രണ്ടാമതൊരാൾ [ na–na ]

Posted by
atOptions = { 'key' : 'e5a3d2d690c8d0593ec34392acff6479', 'format' : 'iframe', 'height' : 90, 'width' : 728, 'params' : {} }; document.write('');

രണ്ടാമതൊരാൾ
RANDAMATHORAAL | AUTHOR : NE-NA

അടുക്കള വാതിൽ വഴി വീടിനു പിന്നിൽ ഇറങ്ങിയ സംഗീത മതിലിനപ്പുറം തല ഉയർത്തി
നിൽക്കുന്ന കിഴക്കയിൽ തറവാട്ടിലേക്ക് ഒന്ന് നോക്കി.

തറവാടിന്റെ പഴയ പ്രൗഢിക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നു നാല്
തലമുറകൾ താമസിച്ച തറവാടാണ്. ഈ കാലത്തും തറവാടിന്റെ ഇപ്പോഴത്തെ കാരണവരായ വാസുദേവൻ
കാലത്തിന്റേതായ ചെറിയ മാറ്റങ്ങളോടെ തറവാടിന്റെ ഇപ്പോഴും അതേപോലെതന്നെ സംരക്ഷിച്ച്
നിർത്തിയിട്ടുണ്ട്. ഇരു നിലകളുള്ള തറവാടിന്റെ രണ്ടാമത്തെ നില ഇപ്പോഴും ഓടുമേഞ്ഞതു
തന്നെ ആയിരുന്നു.

മതിലിന്റെ പൊക്കം കാരണം തറവാടിന്റെ മുറ്റത്ത് ആരെങ്കിലും ഉണ്ടോന്ന് അറിയാൻ വയ്യ. ആ
മതിലിൽ തന്നെ തറവാട്ട് മുറ്റത്തേക്ക് എളുപ്പത്തിൽ കടന്നു ചെല്ലാൻ ഒരു ഗേറ്റ് ഉണ്ട്.
പക്ഷെ അവിടെ ചെന്ന് നിന്ന് നോക്കിയാൽ അവിടുള്ള ആരെങ്കിലും തന്നെ കണ്ടല്ലോ എന്ന ശങ്ക
അവളുടെ മനസിനെ അലട്ടി.

സംഗീത കുറച്ച് ചുവടുകൾ നടന്ന് മതിലിന്റെ അരികിൽ എത്തി പെറുവിരലുകൾ നിലത്തൂന്നി
അപ്പുറത്തേക്ക് എത്തി നോക്കി. ഒരു കാറ് അവിടെ കിടപ്പുണ്ട്.

താൻ ഓടിക്കളിച്ച് വളർന്ന മുറ്റം, ഇരിക്കാനായി തടിയിൽ മാത്രം പണിതിരിക്കുന്ന
തിട്ടയും കൈവരിയും ഉള്ള നീണ്ട വരാന്ത, മലർക്കെ തുറന്നിട്ടിരിക്കുന്ന തറവാട്ട്
വാതിൽ. അവൾ ഒരു നിമിഷം എല്ലാം മറന്ന് കണ്ണിമ വെട്ടാതെ അതെല്ലാം നോക്കി നിന്ന് പോയി.

പെട്ടെന്ന് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചു.

“മോളെ.. അമ്മു…”

അവൾ ഒരു ഞെട്ടലോടെ തല മതിലിനു മുകളിൽ നിന്നും പിൻവലിച്ചു. തന്റെ അമ്മയും കിഴക്കയിൽ
തറവാട്ടിൽ ഉള്ളവരും അപ്പുവും മാത്രം വിളിക്കാറുള്ള തന്റെ ചെല്ലപ്പേര്.. അമ്മു.

ആളെ കണ്ടില്ലെങ്കിലും തന്റെ ചെല്ലപ്പേര് വിളിച്ച സ്വരത്തിന്റെ ഉടമയെ സംഗീത
തിരിച്ചറിഞ്ഞിരുന്നു.

“സാവിത്രി അമ്മ.. അപ്പുവിന്റെ അമ്മ.”

അവൾ ഒരു നിമിഷം അറച്ച് നിന്ന ശേഷം മതിലിന് മുകളിൽ കൂടി ഒന്നുകൂടി എത്തി നോക്കി.

“ഞാൻ ഇവിടുണ്ട് മോളെ..”

അവൾ ശബ്‌ദം വന്ന ഇടത്തേക്ക് തല തിരിച്ച് നോക്കി. പൂന്തോട്ടത്തിൽ നിൽക്കുകയാണ്
സാവിത്രി അമ്മ. അൻപതിനോടടുത്ത പ്രായം ഉണ്ടെങ്കിലും അവരുടെ മുഖ സൗന്ദര്യത്തിനും
ഐശ്വര്യത്തിനും ഒരു കുറവും വന്നിട്ടില്ല.

“മോള് ഇങ്ങു വന്നേ.”

നാല് വർഷങ്ങൾക്ക് ശേഷവും അവരുടെ സ്വരത്തിലെ സ്നേഹത്തിന്റെ മാധുര്യം അവൾ
തിരിച്ചറിഞ്ഞു. തന്നെ എപ്പോഴും സാവിത്രി അമ്മ വെറുക്കുന്നില്ല. ആ അറിവ് തെല്ലൊരു
ആശ്വാസം അവൾക്ക് നൽകി.

സാവിത്രി അമ്മ തന്നെ അവിടേക്ക് ക്ഷണിച്ചിരിക്കുകയാണ്. പോകാതിരിക്കാനാകില്ല.

പതറിയ ചുവടുകളോടെ സംഗീത ഗേറ്റിനടുത്തേക്ക് നടന്നു. അതിനിടയിൽ അവൾ ചുമ്മാ തിരിഞ്ഞു
അടുക്കള വാതുക്കലിലെക്ക്  ഒന്ന് നോക്കി. ലക്ഷ്മി അമ്മ അവിടെ നിന്ന് തന്നെ
നോക്കുന്നുണ്ട്. അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകും കുഴപ്പമൊന്നും ഇല്ല,
പോയിട്ട് വാ എന്ന് അവളോട് ആഗ്യത്തിൽ പറഞ്ഞു.

അടഞ്ഞു കിടന്നിരുന്ന ഗേറ്റിന്റെ കുറ്റി എടുത്ത ശേഷം അവൾ ഗേറ്റ് മുന്നിലേക്ക് തള്ളി.
കര കര ശബ്ദത്തോടെ ഗേറ്റ് അവൾക്ക് മുന്നിൽ തുറന്നു.

സംഗീതയുടെ വീട്ടിൽ നിന്നും കിഴക്കയിൽ  തറവാട്ടിലേക്ക് എളുപ്പത്തിൽ പോകാനുള്ള
മാർഗമാണ് ആ ഗേറ്റ്.

അച്ഛൻ അവിടെ വീട് വച്ചപ്പോൾ അപ്പുവിന്റെ അച്ഛൻ വാസുദേവൻ ആണ് മതിൽ പൊളിച്ച് അവിടെ
അങ്ങനെ ഒരു ഗേറ്റ് വച്ചതെന്ന് കൊച്ചിലെ തന്നെ അമ്മ പറഞ്ഞു കേട്ട അറിവുണ്ട് അവൾക്ക്.

അച്ഛനെ കുറിച്ച് ചെറിയ ചെറിയ ഓർമ്മകൾ മാത്രമേ  സംഗീതയ്ക്ക്   ഉണ്ടായിരുന്നുള്ളു.
അവൾക്ക് ഓർമ വച്ച് തുടങ്ങിയ കാലത്ത് തന്നെ അച്ഛൻ മരിച്ചിരുന്നു. ആദിത്യന്റെ (അപ്പു)
അച്ഛൻ വാസുദേവനും സംഗീതയുടെ  (അമ്മു) അച്ഛൻ രവീന്ദ്രനും ഉറ്റ സുഹൃത്തുക്കൾ
ആയിരുന്നു. വാസുദേവൻ നാട്ടിലെ പേരുകേട്ട തറവാടായ കിഴക്കയിൽ തറവാട്ടിലെ
അംഗമായിരുന്നപ്പോൾ രവീന്ദ്രൻ ഒരു സാധാ കുടുംബത്തിൽ ഉള്ളതായിരുന്നു. ചെറുപ്പത്തിൽ
തന്നെ അച്ഛനും അമ്മയും മരിച്ചുപോയ രവീന്ദ്രന് പറയത്തക്ക ബന്ധുക്കളും
ഉണ്ടായിരുന്നില്ല. നാടിനെ തന്നെ ഞെട്ടിച്ചതായിരുന്നു രവീന്ദ്രന്റെ കല്യാണം. അക്കരെ
കരയിലെ പേരുകേട്ട തറവാടായ തേവള്ളിയിലെ ലക്ഷ്മിയുമായി ഇഷ്ട്ടത്തിൽ ആയിരുന്നു
രവീന്ദ്രൻ. അവളുടെ വീട്ടിൽ ഇതറിഞ്ഞ് പ്രശ്നം ആയപ്പോൾ വാസുദേവന്റെ സഹായത്തോടെ
ലക്ഷ്മിയെ വിളിച്ച്‌ ഇറക്കികൊണ്ട് വന്ന് കല്യാണം കഴിക്കുകയായിരുന്നു രവീന്ദ്രൻ. ഇതേ
തുടർന്ന് തേവള്ളി തറവാട്ടിൽ നിന്നുള്ളവരുടെ അക്രമങ്ങൾ രൂക്ഷമായപ്പോൾ ഒറ്റക്ക്
താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കി വീടും സ്ഥലവും വിറ്റ് കിഴക്കയിൽ
തറവാടിനോട് ചേർന്ന് വീടുവച്ച് താമസമാകുവായിരുന്നു രവീന്ദ്രൻ. തന്റെ തറവാട്ടിൽ തന്നെ
താമസിക്കുവാൻ രവീന്ദ്രനോട് വാസുദേവൻ ആവിശ്യപെട്ടെങ്കിലും അത് കേൾക്കാതെയാണ് ഒരു
ചെറിയ വീട് രവീന്ദ്രൻ അവിടെ തട്ടിക്കൂട്ടി എടുത്തത്.

