അപ്പോഴേക്കും അവർ കാറിനരികിൽ എത്തിയിരുന്നു. ക്ലാര യാത്ര പറഞ്ഞ് കാറിൽ കയറി പോയി കഴിഞ്ഞ ശേഷവും അവൾ പറഞ്ഞ കാര്യം അവന്റെ ചെവിക്കുള്ളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
അറിയാതെ അവനും സ്വയം മനസിനുള്ളിൽ ഒന്ന് ചോദിച്ച് പോയി.
‘ജീനയെക്കാളും നല്ലൊരു ജീവിത സഖിയെ എനിക്ക് വേറെ കിട്ടുമോ?’
രാത്രി ഒൻപതു മണിയോടെ തിരക്കുകൾ എല്ലാം ഒഴിഞ്ഞു. വിദ്യ വസ്ത്രം മാറാൻ വീടിനുള്ളിലും പോയിരുന്നു. ബാക്കി ഉള്ളവർ എല്ലാം ക്ഷീണം കാരണം ഉറങ്ങാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു.
ഓടി തളർന്ന ജീന പന്തലിൽ ഒരു മുറ്റത്തു കിടന്നിരുന്ന ഒരു കസേരയിലേക്ക് പോയിരുന്നു. നടു ചെറുതായി വേദനിക്കുന്നുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ശേഷം സത്യം പറഞ്ഞാൽ അവൾ ഇപ്പോഴാണ് ഒന്ന് ഇരിക്കുന്നത്. മുഴുവൻ സമയവും ഓരോ കാര്യങ്ങളും ആയി ഓട്ടത്തിൽ തന്നെ ആയിരുന്നു അവൾ. സ്ത്രീകൾക്ക് ഇടയിൽ ഓരോ ആവിശ്യങ്ങൾക്കും അവിടെ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട പേര് ജീനയുടേതായിരുന്നു.
ആളൊഴിഞ്ഞ മുറ്റത്ത് അവൾ അവൾ ഒറ്റക്കിരിക്കുന്നത് കണ്ട് അംബികാമ്മ അവളുടെ അരികിലേക്ക് വന്നു ഒരു കസേരയിൽ ഇരുന്നു.
അവളുടെ നെറ്റിയിൽ പറ്റിപിടിച്ചിരുന്ന വിയർപ്പ് തുടച്ച് മാറ്റിക്കൊണ്ട് ‘അമ്മ ചോദിച്ചു.
“എന്റെ മോള് ഇന്ന് ഓടി തളർന്നു അല്ലെ?”
ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
“വന്നു കിടക്കാൻ നോക്ക്. നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ?”
“ഇച്ചായൻ വന്നിട്ട് ഞാൻ കിടന്നോളം.”
ഓഡിറ്റോറിയത്തിലെ കാര്യങ്ങൾ നോക്കുവാനായി പോയിരിക്കുകയായിരുന്നു ശ്രീഹരി. അവൻ തിരികെ വരാതെ ജീന കിടക്കില്ലെന്ന് ഉറപ്പുള്ളതിനാൽ അമ്മ പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല.
“എന്നാൽ ഞാൻ പോട്ടെ മോളെ.. ഇപ്പോൾ കിട്ടുന്നില്ലെങ്കിൽ രാവിലെ ഞാൻ എഴുന്നേൽക്കില്ല.”
ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“‘അമ്മ പോയി കിടന്നോ?”
പിന്നെയും കുറച്ച് നേരം കൂടി കസേരയിൽ ഇരുന്നു അവൾ ഉറക്കം തൂങ്ങി വന്നപ്പോഴാണ് ഒരു കാറിന്റെ വിളിച്ചാൽ അവളുടെ കണ്ണിൽ പതിച്ചത്. പാതി മയക്കത്തിൽ നിന്നും അവൾ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു.
കാറിൽ നിന്നും ഇറങ്ങി വരുന്ന ശ്രീഹരിയേയും രണ്ടു ചിറ്റപ്പൻ മാരെയും കണ്ട് അവൾ കസേരയിൽ നിന്നും എഴുന്നേറ്റു.
അവളെ കണ്ട് കൊണ്ട് മൂത്ത ചിറ്റപ്പൻ ചോദിച്ചു.
“ഇതുവരെ ഉറങ്ങിയില്ലേ നീ?”
“നിങ്ങൾ വരുന്നതും നോക്കി നിൽക്കുവായിരുന്നു.”
ഇളയ ചിറ്റപ്പൻ പറഞ്ഞു.
“പോയി കിടന്ന് ഉറങ്ങാൻ നോക്ക്. രാവിലെ എഴുന്നേൽക്കണ്ടതല്ലേ.”
അവൾ ഒന്ന് മൂളി. ഇരുവരും വീടിനുള്ളിലേക്ക് കയറി പോയി.
അവളുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“നീ വാ..”
എവിടേക്കാണെന്ന് അറിയാതെ അവൾ ശ്രീഹരിക്കൊപ്പം നടന്നു. അവൻ ജീനയെയും കൂട്ടി പോയത് പന്തലിനുള്ളിലേക്ക് ആയിരുന്നു. പന്തലിനുള്ളിൽ വിജനമായിരുന്നു. അവർ രണ്ടുപേരും മാത്രം.