കനൽ പാത [ഭീം]

Posted by

കനൽ പാത

KANAL PAATHA | AUTHOR : BHEEM

 

ചെറിയൊരു കഥയുമായി ഞാനും വരുന്നു.ചെറുതും വലുതുമായ തെറ്റുകൾ ക്ഷമിക്കുമെന്ന്
കരുതുന്നു. കമ്പി എഴുതാൻ എനിക്ക് കഴിയില്ല. പറ്റുമെങ്കിൾ പിന്നെ
ശ്രമിക്കാം.നന്ദന്റെ നിർബന്ധമാണ് ഞാൻ എഴുതണമെന്ന്. അതു കൊണ്ട് തന്നെ ഈ കുഞ്ഞു കഥ
അദ്ദേഹത്തിന് സമർപ്പിക്കുന്നു. എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം പ്രതീക്ഷിച്ചു
കൊണ്ട് …..
ഭീം …

ഡിസംബറിലെ ഉറഞ്ഞു തുള്ളുന്ന തണുപ്പിലും വെളുപ്പാൻകാലത്ത്, ഉണർന്നു കിടന്നിട്ടും
എഴുന്നേൽക്കാതെ വിജയൻ പുതപ്പിനുള്ളിൽ തന്നെ ചുരുണ്ടുകൂടി.
സ്വയം എഴുനേൽക്കുന്ന ശീലം പണ്ടേ അവനില്ലതാനും. അമ്മയുടെ ശ്രീത്വം തുളുമ്പുന്ന
മുഖവും ശബ്ദവും കേൾക്കാതെ പുതപ്പിന് പുറത്തേക്ക് അവൻ തലയിടാറില്ല .
ചിലമ്പിച്ച കൊലുസിന്റെ മണിനാദം തന്നിലേക്ക് അടുക്കുന്നതായി അവന് തോന്നി.
മറ്റാരെയും അവൻ പ്രതീക്ഷിക്കുന്നില്ല. ആ അഞ്ച് സെന്റ് പുരയിടത്തിൽ, ആ കൊച്ചു
കൂരയ്ക്കുള്ളിൽ രണ്ട് ജീവനകളേയുള്ളു.
കാല്പാദത്തെ മറച്ച് കിടന്ന പുതപ്പ് അല്പം പൊക്കി വെച്ച് കാൽ വെള്ളയിൽ ലക്ഷി
അമ്മയൊന്ന് തോണ്ടി.
”മോനെ വിജി… എണീറ്റ് ചായ കുടിക്ക് ”
ആ തോണ്ടലിൽ അലയടിച്ച മാതൃസ്‌നേഹത്തിന്റെ പ്രകമ്പനം കാലുകളിലൂടെ ഹൃദയത്തെ തഴുകി
ബോധമണ്ഡലത്തിലെത്തുമ്പോൾ ഉപാധികളില്ലാത്ത സ്നേഹം പൂത്തുലയുന്ന ആ മുഖം കാണാൻ ,അവൻ
പുതപ്പ് മാറ്റി തല പുറത്തേക്കിട്ട് അമ്മയുടെ പുഞ്ചിരിക്ക് മറുപുഞ്ചിരി ൽകി.
”അമ്മേ…അല്പം കൂടി കഴിയട്ടെ നല്ല തണുപ്പ് ”
”അയ്യോട കണ്ണാ… നെനക്ക് പോണ്ടേ…?”
”ങും…” അവൻ മൂളുക മാത്രം ചെയ്തുതു. എന്നിട്ട് മനസ്സില്ലാ മനസ്സോടെ കല്പാദത്തിലേക്ക്
പുതപ്പ് ചവിട്ടി താഴ്ത്തി തലയിണ കട്ടിലിന്റെ (കാസിലേക്ക് ചേർത്ത് വെച്ച്ചുവരും
ചാരിയിരുന്നു.
”വല്ലാത്ത തണുപ്പമ്മേ… പകല് പൊള്ളുന്ന ചൂടും ”
”മലയ്ക്ക് പോണസമേത്ത് അങ്ങനാടാ… ദാ… ചായകുടിച്ച് കുളിച്ചേച്ചും വാ…”
ചായ നീട്ടികൊണ്ട് ലക്ഷി അമ്മ പറഞ്ഞു.
