അവന്റെ ആ വാക്കുകൾ ശ്രീഹരിയെ ചെറുതായി അഭിമാനം കൊള്ളിച്ചു. പക്ഷെ ജീനയുടെ സൗന്ദര്യം തന്നെ എന്തിനാണ് അഭിമാനം കൊള്ളിച്ചതെന്ന് അപ്പോൾ അവന് മനസിലായില്ല.
ശ്രീഹരി അവിടെ നിൽക്കുന്നത് കണ്ടുകൊണ്ട് രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു.
അവർ അടുത്ത് എത്തിയതും അച്ചു പറഞ്ഞു.
“കല്യാണം ആയപ്പോൾ നിനക്കിത്തിരി ഭക്തി കൂടുതൽ ആണല്ലോടി.”
ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“കല്യാണമൊക്കെ അടുക്കുമ്പോൾ ആർക്കായാലും ഇത്തിരി ദൈവ വിചാരണ ഒക്കെ ഉണ്ടാകും ചേട്ടാ.”
അടുത്ത കൗണ്ടർ ജിത്തുവിന്റെ വക ആയിരുന്നു.
“ഇപ്പോൾ നീ ദൈവത്തെ വിളിക്കും.. കല്യാണം കഴിഞ്ഞാൽ പിന്നെ അവനായിരിക്കും ദൈവത്തെ വിളിക്കാൻ പോകുന്നത്.”
“കൂടുതൽ ഡയലോഗ് ഒന്നും വേണ്ട കേട്ടോ.. എന്റെ കല്യാണ ആൽബം കുളമാക്കിയാൽ അപ്പോഴാണ് എന്റെ കൈയിൽ നിന്നും കിട്ടാൻ പോകുന്നെ.”
“ആ കാര്യത്തിൽ നീ പേടിക്കയൊന്നും വേണ്ട.. ഞാൻ സൂപ്പർ ആക്കി തന്നിരിക്കും.”
ഒരു ചിരിയോടെ വിദ്യ പറഞ്ഞു.
“വിഡിയോസിലൊക്കെ ഞാൻ ആയിരിക്കണം ഹൈലൈറ്.. വിവേകേട്ടൻ ഇത്തിരി കുളമായാലും വേണ്ടില്ല.. ഞാൻ ഇങ്ങനെ തിളങ്ങി നിൽക്കണം.”
“നീ ഫോട്ടോ ഷൂട്ടിന് ഒരു മൂന്നു നാല് ജോഡി ഡ്രസ്സ് എടുത്തു വച്ചേക്കണം.. ജീനയെ കൊണ്ട് ഡ്രസ്സ് സെലക്ട് ചെയ്യിച്ചത് മതി.. ഇവൾ ഇടുന്ന ഡ്രസ്സ് എല്ലാം സൂപ്പർ ആണ്.”
ചെറിയൊരു ഞെട്ടലോടെ ജീന പറഞ്ഞു.
“ഞാൻ സെലക്ട് ചെയ്യാനോ.. ബെസ്ററ്.. എനിക്ക് ഈ ഡ്രസ്സ് എല്ലാം സെലക്ട് ചെയ്ത് എടുത്തു തരുന്നതൊക്കെ ഇച്ചായനാണ്.”
ശ്രീഹരിയെ നോക്കി കൊണ്ട് ജിത്തു ചോദിച്ചു.
“ഇവനോ?.. ഇവന് ഇങ്ങനൊക്കെ ഡ്രസ്സ് സെലക്ട് ചെയ്യാൻ അറിയാമോ?”
അതിനുള്ള മറുപടി വിദ്യ ആണ് പറഞ്ഞത്.
“എനിക്കൊന്നും എടുത്തു തരാറില്ലെന്നേ ഉള്ളു, ബാക്കി ഉള്ള പെണ്പിള്ളേര്ക്ക് ചേരുന്ന രീതിയിൽ എടുത്തു കൊടുക്കാൻ ഏട്ടൻ പണ്ടേ മിടുക്കനാണ്.”
ശ്രീഹരി അവളുടെ ചെവിയിൽ പിടിക്കാൻ ഭാവിച്ചപോൾ അതിൽ നിന്നും ഒഴിഞ്ഞു മാറി അച്ചുവിനോട് വിദ്യ പറഞ്ഞു.
“അച്ചുവേട്ടനോട് പറയാൻ ജീനക്ക് ഒരു ഓപ്ഷൻ ഉണ്ട്.”
“ഐസ് ക്രീമിന്റെ കാര്യമല്ലേ.. അത് അവൻ എന്നോട് പറഞ്ഞിരുന്നു.. ജീനക്ക് ഏതൊക്കെ ഫ്ലേവർ വേണമെന്ന് ഇങ്ങു പറഞ്ഞാൽ മതി, ഞാൻ അങ്ങ് എത്തിച്ചേക്കാം.”
ജീന ചെറിയൊരു ചമ്മലോടെ മുഖം താഴ്ത്തി നിന്നു.
ശ്രീഹരി പറഞ്ഞു.