ഒരു വലിയ തറവാട്ടിൽ നിന്നാണ് ഇറങ്ങി വന്നതെങ്കിലും ആ ചെറു വീട്ടിൽ
രവീന്ദ്രനോടൊപ്പമുള്ള ജീവിതത്തിൽ സന്തോഷവതി ആയിരുന്നു ലക്ഷ്മി. പിന്നെ എന്ത്
സഹായത്തിനും തൊട്ടപ്പുറത് തന്നെ വാസുദേവനും ഭാര്യ സാവിത്രിയും ഉണ്ടായിരുന്നല്ലോ.

അവിടെ താമസമായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കുമായിരുന്നു അവർക്ക് കൂട്ടായി സംഗീതയുടെ
ജനനം. അവളുടെ ജനനത്തിനു വെറും ഒൻപതു ദിവസങ്ങൾക്ക് മുൻപായിരുന്നു വാസുദേവന്റെയും
സാവിത്രിയുടെയും മകനായി ആദിത്യൻ എന്ന അപ്പുവിന്റെയും ജനനം.

സന്തോഷത്തോടെ ആ കുടുംബങ്ങൾ ജീവിച്ച് പോകുമ്പോഴാണ് അമ്മുവിന് അഞ്ച് വയസുള്ളപ്പോൾ ആ
ദുരന്തം അവരെ തേടി എത്തിയത്. ഒരു തുലാവർഷ കാലത്ത് തറവാട്ട് ക്ഷേത്രത്തിൽ തൊഴാൻ
പോയതായിരുന്നു സാവിത്രിയും ലക്ഷ്മിയും. കൂടെ രവീന്ദ്രനും ഉണ്ടായിരുന്നു.
ക്ഷേത്രത്തിനു പിന്നിലെ പുഴ അരികിൽ കൂടിയായിരുന്നു യാത്ര. കൈ വഴുതി സാവിത്രിയുടെ
കൈയിൽ നിന്ന് അപ്പു പുഴയിലേക്ക് വീണു. തലേന്നത്തെ മഴയിൽ നല്ല കുത്തൊഴുക്ക്
ഉണ്ടായിരുന്നു. വെള്ളത്തിൽ ഒലിച്ച് പോകുന്ന അപ്പുവിനെ രക്ഷിക്കാനായി രവീന്ദ്രൻ
പുഴയിൽ എടുത്തു ചാടി. മൂന്നു കിലോമീറ്റെർ അപ്പുറത്ത് നിന്നാണ് കരയോട് ചേർന്ന്
പാതിജീവനോടെ കിടക്കുന്ന രവീന്ദ്രനെയും അപ്പുവിനെയും നാട്ടുകാർക്ക് കിട്ടുന്നത്.
അവന്റെ കൈകളിൽ അപ്പു സുരക്ഷിതനായി തന്നെ ഉണ്ടായിരുന്നു. പക്ഷെ തലയിലെയും
ശരീരത്തെയും മുറിവുകളുമായി ആശുപത്രയിൽ പ്രവേശിപ്പിച്ച രവീന്ദ്രനെ രക്ഷിക്കാൻ
ആർക്കും ആയില്ല. പുഴയിലെ പാറക്കെട്ടുകളിൽ  ഇടിച്ച് തലയിലുണ്ടായ ക്ഷതം രവീന്ദ്രന്റെ
ജീവൻ കവർന്നു.

ആ ഒരു സംഭവത്തിന് ശേഷം ലക്ഷ്മിയെയും അമ്മുവിനെയും സംരക്ഷിച്ചത് വാസുദേവനാണ്.

തുറന്നിട്ട ഗേറ്റിലൂടെ സംഗീത കിഴക്കയിൽ തറവാട്ടിലേക്ക് പ്രവേശിച്ചു. പണ്ട് തനിക്കു
വേണ്ടി ഈ ഗേറ്റ് എപ്പോഴും തുറന്ന് തന്നെയാണ് കിടന്നിരുന്നതെന്ന് അവൾ ഓർത്തു.

ഓർമ വച്ച കാലം തൊട്ട് സംഗീതക്ക് രണ്ടു അമ്മമാരായിരുന്നു ഉണ്ടായിരുന്നത്. ലക്ഷ്മി
അമ്മയും സാവിത്രി അമ്മയും. അമ്മു സ്വന്തം വീട്ടിലേക്കാളും സമയം ചെലവഴിച്ചിരുന്നത്
കിഴക്കയിൽ തറവാട്ടിലായിരുന്നു. സ്വന്തം വീടുപോലെ പൂർണ സ്വാതന്ത്രം ആയിരുന്നു
അവൾക്ക് ആ തറവാട്ടിൽ ഉണ്ടായിരുന്നത്. സ്വന്തമായി ഒരു മുറിവരെ അവൾക്ക് ആ തറവാട്ടിൽ
ഉണ്ടായിരുന്നു.

ഗേറ്റ് കടന്ന സംഗീത നേരെ പൂന്തോട്ടത്തിലേക്ക് നടന്നു. തന്റെ അരികിലേക്ക് നടന്നു
വരുന്ന അമ്മുവിനെ സാവിത്രി അമ്മ സഃസൂക്ഷ്മം നോക്കി.

ഒരു ഗോൾഡൻ കളർ ബ്ലൗസും നീല സാരിയും ആണ് സംഗീത ധരിച്ചിരുന്നത്. പണ്ടത്തെ വെളുത്ത
നിറം തന്നെയായിരുന്നു ഇപ്പോഴും അവളുടെ ചർമ്മത്തിന്. നീളമുള്ള മുടി അതുപോലെതന്നെ
സംരക്ഷിച്ചിട്ടുണ്ട്. പണ്ടത്തേക്കാളും കുറച്ച് വണ്ണം വച്ചിട്ടുണ്ട്. അത് മാത്രമാണ്
നാല് വർഷത്തിലെ ഏക മാറ്റമായി അവളിൽ സാവിത്രി അമ്മയ്ക്ക് തോന്നിയത്.

തന്റെ മുന്നിൽ വന്ന് നിന്ന അമ്മുവിനോട് അവർ ചോദിച്ചു.

“ഇപ്പോഴെങ്കിലും സ്വന്തമായി സാരി ഉടുക്കാൻ പഠിച്ചോ  നീ.”

ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന മറുപടി.

“നിനക്കിപ്പോൾ ഇരുപത്തിയേഴു വയസായില്ലേ…ഇവിടെ നിന്നും ഇറങ്ങി പോയ ശേഷം നാല് വർഷം
എടുത്തു അല്ലെ നാട്ടിലേക്ക് ഒന്ന് തിരിച്ച് വരാൻ?”

ആ ചോദ്യം ചോദിക്കുമ്പോൾ സാവിത്രി അമ്മയുടെ മുഖത്ത് നിസ്സംഗത നിറഞ്ഞ ഒരു പുഞ്ചിരി
ഉണ്ടായിരുന്നു.

ആ ചോദ്യത്തിന് മുന്നിൽ കവിത ഒന്ന് പതറി. ആ വെളുത്തു തുടുത്ത മുഖം പതുക്കെ ഇരുണ്ടു.
പതുക്കെ അതൊരു കരച്ചിലിലേക്ക് വഴി മാറി.

സാവിത്രി അമ്മ അവളെ മാറോടു അണച്ചു.

“ഏയ്.. കരയണ്ട..ഞാൻ ചുമ്മാ ചോദിച്ചതാണ്.”

“അമ്മാ, എന്നോട് ക്ഷമിക്കണം.. എല്ലാരേയും ഞാൻ വേദനിപ്പിച്ചു എന്ന് എനിക്കറിയാം.”

“അതൊക്കെ പോട്ടെ മോളെ.. ഇഷ്ട്ടപെട്ടവനോടൊപ്പം ജീവിക്കാനായി നീ പോയി.. നിന്റെ
അമ്മയും അത് തന്നാലായിരുന്നോ ചെയ്തത്. മോള് നന്നായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി
ഞങ്ങൾക്ക്.”

കവിത കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് മാറ്റി.

അമ്മുവിൻറെ കൈയിൽ പിടിച്ച് കൊണ്ട് അമ്മ പറഞ്ഞു.

“വീട്ടിലേക്ക് കയറിയിട്ട് പോകാം.”

സംഗീത അമ്മക്കൊപ്പം നടക്കാതെ അവിടെ തന്നെ അറച്ചു നിന്ന്.

അമ്മ എന്താ എന്ന അർഥത്തിൽ അവളെ നോക്കി.

“അപ്പു?..”

ഒരു ചെറു ചിരിയോടെ അമ്മ പറഞ്ഞു.

“അവനിവിടെ ഇല്ല.. പുറത്തെവിടെയോ പോയേക്കുവാണ്.”

എല്ലാപേരെയും വേദനിപ്പിച്ച് അവിടെ നിന്നും സച്ചിനോടൊപ്പം ഇറങ്ങി പോയി നാല്
വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്ക് വന്നപ്പോൾ അവൾ ഏറ്റവും കൂടുതൽ പേടിച്ചതും
അപ്പുവിനെ എങ്ങനെ ഫെയ്‌സ് ചെയ്യും എന്ന് ഓർത്തു തന്നെയായിരുന്നു.

അമ്മയോടൊപ്പം പൂന്തോട്ടത്തിൽ നിന്നും അവൾ തറവാടിലേക്ക് നടന്നു.

“നീ വരുന്ന കാര്യം ലക്ഷ്മി അപ്പുവിനെ അറിയിച്ചില്ല. ഞങ്ങളും അവനോടു പറഞ്ഞില്ല.”

മുറ്റത്തെത്തിയ സംഗീതയുടെ ശ്രദ്ധ നേരെ പോയത് തെക്കുവശത്തായി വീടിന്റെ ഭിത്തിയിൽ
അടിച്ചു വച്ചിരിക്കുന്ന വലിയ കിളി കൂട്ടിലേക്കാണ്. അവൾ അമ്മയുടെ കൈ വിട്ടു കിളി
കൂട്ടിനടുത്തേക്ക് നടന്നു.

കൂടെല്ലാം ഒഴിഞ്ഞു കിടക്കുന്നു. ഒരു ലൗബേഴ്സിനെ പോലും കാണാനില്ല.

“നീ പോയേപ്പിന്നെ അതിനെയെല്ലാം അപ്പു തുറന്നു വിട്ടു.”