”മരം കോച്ചുന്ന തണുപ്പ് ശ്ശൊ … എങ്ങന കുളിക്കാനാ…” എന്നിട്ട്
ചായ വാങ്ങി അവൻ കുടിക്കാൻ താങ്ങി.
”ഒരു പാത്രം വെള്ളം മേലൊഴിച്ചാ പോകാവുന്ന തണുപ്പേളളു”
”ഈ സമയത്തുള്ള കുളി മാരകം തന്നെ ”
തണുപ്പിനെ പഴിച്ചു കൊണ്ട് അവൻ ചായ ഊതിക്കുടിച്ചു.
ലക്ഷി അമ്മ പോകാനായി തിരിഞ്ഞപ്പോൾ അവൻ കൈകളിൽ പിടിച്ച് അടുത്തേക്ക്
വലിച്ചു.പെട്ടെന്നുള്ള മകന്റെ പിടിയിൽ ലക്ഷി അമ്മ വേച്ച് കട്ടിലിലേക്ക് ഇരുന്നു
പോയി.
” കുറച്ചിവിടെ ഇരിക്കമ്മേ …”
” രാവിലെ പതിവില്ലാത്തൊരു സ്നേഹം. ചെറുക്കാ ദേ… എന്റെ കൈ നൊന്ദുട്ടോ”
”പതിവില്ലാത്ത സ്നേഹമോ… എന്റെ ലക്ഷികുട്ടി യോട്…? ”
”ചെറുക്കാ ചിണുങ്ങല്ലെ രാവിലെ …”
ലക്ഷി അമ്മ പരിഭവം പറഞ്ഞു.
”ഓ… അമ്മേ… ഈ ലോകത്ത് സ്നേഹിക്കാൻ എനിക്ക് അമ്മ മാത്രമല്ലേയുള്ളു.”
”അത് കല്യാണം കഴിക്കുമ്പോൾ മാറികൊള്ളും.”
”ഹ … ഹ… ഹ…” അത് കേട്ടപ്പോൾ അവൻ അറിയാതെ ചിരിച്ചു പോയി.
കല്യാണം… തന്റെ ജീവിതത്തിൽ തന്നെയും അമ്മയെയും സ്നേഹിക്കാൻ ഈ കൊച്ചു കൂരയ്ക്കുള്ളിൽ
മറ്റൊരു ജീവൻ… അതും തന്റെ ജീവിതയാത്രയിൽ കൈ പിടിച്ച് കൂടെ നടക്കാൻ ഒരു പ്രാണസഖി …
ആരായിരിക്കും ആ പുണ്യവതി ?
എത്ര വർഷമായി ഒരു പെണ്ണ് കെട്ടാൻ കൊതിക്കുന്നു. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും അതു
തന്നെയല്ലെ ?എത്ര ബ്രോക്കർമാരാണ് അമ്മയുടെ കയ്യിൽ നിന്നും കാശ് തട്ടിച്ച്
കടന്നുകളഞ്ഞത്. എല്ലാർക്കും ഉദ്യോഗമുള്ളവരെ മതി. ജോലിയും കൂലിയും ഇല്ലാതെ
,ജീവിക്കാൻ വേണ്ടി ഒരു കുഞ്ഞു ട്യൂഷൻ സെൻറർ നടത്തുന്ന തനിക്ക് ആരാണ് പെണ്ണ് തരിക?
ആരെയെങ്കിലും സ്നേഹിച്ച് വിളിച്ച് കൊണ്ട് വന്നാൽ വിളക്കുമായി അമ്മ വാതിൽപടിയിൽ
കാണുമെന്ന് ചിലപ്പോഴൊക്കെ കളിയാക്കിയിട്ടുണ്ട്.
നല്ല സൗന്ദര്യമുണ്ടായിട്ടും തന്നെ എന്താണ് ഒരു പെൺകുട്ടിയും സ്നേഹിക്കാതിരുന്നത് ?
സത്യം അതാണോ? തന്റെ മനസ്സിൽ അങ്ങനൊരു വികാരം ഉണ്ടാകാത്തതല്ലെ? കോളേജിൽ വെച്ച്
രശ്മിയും ലേഖയും സിന്ധുവും വനജയുമൊക്കെ ആ ചിന്തയോട് കൂടിയല്ലെ തന്നെ
സമീപിച്ചിരുന്നത്…
” ടാ ഇവിടേന്നും അല്ലേ… ഇരുന്ന് സ്വപ്നം കാണണാ …?”
