അതോടെ ആയപ്പോൾ മായേച്ചിക്ക് കലി വന്നു .
“അപ്പൊ എനിക്കോ തള്ളെ ?”
അവൾ മുറ്റത്തു നിന്നുകൊണ്ട് തന്നെ അലറി .
‘”പോയി എടുത്തു കഴിക്കെടി . ചെറിയ കുട്ടി ഒന്നും അല്ലല്ലോ ”
ഹേമാന്റി അര്ത്ഥം വെച്ചു തന്നെ ഒന്ന് സ്വരം ഉയർത്തി. അത് കക്ഷിക്ക് ഒരു കുറച്ചിലും ആയി . വിവേകേട്ടൻ ഉള്ളപ്പോൾ ഹേമാന്റി ചൂടാകുമെന്നു അവളും ഓർത്തു കാണില്ല.
“മോൻ അതൊന്നും കാര്യമാക്കണ്ട . എന്നെ ബുദ്ധിമുട്ടിക്കാനായിട്ട് രണ്ടെണ്ണം ഉണ്ട് . ഒകെ അറിയാമെന്നു വിചാരിക്കണൂ..”
ഹേമാന്റി അർഥം വെച്ചു പറഞ്ഞതിന് വിവേകേട്ടൻ ചിരിയോടെ തലയാട്ടി . രണ്ടു മക്കളും കല്യാണം കഴിക്കാതെ നിൽക്കുന്നതാണ് ഹേമാന്റി ഉദ്ദേശിച്ചതെന്ന് സാരം !
“ആഹ്..അതൊക്കെ പോട്ടെ. നിനക്ക് പെണ്ണ് തിരയുന്നുണ്ടെന്നു കേട്ടല്ലോ ? വല്ലോം ശരിയയോ ?”
ഹേമാന്റി പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരക്കി .
“ആഹ്..ഏറെക്കുറെ ഒരെണ്ണം ശരിയായി നിൽക്കുന്നുണ്ട് ചേച്ചി . പക്ഷെ ആ കുട്ടിക്ക് എന്നെ എന്തോ ഇഷ്ടക്കേടുള്ള പോലെ ..”
മുറ്റത്തു നിന്നും ഉറഞ്ഞു തുള്ളി ഉമ്മറത്തേക്ക് കേറുന്ന മായേച്ചിയെ നോക്കികൊണ്ട് അർഥം വെച്ചു തന്നെ വിവേക് പറഞ്ഞു .
“അഹ് ഹ ..അത് കഷ്ടം ആയല്ലോ ”
ഹേമാന്റി ആരോടെന്നില്ലാതെ പറഞ്ഞു .
“അതെ ..ആ കുട്ടിക്ക് കണ്ണിൽ ചോര ഇല്ലാണ്ടായ നമ്മളെന്താ ചെയ്യാ ചേച്ചി ”
വിവേകേട്ടൻ വീണ്ടും മായേച്ചിയെ ഇടം കണ്ണിട്ടു നോക്കി പയ്യെ പറഞ്ഞു .
“ആഹ് അതും ശരിയാ . ഇവിടേം ഒരെണ്ണം ഉണ്ട് . ആരെ കണ്ടാലും ബോധിക്കാത്ത ജന്തു !”
ഹേമാന്റി മായേച്ചിയെ തുറിച്ചു നോക്കികൊണ്ട് സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .
അതിനു മായേച്ചി മറുപടി ഒന്നും പറഞ്ഞില്ല . സ്വല്പം നാണക്കേടോടെ വിവേകേട്ടന്റെ മുൻപിൽ തലയും കുമ്പിട്ടു നിന്നു.
“ഏയ് അങ്ങനെ ഒന്നും പറയല്ലേ ചേച്ചി..അതൊക്കെ ശരിയായിക്കോളും . അല്ലെടോ മായെ ?”
വിവേകേട്ടൻ പെട്ടെന്ന് കേറി ചോദിച്ചതും മായേച്ചി ഒന്ന് പരുങ്ങി . ചോദ്യം പോലും ശരിക്ക് കേൾക്കാത്തതുകൊണ്ട് അവൾ എന്തൊക്കെയോ പതറികൊണ്ട് പറഞ്ഞൊപ്പിച്ചു .
“ഏഹ് ? ആഹ്..അതെ….”
മായേച്ചി എന്തൊക്കെയോ തട്ടിവിട്ടു .
ആ മറുപടി കേട്ട് ഹേമാന്റിയും ഒന്ന് ഞെട്ടി ! അവരും ചെറിയൊരു സംശയത്തോടെ അവളെ നോക്കി .
“അഹ്..എന്നാൽ നിങ്ങള് സംസാരിക്കു വിവേകേ..ഞാൻ അവൾക്കുള്ള ചായ കൂടി എടുത്തിട്ട് വരാം”
മായേച്ചിയുടെ പിണങ്ങിയുള്ള നിൽപ്പ് നോക്കി ഹേമാന്റി ചിരിയോടെ പറഞ്ഞു .
“ആഹ്..അങ്ങനെ ആവട്ടെ ..”
വിവേക് പയ്യെ പറഞ്ഞു ചിരിച്ചു .