ലൗബേഴ്സിനെ വളർത്തണം എന്നും പറഞ്ഞു താൻ വാശി പിടിച്ചപ്പോൾ അപ്പു പണിയിപ്പിച്ചതാണ് ആ
കൂടെന്ന് അവൾ ആ നിമിഷം ഓർത്തു. പല നിറത്തിലുള്ള കിളികളെ കൊണ്ട് ഒരു സമയത്ത് ആ കൂടു
നിറഞ്ഞിരുന്നു.

അവൾ ഒഴിഞ്ഞു കിടക്കുന്ന കിളിക്കൂടിന്റെ ആഴിയിൽ കൂടി വിരലോടിച്ചു കൊണ്ട് ചോദിച്ചു.

“അപ്പുവിന് സുഖമാണോ?”

“എന്തിനാ അപ്പുവേട്ടനെ കുറിച്ച് തിരക്കുന്നേ? ഒരിക്കൽ ഞങ്ങളെയാരെയും വേണ്ടെന്ന്
വച്ച് ഇവിടന്നു ഇറങ്ങി പോയതല്ലേ?”

സംഗീത ഞെട്ടി തിരിഞ്ഞു നോക്കി. അമ്മക്കരികിലായി ദേഷ്യത്തിൽ ചുവന്ന് വീർത്ത
മുഖവുമായി നിൽക്കുന്ന അപ്പുവിന്റെ അഞ്ചു വയസ് ഇളയ പ്രായമുള്ള അനിയത്തി ആർഷ.

അമ്മ ആർഷയുടെ കൈയിൽ മുറുകെ പിടിച്ചു.

“മോളെ മിണ്ടാതിരി.”

“ഞാൻ എന്തിനു മിണ്ടാതിരിക്കണം അമ്മ.. ഇവിടന്ന് പോകുമ്പോൾ നമ്മളെ കുറിച്ച്
ഓർത്തില്ലെങ്കിലും അപ്പുവേട്ടനെ കുറിച്ചെങ്കിലും ചിന്തിച്ചൂടായിരുന്നോ  ഇവർക്ക്.
സ്വന്തം പെങ്ങളായ എന്നെക്കാളേറെ ഇവരെ അപ്പുവേട്ടൻ സ്നേഹിച്ചിരുന്നില്ലേ..
എന്നിട്ടിപ്പോൾ ഏട്ടന്റെ സുഖാന്വേഷണത്തിനു വന്നിരിക്കുന്നു.”

സംഗീതയുടെ  കണ്ണുകൾ വീണ്ടും നിറഞ്ഞു. ചേച്ചി എന്നും വിളിച്ച്‌ പിറകെ നടന്നിരുന്ന
അനിയത്തി ഇപ്പോൾ തന്നെ കുറ്റപ്പെടുത്തുന്നു. പക്ഷെ ആ കുറ്റപ്പെടുത്തലുകളൊക്കെ
തനിക്ക് അർഹിക്കുന്നതും ആണ്.

കുറച്ച് നിമിഷത്തേക്ക് തന്റെ മുന്നിൽ നിന്ന് കരയുന്ന സംഗീതയെ ആർഷ നോക്കി നിന്നു.
അധിക നേരം അവൾക്ക് ആ കാഴ്ച നോക്കി നിൽക്കാനായില്ല. അവൾ ഓടിച്ചെന്ന് സംഗീതയെ
കെട്ടിപിടിച്ചു.

“ചേച്ചി.. കരയല്ലേ, മനസിന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്.”

ആർഷ തന്നെ അമ്മുവിൻറെ കവിളിലെ കണ്ണുനീർ തുടച്ച ശേഷം അവളുടെ കൈയും പിടിച്ച്
തറവാട്ടിന് ഉള്ളിലേക്ക് നടന്നു.

“നമുക്ക് ചേച്ചിയുടെ മുറിയിലേക്ക് പോകാം.”

അമ്മു ആർഷയുടെ മുഖത്തേക്ക് നോക്കി.

“ചേച്ചി ഇവിടുന്ന് പോയിട്ടും ആ മുറി ഇതുവരെ വേറെ ആരും ഉപയോഗിച്ചിട്ടില്ല. അമ്മ
ഇടക്കിടെ വൃത്തിയാക്കി ഇടും.”

രണ്ടാമത്തെ നിലയിൽ ആയിരുന്നു ആർഷ പറഞ്ഞ അമ്മുവിൻറെ മുറി. കവിത ആർഷക്കൊപ്പം തടി
പടികൾ കയറി മുകളിലത്തെ നിലയിലെത്തി. അവളുടെ നോട്ടം ആദ്യം തന്നെ പതിച്ചത് ഇടതു
വശത്തായി കാണുന്ന മുറിയിലാണ്. വാതിൽ അടഞ്ഞു കിടക്കുകയാണ്. അപ്പുവിന്റേതാണ് ആ മുറി.

അമ്മുവിൻറെ നോട്ടം ആ മുറിയിലേക്ക് പതിഞ്ഞത് കണ്ട ആർഷ പറഞ്ഞു.

“ഏട്ടൻ വായന ശാലയിൽ പോയിരിക്കുകയാണ്.”

അമ്മു ഒന്ന് മൂളി.

“അപ്പുവേട്ടൻ ഇപ്പോൾ അധികം ആരോടും സംസാരിക്കാറില്ല. ഞങ്ങളോടും.. ചേച്ചി പോയതോടെ ആകെ
തകർന്നു ഏട്ടൻ. അമൂല്യ ചേച്ചിയുടെ കാര്യം കൂടിയായപ്പോൾ തകർച്ച പൂർണമായി.”

സംഗീതയുടെ മനസ്സിൽ പെട്ടെന്ന് താനും അപ്പുവും അമുല്യയും ഒരുമിച്ചുള്ള കോളേജിലെ ചില
നിമിഷങ്ങൾ ഓടിയെത്തി. ജീവിതത്തിൽ സന്തോഷം നിറഞ്ഞ മറന്നു പോകാത്ത ചില വർണ നിമിഷങ്ങൾ.

ചിന്തയിൽ ആഴ്ന്ന് നിൽക്കുന്ന സംഗീതയുടെ തോളിൽ ആർഷ കൈ കൊണ്ട് തട്ടി. അമ്മു
പെട്ടെന്ന് ഞെട്ടി ആർഷയുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ഒരു ചെറു ചിരിയോടെ
പറഞ്ഞു.

“പഴയ ചില ഓർമകളിലേക്ക് പോയി.”

ആർഷ ഒന്ന് മൂളി. എന്നിട്ട് മുന്നോട്ട് നടക്കുന്നതിമിടയിൽ പറഞ്ഞു.

“അപ്പുവേട്ടൻ ഇപ്പോൾ മിക്കപ്പോഴും യാത്രകളിൽ ആണ്. ഒരു ട്രാവൽ ബ്ലോഗ് ഉണ്ട്. അതിൽ
വീഡിയോസ് ഇടാറുണ്ട്.”

“ഞാൻ കാണാറുണ്ട് വീഡിയോസ്.. ആരും അധികം പോകാത്ത ഏകാന്തത നിറഞ്ഞ സ്ഥലങ്ങളാണ്
എല്ലാം.”

“ആ ഏകാന്തത ആണ് ഏട്ടൻ ഇപ്പോൾ ഏറ്റവും ഇഷ്ട്ടപെടുന്നതെന്ന് തോന്നുന്നു.”

അപ്പോഴേക്കും അവർ ഒരു മുറിയുടെ മുന്നിൽ എത്തി. ആർഷ വാതിൽ തള്ളി തുറന്നു.

മുറിക്കുള്ളിലേക്ക് കടന്ന സംഗീത മൊത്തത്തിൽ ഒന്ന് നോക്കി. നല്ല വൃത്തിയോടെ തന്നെ
സൂക്ഷിച്ചിരിക്കുന്നു. കട്ടിലും മെത്തയും പഴയതു തന്നെയാണ്.

അവൾ ആ ബെഡിലേക്ക് ഇരുന്നു. കൂടെ ആർഷയും. രണ്ടുപേരും കുറെ നേരത്തേക്ക് ഒന്നും
സംസാരിച്ചില്ല.

പണ്ട് ചില ദിവസങ്ങളിൽ സംഗീത രാത്രിയും തറവാട്ടിൽ തന്നെ തങ്ങുമായിരുന്നു. അന്നൊക്കെ
അവൾ ഉപയോഗിച്ചിരുന്ന മുറിയാണ് അത്.

പെട്ടെന്ന് സാവിത്രി അമ്മയുടെ ശബ്‌ദം അവരുടെ കാതുകളിൽ പതിച്ചു.

“മോളെ അമ്മു.. അച്ഛൻ വന്നു..ഒന്ന് താഴേക്ക് വാ.”

അപ്പുവിന്റെ അച്ഛൻ എത്തിയിരിക്കുന്നു. അമ്മു പെട്ടെന്ന് തന്നെ ആർഷക്കൊപ്പം താഴേക്ക്
നടന്നു.

അവർ ചെല്ലുമ്പോൾ വരാന്തയിലെ ചാര് കസേരയിൽ ഇരിക്കുകയാണ് അച്ഛൻ.

ഒരു വെള്ള ഷർട്ടും മുണ്ടും ആണ് വേഷം. തലയിലെ മുടി പാതിയും നരച്ചു
കഴിഞ്ഞിരിക്കുന്നു.

അവളെ കണ്ട വാസുദേവൻ പറഞ്ഞു.

“നീ ഇന്ന് വരുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.”

അവളൊന്നു മൂളി.

“സച്ചിൻ വന്നില്ലേ?”

“വന്നു, വീട്ടിൽ ഇരിക്കയാണ്.”

“ഇവിടെക്കെന്താ വരാഞ്ഞേ?”

അവളൊന്നും മിണ്ടിയില്ല.

“അപ്പുവിനെ പോലെ നീയും ഇപ്പോൾ സംസാരം കുറച്ചോ?”

സാവിത്രി പെട്ടെന്ന് പറഞ്ഞു.

“അടുക്കള വശത്തു നിന്ന അമ്മുവിനെ ഞാൻ പെട്ടെന്ന് ഇങ്ങോട്ട് വിളിക്കുവായിരുന്നു. അവൻ
അറിഞ്ഞില്ല ഇവൾ ഇങ്ങോട്ടു വന്ന കാര്യം.”