അമ്മ ഉണർത്തിയപ്പോഴാണ് അവന്റെ,കാടുകയറിയ ചിന്തകൾക്ക് വിരാമം വീണത്.
ലക്ഷി അമ്മയെ ആകെയൊന്നു നോക്കിയിട്ട് ചോദിച്ചു
” ങ്ഹാ …അമ്മേ… എന്തേ … പതിവില്ലാതെ വെളുപ്പിന് കുളിച്ച് സെറ്റൊക്കെയുടുത്ത്
കുറിയൊക്കെ തൊട്ട് …?”
”നെനക്ക് വല്ലാ വിചാരോണ്ടോ …ന്നത്തെ ദെവസം അറിയോ ?”
” ഇന്ന് ഞായറാഴ്ച ,നല്ല ദിവസമല്ലേ…?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
”ടാ പൊട്ടാ… ന്ന് നെന്റെ പെറന്നാളാ… ഇരുപത്താറ് വയസ്സ് .”
”ഓ… അതാണോ … ഇതൊക്കെ ആരാമ്മേ… ഓർക്കുന്നത്.”
നിസാരമട്ടിൽ വിജയൻ പറഞ്ഞു.
”ഇതൊന്നും ഒരമ്മയ്ക്കും മറക്കാ പറ്റൂലട കണ്ണാ…”
ലക്ഷി അമ്മ ചിരിച്ച് കൊണ്ട് മകനെ കളിയാക്കി പറഞ്ഞു.
”ഇതൊക്കെ വർഷം തോറും വരുന്നതല്ലേ… എന്റെ ലക്ഷി കുട്ടി അമ്മേ…, ഇതിനാണോ കൊടും
തണുപ്പത്ത് എഴുനേൽറ്റ് കുളിച്ച് അമ്പലത്തിൽ പോയത് ?”
അവൻ തിരിച്ച് ലക്ഷി അമ്മയെ കളിയാക്കി.
ഈ നാൾ ലക്ഷി അമ്മ മുടങ്ങാതെ ചെയ്യുന്ന കാര്യമാണിത്.അടുത്തുള്ള മാടൻകാവിൽ പോയി
വന്നതിനു ശേഷമാണ് മകനെ ചായയുമായി ചെന്ന് ഉണർത്തുകയെന്ന് വിജയൻ ഓർത്തു.
” വേഗം പോയി കുളിച്ചിട്ട് വാട കണ്ണാ…” എന്ന് പറഞ്ഞു കൊണ്ട് അവന്റെ ഇടത്പള്ളയിൽ
നുള്ളിയിട്ട് കട്ടിലിൽ നിന്നെഴുനേൽറ്റു.
ആ നിമിഷം വിജയന്റ കയ്യിലിരുന്ന ചൂടു ചായ ഉലഞ്ഞ്, അവന്റെ നെഞ്ചിലും തുടയിലുമായി വീണു
.
പൊള്ളുന്ന വേദനയോടെ അമ്മേയെന്ന് അവൻ ഉറക്കെവിളിച്ചു പോയി.

പുതച്ചുറങ്ങുകയായിരുന്ന വിജയൻ കട്ടിലിൽ നിന്നും പിടഞ്ഞെഴുനേൽറ്റ് നെഞ്ചിൽ തടവി
നോക്കി. എന്നിട്ട് ചുറ്റും നോക്കി.
പുതച്ചിരുന്ന പുതപ്പ് ദൂരെ തെറിച്ച് കിടക്കുന്നു .തലേദിവസം അടച്ചിരുന്ന കതക് അതു
പോലെ അടഞ്ഞുകിടക്കുന്നുണ്ട് .
അവന്റെ മുഖത്തെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ഏതോ ഉൾപ്രേരണയോടെ ആ കണ്ണുകൾ
ചുവരിലേക്ക് നീണ്ടു.വാടി കരിഞ്ഞഹാരത്തിനിടയിലൂടെ തെളിഞ്ഞ് കാണുന്ന ജിവൻ തുടിക്കുന്ന
അമ്മയുടെ കണ്ണുകൾ.
