കഴിച്ചാൽ മതി. പട്ടിണി കെടക്കണ്ട..
ഞാൻ അവളെ നോക്കാതെ പറഞ്ഞു..
അത് കേട്ടപ്പോൾ അവൾ കസേരയിലിരുന്ന് കഴിക്കാൻ തുടങ്ങി. ഞാൻ അവൾക്ക് വിളമ്പി കൊടുത്തെങ്കിലും പരസ്പരം നോക്കിയത് പോലും ഇല്ലാ.
കഴിച്ചു കഴിഞ്ഞ് ഡ്രെസ് മാറ്റാനായി റൂമിൽ കയറി കയ്യിൽ കിട്ടിയ ഷർട്ട് എടുത്തിടാൻ തുടങ്ങുമ്പോൾ അവൾ വന്ന് അലമാരയിൽ നിന്ന് അയൺ ചെയ്ത് വെച്ച പാന്റ്സും ഷർട്ടും എടുത്ത് ഞാൻ കാണാനായി കട്ടിലിലേക്കിട്ടുകൊണ്ട് ഒന്നും മിണ്ടാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോയി.പെണ്ണിന്റെ കുറുമ്പ് ആലോചിച്ചു ചിരിച്ചു കൊണ്ട് ഞാനതെടുത്ത് ധരിച്ച് റെഡിയായി.
അവളുടെ വീട്ടിലെത്തുന്നത് വരെ ഞങ്ങൾ ഒരക്ഷരം പോലും സംസാരിച്ചില്ല.എന്നാലും എന്നെ ഒട്ടിച്ചേർന്നു തന്നെയാണ് ഇരുന്നത്. ഇടയ്ക്കിടെ മിററിലൂടെ നോക്കി എന്നെ കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.ഞാനത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.വീടെത്താറായതോടെ അതും നിലച്ചു.വീടിനു മുന്നിൽ എത്തി ബൈക്ക് നിർത്തി ഞങ്ങൾ മുറ്റത്തേക്ക് കയറി.ഉമ്മറത്ത് ഞങ്ങളെ നോക്കി ദഹിപ്പിച്ചു കൊണ്ട് അവളുടെ അച്ഛനും അമ്മയും നിൽക്കുന്നുണ്ടായിരുന്നു. കൂടെ പ്രസന്ന വദനനായി ഒരു മധ്യവയസ്ക്കനും ഉണ്ടായിരുന്നു
അവരുടെ നിൽപ്പ് കണ്ടതോടെ അമ്മു സംഭരിച്ചു വെച്ച ധൈര്യം എല്ലാം ചോർന്നു പോയെന്നെനിക്ക് മനസ്സിലായി.അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ദയനീയമായി എന്നെ നോക്കിയപ്പോൾ ഞാൻ പേടിക്കേണ്ടെന്ന് കണ്ണു കൊണ്ട് അവളെ ആശ്വാസിപ്പിച്ചു.പതിയെ നടന്ന് ഞാൻ തിണ്ണയിൽ ചാരി പുറത്ത് തന്നെ നിന്നു.എന്തായാലും ആട്ടിപുറത്താക്കും പിന്നെന്തിനാ വെറുതെ.
അമ്മേ എന്ന് വിളിച്ചു ഉമ്മറത്തേക്ക് കയറിയ അമ്മുവിന്റെ കരണം പുകച്ചു കൊണ്ടൊന്ന് കിട്ടി.
“പ്ഫാ ഒരുമ്പട്ടവളെ….
മിണ്ടണ്ടാ നീയെന്നോട്.. ”
അവളുടെ അമ്മയുടെ ശബ്ദമിടറി.
അപ്പോഴേക്കും അമ്മു കരയാൻ തുടങ്ങിയിരുന്നു..
“ഹാ. എന്താ ജാനകി ഇങ്ങനെയാണോ ഒരു പ്രശ്നം പറഞ്ഞ് തീർക്കുന്നെ?
ആ മധ്യവയക്കനാണ് അത് പറഞ്ഞത്.
“ന്നാലും മോഹനേട്ടാ ഇവളെന്നോടിങ്ങനെ….. ”
അമ്മ വിതുമ്പി..
“അതൊക്കെ സമാധാനായിട്ട് സംസാരിക്കാം..മോളെ നീ ഇങ്ങോട്ടിരുന്നെ… മോനും കയറിയിരിക്ക്.. ”
അയാൾ എന്നോടും അമ്മുവിനോടും ആയി പറഞ്ഞു.
ഞാൻ ആരെയും നോക്കാതെ മടിച്ചു മടിച്ച് കസേരയിൽ കയറി ഇരുന്നു. അവളുടെ അച്ഛൻ എന്നെ നോക്കിനിന്നതല്ലാതെ ഒരക്ഷരം മിണ്ടീല. അമ്മു ചുമരിൽ ചാരി വിതുമ്പിക്കൊണ്ട്
നിന്നു.
“ഞാൻ അമ്മൂന്റെ അച്ഛന്റെ അകന്ന ഒരു ബന്ധുവാണ് പേര് മോഹനൻ.അയാൾ എനിക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ മുഖത്തു ചിരി വരുത്തികൊണ്ട് ഹസ്തദാനം ചെയ്തു.