ്ഞു.
“അവൾക്ക് വട്ടാണ് മോളെ.. അവന്റെ ഇഷ്ട്ടങ്ങൾ അറിയാവുന്നത് കൊണ്ടല്ലേ മോളങ്ങനെ പറയുന്നേ.. ഇവിടന്നു പോകുന്നവരെ അവന്റെ ഇഷ്ടത്തിന് മോള് തന്നെ എല്ലാം വച്ചോ.”
അത് കേട്ടപ്പോഴാണ് ജീനക്ക് ആശ്വാസം ആയത്.
ഗ്ലാസിൽ ഒഴിച്ച കട്ടൻ വിദ്യയുടെ കൈയിൽ കൊടുത്ത് മറ്റൊരു ഗ്ലാസിൽ ചായയുമായി ജീന അടുക്കളയിൽ നിന്നും ശ്രീഹരിയുടെ റൂമിലേക്ക് നടന്നപ്പോൾ ‘അമ്മ അവളെ തന്നെ നോക്കുകയായിരുന്നു.
ശ്രീഹരിയുടെ ഇഷ്ടനുഷ്ടങ്ങൾ ഇതുപോലെ മനസിലാക്കി പ്രവർത്തിക്കുന്ന മറ്റൊരു പെണ്ണിനെ അവനായി ഇനി കണ്ടെത്താൻ പറ്റുമോ എന്നായിരുന്നു അമ്മയുടെ മനസ്സിൽ കൂടി അപ്പോൾ കടന്നു പോയ ചിന്ത.
ജീന നൽകിയ ചായ കുറച്ച് വായിലാക്കി കണ്ണടച്ച് ആസ്വദിച്ച് കുടിച്ചിറക്കിയ ശേഷം വിദ്യ പറഞ്ഞു.
“അമ്മാ.. സൂപ്പർ ടേസ്റ്റ് ഇതിന്.”
അത് കേട്ടു അംബികാമ്മ ചെറുതായി പുഞ്ചിരിച്ചു.
ജീന റൂമിൽ ചെല്ലുമ്പോൾ നന്നായി മൂടിപ്പുതച്ച് കിടക്കുകയായിരുന്നു ശ്രീഹരി.
“ഇച്ചായാ എഴുന്നേറ്റേ..”
കണ്ണ് തുറക്കാതെ തന്നെ അവൻ പറഞ്ഞു.
“നീ ഒന്ന് പോയെ..”
“ആഹാ, ഇപ്പോൾ ശരിയാക്കി തരാം.”
അവൾ ചായ ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവന്റെ പുതപ്പിൽ പിടിച്ച് വലിച്ചു.
ശ്രീഹരി പുതപ്പിൽ ഇറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു.
“എന്റെ കൈയിൽ നിന്നും കിട്ടുമേ നിനക്ക്..”