ചുവരിന്റെ മറ്റൊരു ഭാഗത്ത് തൂക്കിയിട്ടിരുന്ന കലണ്ടറിൽ അവന്റെ കണ്ണുകൾ പതിഞ്ഞപ്പോൾ
ശരീരത്താകമാനം ഒരു ഞെട്ടലുണ്ടായി.
‘ ഇന്ന് ഇരുപതാം തിയതിയാണ് ,തന്റെ ജന്മനാൾ. ഇരുപത്തി ആറു വയസ്സ് തികഞ്ഞ നാൾ.ചില
സ്വപ്നങ്ങൾക്ക് യാതാർത്ഥ്യത്തെ ഉൾകൊള്ളുവാൻ കഴിയുമോ?’
അറിയാതെ അവന്റെ അന്ത: രംഗം മന്ത്രിച്ചു.
വീണ്ടും ലക്ഷി അമ്മയുടെ ഫോട്ടോയിലേക്ക് കണ്ണുകൾ പാഞ്ഞു.
ആ മായാത്ത പുഞ്ചിരിയിൽ ഒരായിരം നക്ഷത്ര തിളക്കം അവൻ കണ്ടു.
പത്ത് മാസങ്ങൾക്ക് മുമ്പ് ഒരാക്സിഡന്റിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ തന്റെ അമ്മയുടെ
ഓർമ്മകൾ കണ്ണുകളെ ഈറനണിയിച്ചു.
”യ്യേ… ലക്ഷിഅമ്മേട ചക്കര മോൻ കരേന്നോ? കുളിച്ചോണ്ട് വേഗം അമ്പലത്തിപോട കണ്ണാ…”
ലക്ഷി അമ്മയുടെ സ്നേഹ ശാസന അവന്റെ ബോധമണ്ഡലത്തിൽ പ്രതിധ്വനിച്ചു.
ലോകത്ത് ഒരമ്മയ്ക്കും വിസ്മരിക്കാൻ കഴിയാത്ത ദിവസം തന്നെയല്ലെ ഇത്? ഗർഭംധരിച്ച്
പത്ത് മാസംനിധിയെ കാവലിരിക്കുന്ന ഭൂതത്തെ പോലെ ,തന്റെ ഉദരത്തിൽ കരുതലോടെ …
താൻശ്വസിക്കുന്ന ജീവവായുവും അന്നവും ജലവും കൊടുത്ത്, ഹൃദയം പൊട്ടുന്ന വേദനയോടെ
പുതിയൊരു അവകാശിയെ ഭൂമിയിൽ സൃഷ്ടിക്കുന്ന ആ അനർഘ നിമിഷത്തെ ഏതൊരു അമ്മയാണ്
മറക്കാനാഗ്രഹിക്കുന്നത്?
വിജയൻ ജനൽ തുറന്ന് വിദൂരതയിലേയ്ക്ക് നോക്കി നിന്നു.
അങ്ങകലെ മാമലകൾക്കിടയിലൂടെ ആദിത്യകിരണങ്ങൾ, മഞ്ഞ് പുതച്ചുറങ്ങുന്ന ഭൂമിയെ
തഴുകിയുണർത്താൻ തുടങ്ങിയിരിക്കുന്നു. പക്ഷിലധാതികളുടെ ശബ്ദകാഹളം അന്തരീക്ഷത്തിൽ
ശബ്ദമുഖരിതമായി.
അവൻ വീണ്ടും ചുവരിലെ ഫോട്ടോയിലേക്ക് നോക്കി.
കണ്ണിമയ്ക്കാതെ അപ്പോഴും തന്നെ നോക്കുന്നഫോട്ടോക്ക്‌ ജീവനുണ്ടെന്ന് വിജയനുതോന്നി.
”അമ്മേട വിജി…കണ്ണാ … ന്നെങ്കിലും എനിക്ക് വേണ്ടി അമ്പലത്തി പോട…”
വീണ്ടും അമ്മയുടെ ശാസന പോലെ തോന്നി.
”പോകാം. ഇന്ന് പോകാമ്മേ…”
ഫോട്ടോയിൽ നോക്കി പറഞ്ഞിട്ട് കതക് തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ അവനോർത്തു…
താൻ ഇന്നുവരെ അമ്പലത്തിൽ കയറിയിട്ടില്ല. കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കാരനായ തന്റെ
അച്ഛൻ ആചാരാനുഷ്ഠനങ്ങളോടും വിഗ്രഹാരാധനയോടും വെറുപ്പായിരുന്നു. ഏറെക്കുറേതാനും
അങ്ങനെയൊക്കെ തന്നെയല്ലെ?എന്നാൽ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കൊന്നും എതിരല്ലതാനും.