വാസുദേവൻ ഒന്ന് മൂളി.

“എത്ര ദിവസം ഇവിടെ കാണും?”

“ഇന്ന് തന്നെ പോകും.. സച്ചിയേട്ടന് ഓഫീസിൽ നിന്നും മാറി നിൽക്കാനാകില്ല.”

വാസുദേവൻ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

സംഗീത സച്ചിനോടൊപ്പം പോയതിനു ശേഷവും വാസുദേവൻ അവരെ കുറിച്ചുള്ള വിവരങ്ങൾ തിരക്കി
മനസിലാക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരിക്കലും നേരിട്ടു സംസാരിക്കാൻ
ശ്രമിച്ചിരുന്നില്ല. അമ്മുതന്നെ ഈ അടുത്ത കാലത്താണ് ലക്ഷ്മി അമ്മയെ ഫോണിൽ വിളിച്ച്‌
സംസാരിച്ച്‌ തുടങ്ങിയത്. അതെ തുടർന്ന് ഉണ്ടായത്‌ ആണ് നാട്ടിലേക്കുള്ള ഈ വരവും.

വാസുദേവൻ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

“നമുക്ക് അമ്മുവിൻറെ വീട്ടിലേക്ക് പോകാം.. സച്ചിനുമായി സംസാരിക്കയും ചെയ്യാല്ലോ.”

സംഗീതയുടെ മുഖത്ത് ചിരി വിടർന്നു. അച്ഛന് സച്ചിനോട് വിരോധം ഒന്നും
ഇല്ലാത്തതിനാലാണല്ലോ സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചത്.

.

.

രാത്രിയുടെ നിശബ്തതയെ കീറി മുറിച്ച് കൊണ്ട് ആദിത്യന്റെ ബുള്ളറ്റ് കിഴക്കയിൽ
തറവാടിന്റെ മുറ്റത്ത് വന്നു നിന്നു. ബുള്ളറ്റിൽ നിന്നും ഇറങ്ങിയ അവൻ ഇടറുന്ന
കാലുകളോടെ തറവാട്ട് പടികൾ ചവിട്ടി അകത്തേക്ക് കയറി. അപ്പോഴാണ് അവന്റെ കണ്ണുകൾ
വരാന്തയിലെ തിട്ടയിൽ തന്നെ നോക്കി ഇരിക്കുന്ന ആർഷയിൽ പതിച്ചത്.

മുന്നോട്ടു നടക്കാഞ്ഞാന അവന്റെ കാലുകൾ നിഛലം  ആയി. അവൻ പതുക്കെ അനിയത്തിയുടെ
അടുത്തേക്ക് നടന്നു.

“നീ എന്താ രാത്രി വെളിയിൽ ഇരിക്കുന്നത്?”

അവന്റെ വായിൽ നിന്നും വന്ന മദ്യത്തിന്റെ ഗന്ധം അവൾക്ക് വ്യക്തമായി മനസിലായി. പക്ഷെ
അതിപ്പോൾ ഒരു പതിവായതിനാൽ അവൾക്ക് പ്രത്യേകിച്ച്  ഒന്നും തോന്നിയില്ല.

“8 മണി കഴിഞ്ഞതല്ലേ ഉള്ളു.. ഞാൻ കുറച്ച് നോട്ട്സ് എഴുതുവായിരുന്നു.”

അവൻ ഒന്ന് മൂളിയ ശേഷം അകത്തേക്ക് കയറി പോയി.

ആർഷ മനസ്സിൽ ഓർത്തു.

തന്നെ കണ്ടത് കൊണ്ട് മാത്രമുള്ള ഒരു അന്വേഷണം. ഒരു ചോദ്യം, അതിൽ തീർന്നു എല്ലാം..
പണ്ടായിരുന്നെങ്കിൽ കൂടെ ഇരുന്നു കോളേജിലെ വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു.

തടിപ്പടികളിൽ അമർന്ന കാലടികളുടെ ശബ്‌ദം കേട്ട് വരാന്തയിലേക്ക് വന്ന സാവിത്രിഅമ്മ
ആർഷയോടു പറഞ്ഞു.

“ഉച്ചക്കും അവൻ ഒന്നും കഴിക്കാൻ വന്നില്ലല്ലോ.. എന്തെങ്കിലും വേണമോ എന്ന് ഒന്ന്
പോയി ചോദിച്ചേ നീ.”

ദിവസേനയുള്ള മദ്യ പാനത്തിന്റെ പേരിൽ വഴക്കുകൂടി അമ്മ ആദിത്യാനോട് മിണ്ടാതായിട്ട്
വർഷം ഒന്ന് കഴിഞ്ഞിരുന്നു.

റൂമിലെത്തി ഷർട്ട് ഊരി മാറ്റുന്നതിനിടയിൽ ആദിത്യൻ അലമാരിയിൽ കണ്ണാടിയിലേക്ക് ഒന്ന്
നോക്കി.

കണ്ണിൽ ചെറിയ ചുവപ്പു നിറം കലർന്നിരിക്കുന്നു. കുറ്റിതാടി എന്ന് പറയാനാകില്ല.
അതിനേക്കാളേറെ താടിക്ക് നീളം വച്ചിട്ടുണ്ട്. അവൻ കൈവിരലുകൾ ചുമ്മാ അതിലൂടെ ഒന്ന്
ഓടിച്ചു.

പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു. കണ്ണാടിയിൽ തനിക്ക് തൊട്ടു പിന്നിലായി
അമൂല്യയുടെ പ്രതിബിംബം. നിമിഷ നേരം കൊണ്ട് അവൻ പിന്തിരിഞ്ഞ് നോക്കി.

പക്ഷെ അവനു കാണാനായത് അനിയത്തി ആർഷയെ ആണ്.

അവന്റെ കണ്ണിൽ പെട്ടെന്ന് മിന്നിമറഞ്ഞ അദ്‌ഭുതം കണ്ട് അവൾ ചോദിച്ചു.

“എന്താ ഏട്ടാ?”

“ഏയ്.. ഒന്നുമില്ല.”

കൈയിൽ ഊരി എടുത്ത ഷർട്ട് കട്ടിലിലേക്ക് ഇട്ടുകൊണ്ട് അവൻ പിറുപിറുത്തു.

“മനസിലെ ചില സമയത്തെ തോന്നലുകൾ.”

“ഏട്ടന് ചോറ് എടുക്കട്ടേന്ന് അമ്മ ചോദിച്ചു.”

“കുറച്ച് കഴിഞ്ഞിട്ട് മതീന്ന് അമ്മയോട് പറ.”

തിരിച്ച്‌ വാതിൽ വരെ നടന്ന ആർഷ പെട്ടെന്ന് തിരിഞ്ഞു നിന്നു.

“ഏട്ടാ..”

അവനൊന്നു മൂളി.

“ഇന്ന് അമ്മുചേച്ചി ഇവിടെ വന്നിരുന്നു.”

മാറ്റി ഉടുക്കുവാനായി കൈലി എടുക്കാൻ അലമാര തുറന്ന ആദിത്യൻ നിഛലനായി തുറന്നുപിടിച്ച
അലമാരിക്കകത്തായി നോക്കി നിന്നു. തിരിഞ്ഞു നിൽക്കുന്നതിനാൽ അവന്റെ മുഖഭാവം എന്താണ്
എന്ന് ആർഷക്ക് മനസിലാക്കാനായില്ല.

“സച്ചി ഏട്ടനും കൂടെ ഉണ്ടായിരുന്നു. വൈകുന്നേരം തന്നെ അവർ തിരിച്ചു പോയി.”

അപ്പുവിൽ നിന്നും എന്തെങ്കിലും മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്‌ ആർഷ കുറച്ച്
നേരം അവിടെ നിന്നു. ഒന്നും കിട്ടാതായപ്പോൾ അവൾ അവിടെ നിന്നും നടന്നു.

ആർഷ പോയി എന്ന് മനസിലായ ആദിത്യൻ മാറി ഉടുക്കാൻ കൈലി എടുക്കാതെ അലമാര അടച്ചു
ജനലിനരികിലേക്ക് നടന്നു.

ജനലിന്റെ ആഴിയിൽ മുറുകെ പിടിച്ച്‌ പുറത്തേക്ക് നോക്കി നിന്ന അവനു ചെറു നിലാവിൽ
അമ്മുവിൻറെ വീട് കാണാം. ഇന്നും മാറ്റത്തിന്റെ അലകളൊന്നും അടിക്കാതെ നിൽക്കുന്ന
ഓടിട്ട ഒരു കുഞ്ഞു വീട്. പെട്ടെന്ന് അമ്മു മതിലിനരികിൽ നിന്ന് തന്നെ എത്തി
നോക്കുന്നതായി അവനു തോന്നി.

കണ്ണുകൾ ഇറുക്കി അടച്ച്‌ തുറന്ന് അവൻ വീണ്ടും അവിടേക്ക് നോക്കി. ഇല്ല.. അമ്മു അവിടെ
ഇല്ല. എല്ലാം തന്റെ തോന്നലുകൾ ആണ്.. ഇനി എന്റെ ആഗ്രഹങ്ങൾ ആണോ തോന്നലുകളായി മനസ്സിൽ
വരുന്നത്.

“അപ്പു നീ എഴുന്നേറ്റില്ല?.. അപ്പു നിനക്ക് ചായ എടുക്കട്ടേ?.. അപ്പു നമുക്കിന്ന്
ക്ഷേത്രത്തിൽ പോകണേ.. അപ്പു ഇനിയും നീ ആരോടെങ്കിലും അടി ഉണ്ടാക്കിയാൽ ഞാൻ മിണ്ടില്ല
കേട്ടോ.. അപ്പു ഞാൻ ഇന്ന് ഇവിടാ കിടക്കുന്നത് കേട്ടോ.”

അമ്മുവിൻറെ ഓരോ വാക്കുകളും അവന്റെ മനസിലൂടെ കടന്നു പോയി. ഇല്ല.. അവളുടെ സ്വരം പോലും
തനിക്ക് മറക്കാനായിട്ടില്ല.

