ഇടയ്ക്ക്, നാദിറ ഇത് വരെ വിളിച്ചില്ലല്ലോ എന്നു ചിന്തിച്ചുവെങ്കിലും, പുതിയ ബന്ധങ്ങളും, പാര്‍ട്ടികളും, ദാദറില്‍ ബാര്‍ നടത്തുന്ന ഉറ്റ സ്നേഹിതന്‍റെ വക പുതിയ ചരക്കുകളും ഒക്കെയായപ്പോള്‍ ജീവിതം വീണ്ടും പഴയപടി ഉത്സാഹത്തിമിര്‍പ്പിലായി. പിന്നീട് ഉറയുടെ കാര്യത്തില്‍ വളരെ ശ്രദ്ധ കാണിച്ചിരുന്നു. ബ്രാന്‍ഡ് ഒന്ന് മാറ്റിപ്പിടിച്ചു. എങ്കിലും സ്ത്രീ ശരീരങ്ങള്‍ കാണുമ്പോള്‍ പഴയത് പോലെ ഒരാകര്‍ഷണം തോന്നുന്നില്ല എന്ന് മനസ്സിലായി . ആരും നാദിറയുടെ മാദക മേനിയോടു കിടപിടിക്കാന്‍ പോന്നവരായിരുന്നില്ല. ചുംബനങ്ങള്‍ക്ക് പഴയ തീവ്രത കിട്ടുന്നില്ല. ആ തേന്‍ നിറമുള്ള ചുണ്ടുകളുടെ ഓര്‍മ്മകള്‍ വരുമ്പോള്‍ ഒരു നഷ്ടബോധം തോന്നിയിരുന്നു.
ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് ഗുഹ്യഭാഗത്ത് ഒരു ഫംഗസ് ബാധ ശ്രദ്ധയില്‍പ്പെട്ടത്. പണ്ടെങ്ങോ ഇത് പോലെ കാലില്‍ വന്നപ്പോള്‍ ഒരു ഡോക്ടര്‍ കുറിച്ച് തന്നെ ഓയിന്റ്റ്മേന്റ്റിന്റെ പെരോര്‍മ്മയിലുണ്ടായിരുന്നത് കൊണ്ട് അത് വാങ്ങി പുരട്ടി നോക്കി. കുഴപ്പമില്ല. മാറുന്നുണ്ട്. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോള്‍ ഫംഗസ് വീണ്ടും ആക്രമിച്ചു. ഇത്തവണ തേച്ചപ്പോള്‍ കുറവുണ്ടായെങ്കിലും ഒരു ദിവസം തേയ്ക്കാതായപ്പോള്‍ പതിന്മടങ്ങ് ശക്തിയില്‍ വീണ്ടും പടരുന്നു. ഓയിന്റ്റ്മേന്റ്റിന്റെ ശക്തി ക്ഷയിക്കുന്നുവോ, ഈശ്വരാ മറക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മയിലെത്തി. ഇതത് തന്നെയായിരിക്കും. ഈയ്യിടെയായി ഒന്നിനും ഒരു താല്പ്പര്യമില്ലാത്തത് പോലെ. കഴിഞ്ഞ ഒരു കൊല്ലത്തില്‍ എടുത്ത സിക്ക് ലീവിന്റെ എണ്ണം ആലോചിച്ചപ്പോള്‍ തല കറങ്ങുന്നത് പോലെ. ഈയിടെ എത്ര ഭക്ഷണം കഴിച്ചിട്ടും ശരീരം ക്ഷീണിച്ചു തന്നെ വരുന്നത് മനസ്സിലെത്തി. ചിക്കനും മുട്ടയും മിക്ക ദിവസവും ഉണ്ടാകാറുണ്ട്. പക്ഷെ ഒന്നുമങ്ങോട്ട് ഏല്‍ക്കുന്നില്ല. പലരും ഈ മെലിച്ചിലിന്റെ കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ കാര്യമാക്കിയിരുന്നില്ല. ചുമയും വിട്ടു മാറുന്നില്ല. അത് പിന്നെ പുകവലി കാരണമായിരിക്കാം എന്നോര്‍ത്ത് സമാധാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കമ്പനിയിലുണ്ടായ മീറ്റിങ്ങില്‍ ചുമച്ചു ചുമച്ച് ഒരു പരുവമായ എന്നെ എല്ലാവരും ചുളിഞ്ഞ മുഖത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ ഈര്‍ഷ്യയാണ് തോന്നിയത്. ശവങ്ങള്‍, ഇവര്‍ക്കൊന്നും ചുമ വരാറില്ലേ. പിന്നെ മാനേജര്‍ തന്നെ എന്നോട് രണ്ട് ദിവസം ലീവെടുക്കാന്‍ പറയുകയായിരുന്നു. ഫംഗസ് ബാധ കാരണം ഇപ്പോള്‍ പഴയത് പോലെയുള്ള കളികളൊന്നും നടക്കുന്നില്ല. ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശരീരത്തില്‍ എത്ര പേര്‍ തങ്ങളുടെ ആഗ്രഹം തീര്‍ത്തു കാണും? ഏതൊക്കെ തരക്കാര്‍! എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ തലച്ചോറില്‍ മരണമണി മുഴങ്ങുന്നു. നെഞ്ചിനുള്ളില്‍ തായമ്പക നടക്കുന്നത് വ്യക്തമായ് കേള്‍ക്കാം. ഇതൊക്കെയാണെങ്കിലും ഒരു ഡോക്ടറെ കാണാന്‍ ധൈര്യം വരുന്നില്ല. റിസള്‍ട്ട് പോസറ്റീവാണെങ്കില്‍ പിന്നെ മരണമേ മുന്പിലുള്ളൂ. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്‍പില്‍ അപഹാസ്യനായി ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്ന് തോന്നി. പക്ഷെ എങ്ങനെ? എനിക്ക് എയിഡ്സ് ആണെന്ന് പുറം ലോകമറിയാതെ തന്നെ മരിക്കണം. ആത്മഹത്യ? അതിനെന്തൊക്കെ മാര്‍ഗ്ഗങ്ങള്‍? തല പുകഞ്ഞു തുടങ്ങി. അമ്മയും അച്ഛനും അറിഞ്ഞാല്‍ അവരിതെങ്ങനെ സഹിയ്ക്കും? നാട്ടില്‍ സല്‍സ്വഭാവിയായ മകന്‍ ബോംബെയില്‍ വച്ച് എയിഡ്സ് ബാധിച്ച് മരിച്ചു. അതിനു ശേഷം അവരും ജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല. മാതൃ ഹന്താവ്, പിതൃ ഹന്താവ് തുടങ്ങിയ പേരുകളെല്ലാം ഞാന്‍ സ്വന്തമാക്കാന്‍ പോവുകയാണോ? മരിച്ചു പരലോകത്തെത്തിയാല്‍ പോലും സ്വസ്ഥത കിട്ടില്ല. ഒന്നും വേണ്ടായിരുന്നു. ഇളയ മകന് സാഹസികത അല്പം കൂടിപ്പോയി എന്ന് അച്ഛന്‍ പരാതി പറയാറുള്ളത് ഓര്‍മ്മ വന്നു. നാട്ടില്‍ കിട്ടിയ ജോലിയും ചെയ്തു വീട്ടുകാരുടെ കൂടെ കഴിഞ്ഞാല്‍ മതിയായിരുന്നു. ഇനിയതൊക്കെ ആലോചിച്ചിട്ടെന്തു കാര്യം. മനസ്സൊരു നെരിപ്പോടായി മാറുന്നു. ഇന്നിനി ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.