പ്രഭാത പരിപാടിയൊക്കെ കഴിഞ്ഞ് അമ്മയും അച്ഛനും അന്ത്യവിശ്രമം കൊള്ളുന്ന തെക്ക്
ഭാഗത്ത് കുഴിമാടത്തിനരികെ പോയി പ്രാർത്ഥിച്ചിട്ട് അമ്പലത്തിലേക്ക് നടന്നു.
താൻ എത്ര വർഷമായി ഇതുവഴി നടക്കുന്നു … ഒന്നങ്ങോട്ട്‌ നോക്കാൻ പോലും തോന്നിയിട്ടില്ല
.പക്ഷേ… അമ്മയുടെ ആഗ്രഹം…
അമ്പലത്തിന്റെ പടി കയറുമ്പോൾ സ്വയം ചിന്തിച്ചു.
വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രമാണ് ഇവിടെ വന്നു പോകുന്നതെന്ന് വിജയൻ ശ്രദ്ധിച്ചു.
ഹാണിലൂടെ ഒഴുകുന്ന ശിവ ഭക്തിഗാനം അവന്റെ കാതുകളെ അലോസരപെടുത്തുമാറ് ഒരു നിമിഷം കൈകൾ
കൊണ്ട് കാതുകളെ മറച്ചു.
ഒന്നര ഏക്കറോളം ചുറ്റളവിൽ വൻമതിൽ പോലെ ഉയർത്തി കെട്ടിയ ചുറ്റുമതിൽ .അതിനുള്ളിൽ
ഇരുപത് സെന്റോളം വരുന്ന ചുറ്റളവിൽ നാലടി ഉയരമുള്ള മറ്റൊരു മതിൽ.അതിനുള്ളിലാണ്
ശിവപ്രതിഷ്ഠ നിലകൊള്ളുന്നത്.ശിവപ്രതിഷ്ഠയ്ക്ക് ഇടതുഭാഗത്തായി സർപ്പതല ആകൃതിയിൽ
കൊത്തിവെച്ച വനദേവത. വലതു ഭാഗത്തായി ഗണപതിയും പുറകിലായി യക്ഷിയും മറുതയും.
നാലടി പൊക്കമുള്ള ചുറ്റുമതിലിനു പുറത്ത് വള്ളിപടർപ്പുകൾ കോർത്ത് കിടക്കുന്ന കൊടു
വനം പോലെ തോന്നിക്കുന്ന കാട് .മരചില്ലകളിൽ തൂങ്ങി കിടക്കുന്ന വാവലുകൾ. നോക്കിയാൽ
പേടി ജനിപ്പിക്കുന്ന ചുറ്റുപാട്. പകൽ പോലും ലൈറ്റ് തെളിയിക്കാതെ സന്ദർശനം പാടാണ്.
അവൻ ഉള്ളിലെ ചുറ്റുമതിലിനപ്പുറം പോകാതെ പുറത്ത് നിന്നും തൊഴുതു. ഒരു
കൽപ്രതിഷ്ഠകളുമായിരുന്നില്ല മനസ്സിൽ. അമ്മയെന്ന ദൈവം മാത്രമായിരുന്നു തൊഴുതു
നിൽക്കുമ്പോഴും മനസ്സിൽ തെളിഞ്ഞത്.

അമ്പലത്തിൽ നിന്നിറങ്ങിയിട്ട് തന്റെ ,ട്യൂഷൻ സെന്റർ ലക്ഷ്യമാക്കി നടന്നു .വീട്ടിൽ
നിന്നും ഇരുപത് മിനിട്ട് നടന്നാൽ എത്താവുന്നത്ര ദൂരമേയുള്ളു. വരുന്ന വഴിക്കാണ്
അമ്പലവും.പത്ത് മിനിട്ട് അവിടെ ചിലവഴിച്ചു.
സമയനിഷ്ഠയിൽ കൃത്യത പാലിക്കുന്ന വിജയൻ വളരെ വേഗം നടന്നു.
