അവനിൽ നിന്നും അവളിലേക്ക് 2 [Sunoj]

Posted by

എനിക്കറിയാം…
ഞാനെന്താ.. ഇങ്ങനെ.. ഇവിടെയെന്നല്ലേ…
മറുപടിയായി ഞാനൊന്നു മൂളി.. അവളുടെ മുഖം മങ്ങിയോ.. തുറന്നു കിടക്കുന്ന ജനാലക്കരികിലേക്കു നടന്നു ജനലഴികളിൽ പിടിച് അകലെക്കു നോക്കിയവള് നിന്നു.
ബെഡിൽ നിന്നെണീറ്റ് അവൾക്കരികിലേക്ക് ഞാനും ചെന്ന് പരസ്പരം ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി നിന്നു. പതിയെ അവൾ സംസാരിക്കാൻ തുടങ്ങി ഞാനെന്നും തനിച്ചായിരുന്നില്ലേ.. എനിക്കൊരു കൂട്ടുകാരുണ്ടായിരുന്നോ എന്നോട് ആരെങ്കിലും ഒന്ന് സ്നേഹത്തോടെ മിണ്ടിയിരുന്നോ..
സ്കൂളിൽ ആയാലും വീടിനടുത്തായാലും എല്ലാർക്കും എന്നെ കളിയാക്കിയാൽ മതി. ചേട്ടനൊക്കെ കളിക്കുന്നത് കാണുമ്പോൾ എന്തൊരു കൊതിയോടെ ആണെന്നോ അവിടേക്കു വരിക. ചേട്ടന് അറിയില്ലേ എന്നെ കാണുമ്പോള് തുടങ്ങും അവർ കളിയാക്കാൻ കുറെ നേരം കേട്ടു സഹികെടുമ്പോൾ തിരിച്ചു പോകും. എനിക്ക് പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ എന്തെങ്കിലും അസുഖമായിട്ടോ അല്ല ചേട്ടാ ഞാൻ സ്കൂളിൽ പോക്ക് നിർത്തിയത് അവിടെയും കളിയാക്കൽ സഹിക്കാൻ വയ്യാഞ്ഞിട്ടാ.. അതിനു ഞാനോരോ കാരണങ്ങൾ പറയും പാവം അമ്മയത് വിശ്വസിക്കും. പിന്നെ പിന്നെ വീട്ടില് തന്നെയായി..
അവിടെ നിന്നും ഞങ്ങള് വിറ്റു പുതിയ സ്ഥലത്തേക്ക് പോയതിനു ശേഷം ഞാൻ എപ്പോഴും വീട്ടിൽ തന്നെയായിരുന്നു. പതിയെ പതിയെ ഞാനും ആ അവസ്ഥയോടു പൊരുത്തപ്പെട്ടു തുടങ്ങി. പിന്നെ ചേച്ചിക്ക് അസുഖവും കൂടി അതോടുകൂടി വീട്ടിലെ പണിയൊക്കെ ഞാനും അമ്മയും കൂടിയാ ചെയ്യാറ് മുറ്റമടിക്കാനും, അലക്കാനും, കറിവെക്കാനും എല്ലാം എനിക്കൊരു മടിയും ഉണ്ടായില്ല.
പണ്ടത്തെപോലെ തന്നെ അച്ഛൻ വർഷത്തിലൊരിക്കൽ വരും.. എന്നെ കാണുന്നത് തന്നെ അച്ഛന് ഇഷ്ടമല്ല ഒരിക്കൽ പോലും എന്നോട് ഒന്ന് സംസാരിച്ചിട്ടില്ല ഒരു മിട്ടായി പോലും എനിക്കായി വാങ്ങി തന്നിട്ടില്ല. വയ്യാതെ കിടക്കുകയാണെങ്കിലും അച്ഛൻ വരുമ്പോൾ ചേച്ചിക്ക് ഡ്രസ്സ്‌ ഒക്കെ കൊണ്ടുവരും.. അന്നും എനിക്കൊരു പുതിയ ഡ്രസ്സ്‌ ഉണ്ടാകില്ല അതുകൊണ്ട് തന്നെ പുതിയ ഡ്രസ്സ്‌ ഇടാനുള്ള മോഹം കൊണ്ട് ചേച്ചിടെ ഡ്രസ്സ്‌ ഞാനെടുത്തിട്ടിട്ടുണ്ട്…
അന്ന് അതൊരിക്കലും പെണ്ണിന്റെ ഡ്രെസ്സിടാനുള്ള മോഹം കൊണ്ടായിരുന്നില്ല.
ചേച്ചിയും മരിച്ചു ഏറെ താമസിയാതെ അമ്മയും പോയി. ആടും കോഴിയും കുറച്ചു പച്ചക്കറിയും ഒക്കെയായി ആ മിണ്ടാപ്രാണികളോടൊപ്പം ആരോടും പരിഭവങ്ങൾ ഇല്ലാതെ എന്നിലേക്ക്‌ ഒതുങ്ങി കഴിയുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *