മാസ്റ്റർ 2 [Story in collaboration with Master] [Mater]

Posted by

അങ്ങനെ ഞായ് മന്ത്രവാദിക്ക് വാളത്തല വാങ്ങാന്‍ പോയി.

ഇപ്പം നിങ്ങക്ക് കാര്യത്തിന്റെ കെടപ്പ് മനസിലായല്ലോ? അങ്ങനെ എവളും ഞാനുംകൂടി ഇപ്പറഞ്ഞ സലത്ത് എത്തി. മന്ത്രവാദി തന്ന കൊഴമ്പ് നെറ്റീ പൊരട്ടിയാ പിന്നെ എന്നേം അവളേം ആര്‍ക്കും കാണാന്‍ ഒക്കത്തില്ല. ഞങ്ങക്ക് എവടെ വേണേലും കേറിച്ചെന്ന് എന്തോ വേണേലും കാണാം, കേക്കാം അവര് മനസീ ആലോചിക്കുന്ന കാര്യം വരെ അറീവേം ചെയ്യാം. എന്റെ കൈയീന്ന് ആ മരുന്ന് കിട്ടാനക്കൊണ്ട് തന്നാ അവളെന്നെ കൂടെ കൂട്ടിയേന്ന് എനിക്കൊരു സംശയം ഒണ്ട് കേട്ടാ.

അപ്പം മേദിനിപ്പുരീ ചെന്ന് കൊഴമ്പും പൊരട്ടി അവള് ക്വാളജീ പോയപ്പോ ഞായ് നേരെ ചാരായം തപ്പി എറങ്ങി. പ്വാന്‍ നേരം അവളിങ്ങനെ പറഞ്ഞിട്ടാ പോയെ:

“ദേ ചേട്ടാ, ഞാന്‍ ചുറ്റിക്കറങ്ങി ശകലം എഴുതും. ബാക്കി ചേട്ടന്‍ എഴുതിക്കോണം. ഇവിടുന്ന് തിരികെ പോകുന്നേന് മുന്നേ ഞാന്‍ ചേട്ടനെ ഒരു നല്ല എഴുത്തുകാരനാക്കും; അതുകൊണ്ട് മൂക്കുമുട്ടെ കുടിച്ച് റോഡില്‍ കിടന്നേക്കരുത്, കേട്ടല്ലോ?” എങ്ങനേലും എവളൊന്നു പോയിക്കിട്ടിയാ മതീന്നോര്‍ത്തോണ്ട് ഞാന്തലയാട്ടി. അവള് പോയ ഒടന്‍തന്നെ ഞായ് സലം വിടുവേം ചെയ്തു.

അവിടുന്ന് കൊറേ ദൂരം ചെന്നപ്പോ ഞാനത് കണ്ടു. പിന്നെ വെക്കം ഒരു പാച്ചിലാരുന്നു. ഒള്ള കാര്യം പറയാവല്ല്, അവള് പറഞ്ഞപോലെ നല്ല സൊയമ്പന്‍ സാതനവാരുന്നു അവിടത്തെ ചാരായം. നമ്പട നാട്ടിലെപ്പോലെ ആക്രാന്തം പിടിച്ച കുടിക്കാരാരുവില്ല, ഞാനൊഴിച്ച്. എന്റെ കുടി കണ്ടിട്ടാവും, പത്തറുപത് വയസൊള്ള ഒരു കാര്‍ന്നോര് എന്റടുക്കേല്‍ വന്നിരുന്ന് കാര്യങ്ങളൊക്കെ തെരക്കി. ഞാന്‍ ഒള്ളത് ഒള്ളപോലെ അങ്ങേരോട് പറഞ്ഞുകൊടുത്തു. കൊഴമ്പു പൊരട്ടി കാണാതാവുന്ന സൂത്രം മാത്രം പഷേ പറഞ്ഞില്ല.

“അപ്പൊ ഒരു എഴുത്തുകാരിക്ക് കൂട്ടിന് വന്നേക്കുവാ മോന്‍, അല്ലെ?”

ഞാന്തലയാട്ടി.

“പുള്ളിക്കാരി മോനെ ഒരു എഴുത്തുകാരനാക്കാനും ആശിക്കുന്നു; നല്ലത്”

എന്തര് നല്ലത്? അവട തലയ്ക്ക് പ്രാന്ത്, അതന്നോ കാര്‍ന്നോരെ നല്ലത്?

“മോനെ, ഞാനൊരു മലയാളം വാധ്യാരാ. ഇപ്പം പെന്‍ഷനായി. വീട്ടില്‍ ഞാനും ഭാര്യേം മാത്രമേ ഉള്ളു. മക്കളെല്ലാം വിവാഹിതരായി ഓരോരോ സ്ഥലങ്ങളിലാ. എനിക്കുമുണ്ട് അല്ലറ ചില്ലറ എഴുത്ത്. പക്ഷെ മോനെക്കൊണ്ട് എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ആര്‍ക്കും സാധിക്കുന്ന ഒന്നല്ല എഴുത്ത്. അതിനൊരു വാസന വേണം”

ഞാനെന്റെ കൈ അങ്ങേരടെ മോന്തയ്ക്കോട്ടു നീട്ടി ഇങ്ങനെ ചോദിച്ചു:

“ഈ വാസന മതിയോന്ന്‌ നോക്കിക്കേ അണ്ണാ”

അയാള് കിണിയോടു കിണി.

“എടാ മണ്ടാ ഈ വാസനയല്ല, സാഹിത്യവാസന. നിന്റെയൊരു കാര്യം” അയാള്‍ കുണുകുണാ പിന്നേം കിണിച്ചു. പ്രായമൊള്ള ആളായോണ്ട് മാത്രം ഞാനൊന്നും പറഞ്ഞില്ല. വാസന വേണവെന്ന് പറഞ്ഞിട്ട് ഇപ്പം അയ്യാടെ കൊണവതിയാരം കേട്ടില്ലേ?

Leave a Reply

Your email address will not be published. Required fields are marked *