ഒന്നു മുതൽ നാല് വരെയുള്ള മുപ്പതോളം വരുന്ന കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം
മുന്നോട്ട് നീക്കുന്നത്.ഡിഗ്രി പൂർത്തിയാക്കാത്ത അവന് ആരാണ് ജോലി കൊടുക്കുക. രണ്ട്
ക്ലാസ്സ് ഉണ്ടായിട്ടും കിട്ടുന്ന തുശ്ചമായ വരുമാനം ആയതു കൊണ്ട് മറ്റൊരു അദ്ധ്യാപകനെ
കൂടി നിയമിക്കാൻ വിജയൻ ഒരുക്കമായിരുന്നില്ല.
ഓലമേഞ്ഞ ഷെട്ടായിരുന്നു ഗുരുകുലം ട്യൂഷൻ സെൻറർ.ഒന്നു മുതൽ മൂന്നു വരെ ഒരു
ക്ലാസ്സിലും, നാലാം ക്ലാസ്സ് മറ്റൊരു മുറിയിലുമായിരുന്നു. ഓഫീസ് ഉപയോഗത്തിന്
ചെറിയൊരു മുറിയും.
വീതിയുള്ള മൺപാതയായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് നിർത്തിയ ഒന്നര ഇഞ്ച് മെറ്റൽ
ഈ റോഡിന്റെ ശാപമാണ്. ചെരുപ്പുപയോഗിക്കാതെ നാക്കാൻ സാധിക്കില്ല.
മോഹങ്ങളെ കടക്കെണിയിൽ കെട്ടിയിട്ട പോലെ സർക്കാരിന്റെ ഉദാസീനതയിൽ, റോഡിനിരുവശത്തും
പണിതീരാത്ത എത്രയോ ടെറസ്സ് വീടുകൾ. ചിലത് ഓട് മേഞ്ഞതും മറ്റു ചിലത് ഓല മേഞ്ഞതും.
അല്പദൂരെ നിന്നാലും കേൾക്കാവുന്ന കുട്ടികളുടെ ശബ്ദകോലാഹലം ഇന്ന് കേൾക്കാതായപ്പോൾ
വിജയൻ ഒന്നു സംശയിച്ചു.
”ഇന്നാരും വന്നില്ലേ…”
ട്യൂഷൻ സെന്ററിനോടടുക്കുംന്തോറും ആ സംശയം വീണ്ടും ബലപ്പെട്ടു.
വേഗം നടക്കുന്നതിനിടയിൽ പുറകീന്നൊരു വിളികേട്ടു…
” വിജയൻ മാഷേ…”
സമയമില്ലാത്ത നേരത്ത് ആരാണിത് എന്ന ഭാവത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു
മലപോലെ നാരായണൻ നായർ.
ആറടി പൊക്കവും കുടവയറും നരകയറി കഷണ്ടി ബാധിച്ച തലയും നരച്ചധാടിയും … അറുപതുകഴിഞ്ഞ
ഒരാജാനബാഹു.
” ങ്ഹാ… നായർ ചേട്ടനായിരുന്നോ…?”
മുഖത്തെ ജാള്യത മറച്ച് വിജയൻ മാഷ് ചോദിച്ചു.
” അതേല്ലോ …ആ… മാഷേ… കഴിഞ്ഞ മാസത്തെ തറവാടക എത്തീലല്ലോ… ”
വിജയനെ ,വിജയൻ മാഷെ… എന്നാണ് നാട്ടിലുള്ളവർ ബഹുമാനത്തോടെ വിളിക്കുന്നത്.
നരച്ച നീണ്ടധാടി തടവിനിന്ന നാരായണൻ, വിജയൻമാഷിന്റെ പരുങ്ങൾ ശ്രദ്ധിച്ചു.
”അത്… ചേട്ടാ….”
ഗുരുകുലം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വാടകയാണ് നാരായണൻ ചോദിച്ചത്.
” മാഷ് ബേജാറാവണ്ട ഞാൻ ചോദിച്ചെന്നെയുള്ളു. ഒള്ളപ്പോൾ തന്നാൽ മതി. എനിക്ക് മാഷിനെ…
വിശ്വാസാ … നമ്മുടെ നാട്ടിലെ കുട്ടികള് പഠിക്കട്ടെ. നാളത്തെ നാടിന്റെ സമ്പത്താ
അതുങ്ങള്.”
