Angel [VAMPIRE]

Posted by

ANGEL [VAMPIRE]

[https://kambimaman.com/wp-content/uploads/2020/04/PicsArt_04-07-04.56.51.jpg]
[https://kambistories.com/wp-content/uploads/2020/04/PicsArt_04-07-04.56.51.jpg][https://i.imgur.com/PGZq8pA.jpg]സമയം
രാത്രി പന്ത്രണ്ടു മണി….!

അയൽപക്കത്തെ വീട്ടിൽ ലോറൻസ് അങ്കിൾ തൂക്കാൻ ഇറങ്ങുന്ന സമയം….

അച്ഛൻ ഒരുറക്കമുണർന്നു കണ്ട ന്യൂസ് വീണ്ടും കാണാൻ വരുന്ന സമയം….

എന്റെ അമ്മ ഡീപ്പിന്റെ ഡീപ് സ്ലീപ്പിലേക്ക് കടക്കുന്നസമയം…..

കണവൻ കൂർക്കംവലിയുടെ ഹനുമാൻ ഗിയറിട്ടു
തേരി കയറിക്കൊണ്ടിരിക്കുന്ന സമയം…

അനിയത്തിക്ക് വിശപ്പിൻറെ വിളി വരുന്ന സമയം…

എന്റെ ഉള്ളിലെ ജീവനു ഞാൻ തീർത്തു കൊടുത്ത നീന്തൽ കുളത്തിൽ കിടന്നു കുറുമ്പ്
കാട്ടാൻ ഇതിലും നല്ല സമയം വേറെയില്ല.
ആ അനക്കത്തിൽ ഞാൻ കണ്ണ് തുറന്നു…

കടലയും ഉരുളക്കിഴങ്ങുമൊക്കെ
കഴിച്ചാൽ ഉണ്ടാകുന്ന ഗ്യാസ് പോലത്തെ ഒരു ഫീൽ…..

തലേന്ന്, അക്കരെ ചന്ദ്രൻ മാമന്റെ മകൾ ദീപ ചേച്ചിയുടെ കുഞ്ഞിൻറെ പിറന്നാളിന് പോയി
ഫ്രൈഡ് റൈസും, ചിക്കനും, കപ്പയുമൊക്കെ
തട്ടിവിട്ടപ്പോഴേ ഞാൻ എന്നെ പറഞ്ഞു വിലക്കിയതാണ്….

ഇനിയിപ്പോൾ അതൊന്നും ഓർത്തിട്ടു കാര്യമില്ല എന്ന് വിചാരിച്ചു ‘ഹം ദിൽ ദേ ചുക്കേ
സനം’ എന്ന എന്റെ പ്രിയപ്പെട്ട സിനിമയിലെ നായകൻ
സൽമാൻ ഖാനെ പോലെ ആരുമറിയാതെ ആ പ്രത്യേക ഗന്ധം ശരീരത്തിൽ നിന്നും ഒരു പുക പോലെ
ഇറക്കി വിടാൻ ഞാൻ ചില ശ്രമമൊക്കെ നടത്തി….

ഒരു ഗന്ധവുമേൽക്കാതെ
അപ്പോഴും വായും തുറന്നു കൂർക്കത്തിന്റെ
ആരോഹണത്തിലാണ്ടു കിടന്നുറങ്ങുന്ന ഭർത്താവിനെ കണ്ടു സഹിക്കാഞ്ഞിട്ടും, എന്റെ ഉള്ളിലെ
ഡി. എൻ. എ. എന്റെ മാത്രം അധ്വാനത്തിന്റെ ഫലമല്ലാത്തതുകൊണ്ടും അദ്ദേഹത്തെ
വിളിച്ചുണർത്താൻ ഞാൻ തീരുമാനിച്ചു…

ആദ്യം സൗമ്യമായി വിളിച്ചു. കണവൻ ഉണരുന്നില്ല….
പിന്നെയല്പം ശബ്ദമുയർത്തി…..
ഒരു രക്ഷയുമില്ല…പിന്നീട് ഒരു ഭൂമി കുലുക്കത്തിന്റെ പ്രതീതിയിൽ ആഞ്ഞൊന്നു കുലുക്കി…
ഒരു ഞെട്ടലോടെ ഉണർന്ന അദ്ദേഹം എന്റെ പ്രസവം സ്വപ്നം കാണുവായിരുന്നത്രെ.

