അതിൽ പിടിച്ചു തന്നെയാണ് വിവേകേട്ടൻ കളിച്ചതും . മായേച്ചി എന്റെ വീട്ടിൽ താമസിച്ചു പോയതിന്റെ പിറ്റേന്ന് തന്നെ അവരുടെ വിഷയത്തിൽ ഒരു ഇമ്പ്രൂവ്‌മെന്റ് ഉണ്ടായിരുന്നു ! ഞാൻ പറഞ്ഞതുപോലെ വിവേകേട്ടൻ വീണ്ടും ശ്രമിച്ചുകൊണ്ട് ഇരുന്നു . മായേച്ചി ആണേൽ ഒഴിഞ്ഞു മാറാനും ശ്രമിച്ചു .
സ്വന്തം നമ്പറിൽ നിന്ന് വിളിച്ചിട്ട് മായേച്ചി എടുക്കാതെ ആയപ്പോൾ ഒടുക്കം വിവേകേട്ടൻ എന്നെ തിരഞ്ഞു വീട്ടിലെത്തി . കോളേജ് ഉള്ള ദിവസം ആയതുകൊണ്ട് മഞ്ജുസും അഞ്ജുവും അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല .
ശ്യാമും ഞാനും ഉമ്മറത്തിരുന്നു ലുഡോ കളിക്കുന്ന ടൈമിൽ ആണ് കക്ഷിയുടെ എൻട്രി . വരുന്ന കാര്യം വിവേക് എന്നെ ആദ്യമേ അറിയിച്ചിരുന്നതുകൊണ്ട് അതിലെനിക്ക് അത്ര അത്ഭുതം തോന്നിയില്ല .
വീട്ടു മുറ്റത്തേക്ക് കയറിയപ്പോഴേ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ടാണ് വിവേകേട്ടൻ തുടങ്ങിയത് . ബൈക്ക് മുറ്റത്തു വെച്ച് കക്ഷി ഉമ്മറത്തേക്ക് കയറി . അമ്മ അടുക്കളയിൽ ആയിരുന്നതുകൊണ്ട് വിവേകേട്ടൻ വന്നത് അറിഞ്ഞ മട്ടില്ല .
ഞങ്ങൾ ഇരിക്കുന്നതിന് തൊട്ടു മുൻപിലെ തിണ്ണയിലേക്കിരുന്നു വിവേക് ഞങ്ങളെ നോക്കി . ഞാനും ശ്യാമും കളി മതിയാക്കി മായേച്ചിയെ പൂട്ടാനുള്ള വഴിയും പ്ലാൻ ചെയ്തു തുടങ്ങി !!
“ഒരു രക്ഷയും ഇല്ല കണ്ണാ ..ആ പെണ്ണ് ഞാൻ വിളിച്ചിട്ട് എടുക്കുന്നെ ഇല്ല …”
കയ്യിലിരുന്ന ഹെൽമെറ്റ് തിണ്ണയിലേക്ക് വെച്ച് വിവേക് നിരാശയോടെ പറഞ്ഞു .
“ശേ ..കഷ്ടം ആയല്ലോ . ഈ മായേച്ചി ഇത് ..”
ഞാൻ വിവേകേട്ടന്റെ നിസഹായത കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“ഹാഹ്..നിങ്ങളിങ്ങനെ വിഷമിക്കല്ലേ ഭായ്. അതിനൊക്കെ വഴി ഉണ്ട് ”
ശ്യാം പെട്ടെന്ന് ഇടക്ക് കയറി ഞങ്ങളോടായി പറഞ്ഞു .
“എന്ത് വഴി ?”
ഇത്തവണ ഞാനും വിവേകേട്ടനും ഒരേ സ്വരത്തിൽ ഒരേ സമയം ആണ് ചോദിച്ചത് . അത് കേട്ട് ഞങ്ങൾ തന്നെ ഒന്ന് പൊട്ടിച്ചിരിച്ചു .
“എന്റെ വിവേക് ബ്രോ ..കുറച്ചു കൂടി കഴിഞ്ഞാൽ കോളേജിൽ ലഞ്ച് ബ്രെക് ആകും . ആ ടൈമിൽ കണ്ണന്റെ ഫോണിൽ നിന്നും നിങ്ങള് മായേച്ചിക്ക് വിളിക്ക് . ഇവൻ വിളിച്ചാൽ അവളെന്തായാലും കട്ടാക്കില്ല . അത് ഗ്യാരണ്ടി ഉള്ള കാര്യം ആണ്…”
ശ്യാം നിസാര മട്ടിൽ പറഞ്ഞു ഞങ്ങടെ മാറി മാറി നോക്കി .
“മ്മ്..അതൊക്കെ ശരിയാ . പക്ഷെ …”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി .
“എന്താടാ ഒരു പക്ഷെ ?”
വിവേകേട്ടൻ എന്നെ നോക്കി ചിരിച്ചു .
“ഏയ് ..ഒന്നും ഇല്ല . എല്ലാം കഴിഞ്ഞിട്ട് അവളെ എന്നെ വിളിച്ചു ചീത്ത പറയോ എന്തോ..”
മായേച്ചിയുടെ ദേഷ്യം അറിയാവുന്നതുകൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .
“ഏയ് അതൊന്നും ഇല്ലെടാ കണ്ണാ . ഇത് ലാസ്റ്റ് ട്രൈ ആണ് . ഇന്നത്തോടെ ഇതിലൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഞാൻ വിട്ടുകളയും..”
വിവേകേട്ടൻ ചെറിയ നിരാശയോടെ പറഞ്ഞെന്നെ നോക്കി .
“അയ്യേ..നിങ്ങളിങ്ങനെ ഡെസ്പ് ആകല്ലേ വിവേകേട്ടാ . ഇതൊക്കെ ടൈം എടുക്കും . ഈ പറയുന്ന എന്നെ തന്നെ മഞ്ജുസ് കുറെ കാലം പുറകെ നടത്തിച്ചിട്ടുണ്ട് . കള്ളത്തെണ്ടി..”