ആദിത്യൻ കട്ടിലിലേക്ക് പോയിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു. കണ്ണിൽ നിന്നും ഊർന്നു
വീണ ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിൽ കൂടി താഴേക്ക് ഒലിച്ചിറങ്ങി ആരും
കാണാതിരിക്കുവാനെന്നവണ്ണം താടി ഇഴകൾക്കിടയിൽ അഭയം പ്രാവിച്ചു.

.

.

+2  നല്ല റാങ്കോടെ തന്നെയാണ് അപ്പുവും അമ്മുവും പാസ് ആയത്. തുടർന്ന് അവരുടെ
ഇഷ്ടപ്രകാരം സിവിൽ എഞ്ചിനീയറിംഗ് തന്നെ പഠിക്കാനും പോയി. രണ്ടുപേരും ഒരു
എഞ്ചിനീയറിംഗ് കോളേജിൽ തന്നെയാണ് അഡ്മിഷൻ എടുത്തത്. വീട്ടിൽ നിന്നും അര മണിക്കൂർ
യാത്ര കോളജിലേക്ക്.

കൂട്ടുകാർ ആദി എന്ന് വിളിക്കുന്ന ആദിത്യൻ എല്ലാപേരുമായും പെട്ടെന്ന് സൗഹൃദത്തിൽ
ആകുന്ന ഒരു സ്വഭാവക്കാരനായിരുന്നു. ക്ലാസ്സിലെ എന്ത് പരിപാടികൾക്കും മുന്നിൽ തന്നെ
കാണും. ആകെക്കൂടിയുള്ള ഒരു കുഴപ്പം പെട്ടെന്ന് ദേഷ്യം വരും എന്നുള്ളതായിരുന്നു.
അവനെപ്പോലെ തന്നെയായിരുന്നു സംഗീതയും. എല്ലാരുമായും പെട്ടെന്ന് കൂട്ടാകുകയും
ആക്ടിവിറ്റീസിൽ എല്ലാം മുന്നിൽ തന്നെ കാണുകയും ചെയ്യുമായിരുന്നു. അപ്പുവിൽ നിന്നും
അവൾക്കുള്ള വ്യത്യാസം എന്തെന്നാൽ പെട്ടെന്ന് ദേഷ്യം വരില്ല. എല്ലാം ഒരു തമാശ
രീതിയിൽ അവൾ മുന്നോട്ട് കൊണ്ട് പോകും.

കോളേജിൽ ചിലർ പറയുന്നത് സംഗീത അപ്പുവിന്റെ കാമുകി ആണെന്നാണ്, ചിലർ പറയുന്നത്
സൗഹൃത്തുക്കൾ ആണെന്നും. ആരെങ്കിലും അവരോടു അതേപ്പറ്റി ചോദിച്ചാൽ നിങ്ങൾക്ക് എന്ത്
തോന്നുന്നു അത് തന്നെയാണെന്നാണ് അവരുടെ മറുപടി.

ഇപ്പോൾ  പഠനം മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സ്വന്തം മോളെപോലെ
തന്നെയായിരുന്നു സംഗീതയെയും വാസുദേവൻ കണ്ടിരുന്നത്. ഒരിക്കലും ഒന്നിലും ഒരു കുറവ്
അറിഞ്ഞ് വളരുവാൻ വാസുദേവൻ അവളിൽ സാഹചര്യം ഒരുക്കിയിരുന്നില്ല.

“സംഗീതേ.. ആദി ഇലെക്ട്രോണിക്സിലെ ജിത്തുമായി അടി ഉണ്ടാക്കി എന്ന് കേൾക്കുന്നു.”

ലഞ്ച് ബോക്സ് കഴുകികൊണ്ടുവന്ന് ബാഗിലേക്ക് വയ്ക്കുകയായിരുന്ന സംഗീത രമ്യയുടെ ശബ്‌ദം
കേട്ട് തിരിഞ്ഞ് നോക്കി.

“നിന്നോടാരാ പറഞ്ഞത്?”

“അച്ചു ആണ് പറഞ്ഞത്. അവൻ അടി നടക്കുന്നിടത്ത് ഉണ്ടായിരുന്നെന്ന്.”

സംഗീത നെറ്റിയിൽ കൈ ഊന്നി അവിടേക്ക് ഇരുന്നു.

“ഇവനെ കൊണ്ട് തോറ്റു ഞാൻ. കുറച്ചു നാളായി കുഴപ്പത്തിനൊന്നും
പോകാതിരിക്കുകയായിരുന്നു.”

തന്റെ അറിവ് പൂർണമാക്കാനായി രമ്യ പറഞ്ഞു.

“പ്രശാന്തിനെ എന്തോ കാര്യമായിട്ടാണ് അടി ഉണ്ടാക്കിയെന്നതെന്നാണ് അറിഞ്ഞത്.”

ക്ലാസ്സിന്റെ വാതിലിനടുത്തേക്ക് ആരൊക്കെയോ ഉച്ചത്തിൽ സംസാരിച്ച് വരുന്നതിന്റെ ബഹളം
കേട്ട് സംഗീതയും രമ്യയും ഒരേ സമയം അവിടേക്ക് നോക്കി.

ആദിത്യനും അവന്റെ കൂട്ടുകാരും നടന്ന വരുന്നതിന്റെ ബഹളമാണ് അവർ കേട്ടത്.

അവനെ കണ്ട ഉടനെ തന്നെ രമ്യ സംഗീതയുടെ അടുത്ത് നിന്നും പിൻവലിഞ്ഞു.

ക്ലാസ്സിലേക്ക് കയറിയ ആദിത്യൻ കൈ കുടഞ്ഞ്  കൊണ്ട് ഗൗരവത്തിൽ സംസാരിക്കുന്നതിനിടയിൽ
ആണ് തന്നെ തുറിച്ച് നോക്കി ഇരിക്കുന്ന സംഗീതയെ ശ്രദ്ധിക്കുന്നത്.

“അളിയാ, പണി കിട്ടി എന്നാണ് തോന്നുന്നത്.. അമ്മു എന്തോ അറിഞ്ഞിട്ടുണ്ട്.”

പ്രശാന്ത് സംഗീതയെ നോക്കിയപ്പോൾ അവൾ തുറിച്ച് നോക്കികൊണ്ട്‌ ഇരിക്കുകയാണ്.
ദേഷ്യത്തിൽ അവളുടെ കവിളുകൾ രണ്ടും ചുവന്നിട്ടുണ്ട്.

പ്രശാന്തിന്റെ മുഖത്ത് ചെറുതായി ചിരി പരന്നു.

ആദിത്യന്റെ സ്വഭാവത്തെ കുറിച്ച് എല്ലാപേർക്കും അറിയാവുന്നതാണ്.എല്ലാരോടും
പെട്ടെന്ന് സൗഹൃതത്തിലാകും. എന്നാൽ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും.
മനസിലുള്ളത് ആരുടെ മുഖത്ത് നോക്കിയും വെട്ടി തുറന്ന് പറയും.ആരുടെ മുന്നിലും
താഴ്ന്ന് കൊടുക്കാറില്ല. സംഗീതയുടെ മുന്നിലൊഴികെ.

ഒരു ചിരിയോടെ പ്രശാന്ത് പറഞ്ഞു.

“കഴിഞ്ഞ പ്രവിശ്യത്തത്ര കലിപ്പിലല്ല. എന്തായാലും നീ അങ്ങോട്ട് ചെല്ല്. അല്ലെങ്കിൽ
അവൾ നിന്നെ നോക്കി ദഹിപ്പിക്കും.”

പ്രശാന്തിന്‌ ഒരു ചിരി മറുപടി ആയിനൽകികൊണ്ട് ആദിത്യൻ സംഗീതയുടെ അടുത്തിരിക്കുന്ന
തന്റെ ബാഗിനടുത്തേക്ക് നടന്നു.

ബാഗിന്റെ സിപ് തുറക്കുന്നതിനിടയിൽ അവൻ സംഗീതയോടു ചോദിച്ചു.

“നീയെന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നത്?”

അപ്പോഴും രൂക്ഷമായ ഒരു നോട്ടം തന്നെയായിരുന്നു അവളുടെ മറുപടി.

“നീ കഴിച്ചായിരുന്നോ?”

എടുത്തടിച്ചപോലെ അവളുടെ മറുപടി വന്നു.

“ഇല്ല.. നീ അടിയൊക്കെ ഉണ്ടാക്കി മടങ്ങി വരുന്നത് വരെ ഞാൻ കഴിക്കാതെ നിനക്ക് വേണ്ടി
കാത്തിരിക്കാം.”

ക്ലാസ്സിലേക്ക് കയറി വരുമ്പോൾ രമ്യ സംഗീതയുടെ അടുത്ത് നിന്നും നടന്ന് പോകുന്നത് ആദി
കണ്ടിരുന്നു. അതുകൊണ്ട് തന്നെ  ഈ ന്യൂസ് ഇത്ര പെട്ടെന്ന് സംഗീതയുടെ ചെവികളിൽ
എത്തിച്ചത് ക്ലാസ്സിലെ മെയിൻ ന്യൂസ് റിപ്പോർട്ടർ ആയ രമ്യ തന്നെയാണെന്ന് അവനു
ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

ആദി പെട്ടെന്ന് രമ്യയെ നോക്കി. അവന്റെ നോട്ടം തന്റെ നേരെ ആണെന്നറിഞ്ഞ രമ്യ
പെട്ടെന്ന് അമൂല്യയുടെ അടുത്തേക്ക് കയറി തല താഴ്ത്തി ഇരുന്നു.

രമ്യയുടെ പരുങ്ങൽ കണ്ടു അമൂല്യ ചോദിച്ചു.

“എന്ത് പറ്റിയെടി?”

“പണി കിട്ടിയെന്നാണ് തോന്നുന്നേ..”

അമൂല്യ അവളുടെ മുഖത്ത് തന്നെ എന്താ എന്നുള്ള അർഥത്തിൽ നോക്കി.

“ആദി ജിത്തുമായി അടി ഉണ്ടാക്കിയ കാര്യം സംഗീതയോടു പറഞ്ഞത് ഞാനാണെന്ന് അവനു
മനസിലായെന്ന് തോന്നുന്നു.”

അമൂല്യ തല ചരിച്ച് ആദിത്യനെ നോക്കി.

