അവൾ പുതപ്പിൽ നിന്നും വിടാതെ പറഞ്ഞു.
“എന്റെയിൽ നിന്നാ കിട്ടാൻ പോകുന്നെ. രണ്ടു ദിവസം മുൻപ് എന്തൊക്കെയാ പറഞ്ഞെ.. അഞ്ച് മണിക്ക് വിളിച്ചുണർത്തണം, ഓടാൻ പോകണം.. എന്നിട്ടിപ്പോൾ പോത്തുപോലെ കിടന്നുറങ്ങുന്ന കണ്ടില്ലേ.”
കണ്ണ് തുറന്ന് ചെറിയൊരു ചിരിയോടെ അവൻ പറഞ്ഞു.
“അത് അവിടെ വച്ച് പറഞ്ഞതല്ലേ…”
അപ്പോഴേക്കും റൂമിലേക്ക് കയറിവന്ന വിദ്യ ചോദിച്ചു.
“എന്താ ഇവിടൊരു ബഹളം.”
“ഇച്ചായനെ എഴുന്നേൽപ്പിക്കാൻ നോക്കുവായിരുന്നു ഞാൻ.”
വിദ്യ ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
“ഇതുവരെ എഴുന്നേറ്റില്ലേ.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടാക്കേണ്ടതാണ്.”
രണ്ടുപേരും കൂടി ഇനി കിടക്കാൻ സമ്മതിക്കില്ല എന്ന് മനസിലായ ശ്രീഹരി ബെഡിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു.
“നീ എന്നും നിന്റെ കാറിൽ അല്ലെ പോകുന്നത്.”
“അതിന്നു സർവീസ് ചെയ്യാൻ കൊണ്ടുപോകാൻ ഏൽപ്പിച്ചിരിക്കയാണ്, ഇന്ന് എന്നെ ഏട്ടൻ കൊണ്ടാക്കിയെ പറ്റുള്ളൂ.”
ജീന നീട്ടിയ ചായ വാങ്ങിക്കൊണ്ട് വിദ്യയെ ചൊടിപ്പിക്കാനായി അവൻ പറഞ്ഞു.
“ഇത് വലിയ ശല്യം ആയല്ലോ..”
വിദ്യ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“ശല്യമോ.. ഒരുത്തനെയും പിന്നാലെ പോയി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കാതെ വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് തന്നെ സമ്മതിച്ച എന്നെ പോലൊരു അനിയത്തിയെ കിട്ടാൻ ഭാഗ്യം വേണം.”
“എന്തോ.. കൂടുതൽ ഡയലോഗ് അടിക്കല്ലേ?”
“എന്തേ.. ഡയലോഗ് അടിച്ചാൽ.”
“നീയും വിവേകും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്നും, നിങ്ങളുടെ പ്ലാൻ അനുസരിച്ചാണ് ബ്രോക്കർ കല്യാണ ആലോചനയും ആയി എൻറെ അടുത്ത് വന്നതെന്നും എനിക്കറിയാം. പിന്നെ അവൻ നല്ലൊരു ഡോക്ടർ ആയത് കൊണ്ടും നല്ലൊരു ഫാമിലിയിൽ നിന്നും ആയതുകൊണ്ടും ആണ് കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ കല്യാണം ഉറപ്പിച്ചത്.. അത് കൊണ്ട് ഈ വക ഡയലോഗ് ഒന്നും എന്നോട് അടിക്കരുത്.”
അത് കേട്ടപ്പോൾ വിദ്യയുടെ മുഖം ചമ്മൽ കൊണ്ട് വിവർണം ആയി. അവളുടെ മുഖം കണ്ടപ്പോൾ ജീനക്കും ചിരി വന്നു.
“കൂടുതൽ ഇരുന്നു ചമ്മി നാറണ്ട.. മോള് പോയി റെഡി ആകാൻ നോക്ക്. ഞാൻ ഹോസ്പിറ്റലിൽ കൊണ്ടാക്കാം.”
പറഞ്ഞു പിടിച്ച് നില്ക്കാൻ വാക്കുകൾ ഒന്നും ഇല്ലാത്തതിനാൽ വിദ്യ അപ്പോൾ തന്നെ അവിടന്ന് സ്ഥലം കാലിയാക്കി.
“എന്തിനാ ഇച്ചായാ അവളെ വിഷമിപ്പിച്ചെ..”
ചായ ഒരിറക്ക് കുടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“വിഷമിപ്പിച്ചത് ഒന്നും അല്ലെടി.. അവൾക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയാമായിരുന്നല്ലോ. ഞാൻ എതിര് നിൽക്കുമായിരുന്നോ.. ഇതൊരുമാതിരി എന്നെ പൊട്ടൻ കളിപ്പിച്ചത് പോലല്ലേ അവൾ ചെയ്തത്.. അപ്പോൾ അവൾ ഒന്ന് അറിഞ്ഞിരിക്കണ്ടേ, അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തിരക്കുന്നുണ്ടായിരുന്നെന്നും അറിയുന്നുണ്ടായിരുന്നെന്നും.”