“മഞ്ജുസ് എവിടെടി ? അവളെ എനിക്കൊന്നു കാണാൻ പറ്റുമോ ?”
ഞാൻ എല്ലാരേയും നോക്കി ദേഷ്യപ്പെട്ടു .
“മോനെ പേടിക്കാൻ ഒന്നും ഇല്ല . കുട്ടികളെ ഇൻക്യൂബേറ്ററിലേക്ക് മാറ്റിട്ടുണ്ടെന്നു ഡോക്ടർ പറഞു . പിന്നെ മോൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉള്ളോണ്ട് കുറച്ചു കഴിഞ്ഞിട്ട് വിവരം അറിയിക്കാം ന്നാ പറഞ്ഞത് ..”
മഞ്ജുസിന്റെ അച്ഛൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു പിടിച്ചു .
“ഒന്നും പറ്റില്ലെടോ ..താൻ ഇങ്ങനെ ടെൻഷൻ ആയാലോ ”
എന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ എന്നോണം അങ്ങേരു പറഞ്ഞു .
——-********——********——–******——–*******———********————
അന്നത്തെ ദിവസം എന്താണ് സംഭവിച്ചത് എന്നറിയാൻ താല്പര്യം കാണും അല്ലെ ?
അതൊക്കെ വഴിയേപറയാം . പക്ഷെ അവിടെയും ഒരു ട്വിസ്റ്റ് ഉണ്ട് ! ഇനി പറയാൻ പോകുന്നത് അവിടന്നും ഒരു വര്ഷം കഴിഞ്ഞുള്ള കാര്യം ആണ് !
രണ്ടു കുഞ്ഞുങ്ങളെയാണ് മഞ്ജു എനിക്ക് സമ്മാനിച്ചത് ! റോസും ആദിയും !
ഒരു കൊല്ലത്തിനിപ്പുറം നിൽക്കുമ്പോൾ എന്റെ കൂടെ മഞ്ജു ഇല്ല . ഞാനും കുട്ടികളും മാത്രം . ഹാളിലെ സോഫയിൽ ആദിയെ കൊഞ്ചിച്ചുകൊണ്ട് ഞാൻ ഇരിപ്പുണ്ട് . തൊട്ടപ്പുറത്തു എന്റെ റോസുമോളെ പാലുകുടിപ്പിച്ചുകൊണ്ട് അഞ്ജുവും !
മഞ്ജുസിന്റെ അസാന്നിധ്യത്തിൽ കുപ്പിപാല് കൊടുക്കുകയെ നിവർത്തി ഉള്ളു ! റോസുമോള് പരാതി ഒന്നും പറയാതെ അത് കുടിക്കുന്നുണ്ടേലും ആദികുട്ടൻ വാശിയിൽ ആണ് ! അതുകൊണ്ട് തന്നെ കക്ഷി തൊണ്ട പൊട്ടും വിധം കരയുന്നുണ്ട് .
“ഏഹ് ഏഹ്…ങ്ങീ ങ്ങീ ..മ്മാ മാ .”
അവൻ ഏതൊക്കെയോ ശബ്ദത്തിൽ വാശിപിടിച്ചു കരയുന്നുണ്ട് .
“ഓഹ്…ഓഹ് ..വാവേ കരയല്ലേ….”
ഞാൻ അതിന്റെ കരച്ചില് നോക്കി ചിണുങ്ങി . പിന്നെ എന്റെ തോളിലിട്ട് അവന്റെ പുറത്തു തഴുകി നോക്കി .
“വാവോ…വാവോ…അച്ഛന്റെ മുത്തല്ലേടാ , ഒന്ന് സ്വൈര്യം താടാ ചക്കരെ ”
ഞാൻ അതിന്റെ പുറത്ത് തട്ടി നിസഹായനായി പറഞ്ഞു .
ആ കാഴ്ചയും കണ്ടുകൊണ്ടാണ് എന്റെയമ്മ കയറി വന്നത് .
“എടാ..പൊട്ടാ ..അത് പാല് കുടിക്കാൻ വേണ്ടി കരയുവാ ..”
അമ്മ എന്റെ കാട്ടിക്കൂട്ടൽ കണ്ടു ചിരിച്ചു .
“അതിനു ഈ സാധനം കുടിക്കണ്ടേ ..തെണ്ടി ചെക്കൻ ”
ഞാൻ ആദിയുടെ മുഖത്ത് നോക്കി കണ്ണുരുട്ടി. അതോടെ അവന്റെ കരച്ചിലിന്റെ വോളിയം കൂടി .
“ഏഹ്..ഏഹ്….ങ്ങീ മ്മ ..മ്മ മാ ”
അവൻ ചുണ്ടു കടിച്ചുകൊണ്ട് ചിണുങ്ങി .
“എന്റെ കണ്ണേട്ടാ അത് മഞ്ജു ചേച്ചിയെ കാണാഞ്ഞിട്ടാ ….”
അഞ്ജു റോസ്‌മോളുടെ വായിലെ കുപ്പി പാൽ തിരിച്ചെടുത്തുകൊണ്ട് പറഞ്ഞു അതിനെ എടുത്തു തോളിലിട്ടു.