സംഗീത രൂക്ഷ ഭാവത്തിൽ ആദിത്യനെ നോക്കി ഇരിക്കുകയാണ്. അവൻ അതെ ഭാവത്തോടെ തന്നെ
രമ്യയെ നോക്കുന്നു.

ആ രംഗം കണ്ട് അമൂല്യയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.

“നിനക്കിത് അവളോട് പോയി പറയേണ്ട വല്ല ആവിശ്യവും ഉണ്ടായിരുന്നോ?”

“എന്തായാലും സംഗീത ഇതറിയും.. അപ്പോൾ അവളെ ആദ്യം അറിയിച്ച ക്രെഡിറ്റ്
എനിക്കിരിക്കട്ടെ എന്ന് വിചാരിച്ചു.”

“അങ്ങനാണേൽ അവന്റെയിൽ നിന്നും കിട്ടുന്നത് എന്താന്ന് വച്ചാൽ അതും കൂടി വാങ്ങിക്കോ.”

“അവൻ എല്ലാരുടെയും മുന്നിൽ വച്ച് ചീത്തവിളിക്കുമോടി?”

രമ്യയുടെ സ്വരത്തിലെ ദയനീയത അമുല്യയിൽ ചിരി ഉണർത്തി.

“നീ പേടിക്കണ്ട, സംഗീത എപ്പോൾ ദേഷ്യത്തിൽ ആണ്. അതുകൊണ്ട് ആദി ഇപ്പോൾ സൈലന്റ് ആയി
ഇരിക്കാനാണ് സാധ്യത കൂടുതൽ.”

തന്റെ വാക്കുകൾ രമ്യയുടെ മുഖത്തു ചെറുതായി ആശ്വാസം നിറയ്ക്കുന്നത് അമുല്യക്ക്
മനസിലാക്കാനായി.

“നീ എന്തിനാ അവളെ തുറിച്ച് നോക്കുന്നത്?”

സംഗീതയുടെ വാക്കുകൾ ചെവിയിൽ പതിഞ്ഞപ്പോൾ ആദി ഒന്നും മിണ്ടാതെ ലഞ്ച് ബോക്സ് തുറന്ന്
അവളുടെ അരികിലേക്ക് ഇരുന്നു.

“നിന്നെ കൊണ്ട് ഞാൻ സഹികെട്ടു കേട്ടോ. കുറച്ച നാളായി പ്രശ്നം ഒന്നും ഇല്ലായിരുന്നു.
ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.”

ഈ സമയത്ത് തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ അതിനും കൂടി കേൾക്കേണ്ടി വരുമെന്ന്
അറിയാവുന്നതിനാൽ ആദി നിശബ്ദത പാലിച്ചു.

ലഞ്ച് ബോക്സിലെ ചോറ് കറി കൂട്ടി ഞവിടിയ അവൻ പെട്ടെന്ന് കൈ കുടഞ്ഞു.

അവന്റെ കൈയിലേക്ക് നോക്കികൊണ്ട്‌ സംഗീത ചോദിച്ചു.

“എന്താടാ?”

“ഒന്നുമില്ല.”

സംഗീത അവന്റെ കൈ പിടിച്ച് നോക്കി.

വലതു കൈയിലെ തള്ളവിരലും ചൂണ്ടു വിരലും ചെറുതായി നീരാടിച്ച് ഇരിക്കുന്നു.

സംഗീത അവന്റെ മുഖത്തേക്ക് നോക്കി.

തല കുനിച്ച് കൊണ്ട് അവൻ പറഞ്ഞു.

“സോറി.. ഇത് അവസാനത്തേത് ആണ്. ഇനി അടി ഉണ്ടാക്കില്ല.”

“ഇത് നിന്റെ അടുത്ത് നിന്നും ഞാൻ കുറെ കേട്ടതാണ്.”

അവന്റെ മുന്നിലിരുന്ന ലഞ്ച് ബോക്സ് സംഗീത തന്റെ കൈകളിലേക്ക് എടുത്തു.

“അടിയും ഉണ്ടാക്കി കൈയും നീരാക്കി വന്നേക്കുവാണ്..”

അവൾ ചോറ് വാരി അവന്റെ നേരെ നീട്ടി. ആദി ഒരു ചിരിയോടെ അത് വായ്ക്കുള്ളിലാക്കി.

“ഒന്ന് രണ്ടു തവണ വാണിംഗ് കൊടുത്തിട്ടും പ്രശാന്തിന്റെ അനിയത്തിയുടെ പിറകെ
നടക്കുകയാണ് ജിത്തു. അത് ചോദിക്കാൻ പോയപ്പോഴാ അടി ആയത്.”

“നിനക്ക് എല്ലാത്തിനും കാരണങ്ങൾ ഉണ്ടല്ലോ.”

“അമ്മു.. പ്രശാന്ത് എന്റെ കൂട്ടുകാരനല്ലേ. ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയാൽ അവൻ
നോക്കി നിൽക്കുമെന്ന് നിനക്ക് തോന്നുണ്ടോ? അപ്പോൾ അവന്റെ അനിയത്തിക്ക് ഒരു പ്രശ്നം
ഉണ്ടാകുമ്പോൾ ഞാനും ഇടപെടണ്ടേ.”

സംഗീത മറുപടി ഒന്നും നൽകാതെ ഒരു ഉരുള ചോറുകൂടി അവന്റെ വായിലേക്ക് വച്ച് കൊടുത്തു.

ഡെസ്കിൽ തല ചേർത്ത് വച്ച് ഇതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു അമൂല്യ.

“കുറച്ച് മുൻപ് അവനെ ഇപ്പോൾ കൊല്ലും എന്ന ഭാവത്തിൽ നിന്ന പെണ്ണാണ്..  ഇപ്പോൾ
നോക്കിക്കേ അവനു ചോറ് വാരി കൊടുക്കുന്നു.”

രമ്യയുടെ വാക്കുകൾ കേട്ട അമൂല്യ ചെറുതായി ചിരിച്ചു.

“അതാണ് അവർ തമ്മിലുള്ള സ്നേഹം.. കുറച്ച് മുൻപ് ദേഷ്യപ്പെട്ടതും അവനോടുള്ള സ്നേഹം
കൊണ്ടാണ്, ഇപ്പോൾ ചോറ് വാരി കൊടുക്കുന്നതും അവനോടുള്ള സ്നേഹം കൊണ്ടാണ്.”

“എന്തായാലും ദേഷ്യത്തിൽ ആണെങ്കിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.
കവിളൊക്കെ ചുവന്ന്, കണ്ണൊക്കെ വിടർന്ന്,… സൗന്ദര്യത്തിന്റെ കാര്യത്തിൽ ഈ ക്ലാസ്സിൽ
നിനക്കൊരു എതിരാളി ഉണ്ടെങ്കിൽ അത് സംഗീത തന്നെയാണ്.”

സംഗീതയെയും അമുല്യയെയും കാണുവാൻ അതീവ സുന്ദരികളാണ്. കാണുവാൻ ഒന്നിനൊന്നു മെച്ചം.
വെളുത്തു തുടുത്ത രണ്ടു സുന്ദരികൾ. സംഗീതയ്ക്ക് അമുല്യയേക്കാൾ സ്വല്പം മാത്രം വണ്ണം
കൂടുതൽ ഉണ്ടെന്നു മാത്രം. നല്ല നീളമുള്ള മുടിയാണ് ഇരുവർക്കും ഉള്ളത്.

“അവർ തമ്മിലുള്ള ബന്ധം എന്താണെന്നാണ് നിനക്ക് തോന്നുന്നത്. ഫ്രണ്ട്ഷിപ് ആണോ ലവ്
ആണോ?”

രമ്യയുടെ ചോദ്യത്തിന് തെല്ലൊന്ന് ആലോചിക്കപോലും ചെയ്യാതെ അമൂല്യ ഉത്തരം നൽകി.

“അവന്റെ സഹോദരി ആണ് സംഗീത.”

“സഹോദരിയോ?”

“ഒരു രക്തത്തിൽ പിറന്നിലെങ്കിലും അങ്ങനെയും ചില സാഹോദര്യ ബന്ധങ്ങൾ ഉണ്ട്. മനസ്സിൽ
ഒരു കളങ്കവും ഇല്ലാത്ത ബന്ധങ്ങൾ.

ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.

“പക്ഷെ അങ്ങനെ ഉള്ളവരെ കണ്ടെത്താൻ പ്രയാസം ആണെന്ന് മാത്രം.”

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് എല്ലാരും പുറത്തേക്ക് നടക്കുകയായിരുന്നു.

ബൈക്കിനടുത്തെത്തിയ ആദി പോക്കറ്റിൽ നിന്നും ചാവി എടുത്തപ്പോൾ സംഗീത ചോദിച്ചു.

“എന്ത് ചെയ്യാൻ പോകയാണ്?”

ആദി അവളെ തിരിഞ്ഞ് നോക്കികൊണ്ട്‌ ചോദിച്ചു.

“വീട്ടിൽ പോകണ്ടേ?”

“ഈ കൈയും വച്ചാണോ നീ ബൈക്ക് ഓടിക്കാൻ പോകെന്നെ?”

“ഏയ്.. അതൊന്നും പ്രശ്നമില്ല. ചെറിയ നീരല്ലേ ഉള്ളു.”

“അങ്ങനെ നീ ഇപ്പോൾ ആ കൈയും വച്ച് ബൈക്ക് ഓടിക്കണ്ട, ഞാൻ ഓടിച്ചോളം.”

സംഗീത അവന്റെ കൈയിൽ നിന്നും ചാവി പിടിച്ച് വാങ്ങിയ ശേഷം ബാഗ് അവന്റെ നേരെ നീട്ടി.
ആദി ഒരു ചിരിയോടു കൂടി ബാഗ് അവളുടെ കൈയിൽ നിന്നും വാങ്ങി.