മനുഷ്യന് ഒരേ സമയം സ്വപ്നം കാണുവാനും കൂർക്കം വലിക്കാനും കഴിയുമെന്നുള്ള സത്യം
അന്ന് ഞാൻ തിരിച്ചറിഞ്ഞു….

വയറിലെ ഗ്യാസിനെ പറ്റി പറഞ്ഞപ്പോൾ ഇത്രയും നിസ്സാര കാര്യത്തിന് തന്നെ
വിളിച്ചുണർത്തേണ്ട കാര്യമുണ്ടോ എന്ന മട്ടിൽ വീണ്ടും കിടക്കാൻ തുടങ്ങി കണവൻ സാർ….

അപ്പോഴാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചെറിയ വേർഷനിലുള്ള എന്റെ നോട്ടം
അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്…അപ്പോൾ തന്നെ കണ്ട സ്വപ്നം വലിച്ചെറിഞ്ഞും,
സുഖനിദ്ര പെട്ടിക്കകത്തു വച്ച് പൂട്ടിയും, കണവൻ ഒരു നല്ല കൂട്ടുകാരനെ പോലെ
പുലരുവോളം കൂട്ടിരുന്നു…

അപ്പോഴേക്കും സൂര്യനുദിച്ചു. പുറത്തു കിളികൾ
ചിലയ്ക്കുന്നതു കേൾക്കാം. അകത്തു എന്റെ
കുഞ്ഞിക്കിളിയുടെ വക ഇടവേളയിട്ടു കരാട്ടെയും….

രാവിലെ പ്രാഥമിക ആവശ്യങ്ങൾക്കായി പോയ
ഞാൻ, മഞ്ചാടിക്കുരുവിനെ ഓർമിക്കും വിധം മൂന്നാലു രക്തത്തുള്ളികൾ കണ്ടപ്പോഴാണ് അത്
ഗ്യാസ് അല്ലായിരുന്നു എന്ന് മനസ്സിലാക്കിയത്…

പ്രസവ വേദനയെ ഗ്യാസ് എന്ന് കരുതിയ ലോകത്തിലെ ആദ്യത്തെ ദമ്പതിമാർ
ഞങ്ങളായിരിക്കും…

അധികമാരെയും വെപ്രാളപ്പെടുത്താതെ
ആസ്പത്രിയിലേക്ക് പോകാനായി നീരാട്ടൊക്കെ കഴിഞ്ഞു ഞാൻ ഇറങ്ങി…

അപ്പോഴും ഇടവിട്ടിടവിട്ട് വേദനയുണ്ടായിരുന്നു.
എല്ലായിപ്പോഴും റെഡി ആകുന്നതു പോലെ അലമാരയിൽ നിന്നും മൂന്നാലു ഇഷ്ട വസ്ത്രങ്ങൾ
വലിച്ചു പുറത്തേക്കിട്ടു…

ഒരു കല്യാണം കൂടാൻ പോകുന്ന ഭാവേന അതിൽ ഓരോന്നും കണ്ണാടിക്കു മുന്നിൽ നിന്ന്
തിരിച്ചും മറിച്ചും എന്റെ നിറവയറുള്ള ശരീരത്തിൽ വച്ച് അത് ചേരുന്നുണ്ടോ എന്ന്
അനിയത്തിയോട് ആരായുന്ന എന്നെ നോക്കി അന്തംവിട്ടു നിൽക്കുന്ന
ഭർത്താവിനെ കണ്ടു ഞാൻ ചെറുതായൊന്നു ചമ്മി…

