കല്ല്യാണ തലേന്ന് ഭാഗം 1
Kallyana Thalennu Part 1 | Author : Pooja s Nair
ചിങ്ങനിലാവിൽ മൂങ്ങിക്കുളിച്ചു നിൽക്കുന്ന പ്രകൃതി . മാവേലിമന്നന്റെ വരവേൽപ്പിനായി മഴമേഘങ്ങളെയെല്ലാം തൂത്തു വാരി വൃത്തിയാക്കിയിട്ടിരിക്കുന്നതിനാൽ നല്ല പകൽ വെളിച്ചും പോലെ വെട്ടിത്തിളങ്ങി നിൽക്കുകയാണ് പരിസരമെല്ലാം . അതുകൊണ്ട് വീടിനു
മൂന്നിലുള്ള പഞ്ചായത്തു റോഡിൽ വച്ചിരിക്കുന്ന “സ്വാഗതം ” എന്ന ബോർഡിനു മുകളിൽ മാത്രമേ ഒരു ട്യൂബ് ലൈറ്റിന്റെ ആവശ്യം വേണ്ടി വന്നിട്ടുള്ളൂ .
പിന്നെ വീടിന്റെ മുറ്റത്തുള്ള കല്യാണ പന്തലിലും പിൻഭാഗത്ത് സദ്യ വട്ടങ്ങളൊരുക്കുന്ന നെടുമ്പുരയിലും മാത്രമേ ലെറ്റുകൾ ഇട്ടിട്ടുള്ളൂ.
തൂവെള്ളി നിലാവിൽ ബഹളം വച്ച് ഓടിക്കളിക്കുകയാണ് വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കളുടെ കുട്ടികൾ .
മുറ്റത്തെ കല്യാണ പന്തലിലും പുറകു വശത്തും ശബ്ദ കോലാഹലങ്ങളും ഉറക്കെയുറക്കെയുള്ള ചിരികളും ഉയർന്ന് കേൾക്കാനുണ്ട് . ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും പെട്ടെന്ന് സഹൃദയന്മാരും നർമ്മ ബോധമുള്ളവരായും മാറുന്നു. നിസ്സാരമായ എന്തെങ്കിലും കാരണമുണ്ടായാൽ മതി അവർക്ക് പൊട്ടിച്ചിരിക്കാൻ,
ചിരിക്കട്ടെ ! എല്ലാവരും മതി മറന്ന് പൊട്ടിച്ചിരിക്കട്ടെ ! അത്രയെങ്കിലും ഒരു സഹായം അവർക്കെന്നെക്കൊണ്ടുണ്ടാവട്ടെ !,
നാളെ ഞാൻ വിവാഹിതയാവുകയാണ്
ഏതൊരു പെൺകുട്ടിയും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ കോരിത്തരിപ്പോടെ കാത്തിരിക്കുന്ന ധന്യ മുഹൂർത്തം ഞാൻ സന്തോഷവതിയാണോ ? മറ്റുള്ളവർ വാഴ്ചത്തുന്നപോലെ ഒരു പരമ ഭാഗ്യവതിയാകാൻ പോവുകയാണോ ഞാൻ നാളെ മുതൽ ?
അത്രക്കും മഹനീയമായൊരു പദവിയാണോ ദേവരാജൻ മുതലാളിയുടെ ഭാര്യാ പദം ?
നാൽപതുകാരനായ ദേവരാജൻ മുതലാളി ഇരുപത്തിരണ്ട് വയസ്സുമാത്രം പൂർത്തിയായ ഞാൻ.
എന്തൊരു ചർച്ച
കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും കാണാൻ വേണ്ടി വന്ന സ്ത്രീകൾ അമ്മയെ കണക്കില്ലാതെ അഭിനന്ദിക്കുന്നത് കണ്ടു.
“നിങ്ങളുടെ കഷ്ടപ്പാട് ദൈവം നേരിട്ട് മനസ്സിലാക്കിയതിന്റെ ഫലമാണ് കാർത്ത്യായനീ മോൾക്കിങ്ങനെയൊരു ബന്ധം കിട്ടാൻ കാരണം .
കോടീശ്വരനല്ലേ ദേവരാജൻ മുതലാളി ‘?
അമ്മയുടെ മുഖത്ത് സംതൃപ്തിയുടേയും ചാരിതാർത്ഥ്യത്തിന്റേയും ഒരു സമ്മിശ്ര പ്രതിഫലനം.
അമ്മയും സന്തോഷിക്കട്ടെ ! ചെറുപ്പത്തിൽ അച്ഛൻ മരിച്ചു പോയതിനു ശേഷം വളരെ വിഷമിച്ച് വളർത്തിയതാണല്ലോ രണ്ട് പെൺകുട്ടികളെ ? അതിലൊരാൾക്കെങ്കിലും സ്വന്തം കാലിൽ നിൽക്കാനാവുന്നത് ഏതൊമ്മക്കും ചാരിതാർത്ഥ്യമല്ലെങ്കിൽ പിന്നെ മറ്റെന്താണ് ?