“ബാക്കി സംസാരമൊക്കെ പിന്നെ.. നല്ല ക്ഷീണം ഉണ്ട്, ആദ്യം ഒന്ന് കുളിക്കണം.”
ജീനയും പറഞ്ഞു.
“ശരിയാ.. ഒന്ന് കുളിക്കണം, തല പൊട്ടുന്ന വേദന.”
ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ഒരു ബാഗ് എടുത്ത് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“നീ റൂമിലേക്ക് പൊയ്ക്കോ.. ബാക്കി ബാഗ് ഞാൻ അങ്ങ് കൊണ്ട് വരാം.”
ജീന ഒന്ന് കുളിച്ചാൽ മതിയെന്നുള്ള ചിന്തയിൽ ബാഗുമായി പെട്ടെന്ന് വീടിനകത്തേക്ക് നടന്നു.
വിദ്യയും വീടിനകത്തേക്ക് പോകാനായി തുനിഞ്ഞപ്പോൾ ശ്രീഹരി പറഞ്ഞു.
“ഹലോ.. മാഡം എങ്ങോട്ടു പോകുന്നു?”
വിദ്യ എന്താ എന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി.
ഒരു ബാഗ് എടുത്തു താഴെ വച്ചുകൊണ്ടു അവൻ പറഞ്ഞു.
“ഇതെടുത്ത് ജീനയുടെ റൂമിലേക്ക് കൊണ്ടുപോയി വയ്ക്ക്.”
ഞാനോ എന്ന ഭാവത്തിൽ വിദ്യ അവനെ നോക്കി.
“എന്താടി കണ്ണുരുട്ടി നോക്കുന്നത്.”
“എന്റെ ഭാവി കെട്ടിയോൻ പറഞ്ഞേക്കുന്നത് കഠിനമായുള്ള ജോലികളൊന്നും ചെയ്യരുതെന്നാണ്.”
“അത് അവൻ കെട്ടി കഴിഞ്ഞ ശേഷം മോള് അനുസരിച്ചോ. ഇവിടെ ഇത്തിരി കഠിനപ്പെട്ട ജോലിയൊക്കെ ചെയ്യേണ്ടി വരും.”
ബാഗ് കൈയിലേക്ക് എടുത്തുകൊണ്ട് വിദ്യ പറഞ്ഞു.
“ഒരു ഡോക്ടറെ കൊണ്ടാണ് ഈ ബാഗ് ചുമപ്പിക്കുന്നത് എന്ന് ഓർത്തോ..”
ശ്രീഹരിയും ഒരു ബാഗ് കൈയിൽ എടുത്തു ചിരിച്ച് കൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളി മുന്നോട്ട് നടത്തിച്ചു. അമ്മയും ചിരിച്ചുകൊണ്ട് അവർക്കൊപ്പം വീടിനുള്ളിലേക്ക് നടന്നു.
അവർ വീടിനുള്ളിൽ ചെല്ലുമ്പോൾ ഹാളിൽ ഏതു റൂമിലേക്ക് പോകണമെന്നറിയാതെ സംശയിച്ച് നിൽക്കുകയായിരുന്നു ജീന.
അത് കണ്ട് വിദ്യ പറഞ്ഞു.
“നിന്റെ പഴയ റൂം തന്നെയാ നിനക്ക് ഈ പ്രവിശ്യവും.”
ജീന ചിരിച്ച്കൊണ്ടു പാടി കയറി മുകളിലേക്ക് നടന്നു. പിന്നാലെ ശ്രീഹരിയും വിദ്യയും.
“നിങ്ങളൊക്കെ വന്ന സ്ഥിതിക്ക് ഞാൻ ഇനി ഒരാഴ്ചകൂടിയെ ഹോസ്പിറ്റലിൽ പോകുള്ളൂ കേട്ടോ.”
വിദ്യ അടുത്ത് തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു.
“അഹ്.. നീ വീട്ടിൽ ഉള്ളത് ജീനക്കും ഒരു കൂട്ടാകുമല്ലോ.”
അന്നത്തെ ദിവസം നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ കുളി കഴിഞ്ഞയുടൻ അവർ ആഹാരവും കഴിച്ച് ഉറങ്ങാൻ കിടന്നു.
മുൻപൊരിക്കൽ ആ വീട്ടിൽ നിന്നിരുന്നതിനാൽ രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ വേറൊരു വീട്ടിൽ വന്നു നിൽക്കുന്നതിന്റെ ഒരു സങ്കോചവും ജീനയ്ക്ക് ഇല്ലായിരുന്നു.
ഉറക്കം എഴുന്നേറ്റ അവൾ നേരെ പോയത് അടുക്കളയിലേക്കാണ്. അവൾ അവിടെ ചെല്ലുമ്പോൾ ‘അമ്മ അതി രാവിലെ തന്നെ അടുക്കള കയ്യടക്കിയിരുന്നു.
അവളെ കണ്ട് കൊണ്ട് അംബികാമ്മ പറഞ്ഞു.