ആ അന്തംവിടൽ ചീറ്റലിലേക്കു വഴിമാറുന്നതിനു മുന്നേ കൂട്ടത്തിലെ ചുവന്ന വസ്ത്രം എന്നെ
നോക്കി ചിരിച്ചു… ഞങ്ങൾ ആസ്പത്രിയിലേക്ക് തിരിച്ചു…

വണ്ടി ആസ്പത്രിയുടെ മുന്നിൽ എത്തിയപ്പോൾ കുറച്ചു പ്രസവിച്ചു എക്സ്പീരിയൻസ് ഉള്ള
ഗർഭിണിയുടെ ഭാവത്തിൽ ഞാൻ നടന്നു പടി കയറാൻ തുടങ്ങി…

എല്ലായിപ്പോഴും പോലെ അമ്മയുടെ താക്കീത്  ലിഫ്റ്റിൽ പോകാമെന്നു…
ഇതൊക്കെയെന്തു എന്ന മട്ടിൽ പടി കയറി മുകളിൽ എത്തിയപ്പോഴേക്കും വേദന അതിന്റെ
മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു…

അഹങ്കാരമല്ലാതെ എന്തോന്ന് പറയാൻ
എന്ന് പറഞ്ഞു അന്നും അമ്മയുടെ വായിൽ നിന്നും നിറച്ചു കേട്ടിട്ടാണ് ഞാൻ ലേബർ
റൂമിലേക്ക് വലതു കാൽ വച്ച്
കയറിയത്…

സിനിമകളിൽ മാത്രം ഞാൻ കണ്ടിട്ടുള്ള ലേബർറൂം……

അകത്തു ചെന്നപ്പോൾ മൂന്നാലു ഗർഭിണികൾ എനിക്ക് കൂട്ടിനുണ്ട്…..
ടീച്ചർ ക്ലാസ്സിൽ നിന്നും പുറത്താക്കുമ്പോൾ കൂടെ നിൽക്കാൻ കുറച്ചു സുഹൃത്തുക്കളെ
കിട്ടുന്ന ഒരു കുട്ടിയെ പോലെ ഞാൻ സന്തോഷിച്ചു…

എന്റെ ഉണ്ണികുടവയർ കണ്ടു ഒരു കുട്ടി
നഴ്സിന്റെ ചോദ്യം.???

എന്താ ചെക്കപ്പിന് വന്നതാണോയെന്ന്? ആകെ
നാണക്കേടായല്ലോ എന്ന മട്ടിൽ ഞാൻ പതിയെ പറഞ്ഞു……

അല്ല പ്രസവിക്കാൻ വന്നതാണെന്ന്. ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ കൂട്ടായി. എനിക്ക്
കട്ടിലും കുപ്പായവുമൊക്കെ തന്നു
അവർ എന്നെ അവിടുത്തെ മുതിർന്ന നേഴ്സ് ആയ ജാനമ്മ സിസ്റ്ററിന്റെ അടുത്തേക്ക് കൊണ്ട്
പോയി….

സത്യം പറഞ്ഞാൽ എനിക്കു അത്ഭുതമാണ് തോന്നിയത്. പണ്ട് ബയോളജി
ക്ലാസ്സിൽ ബാലചന്ദ്രൻ സാർ സെക്ഷുവൽ റീപ്രൊഡക്ഷനെ പറ്റി പഠിപ്പിക്കുമ്പോൾ ഞങ്ങൾക്ക്
പറഞ്ഞു തരാറുണ്ടായിരുന്ന
ഒരു സാങ്കൽപ്പിക കഥാപാത്രമുണ്ടായിരുന്നു തൈക്കാട് ആസ്പത്രിയിലെ കമലമ്മ സിസ്റ്റർ..
അന്ന് ഞാൻ അവർക്കു കണ്ട ഒരു രൂപമുണ്ടായിരുന്നു…. ഇന്ന് ഞാൻ ആദ്യമായി അവരെ ജീവനോടെ
കാണുന്നത് പോലെ തോന്നി.

