” …. തല തെറിച്ച കെട്ട്യോന്റെ അപ്പന്റെയും മകന്റെയും കന്നന്തിറിവിന് ഞങ്ങളെന്താ ചെയ്യുക … “.
മേരി അന്തരീക്ഷത്തിൽ നോക്കിക്കൊണ്ട് നിശ്വാസം വിട്ടു. മാധവൻ അവരെ മുറിയുടെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
” …. എന്തായാലും ഞാനൊന്ന് പോയിട്ട് വരാം … “.
മാധവൻ വസ്ത്രം മാറാനായി ബാഗിൽ തപ്പാൻ തുടങ്ങി. മേരി അപ്പോഴേക്കും അടുക്കളയിൽ പോയി ഉച്ചയൂണ് തയ്യാറാക്കൽ വേഗത്തിലാക്കി.
മാധവന് വേഗത്തിൽ അനിതയുടെ അടുത്തെത്താൻ കൊതിച്ചു. പക്ഷെ അടുക്കളയിൽ നിന്നും കറി വറുത്തിടുന്ന മണം കേട്ടപ്പോൾ യാത്ര ഭക്ഷണത്തിന് ശേഷമാകാമെന്ന് കരുതി.
നല്ല സ്വാദുള്ള കറിയും കൂട്ടി നന്നായി ഭക്ഷണം കഴിച്ച് മാധവൻ നഗരത്തിലേക്ക് യാത്രയായി. വഴിയരികിൽ നിന്ന് നല്ല ചെറു നാരങ്ങ കണ്ടപ്പോൾ അത് വാങ്ങി. വോഡ്കയിൽ പിഴിഞ്ഞൊഴിച്ചടിക്കാൻ അവന് കൊതി തോന്നി. ബിവറേജിൽ നിർത്തിമുന്തിയ ഇനം വോഡ്കയും വാങ്ങിയാണ് പിന്നീട് അവന്റെ യാത്ര.
ഹൈറേഞ്ചുകൾ അതി വേഗത്തിലോടിച്ച് നഗരത്തിൽ എത്താറായപ്പോൾ അനിതയുടെ വിളി വന്നു. ഹൈവേയിൽ ഉള്ള ഒരു റെസ്റ്റോറന്റിൽ സോളമനെ കാത്ത് ഇരിക്കുന്നു. വേഗം എത്തിച്ചേരാനായിരുന്നു സന്ദേശം.
മാധവൻ വളരെ വേഗത്തിൽ വണ്ടിയോടിച്ചെങ്കിലും നഗരത്തിലെ ട്രാഫിക്ക് കാരണം പറഞ്ഞ സമയത്തിനും വൈകിയാണ് എത്തിയത്.
യാതൊരു മുഷിപ്പുമില്ലാതെ അനിത അവനെ സ്വീകരിച്ചു. സോളമൻ അവിടെ കാണാനില്ലായിരുന്നു.
” … എന്ത് പറയുന്നു മാധവാ രണ്ടാളും …. “.
കള്ളച്ചിരി വരുത്തിയാണ് അവൾ മേരിയെയും റിൻസിയെയും കുറിച്ച് ചോദിച്ചത്. മാധവന് ആ കള്ളച്ചിരി പിടിച്ചില്ല. ഗൗരവം നടിച്ച് അവൻ അവളെ നോക്കി.
” … അവർ സുഖമായിരിക്കുന്നു … സോളമൻ എവിടെ, വന്ന് പോയോ “.
” … നീ വന്നീട്ട് വിളിക്കാമെന്ന് കരുതി … “.
അനിത ഫോണെടുത്ത് ഡയൽ ചെയ്തു. സ്ഥലം പറഞ്ഞതിൽ പ്രകാരം സോളമൻ വേഗത്തിൽ എത്തി. ക്രിമിനൽ ലോയറായ അനിതയോടുള്ള വിനയത്തോടെ മാത്രമേ അവൻ സീറ്റിൽ ഇരുന്നത്. മാധവന് സംസാരിക്കാൻ സത്യം പറഞ്ഞാൽ ഒന്നുമുണ്ടായില്ല. അനിതയാണ് സംസാരിക്കാൻ മുൻകൈ എടുത്തത്.
“… അപ്പൊ സോളമാ, എങ്ങിനെയാണ് കാര്യങ്ങൾ … നമുക്കിത് അങ്ങ് തീർക്കല്ലേ … “.
അനിത ഗൗരവത്തിൽ അവനോടായി കടുപ്പിച്ച് പറഞ്ഞു. അവളുടെ സുന്ദരമായ മുഖം അപ്പോൾ കൂടുതൽ ചുവന്നു.