എന്ന് പറഞ്ഞ് വെളുത്തപല്ല്കാട്ടി ചിരിച്ചിട്ട് നാരായണൻ ചേട്ടൻ തിരിഞ്ഞു നടന്നു.
ആ നടത്ത നോക്കി നിന്നു പോയി വിജയൻ മാഷ്.
മനസാക്ഷിയ്ക്കൊരു മുഖമുണ്ടെങ്കിൾ അത് നാരായണൻ ചേട്ടൻ ആണെന്ന് മാഷ് ഓർത്തു.
എന്ത് നല്ല മനുഷ്യനാണ് അദ്ദേഹം. മൂന്ന് ആൺമക്കളും ലണ്ടനിൽ ബിസ്സിനസ്സ്.ഒരു മകൾ
ഉള്ളത് അമേരിക്കയിൽ (ഹാർട്ട് സ്പെഷ്യലിസ്റ്റ് ) ഡോക്ടർ.
നാരായണൻ പണം കണ്ട് മനസ്സ് നിറഞ്ഞവൻ. നാട്ടുകാരുടെ ബഹുമാന്യൻ.ആര് മുന്നിൽ വന്ന്കൈ
നീട്ടിയാലും അവരുടെ ദൈവമായി മാറും അദ്ദേഹം.
വിജയൻ മാഷും കടംവാങ്ങിയിട്ടുണ്ട്. തിരിച്ച് കൊടുത്താൽവാങ്ങത്തുമില്ല.
” ഇരിക്കട്ടെടോ മാഷേ… പിന്നെ വാങ്ങിക്കാം.” അതാണ് നാരായണൻ.
ചിന്തകൾക്ക് വിരാമമിട്ട് മാഷ് ഗുരുകുലത്തിന്റെ കാമ്പൗണ്ടിലേക്ക് കയറുമ്പോൾ പിള്ളേർ
വന്നിട്ടുണ്ടെന്ന് മനസ്സിലായി.
” പിന്നെന്താണൊരു നിശബ്ദത?”
സ്വയം ചോദിച്ചു കൊണ്ട് ആദ്യ ക്ലാസ്സിലേക്ക് എത്തി നോക്കി.
ആ കാഴ്ച വിജയൻ മാഷിനെ അംമ്പരിപ്പിച്ചു.
ഒരു പെൺകുട്ടി നിന്ന്ക്ലാസ്സെടുക്കുന്നു.
തന്റെ കുട്ടികൾക്ക് താനറിയാതെ ആരാണ് ക്ലാസ്സ്കൊടുക്കുന്നത്? നിശ്ചലമായി നിന്നു പോയ
വിജയൻ മാഷ് സ്വബോധത്തിലെത്തിയപ്പോൾ ചോദിച്ചു
” ഹെയ്… ആരാണ് നിങ്ങൾ?”
പെട്ടന്നവൾ തിരിഞ്ഞു നോക്കി.
തുടരും….

NB: ഞാൻ ഒരെഴുത്തുകാരനല്ല. നന്ദന്റെ നിർബന്ധം കൊണ്ട് പറ്റി പോയതാണ്.അതുകൊണ്ട് തന്നെ
പച്ചയായ ഒരുജീവിതത്തിന്റെ സാക്ഷാത്കാരം നിങ്ങൾക്കു മുന്നിൽ വരക്കാൻ ശ്രമിച്ചു.
പേപ്പറിലാണ് കുറിച്ചെതെങ്കിലും ടൈപ്പിങ്ങിലാണ് എഡിറ്റിംഗ് നടത്തിയത്. അപ്പോൾ
തെറ്റുകൾ വന്നിട്ടുണ്ടാകും. ക്ഷമിക്കുക കമന്റിലൂടെ പ്രതികരിക്കുക. തുടരണമെങ്കിലും
നിങ്ങൾ പറയൂ… വായനയിൽ ഒതുങ്ങി കൂടാനാണെനിക്കേറെയിഷ്ടം.
എന്നെ എഴുതാൻ വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിച്ച ഹർഷനും രുദ്രൻ ബ്രോക്കും നന്ദി
അറിയിക്കുന്നു. കൂടെ ഈ സൈറ്റിന്റെ അധിപൻ ഡോക്ടർക്കും.

സ്നേഹത്തോടെ………..

ഭീം♥️♥️♥️♥️♥️♥️

Leave a Reply