അംബികാമ്മ പെട്ടെന്ന് നിവർന്നു നോക്കികൊണ്ട് മനസിലാകാതെ ചോദിച്ചു.
“ആര്?”
“ആ ജീന.. ഹരിയുടെ ഓഫീസിലെ ജോലിക്കാരി ആണെന്ന് പറഞ്ഞിട്ട് അതുപോലൊന്നും അല്ലല്ലോ അവളുടെ പെരുമാറ്റം.”
ഒരു ചിരിയോടെ അംബികാമ്മ പറഞ്ഞു.
“അവർ ഒരുമിച്ച് പഠിച്ചതാണ് ചേച്ചി.. ആ ഒരു സ്വാതന്ത്രം അവൾ കാണിക്കുന്നതാണ്.”
ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി പറഞ്ഞു.
“ഇതൊന്നും അത്ര നല്ലതിനല്ലെന്ന് പിന്നെ നിനക്ക് മനസിലാകും.”
ആ സംസാരം നീട്ടികൊണ്ടു പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ മൗനം പാലിച്ചു.
.
.
രണ്ടു ദിവസമായി സ്വർണഭാരങ്ങൾ ബുക്ക് ചെയ്യാൻ പോക്കും മറ്റും ആയി ശ്രീഹരി നല്ല തിരക്കിലായിരുന്നു. അന്നൊരു ദിവസം ഒഴിവു കിട്ടിയപ്പോൾ വൈകുന്നേരം അവൻ ക്ഷേത്രത്തിലേക്കിറങ്ങി.
പതിവായി ഇരുന്നു സംസാരിക്കാറില്ല തിട്ടയിൽ ഇരുന്നു ഓരോ നാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജിത്തു ശ്രീഹരിയോട് പറഞ്ഞത്.
“ഡാ.. അതാരൊക്കെയാ വരുന്നതെന്ന് നോക്കിക്കേ.”
ശ്രീഹരി നോക്കുമ്പോൾ വിദ്യയും ജീനയും അമ്പലത്തിലേക്ക് നടന്നു വരുകയാണ്.
ഒരു ചുവന്ന ചുരിദാർ ആണ് വിദ്യ ധരിച്ചിരുന്നത്.
“കല്യാണം അടുത്തപ്പോൾ ഇവളുടെ ഭക്തി കൂടിയെന്നാണ് തോന്നുന്നത്. അമ്പലത്തിൽ തിരിഞ്ഞ് നോക്കാതെ കിടന്നിരുന്നവളാണ്.”
അച്ചുവിന്റെ ആ വാക്കുകൾ കേട്ട് ചിരിക്കുമ്പോഴും ശ്രീഹരിയുടെ ശ്രദ്ധ ജീനയിൽ ആയിരുന്നു.
പച്ചയും, വെള്ളയും, ഗോൾഡും കലർന്ന ഒരു ചുരിദാർ ടോപ് ആണ് അവൾ ഇട്ടിരുന്നത്. മുട്ടിനു താഴെ വരെ ഉണ്ടായിരുന്നു ആ ടോപ്. ഒരു വെള്ള പാന്റും. നീളമുള്ള മുടി കുറച്ചു ഇടതു വശത്തായി തോളിനു മുന്നിലേക്ക് ഇട്ടിരിക്കുന്നു. ശരീരത്തിന്റെ ഒതുക്കം ആ വസ്ത്രത്തിൽ എടുത്തു കാണിക്കുന്നുണ്ട്. ആ ഡ്രെസ്സിൽ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നടന്നു വരുന്ന അവളെ കാണാൻ വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു.
ആ തോന്നൽ തനിക്ക് മാത്രമല്ലെന്ന് ഉറപ്പിച്ച് കൊണ്ട് ജിത്തുവിന്റെ വാക്കുകൾ അവന്റെ കാതുകളിൽ പതിച്ചു.
“ദിവസം ചെല്ലും തോറും നിന്റെ ജീനയുടെ ഭംഗിയും കൂടി കൂടി വരുവാണല്ലോടാ..”