സമയം രാവിലെ ഒൻപതു മണി. എനിക്ക് നല്ല വിശപ്പടിച്ചു തുടങ്ങി. ഞങ്ങടെ വീട്ടിലെ
പാചകറാണി എന്റെ അമ്മായിയമ്മയെ ഞാൻ ഓർത്തു.(ഗർഭിണികളെ
ഊട്ടുന്നതു അമ്മയുടെ ഒരു വീക്നെസ്സാണ്).

തല്ക്കാലം ഞാൻ അവിടെ അവൈലബിൾ ആയിട്ടുള്ള അമ്മ-ജാനമ്മ സിസ്റ്ററിനെ കാര്യം അറിയിച്ചു.
അവർ പുറത്തു പോയി
വിളിച്ചു-അശ്വിനി..അശ്വിനിയുടെ ആളുണ്ടോ?

എന്റെ അച്ചന്മാർ, അമ്മമാർ,
അനുജത്തിമാർ, അനുജന്മാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങി ഒരു ജില്ലക്കുള്ള ആളുകളെ
എന്റെ ഭർത്താവ് അപ്പോഴേക്കും വിളിച്ചു കൂട്ടിയിരുന്നു….

എല്ലാവരും ആ വാർത്തയ്ക്കായി കാതോർത്തിരുന്നപ്പോൾ അശ്വിനിക്കു
വിശക്കുന്നു എന്ന് ജാനമ്മ സിസ്റ്റർ പറയുന്നത് കേട്ട് പട അല്പം ബാക്കിലേക്ക്
പിൻവാങ്ങി…

ഭക്ഷണമൊക്കെ അകത്തുചെന്ന് അല്പം ഊർജ്ജമൊക്കെ കിട്ടിയപ്പോൾ ഞാൻ എഴുന്നേറ്റു നടക്കാൻ
തുടങ്ങി…

അവിടുത്തെ ഗർഭിണികളെയൊക്കെ പരിചയപെട്ടു… ഒരു ചേച്ചി
തീരെ അവശയായി കിടക്കുന്നതു പോലെ എനിക്ക് തോന്നി…
അവരുടെ ഭീമാകാരമായ വയറിനു മുന്നിൽ
എന്റെ കുഞ്ഞു വയറുമായി നിൽക്കാൻ എനിക്ക് ലജ്ജ തോന്നി…

ഇന്നവിടെ കിടക്കുന്നയാരും പ്രസവിക്കാൻ വന്നതല്ല എന്ന സത്യം അപ്പോഴാണ് എനിക്ക്
മനസ്സിലായത്….

പരീക്ഷയ്ക്ക് തനിക്കു മാത്രം സപ്പ്ളി അടിച്ചെന്നറിഞ്ഞ നൈരാശ്യത്തോടെ കോളേജ്
വരാന്തയിലൂടെ നടന്നു പോകുന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ പോലെ ഞാൻ ആ ലേബർ
റൂമിലൂടെ
നടന്നുകൊണ്ടേയിരുന്നു…(നടത്തം സുഖപ്രസവത്തിനു
നല്ലതാണെന്നു പണ്ടാരാണ്ടാ എനിക്ക് പറഞ്ഞു
തന്നിട്ടുണ്ടായിരുന്നു.)

നടന്നു അല്പം ഓവർ ആകുമ്പോൾ ഞാൻ കിടക്കും….
കിടന്നാൽ പിന്നെ കാട് കയറിയുള്ള ചിന്തകളാണ്….