കഴിഞ്ഞ രണ്ടു വർഷവും അവർ ബസിലായിരുന്നു കോളജിലേക്ക് വന്ന് കൊണ്ടിരുന്നത്. ലൈസൻസ്
എടുത്ത ഉടൻ ബൈക്ക് വേണമെന്ന് അപ്പു വീട്ടിൽ ബഹളം വച്ച് തുടങ്ങി. വാസുദേവന് ബൈക്ക്
വാങ്ങി കൊടുക്കുവാൻ വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എന്നാൽ അപ്പുവിനെ
സപ്പോർട്ട് ചെയ്ത് തിങ്ങി ഞെരുങ്ങിയുള്ള ബസിലെ യാത്ര ബുദ്ധിമുട്ടാണെന്ന് സംഗീതകൂടി
പറഞ്ഞപ്പോൾ മനസില്ല മനസോടെയാണ് വാസുദേവൻ ഒരു പൾസർ ബൈക്ക് ആദിക്ക് വാങ്ങി കൊടുത്തത്.
അങ്ങനെ മൂന്നാമത്തെ അധ്യയന വര്ഷം മുതൽ അവർ കോളജിലേക്ക് ബൈക്കിൽ വന്നു തുടങ്ങി. ആദി
തന്നെയാണ് സംഗീതയെ ബൈക്ക് ഓടിക്കുവാൻ പഠിപ്പിച്ചത്. അവളും ടു വീലർ ലൈസൻസ്
എടുത്തിട്ടുണ്ട്. പക്ഷെ സംഗീത ബൈക്ക് ഓടിക്കുന്നത് വാസുദേവന് ഇഷ്ട്ടമല്ല.
എന്തെങ്കിലും അപകടം പറ്റുമോ എന്നുള്ള പേടി ആണ്. അമ്മു ബൈക്ക് ഓടിക്കുന്നത് കണ്ടാൽ
വാസുദേവൻ അവളെ ഒന്നും പറയാറില്ല. ആദിക്ക് ആണ് വഴക്ക് കിട്ടുന്നത്.

സംഗീത ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ ആദി അവളുടെ ബാഗ് അവർക്ക് ഇടയിൽ വച്ച ശേഷം
അവളുടെ ഇടുപ്പിൽ കൈ കൊണ്ട് ചുറ്റിപിടിച്ചിരുന്നു. കോളേജ് കവാടം കഴിഞ്ഞ് പുറത്തേക്ക്
പോകുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ അവൾ ബൈക്ക് സാവധാനം ഓടിച്ചു പോയി. ചിലരൊക്കെ
അവരുടെ യാത്ര കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മെയിൻ റോഡിലേക്ക് കയറിയതും
അവൾ വേഗത കൂട്ടി.

ബൈക്കിൽ പോവുകയായിരുന്ന ജിത്തുവിനെ ഓവർ ടേക്ക് ചെയ്തു സംഗീത പോയപ്പോൾ അവന്റെ
പിന്നിൽ ഇരുന്നിരുന്ന ജിതിൻ പറഞ്ഞു.

“നീ മായയുടെ പിറകെ നടക്കുന്നു എന്നും പറഞ്ഞ് ഇന്ന് നിന്നെ അടിക്കാൻ വന്നവനാണ് ദാ
അവളുടെ പിന്നിൽ ഇരുന്നു പോകുന്നത്. അവനു എന്തും ആകാം.”

ബൈക്ക് ഓടിച്ച്‌ കൊണ്ടിരുന്ന ജിത്തു അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“അല്ലെങ്കിലും ആ സംഗീത ഒരു പോക്ക് കേസ് ആണെന്നാണ് തോന്നുന്നത്. ഏതു സമയവും അവന്റെ
തോളിൽ തന്നെ ആണ്. അവന്റെ കൈ ആണെങ്കിൽ അവളുടെ വേണ്ടാത്തിടത്തൊക്കയും.”

“ഡാ.. വെറുതെ അവരെ കുറിച്ച് വേണ്ടാത്ത അനാവശ്യങ്ങൾ പറയരുത്.”

ജിതിൻ ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു.

“നീയെന്താടാ അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത്?”

“നീ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞിട്ട്. ഹൈ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട്
എനിക്കവരെ അറിയാം. ഞങ്ങൾ ഒരു ക്ലാസ്സിൽ അല്ലെങ്കിലും ഒരു സ്കൂളിൽ പഠിച്ചവരാണ്. ഒരേ
നാട്ടുകാരും. അവന്റെയും അവളുടെയും വീട്ടുകാർ ഒരേ കുടുംബം പോലെ കഴിയുന്നവർ ആണ്.
അതുകൊണ്ട് നീ അവരെ കുറിച്ച് ഇല്ലാത്ത അനാവശ്യം ഉണ്ടാക്കി പറയരുത്.”

“ജിത്തുവിന്റെ മറുപടി കേട്ട ജിതിൻ നിശബ്തനായി.

“ഡാ ജിതിനെ ഞാൻ ആദിത്യന്റെ കൂട്ടുകാരന്റെ പിറകെ നടന്നപ്പോൾ അവൻ ചോദിക്കാൻ വന്നു.
എന്റെ പെങ്ങളുടെ പിറകെ ഒരുത്തൻ നടന്നാൽ നീയും ചോദിക്കാൻ പോകില്ലേ?”

ഉച്ചക്ക് അടിക്കാൻ വന്ന ഒരുത്തനെ സപ്പോർട്ട് ചെയ്ത് ജിത്തു സംസാരിക്കുന്നത് കേട്ട്
വാ പൊളിച്ച് ഇരിക്കാൻ മാത്രമാണ് ജിതിന് കഴിഞ്ഞത്.

“ഡാ.. അപ്പു.”

തണുത്ത കാറ്റേറ്റ് ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന ആദി സംഗീതയുടെ വിളി
കേട്ടില്ല.

കുറച്ച് കൂടി ഉച്ചത്തിൽ അവൾ വിളിച്ചു.

“ഡാ.. നാറി.”

മുഖത്തേക്ക് പാറി കിടന്നിരുന്ന അവളുടെ മുടി ഒതുക്കികൊണ്ട് അവൻ ചോദിച്ചു.

“എന്താടി?”

“ഓഹ്.. അപ്പോൾ വിളിക്കേണ്ട പോലെ വിളിച്ചാൽ വിളി കേൾക്കും അല്ലെ?”

ആദി ടോപിനു മുകളിൽ കൂടി അവളുടെ ഇടുപ്പിൽ ചെറുതായി നുള്ളി.

“ഡാ..ഡാ.. ചുമ്മാതിരി, ബാലൻസ് പോകും.”

അവൻ ഒരു ചെറു ചിരിയോടെ അവളുടെ തോളിൽ താടിയെല്ല് അമർത്തി ചേർന്ന് ഇരുന്നു.

“അപ്പു.. നീ ഇന്ന് അമൂല്യ ഇട്ടിരുന്ന ചുരിദാർ ശ്രദ്ധിച്ചായിരുന്നോ?

“ഓഹ്.. ഞാൻ ഒന്നും ശ്രദ്ധിച്ചില്ല. ആ ജാഡ പെണ്ണിനെ ആര് നോക്കാനാണ്.”

“ജാഡ പെണ്ണോ?”

“അഹ്.. അവൾ വാ തുറന്ന് സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.”

“അത് നീ അവളോട് കൂട്ട് കൂടാഞ്ഞിട്ടാണ്. നമ്മളൊന്ന് അടുത്താൽ അവൾ ഒടുക്കത്തെ
സംസാരമാണ്.”

അവൻ അലക്ഷ്യമായി ഒന്ന് മൂളുകമാത്രം ചെയ്തു.

“അവൾ പിന്നിട്ട ചുരിദാർ എനിക്കിഷ്ടമായി, എനിക്കതിന്റെ ചുവപ്പ് മോഡൽ ഒരെണ്ണം
വാങ്ങണം.”

“ഇതെന്താ ഇപ്പോൾ പെട്ടെന്ന് ചുരിദാർ വാങ്ങാൻ ഒരു ആഗ്രഹം.”

“എന്റെയിലിപ്പോൾ കൂടുതലും ജീൻസും ടോപ്പും ആണെടാ. ആ ചുരിദാർ കണ്ടപ്പോൾ ഇഷ്ട്ടമായി.
അതുകൊണ്ട് പറഞ്ഞതാണ്.”

അവനൊന്നു മൂളി.

“എന്തുവാ മൂളുന്നത്. നീ എനിക്ക് വാങ്ങി തരുമോ ഇല്ലയോ?”

അവളുടെ തോളിൽ നിന്നും തല ഉയർത്തിക്കൊണ്ട് ആദി പറഞ്ഞു.

“വാങ്ങി തരാം എന്റെ കൊച്ചെ.”

അവന്റെ മറുപടി സംഗീതയുടെ മുഖത്ത് ചിരി നിറച്ചു.

എല്ലാ മാസവും വാസുദേവൻ കുറച്ച് പൈസ അപ്പുവിന്റെ കൈയിൽ ഏൽപ്പിക്കും. അവനും
സംഗീതക്കും ഉള്ള ചിലവിനുള്ള പൈസ ആണ് അത്. കൂടുതൽ എന്തെങ്കിലും പൈസയുടെ ആവിശ്യം
വന്നാൽ സാവിത്രി അമ്മയോട് ചോദിച്ച് വാങ്ങണം. വാസുദേവൻ നൽകുന്ന പൈസ മുഴുവൻ അവൻ
കൈയോടെ സംഗീതയെ ഏൽപ്പിക്കും. എന്നിട്ട് ആവശ്യാനുസരണം അവളുടെ കൈയിൽ നിന്നും ചോദിച്ച്
വാങ്ങും. അതാണ് പതിവ്. ആദിക്ക് നല്ലപോലെ അറിയാം പൈസ തന്റെ കൈയിൽ ഇരുന്നാൽ
കൂട്ടുകാരുമായി ചേർന്ന് പൊട്ടിച്ചു തീർക്കുമെന്ന്. അതിനാലാണ് അവൻ അങ്ങനെ
ചെയ്യുന്നത്.

കോളേജിൽ പോയി തുടങ്ങിയതിനു ശേഷം അപ്പുവും അമ്മുവും അവർക്ക് വേണുന്ന ഡ്രസ്സ്
രണ്ടുപേരും കൂടി പോയി എടുക്കയാണ് പതിവ്. അതിനാലാണ് സംഗീത ഇപ്പോൾ ആദിയോട് അങ്ങനൊരു
ആവിശ്യം ഉന്നയിച്ചത്.

അപ്പുവിന്റെ അനക്കം ഒന്നും കേൾക്കാത്തതിനാൽ സംഗീത ചോദിച്ചു.

