ഡെലിവറി സമയത് മഞ്ജുവിന് എന്തോ കോമ്പ്ലിക്കേഷൻ ഉണ്ടായപ്പോഴേ ഡോക്ടർ ചെറിയൊരു പ്രെശ്നം എന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷെ അത് ഇത്രത്തോളം ചെന്നെത്തുമെന്നു ഞാൻ കരുതിയില്ല . അമ്മയും അഞ്ജുവും ഓടിക്കിതച്ചുകൊണ്ട് എന്റെ അടുത്തേക്കെത്തി . ഹോസ്പിറ്റൽ വരാന്തയിലെ ആളൊഴിഞ്ഞ മൂലയിൽ മഞ്ജുസിനു വേണ്ടി പ്രാർത്ഥിച്ചിരുന്ന എന്റെ നേരെയുള്ള അവരുടെ പന്തിയല്ലാത്ത വരവ് കണ്ടപ്പോഴേ എന്റെ ഉള്ളൊന്നു പിടഞ്ഞു !
ഈശ്വര എന്റെ മഞ്ജുസിനു എന്തെങ്കിലും !
അതോ ഇനി കുഞ്ഞിന് …
ഞാൻ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പോയ സമയം . അഞ്ജുവും അമ്മയും എന്റെ അടുത്തേക്ക് നടന്നടുക്കുന്ന ഓരോ ചുവടും ഓരോ യുഗങ്ങൾ ആകുന്ന സമയം ! തൊണ്ട വരണ്ടു , കൈകാലുകൾ ചെറുതായി വിറച്ചു ഞാനവരെ നോക്കി . എന്റെ നെഞ്ചിടിപ്പിന്റെ വേഗവും താളവും എനിക്ക് തന്നെ അളന്നെടുക്കാം !
കണ്ണിലെവിടെയോ ഒരു നൊമ്പരം ഒളിപ്പിച്ചു വെച്ച് അമ്മയും അഞ്ജുവും എന്നെ നിസ്സഹായതയോടെ നോക്കി . അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ എനിക്ക് ആ നോട്ടം തന്നെ ധാരാളം ആയിരുന്നു .
“എന്താ അമ്മെ ? എന്താടി ? ”
ഞാൻ ശബ്ദം ഇടറിക്കൊണ്ട് അവരെ നോക്കി .
ഒന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജു എന്റെ നെഞ്ചിലേക്ക് വീണു . അമ്മ ആ കാഴ്ച കണ്ടു വിങ്ങിപ്പൊട്ടി .
“ചേച്ചി…..ചേച്ചി പോയി കണ്ണേട്ടാ…”
അഞ്ജു വിങ്ങിപൊട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചതും ഞാൻ മരവിച്ചു ഇല്ലാണ്ടായി ! പിന്നെയൊരു ഒറ്റ അലർച്ച ആയിരുന്നു ….
“മഞ്ജുസേ…”
ഞാൻ ഉറക്കെ അലറി വിളിച്ചുകൊണ്ട് കിടന്നിരുന്ന ബെഡിൽ നിന്നും എഴുനേറ്റു . എ.സി യിലുള്ള കിടത്തം ആയിട്ടുകൂടി ഞാൻ വല്ലാതെ വിയർത്തിരുന്നു ! കണ്ടത് സ്വപനം ആയിരുന്നു എന്ന് ബോധമനസിലേക്ക് കയറാൻ തന്നെ സമയം എടുത്തു ! അത്രയ്ക്ക് എന്നെ പിടിച്ചു കുലുക്കിയ ദുഃസ്വപ്‌നം ആയിരുന്നത് ! ഉറക്കത്തിൽ പോലും ഞാൻ അറിയാതെ കരഞ്ഞിരുന്നോ എന്തോ ? കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നു !
പുതപ്പുകൊണ്ട് മുഖവും കഴുത്തുമൊക്കെ തുടച്ചു ഞാൻ ക്ളോക്കിലേക്ക് നോക്കി . സമയം രാവിലെ എട്ടുമണി ആകുന്നതേയുള്ളൂ !
“മൈര് ….മനുഷ്യന്റെ മൂഡ് കളയാൻ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലചൊറിഞ്ഞു .പിന്നെ മൊബൈൽ ഡിസ്പ്ളേ എടുത്തു നോക്കി . പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ അവളെ വട്ടംപിടിച്ചു അവളുടെ കുഞ്ഞു വയറിൽ ഞാൻ ചുംബിച്ചു നിൽക്കുന്ന ഫോട്ടോ ആണ് വാൾ പേപ്പർ ! അതുകണ്ടതും എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ! എന്നാലും കണ്ട സ്വപ്നം അത്ര പന്തിയല്ല . അതുകൊണ്ട് തന്നെ ഞാൻ മഞ്ജുസിനെ വിളിച്ചു നോക്കി .
അവൾക്കിതു ഏഴാം മാസം ആണ് . വയറ്റിലുള്ളത് ഒന്നല്ല രണ്ടു ജീവനുകൾ ആണെന്നുള്ളത് ഞങ്ങളെ കൂടുതൽ ആവേശം കൊള്ളിച്ചിരുന്നു .