ലേബർ റൂമിൽ ഒരു മിനി തീയറ്റർ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മണിക്കൂറുകളോളം മൊബൈൽ ഫോൺ ഇല്ലാതെ, ടി. വി. ഇല്ലാതെ, പുസ്തകം ഇല്ലാതെ, നേരെ ചൊവ്വേ
ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതെ
വേദന മാത്രം ഓർത്തു കഴിയേണ്ടുന്ന ഗർഭിണികൾക്ക്
‘കിലുക്കം’ സിനിമവല്ലോമിട്ടു കൊടുത്താൽ തന്നെ അവരുടെ പകുതി വേദനയും പമ്പ കടക്കും…

ഇത്യാദി ചിന്തകളുമായി
ഇരുന്നപ്പോഴാണ് കിലുക്കത്തിൽ രേവതി പറഞ്ഞ
പൊരിച്ച കോയീന്റെ മണം എവിടെ നിന്നോ വന്നത്. (എന്റെ തോന്നലാവാം)…

വീണ്ടും വിശപ്പ്……….
പോയികിടന്നു പ്രസവിക്കെന്റെ പെണ്ണെ എന്ന് സാക്ഷാൽ ജഗതി ശ്രീകുമാറിന്റെ സ്റ്റൈലിൽ
ഭർത്താവ് പുറത്തു നിന്നും പറയും പോലെ ഒരു തോന്നൽ….

അന്നേരം എന്റെ ചിന്തകളെ തട്ടിയുണർത്തി ജാനമ്മ സിസ്റ്ററിന്റെ രംഗ പ്രവേശനം. എപ്പോഴും
ഇതിനുള്ളിൽ കിടക്കണമെന്നില്ലെന്നും ഇടയ്ക്കൊക്കെ ബന്ധുക്കളുടെ
അടുത്തൊക്കെ പോയിട്ട് വരാമെന്നും അവർ എന്നോട്പറഞ്ഞു….

ശരിക്കും അവർ ഒരു മാലാഖ തന്നെയായിരുന്നു……
ഒരു അമ്മയുടെ സ്നേഹം പോലെ, അമ്മുമ്മ കഥ പറഞ്ഞു തരുന്നത് പോലെ അവരുടെ
സാമിപ്യത്തിനും വാക്കുകൾക്കും ഒരു കുളിർമയുണ്ടായിരുന്നു….

ഞാൻ ക്ലോക്കിലേക്കു നോക്കി. ഓഫീസ് വിട്ടു ആളുകൾപോകുന്ന സമയം….
അതായത് ഗ്യാസ് പോലെ തോന്നിക്കുന്ന
ആ ഗുളു ഗുളു വേദന തുടങ്ങിയിട്ട് പതിനേഴു മണിക്കൂർ….

ഇനിയും ആശാൻ/ആശാത്തി പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല….

ഇതിനിടെ അവർ ഇനിമയൊക്കെ തന്നു എന്റെ വയറു ക്ലീൻ ആക്കിയെടുത്തു.

കാര്യങ്ങൾ ക്ലൈമാക്സോട്
അടുക്കുകയാണെന്നു എനിക്ക് മനസ്സിലായി…

നല്ല വേദന വരുമ്പോൾ തന്നെ വിളിക്കണമെന്ന് പറഞ്ഞു എനിക്ക് കാണാവുന്ന ദൂരത്തേക്ക്
മാറിയിരുന്നു കുട്ടി നേഴ്സ്….

ആദ്യമായി ഫ്ലൈറ്റിൽ യാത്ര ചെയ്യാനൊരുങ്ങുന്ന
ഒരാളെപ്പോലെ ചെറിയൊരു പേടിയൊക്കെ വന്നു തുടങ്ങി….

എയർ ഹോസ്റ്റസ്സ്മാരെ കാണുന്നത് ഒരു പൂർണ്ണ ചന്ദ്രനെ കാണുന്ന സുഖം
തരുന്നുണ്ടെങ്കിലും ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യണമെങ്കിൽ പൈലറ്റ് തന്നെ വേണമല്ലോ…

അപ്പോഴാണ് ഞാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഡോക്ടറുടെ
മാസ്സ് എൻട്രി….

