ഗായത്രി അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ അവൾക്കു വഴങ്ങാൻ കൂട്ടാക്കാതെ വീണ തന്റെ ജോലി തുടരുകയാണ്.
“എന്റെ ചേച്ചിയല്ലേ.ഒന്ന് കേൾക്ക് ചേച്ചി…..ഞാൻ തന്നെ അവനെ ഇങ്ങ്
വിളിച്ചിട്ട് വരാം.”
“ഇനി ഒരക്ഷരം മിണ്ടരുത് ഗായത്രി.
നിന്റെ അമ്മയും,ആ നാറിയും ചേർന്ന് ഇറങ്ങാൻ പറഞ്ഞപ്പോൾ നിന്റെ നാവ് പൊങ്ങിയില്ലല്ലോ.അവൻ എവിടെയൊ,അതാണെന്റെ വീട്.”
“ചേച്ചി……അറിയാല്ലോ കാര്യങ്ങൾ ഒക്കെ.അവനെ ഓർത്തിട്ടാ അമ്മ അങ്ങനെയൊക്കെ.ഞാൻ വിളിച്ചിട്ട് വരാം അവനെ.ഇന്നൊരു രാത്രി എന്റെ ചേച്ചി ഒന്നടങ്ങ്.”
“ഇല്ലടീ…പറ്റില്ല.നീയൊ ഇവിടുള്ളവരോ
വിളിച്ചാലും ഇനി അവനീ പടി ചവിട്ടാൻ ഞാൻ സമ്മതിക്കില്ല.നിന്റെ തറവാടിന് ഉള്ളത് പോലെ എന്റെ ശംഭുനും ഉണ്ട് അഭിമാനവും അന്തസുമൊക്കെ.എനിക്കറിയാം ഇനി എന്ത് വേണമെന്ന്.”
“ഇങ്ങനെ വാശി പിടിക്കല്ലെ ചേച്ചി….
ചേച്ചിയുടെ പ്രശ്നങ്ങൾക്കൊപ്പം അവൻ ആരാണെന്ന് അമ്മവീട്ടില് അറിഞ്ഞാൽ……”
“എന്താ,അവനെ അങ്ങ് തീർക്കുവൊ.
ഇല്ലടീ…..അവന്റെ ദേഹത്ത് ഒരു പോറൽ വീഴാൻ ഞാൻ സമ്മതിക്കില്ല.
ഇനി എന്താ വേണ്ടതെന്നും എനിക്കറിയാം.ഞാൻ ഒന്നുകൂടി
പറയാം നീ പേടിക്കുന്ന നിന്റെ അമ്മാവന്മാരെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്റെ ശംഭുവിന്റെ നിഴലിനെ സ്പർശിക്കാൻ.ഈ പറയുന്നത് ചന്ദ്രോത്തു വീട്ടിലെ വാമദേവന്റെ മകൾ വീണയാ.സംശയമുണ്ടോ നിനക്ക്.”
ഗായത്രിയുടെ വാക്കുകൾക്ക് ചെവി നൽകാതെ വീണ ബാഗും എടുത്തിറങ്ങി.അവൾ തന്റെ ഏട്ടനെ വിളിച്ചറിയിച്ചിരുന്നു,തനിക്കായി വണ്ടി അയക്കാൻ.കാര്യം തിരക്കിയെങ്കിലും വീട്ടിലെത്തിയിട്ട് പറയാം എന്നായിരുന്നു നിലപാട്.ഒപ്പം ശംഭു ആപത്തിൽ പെടരുത് എന്ന പ്രാർത്ഥനയും.അവൻ ദൂരത്തേക്ക് പോവില്ല എന്നവൾ വിശ്വസിച്ചു.അതു കൊണ്ട് തന്നെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ട്.അവന്റെ വിഷമം കൊണ്ട് ഓഫ് ചെയ്തതാവും എന്ന് അവൾ കരുതി.തന്റെ ഒരു നിമിഷത്തെ മൗനം അവനെ അത്രയും ഹർട്ട് ചെയ്യും എന്നവൾ നിനച്ചതുമല്ല.
മുറ്റത്തു വിനോദ് കാറുമായി വന്ന് നിൽക്കുമ്പോൾ മാധവൻ കഴിക്കുന്ന തിരക്കിൽ ആണ്.ആരാണെന്ന് നോക്കാൻ ഗോവിന്ദ് പുറത്തേക്ക് പോവുകയും ചെയ്തു.അതെ സമയം ആണ് വീണ താഴേക്ക് വരുന്നതും.
“നിനക്കെന്താ ഇവിടെ കാര്യം?”എന്ന് അതെ സമയം ചോദ്യമുയരുകയും ചെയ്തു.
പന്തികേട് തോന്നിയ മാധവൻ ഭക്ഷണം പൂർത്തിയാക്കാതെ എണീറ്റു.അപ്പോൾ ഗോവിന്ദിനെ തട്ടിമാറ്റി വിനോദ് അകത്തേക്ക് വന്നിരുന്നു.കൈ കഴുകി വന്ന മാധവനെ നേരിടാൻ കഴിയാതെ സാവിത്രി നിന്ന് പരുങ്ങി.എല്ലാരും ഉണ്ട്,പക്ഷെ അവൻ മാത്രം……