ഇടക്ക് ഇങ്ങനെ കാണാറുണ്ട്.സ്ഥലം എസ് ഐ ആയിട്ടാ ലോഹ്യം. ഒരുതവണ നമ്മുടെ റെസ്റ്റോറന്റിൽ വന്നിരുന്നു.അന്നാ ഇവള് വീണ്ടും എത്തിയെന്നറിഞ്ഞത്.എനിക്ക് മനസിലായെങ്കിലും ആൾക്ക് എന്നെ മനസിലായില്ല.”
“അല്ല ഇതിപ്പോ എങ്ങോട്ടാ?”
“ജോലി കഴിഞ്ഞു പോകുവാടാ.
തയ്ച്ചത് വാങ്ങാനാ ഇതുവഴിക്ക്.
അതുകൊണ്ട് നിന്നെയൊന്ന് കാണാൻ കിട്ടി.അല്ല നീയെന്താ ഇവിടെ?”
“ഹേയ് ഒന്ന് വരേണ്ട ആവശ്യം ഉണ്ടായിരുന്നു.”
കുറച്ചു സമയം കുശലം പറഞ്ഞു മുന്നോട്ട് നടന്ന സുനന്ദയെ ശംഭു പിന്നിൽ നിന്ന് വിളിച്ചു.മടിച്ചാണ് എങ്കിലും അവൻ കാര്യം പറഞ്ഞു.
കാരണം അവളുടെ വീടിനോട് ചേർന്നുതന്നെ ഒരു ഒറ്റമുറിക്കെട്ടിടം ഉണ്ടായിരുന്നു.തത്കാലം തല ചായ്ക്കാൻ അതെങ്കിലും കിട്ടിയാൽ കൊള്ളാമെന്ന് അവനും തോന്നി.
അവന്റെ ചോദ്യത്തിലെ പന്തികേട് തിരിച്ചറിഞ്ഞു എങ്കിലും ആ സമയം അവളത് ചോദിച്ചില്ല.പിന്നീടാവാം എന്ന് കരുതി.അവളോടൊപ്പം വീട്ടിലേക്ക് പോകുമ്പോളും ചിത്രയെ രാജീവനൊപ്പം കണ്ടതായിരുന്നു അവന്റെ മനസ്സിൽ.സുര രാജീവനെ കുറച്ചു പറഞ്ഞിരുന്നു എങ്കിലും ഇത് അവൻ പ്രതീക്ഷിച്ചതല്ല.ഇടക്ക് സുനന്ദ ഓരോന്ന് ചോദിക്കുന്നുണ്ട്, പക്ഷെ അലക്ഷ്യമായാണ് അവൻ മറുപടി നൽകിയത്.
രാത്രിയിൽ ചിത്രയുടെ വീട്ടുമുറ്റത്തു വയലിലേക്ക് നോക്കിനിന്നുകൊണ്ട്
കാര്യമായ ആലോചനയിലാണ് ശംഭു.
അടുക്കളയിലെ പണിയും ഒതുക്കി സുനന്ദയും അങ്ങോട്ടെത്തി.
“എന്താടാ ഇത്ര വലിയ ആലോചന?”
“ഞാന് ആ ചിത്രയുടെ കാര്യം ഒന്ന് ആലോചിച്ചു നിന്നതാ.”
“നല്ല ബെസ്റ്റ് മുതലാ.കൂടുതൽ മഞ്ഞു കൊള്ളാതെ കിടക്കാൻ നോക്ക് നീ.”
“കിടന്നോളാം,ഇയാള് ചെല്ല്.ഞാനല്പം വൈകും.”
ഒന്ന് മൂളുക മാത്രം ചെയ്ത് സുനന്ദ അകത്തേക്ക് കയറി.ശംഭുവിനോടു കാര്യം തിരക്കിയെങ്കിലും പിന്നെ സംസാരിക്കാം എന്നുപറഞ്ഞവൻ ഒഴിഞ്ഞു.രാത്രി വൈകി ഉറങ്ങാൻ കിടന്നപ്പോഴും അവന്റെ ചിന്ത ചിത്രയിൽ ഉടക്കിനിന്നു.
*****
പിറ്റേന്ന് രാവിലെ ഒരു മിലിട്ടറിയും ഒപ്പിച്ചാണ് ശംഭു ദാമോദരനെ കാണാൻ ചെല്ലുന്നത്.രാജീവന്റെ സ്റ്റേഷനിൽ പി.സി.ആണയാൾ.ശംഭു ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നതുകൊണ്ട് അയാൾക്ക് അവനോട് അടുപ്പം ഉണ്ടായിരുന്നു.അവനവിടെ എത്തുമ്പോൾ ദാമോദരൻ രാത്രി പാറാവ് കഴിഞ്ഞെത്തിയിട്ടേയുള്ളൂ.
“എടാ നീയോ……ഞാനും വിചാരിച്ചു ഈ സമയത്തിതാരെന്ന്.”കാളിങ് ബെൽ കേട്ട് പുറത്തേക്ക് വന്ന ദാമോദരൻ പറഞ്ഞു.
“കുറച്ചായില്ലെ ചേട്ടാ ഒന്ന് കണ്ടിട്ട്.
അങ്ങനെ ഓർത്തപ്പോ
ഒന്നിറങ്ങി,അത്രെയുള്ളൂ.അല്ല ചേച്ചി
എന്തിയെ?”
“അവള് അപ്പുറെ എവിടെയൊ ഉണ്ട്.
നീ വാ അകത്തേക്കിരിക്ക്.”