ഒരു ചുവന്ന സാരിയും വട്ടപ്പൊട്ടുമിട്ടു അവർ
‘അരുന്ധതി’യിലെ അനുഷ്കയെ പോലെ നടന്നു നീങ്ങി……
ബാക്ക്ഗ്രൗണ്ട് സ്കോറിൽ ‘ജഗ്ഗാമ്മാ
മായമ്മാ’ എന്ന പാട്ട് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു….

ഡോക്ടർ എല്ലാവരെയും പരിശോധിച്ചു. ബാക്കി എല്ലാ ഗർഭിണികളെയും റൂറൂമിലേക്കു മാറ്റി…

എന്നെ പരിശോധിക്കുന്നതിനിടെ നഴ്സിനോട് താൻ കണ്ടുകൊണ്ടിരുന്ന ‘മുംബൈ പോലീസ് ‘ എന്ന
സിനിമയുടെ കഥയിലെ ഒരു സംശയം ചോദിക്കുന്ന ഡോക്ടറോട് തെറ്റായി കഥ പറഞ്ഞു കൊടുക്കുന്നു
കുട്ടി നേഴ്സ്….

ഒരു സിനിമ പ്രേമിയായ എനിക്ക് അത് സഹിക്കാൻ ആയില്ല….
വേദനക്കിടയിലും കഥ തിരുത്തി കൊടുത്ത എന്നെ നോക്കി പൊട്ടിചിരിച്ചുകൊണ്ട് ഡോക്ടർ
പറഞ്ഞു…

ലേബർ പെയിനിലാണെങ്കിലും നല്ല ശ്രദ്ധയാണല്ലോയെന്ന്. അത്
പ്രശംസയായിരുന്നോ കളിയാക്കൽ ആയിരുന്നോ എന്ന് തിരിച്ചറിയാനുള്ള ആംപിയർ അപ്പോൾ
എനിക്കില്ലായിരുന്നു….

ആറുമണിയായപ്പോഴേക്കും ലേബർ റൂമിന്റെ ഉള്ളിലെ ആ കൊച്ചു മുറിയിലേക്ക് അവർ എന്നെ
കൊണ്ട് പോയി…

ഒരു ഓപ്പറേഷൻ തിയറ്റർ പോലെ തോന്നിക്കുന്ന
മുറി…..ഒരു ബെഡിന്റെ അറ്റത്തു യൂറോപ്യൻ ക്ലോസെറ് ഘടിപ്പിച്ചിരിക്കുന്നത് പോലെ
തോന്നിക്കുന്ന പ്രത്യേകതരം കട്ടിൽ….
അവിടെ കിടന്നെഴുനേൽക്കുമ്പോൾ ഒരു അമ്മയാകും എന്ന് ഞാൻ തിരിച്ചറിഞ്ഞു…!

ഇതിനിടെ എന്റെ ശരീരത്തിൽ നിന്നും പുറത്തേക്കു വരാൻ
ഒരാൾ ആഞ്ഞു ശ്രമിക്കുന്നുണ്ട്….

സമയം ആറരയോടടുത്തു…..
അടുത്ത ഡ്യൂട്ടിക്ക് കയറാൻ വരുന്ന നഴ്സുമാർ, കുട്ടി നേഴ്സ്, ജാനമ്മ സിസ്റ്റർ,
ചാന്ദിനി ഡോക്ടർ അങ്ങനെ ഒരു വോളിബോൾ ടീമിനുള്ള ആളുണ്ട് എന്റെ കാലുകൾക്ക് ചുറ്റും….

