അവരുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ ഭർത്താവിന് കൈ കൊണ്ടുത ശേഷം അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് നടക്കുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“അനിയത്തിയുടെ കല്യാണമായി നല്ല ഓട്ടത്തിൽ ആണല്ലേ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“എന്നേക്കാൾ നന്നായി അകത്തു മറ്റൊരാൾ ഓടുന്നുണ്ട്.”
ക്ലാര ആകാംഷയോടെ ചോദിച്ചു.
“അതാര്?”
“ജീന..”
“അവൾക്ക് പിന്നെ പണ്ടേ എവിടെയും അടങ്ങി ഒതുങ്ങി ഇരുന്നു വിശ്രമിക്കുന്ന ശീലം ഇല്ലല്ലോ.”
അപ്പോഴേക്കും അവർ സ്റ്റേജിനു അരികിൽ എത്തിയിരുന്നു. ക്ലാരയെ കണ്ടതും ജീന വിദ്യയുടെ അരികിൽ നിന്നും ഓടി അവരുടെ അരികിൽ എത്തി.
ജീനയുടെ കൈ പിടിച്ച്കൊണ്ട് ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“നിന്റെ കൊച്ച് ഇന്ന് ഒടുക്കത്തെ സുന്ദരി ആണല്ലോടാ.”
ജീന ഒരു നാണത്തോടെ ശ്രീഹരിയെ നോക്കി. അതിനു ശേഷം അവരെയും കൂട്ടി വിദ്യയുടെ അടുത്തേക്ക് നടന്നു.
അവർ ഫോട്ടോയൊക്കെ എടുത്തിട്ട് വരുന്നവരെയും ശ്രീഹരി അവരെയും കാത്തു താഴെ നിന്നു. ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞ് ക്ലാര ശ്രീഹരിയുടെ അടുത്തേക്ക് വന്നപ്പോൾ ജീനയും അവൾക്കൊപ്പം വന്നു.
ശ്രീഹരി ജീനയോട് പറഞ്ഞു.
“ഇവരെ കഴിക്കാനായി കൊണ്ടു പോ.”
ക്ലാര പെട്ടെന്ന് പറഞ്ഞു.
“കഴിക്കാൻ നിൽക്കുന്നില്ലടാ, ഞങ്ങൾ ഇറങ്ങുവാ.. ഇച്ചായന്റെ വീട്ടിലേക്ക് പോകുന്ന വഴിയാ ഞങ്ങൾ ഇവിടെ കയറിയത്.”
“അപ്പോൾ ചേച്ചി നാളെ കല്യാണത്തിന് വരില്ലേ?”
“ഇല്ല മോളെ.. ഇന്ന് രാത്രി തന്നെ അത്യാവിശ്യമായി ഞങ്ങൾക്ക് അങ്ങ് എത്തണം.”
അപ്പോഴേക്കും വിദ്യ എന്തോ ആവശ്യത്തിനായി ജീനയെ വിളിച്ചു. ക്ലാരയോട് യാത്ര പറഞ്ഞു ജീന പെട്ടെന്ന് വിദ്യയുടെ അടുത്തേക്ക് പോയി.
ക്ലാരയുടെ ഭർത്താവ് കുഞ്ഞിനേയും വാങ്ങി കാറിനടുത്തേക്ക് മുൻപേ നടന്നപ്പോൾ ക്ലാര സാവധാനം ശ്രീഹരിക്ക് ഒപ്പം അവിടേക്ക് നടന്നു.
എന്തുകൊണ്ടോ അവർക്കിടയിൽ ഒരു നിശബ്തത തളംകെട്ടി നിന്നു. അവസാനം അതിനെ ഭേദിച്ചുകൊണ്ട് ക്ലാര പറഞ്ഞു.
“ജീന ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലേ?”
അവൻ ഒന്ന് മൂളി.
“നിനക്ക് അവളെ അങ്ങ് കല്യാണം കഴിച്ചൂടെടാ.. നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരിക്കും.”
ശ്രീഹരി ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി.
“എനിക്ക് ശരിയെന്ന് തോന്നിയ ഒരു അഭിപ്രായം ഞാൻ പറഞ്ഞതാണ്.. നീ അതിനെക്കുറിച്ചൊന്ന് ആലോചിച്ചു നോക്ക്.”