എന്ത് സംഭവിച്ചാലും നേരിടാൻ ഞാൻ തയ്യാറാണ്… നന്മയായാലും…. തിന്മയായാലും… എല്ലാം മനസ്സിൽ ഉറപ്പിച്ച് തീരുമാനിച്ച് തന്നെയായിരുന്നു എന്റെ മറുപടി…
എല്ലാവരുടെ മുഖത്തും ചിരിയും സന്തോഷവും… വല്യുമ്മ രണ്ട് മാമന്മാരോടും കൂടിയായി പറഞ്ഞു
“ന്റെ പേരമക്കളുടെ കൂട്ടത്തിൽ വെച്ച് മംഗല്യം ഏറ്റവും ഉഷാറ് മുത്തു മോന്റേത് തന്നെ ആകണം… വിളിക്കേണ്ടവരെ എല്ലാവരെയും വിളിക്കണം… ഗൾഫിൽ ഉള്ള കുട്ടികള എല്ലാരെയും വരുത്തിക്കണം.. ഒരു ദിവസത്തിനെങ്കിൽ അങ്ങനെ… എത്തിയിരിക്കണം എല്ലാവരും… ഒന്നിനും ഒരു കുറവും ഉണ്ടാകാൻ പാടില്ല…”
രാജമാതാ ശിവകാമി ദേവി സ്റ്റൈലിൽ പറഞ്ഞ് നിർത്തി…. ആർക്കും എതിരഭിപ്രായം ഇല്ല… എങ്ങനെ ഉണ്ടാവാനാ…
നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ടേബിളിൽ ചായയും പലഹാരങ്ങളും നിരന്നു.. ചെക്കന്റെ വീട്ടുകാരുടെ ഊഴമാണ്… എല്ലാവരും ചുറ്റിലും ഇരുന്നു… എന്നെയും പിടിച്ച് ഇരുത്തി… എന്റമ്മോ എന്തൊരു സൽക്കാരം..
ഇതിന്റെ ഇടയിലാണ് ചെറിയ മാമൻ അഹമ്മദ് കോയയുടെ മരുമകൾ സബിതത്ത ഞാൻ കാറ്റു പോയ ബലൂണ് പോലെ ഇരുന്ന് ചായ കുടിക്കുമ്പോൾ എന്റെ ചെവിയിൽ വന്ന് പറയുന്നത്…
“അല്ല മോനേ നല്ല വേഷത്തിൽ ആണല്ലോ കല്യാണം ആലോചിക്കാൻ വന്നിരിക്കുന്നേ”
എന്നിട്ട് ഒരു ആക്കിയ ചിരിയും. ഒന്ന് തുറിച്ച് നോക്കിയതെല്ലാതെ എന്ത് പറയാൻ…
ഞാൻ വല്യുമ്മയോട് സമ്മതം അറിയിച്ചപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി ഒരാൾ മുകളിലെ നമ്മുടെ കഥാനായികയുടെ അടുത്തേക്ക് വെച്ച് പിടിച്ചിരുന്നു… സ്വാലിഹ അല്ലാതെ വേറെ ആര്.. കുറച്ച് കഴിഞ്ഞപ്പോൾ പോയ പോലെ അതേ വേഗത്തിൽ തിരിച്ച് വരികയും ചെയ്തു.
ചായ കുടി എല്ലാം വേഗത്തിൽ തീർത്ത് എല്ലാരും ഇറങ്ങാൻ നിന്നു. നാളത്തേക്ക് ചില്ലറ പണി ഒന്നുമല്ലല്ലോ… ഉമ്മയടക്കം എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി.. ഇറങ്ങാൻ നേരത്ത് സൂറത്ത ഉമ്മാനെ കെട്ടിപിടുത്തവും, സ്നേഹപ്രകടനങ്ങൾ ഒക്കെ കഴിഞ്ഞതിന് ശേഷമാണ് പിരിഞ്ഞത്. ആദ്യത്തെ കിക്കറടിയിൽ തന്നെ ബുള്ളു മോൻ സ്റ്റാർട്ടായി, ദേഷ്യവും അമർഷവും ചേർന്ന ശക്തി കാലിൽ ആവാഹിച്ചത് കൊണ്ടാണോ എന്തോ?? ഞാൻ ബുള്ളറ്റ് എടുത്ത് വേഗം തടി തപ്പി… തറവാട് തൊട്ടപ്പുറത്ത് തന്നെ ആയത് കൊണ്ട് ബാക്കി എല്ലാരും നടന്നാണ് പോയത്..
വീട്ടിൽ എത്തിയ ഉടനേ ഉത്തരവാദിത്വങ്ങൾ ഓരോരുത്തർക്കായി വീതിച്ച് നൽകി… മൂത്ത മാമനായ മൊയ്തീൻ കോയക്ക് ബന്ധുക്കളെയെല്ലാം ക്ഷണിക്കുക, തറവാട് അലങ്കരിക്കുക എന്നീ ജോലികൾ.. മൂത്ത മാമനാണല്ലോ വാപ്പാന്റെ സ്ഥാനം.. ചെറിയ മാമന് പുറത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുക.. ഓടി നടത്തം എന്നിവയെല്ലാം..