ഇതിനിടെ ഒരു ഡാമിലെ വെള്ളം തുറന്നിട്ട
പോലെ ഫ്ലൂയിഡിന്റെ പ്രവാഹം….
ജീവിതത്തിലെ എന്റെ എക്കാലത്തെയും
സംശയമായ പുഷും പുള്ളും കൃത്യമായി തിരിച്ചറിഞ്ഞ സമയം….

ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച നേഴ്സ്
എന്നോട് പുഷ്ശാനും,
ജാനമ്മ സിസ്റ്റർ മുക്കാനും പറഞ്ഞുകൊണ്ടേയിരുന്നു…

കുഞ്ഞ് ഏതു നിമിഷവും പുറത്തു വരുമെന്നുള്ള അവസ്ഥ….

അപ്പോഴും വളരെ കൂൾ ആയി കൈയും കെട്ടി നോക്കി നിൽക്കുന്ന ഡോക്ടറെ കണ്ടു ആദ്യം
അത്ഭുതവും പിന്നെയൊരു
ധൈര്യവുമാണ് തോന്നിയത്. ചുറ്റുമുള്ള എല്ലാവരും എനിക്ക് നല്ല പ്രോത്സാഹനം….

ഇതിനിടെ ആസ്പത്രിയുടെ അടുത്തുള്ള അമ്പലത്തിൽ മണിമുഴക്കം. ദീപാരാധനയുടെ സമയം…

മാധവികുട്ടി തന്റെ ആത്മകഥയായ “എന്റെ കഥയിൽ” മകൻ ജയസൂര്യയെ പ്രസവിക്കുന്നതിനെ പറ്റി
പറഞ്ഞ വരികളാണ്
ഓർമവന്നത് “എനിക്ക്…

നിലവിളിക്കാൻ സമയം കിട്ടിയതേയില്ല. സൂര്യനെ സ്മരിച്ചു കിടക്കുമ്പോൾ എന്റെ ഇടത്തെ
തുടയിൽ കൂടി ഉരസികൊണ്ടു എന്റെ മൂന്നാമത്തെ മകൻ ജനിച്ചു….

പക്ഷെ എനിക്ക് നിലവിളിക്കാൻ ആവശ്യത്തിലേറെ സമയം കിട്ടി…
അവർ പറഞ്ഞ പോലെ തുടയിലുരസി വരുന്ന കുഞ്ഞിനെ പ്രതീക്ഷിച്ചു…
സർവ്വശക്തിയുമുപയോഗിച്ചു ഒരമറലോടെ ഞാനൊന്നു ആഞ്ഞപ്പോൾ “പ്ലക്കേം” എന്ന ശബ്ദത്തോടെ
ചെളിയിൽ
പൊതിഞ്ഞ എന്തോ തെറിച്ചു വീഴുംപോലെയാണ് എനിക്ക് തോന്നിയത്….

സ്ലിപ്പിൽ നിൽക്കുന്ന രാഹുൽ ദ്രാവിഡിനെ പോലെ
എന്റെ കുഞ്ഞിനെ സുരക്ഷിതമായി ക്യാച്ച് ചെയ്ത് നമ്മുടെ ഡോക്ടർ കൂൾ എന്നെ നോക്കി
പുഞ്ചിരിച്ചു….

ആ മന്ദഹാസം എന്നോട് മന്ത്രിച്ചു. അത് ‘ടാ’ അല്ല, ‘ടി’ ആണ്…
സ്വിച്ചിട്ടപോലെ എന്റെ വേദന നിന്നു….. നിറകണ്ണുകളോടെ ഞാൻ അവളെ
ആദ്യമായി കണ്ടു….

ഞങ്ങൾ കൊതിയോടെ കാത്തിരുന്ന ഞങ്ങടെ ജീവന്റെ അംശം….
ആകൊച്ചു പെൺരൂപം……..

“”ഞങ്ങടെ മാലാഖ””……….

                           “ശുഭം”

:^(……………………………………………………..)^:

Leave a Reply