“നീ താഴേക്ക് പൊയ്ക്കോ. ഞാൻ ഇപ്പോൾ റെഡി ആയി വന്നേക്കാം.”
ജീന പള്ളിയിൽ നിന്നും വരുന്നതും കാത്ത് കാറിൽ തന്നെ ഇരിക്കുകയായിരുന്നു ശ്രീഹരി. തലേന്ന് രാത്രി കൂട്ടുകാരൊക്കെ വീട്ടിൽ നിന്നും പോയി ഉറങ്ങാൻ കിടന്നപ്പോൾ ഒരുപാട് വൈകിയിരുന്നു. അതിനാൽ തന്നെ കണ്ണിൽ ചെറുതായി മയക്കം പിടിച്ച് തുടങ്ങിയപ്പോഴാണ് കാറിന് പുറത്ത് എന്തൊക്കെയോ ശബ്‌ദം കേട്ട് അവൻ ഞെട്ടി കണ്ണ് തുറന്നത്.
കുർബാന കഴിഞ്ഞ് എല്ലാരും പള്ളിയിൽ നിന്നും പിരിഞ്ഞു പോവുകയാണ്. അതിന്റെ ബഹളമാണ് കേട്ടത്. ജീന വരുന്നുണ്ടോന്ന് അറിയാൻ അവൻ പള്ളിയുടെ പടിക്കെട്ടിലേക്ക് തന്നെ നോക്കി ഇരുന്നു.
പെട്ടെന്ന് അവൻ ഒന്ന് ഞെട്ടി, കണ്ണുകൾ വിടർന്നു.
ജീനക്കൊപ്പം പള്ളിയുടെ പടികൾ ഇറങ്ങി വരുകയാണ് ക്ലാര. ജീനയും ക്ലാരയും ഒരേപോലെ തൂവെള്ള ചുരിദാർ ധരിച്ചിരിക്കുകയാണ്. രണ്ടു മാലാഖമാർ പാടി ഇറങ്ങി വരുന്നത് പോലെയാണ് അവന് തോന്നിയത്.
അവൻ ക്ലാരയെ തന്നെ ശ്രദ്ധിച്ചു. വലിയ മാറ്റം ഒന്നും ഇല്ല അവൾക്കു, പഴയതിൽ നിന്നും കുറച്ച് കൂടി വണ്ണം വച്ചിട്ടുണ്ട്. അത്ര തന്നെ. ജീനയോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് അവൾ. അവളുടെ ചിരിക്കും ആ പഴയ ഭംഗി നഷ്ടപ്പെട്ടിട്ടില്ല. പഴയ നുണക്കുഴി അത് പോലെ തന്നെ ഉണ്ട്.
ശ്രീഹരിയുടെ മനസൊന്നു പിടച്ചു. അവൾ ജീനക്കൊപ്പം തന്റെ അടുത്തേക്ക് വരുമോ? വന്നാൽ എന്ത് സംസാരിക്കും? വർഷങ്ങൾ എത്ര ആയിരിക്കുന്നു ഒന്ന് കണ്ടിട്ട്. ഇപ്പോൾ എവിടന്നു എന്താണ് എന്ന് ഒന്ന് അന്വഷിച്ചിട്ടുപോലും ഇല്ല.
അതെ.. അവൾ തന്റെ അടുത്തേക്ക് തന്നെയാണ് വരുന്നത്. കാറിന്റെ ഡോർ തുറക്കുമ്പോൾ കൈ ഒന്ന് വിറച്ചിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവർ അരികിലെത്തി കഴിഞ്ഞിരുന്നു.
ശ്രീഹരി മുഖത്ത് ഒരു ചിരി വരുത്തി. അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
പക്ഷെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. അവർ തന്നെ എന്തിനെങ്കിലും തുടക്കമിടട്ടെ എന്ന നിലപാടിൽ ജീനയും നിശബ്തത പാലിച്ചു.
അവസാനം ക്ലാര തന്നെ നിശബ്തതക്ക് അവസാനം ഇട്ടു.
“സുഖമാണോ?”
അവൻ ഒന്ന് മൂളി.
“പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ ഒരു വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ക്ലാര ചേച്ചി. ഞാൻ ഞെട്ടിപ്പോയി.”
“ശരിക്കും ഞെട്ടിയത് ഞാനാണ്. ജീനയെ ഞാൻ ഇവിടെ പ്രതീക്ഷിക്കാതെ ഇല്ല. പിന്നെ ഇവൾ ഇപ്പോഴും നിന്റെ കൂടെ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.”
ശ്രീഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അവന്റെ നോട്ടം അവളുടെ മുഖത്ത് തന്നെ ആയിരുന്നു.
അവൻ ആകാംഷയോടെ ചോദിച്ചു.
“കൊച്ചുങ്ങൾ?”
“ഒരു മോളാണ്.. വീട്ടിൽ ഇച്ചായനെ ഏല്പിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്.”
“ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”