“നീ എന്തും ചിന്തിച്ച് ഇരിക്കയാടാ?”

ആദി വീണ്ടും അവളുടെ തോളിലേക്ക് തല അമർത്തി.

“നീ പറഞ്ഞ നീല ചുരിദാറിൽ ഇന്ന് അമുല്യയെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നല്ലേ?”

സംഗീത പെട്ടെന്ന് ബ്രേക്ക് പിടിച്ച ശേഷം ആക്‌സിലേറ്റർ കൂട്ടി ബൈക്ക് മുന്നിലേക്ക്
എടുത്തു.

അവളുടെ പ്രവർത്തിയിൽ പെട്ടെന്ന് പിന്നിലേക്ക് ആഞ്ഞ ആദി വീഴാതിരിക്കാനായി സംഗീതയുടെ
വയറിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

“എന്നതാടി കാണിക്കുന്നേ?”

“നീ ആ ജാഡ പെണ്ണിനെ നോക്കിയില്ല.. പക്ഷെ അവൾ ഇട്ടിരുന്നത് നീല ചുരിദാർ ആണെന്നും
അറിയാം അതിൽ അവൾക്ക് നല്ല ഭംഗി ഉണ്ടെന്നും മനസിലായി അല്ലെ?”

അവൻ ചെറിയൊരു ജാള്യതയോടെ കണ്ണുകൾ ഇറുക്കി അടച്ചു.

“ഈ ഇടയായുള്ള നിന്റെ നോട്ടമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.”

അവൻ മനസിലാകാത്തപോലെ ചോദിച്ചു.

“എന്ത് നോട്ടം?”

അവൾ കണ്ണാടിയിൽ കൂടി അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസിലായി എന്നാണ് എന്റെ വിശ്വാസം.”

അത് കേട്ടതോടെ പരാജയം സമ്മതിച്ചവനെപോലെ അവൻ പിന്നെ ഒന്നും മിണ്ടിയില്ല.

ബൈക്ക് ജംഗ്‌ഷനിൽ നിന്നും വലത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ ആദി പറഞ്ഞു.

“ഇനി ഞാൻ ഓടിച്ചോളം.. നീയാണ് ബൈക്ക് ഓടിച്ചതെന്ന് അച്ഛൻ അറിഞ്ഞാൽ എനിക്കാണ് കിട്ടാൻ
പോകുന്നത്.”

“വഴക്ക് കിട്ടുന്നെങ്കിൽ അങ്ങ് സഹിച്ചോ.. അടിയുണ്ടാക്കി കൈ നീര് വരുത്തിയിട്ടല്ലേ
ഞാൻ ബൈക്ക് എടുത്തത്.”

അവൻ ആകാശത്തേക്ക് നോക്കി പറഞ്ഞു.

“എന്റെ ശവം എടുക്കാനായിട്ടാണോ ഈശ്വര ഈ ജന്തുവിനെ എന്റെ അടുത്തേക്ക് പറഞ്ഞു
വിട്ടത്?”

അവന്റെ ആത്മഗതം കേട്ട് അമ്മുവിൻറെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.

സംഗീത കിഴക്കയിൽ തറവാടിന്റെ മുന്നിൽ ബൈക്ക് നിർത്തുമ്പോൾ ആർഷ ക്ലാസ് കഴിഞ്ഞ് വന്ന്
വെളിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.

ബൈക്കിൽ നിന്നും പെട്ടെന്ന് ഇറങ്ങിയ ആദി ശബ്‌ദം താഴ്ത്തി ആർഷയോടു ചോദിച്ചു.

“അച്ഛൻ ഉണ്ടോ അകത്ത്?”

അവന്റെ ചോദ്യത്തിന്റെ കാരണം മനസിലായ ആർഷ ചിരിയോടെ പറഞ്ഞു.

“ഞാൻ വന്നപ്പോഴേ അച്ഛൻ ഇവിടില്ല.”

ആദി ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.

“ഓഹ്.. സമാധാനം ആയി.”

അമ്മു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോഴേക്കും സാവിത്രി അമ്മ അവിടേക്ക് വന്നു.

“മോളെ.. ചായ കുടിച്ചിട്ട് പോ.”

“ഞാൻ ഡ്രസ്സ് മാറീട്ടു വരാം… ഇന്നെന്താ കടി?”

ഒരു ചിരിയോടെ സാവിത്രി അമ്മ പറഞ്ഞു.

“അച്ചപ്പവും ഉണ്ട് നെയ്യപ്പവും ഉണ്ട്.”

“ഒരൊറ്റ നെയ്യപ്പമേ ഉള്ളു. അതിൽ ആരും കണ്ണ് വയ്‌ക്കേണ്ട.”

ആർഷയുടേതായിരുന്നു ആ ശബ്‌ദം.

അവളുടെ കൈയിൽ പിടിച്ച് ഒരു കൊഞ്ചലോടെ അമ്മു പറഞ്ഞു.

“ഫിഫ്റ്റി ഫിഫ്റ്റി.”

“നടക്കില്ല ചേച്ചി.”

“നാളെ ഞാൻ കിറ്റ് ക്യാറ്റ് വാങ്ങിക്കൊണ്ടു വരാം.”

ആർഷ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.

“പറ്റിക്കരുത്.”

“ഇല്ലന്നെ.”

ആർഷയുടെ മുഖം ചിരിയിൽ പ്രകാശിച്ചു.

“എങ്കിൽ ഓക്കേ.. ഫിഫ്റ്റി ഫിഫ്റ്റി.”

ആർഷയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവൾ ആദിയുടെ നേരെ കൈ നീട്ടി.

“ബാഗ് താടാ.. ഞാൻ ഡ്രസ്സ് മാറീട്ടു വരാം.”

ബാഗ് അവൾക്ക് കൈ മാറികൊണ്ട് അവൻ പറഞ്ഞു.

“ഉച്ചക്ക് ശേഷമുള്ള നോട്ട് ഒന്നും  ഞാൻ എഴുതിയിട്ടില്ല. അതൊന്ന് വന്ന് എഴുതി തരണേ.”

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.

“അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.”

അതിനു മറുപടി നൽകാതെ വീട്ടിനു ഉള്ളിലേക്ക് നടക്കുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി
ഉണ്ടായിരുന്നു. കാരണം അവനു അറിയാം രാത്രി അമ്മു തന്നെ വന്ന് നോട്ട് എഴുതി
തരുമെന്ന്.

.                             .                              
.                               .                               .

മായ ബസിറങ്ങി കോളജിലേക്ക് കൂട്ടുകാരികൾക്കൊപ്പം നടക്കുകയായിരുന്നു.

മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റെർ ഉള്ളിലേക്കാണ് കോളേജ്. അത് കൊണ്ട് തന്നെ
എല്ലാപേരും മെയിൻ റോഡിൽ ബസിറങ്ങി നടന്നു കോളജിലേക്ക് പോകുകയാണ് പതിവ്.

മെയിൻ റോഡിൽ നിന്നും കോളേജ് റോഡിലേക്ക് കയറുമ്പോൾ തന്നെ അവിടൊരു ബേക്കറി ഉണ്ട്.
കോളേജ് പയ്യന്മാരുടെ പുകവലി കേന്ദ്രമാണ് ആ ബേക്കറി. ഏതു സമയവും കോളേജിലെ ഏതെങ്കിലും
ഒരു പയ്യൻ അവിടെ കാണുകയും ചെയ്യും.

അവിടെ ഡ്രിങ്ക്‌സും കുടിച്ചിരിക്കുമ്പോഴാണ് മായ കോളജിലേക്ക് നടന്നു പോകുന്നത്
ജിത്തു കാണുന്നത്.

ഒറ്റവലിക്ക് ഡ്രിങ്ക്സ്  കുടിച്ച് തീർത്ത് ഗ്ലാസ് മേശപ്പുറത്ത് വച്ച് അവൻ ജിതിനോട്
പറഞ്ഞു.

“അളിയാ.. ബൈക്ക് അങ്ങ് കോളേജിൽ എത്തിച്ചേക്കണേ.”

ജിത്തു മായയുടെ പിന്നാലെ പോവുകയാണെന്ന് അറിയാവുന്നതിനാൽ ജിതിൻ ഒന്ന് ചിരിക്കുക
മാത്രം ചെയ്തു.

“മായെ ഒന്ന് നിന്നെ.”

വിളി കേട്ട് തിരിഞ്ഞ് നോക്കിയാ മായ കണ്ടത് വേഗതയിൽ തന്റെ അടുത്തേക്ക് നടന്ന് വരുന്ന
ജിത്തുവിനെ ആണ്.

അവൾ നടത്തം സാവധാനത്തിൽ ആക്കി.

മായയുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞു.

ഇത് നിന്നെയും കൊണ്ടേ പൊകുല്ലെന്നാണ് തോന്നുന്നത്.

സ്വതസിദ്ധമായ ചിരിയോടെ മായ പറഞ്ഞു.

“നമുക്ക് നോക്കെന്നേ..”

അപ്പോഴേക്കും ജിത്തു അവരുടെ അരികിൽ എത്തി.

അവളോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളോട് അവൻ പറഞ്ഞു.

“നിങ്ങൾ പൊയ്ക്കോ. എനിക്ക് മായയോട് കുറച്ച് സംസാരിക്കാനുണ്ട്.

ജിത്തുവിന്റെ തന്നെ കോളേജിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾ ആണ് മായയും കൂട്ടുകാരികളും.
അതുകൊണ്ട് തന്നെ സീനിയറുടെ വാക്കുകൾ അവർക്ക് കേൾക്കാതിരിക്കാനാകില്ല.

കൂട്ടുകാരികൾ മായയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പൊയ്ക്കൊള്ളുവാൻ അവൾ കണ്ണുകൊണ്ട്
ആംഗ്യം കാണിച്ചു.

അവർ പോയിക്കഴിഞ്ഞപ്പോൾ ജിത്തുവും മായയും വളരെ സാവധാനം നടന്നു തുടങ്ങി.

അവൻ മായയുടെ മുഖത്തേക്ക് നോക്കി.

സാധാ സമയവും കാണാറുള്ള ചെറു പുഞ്ചിരി എപ്പോഴും അവളുടെ വെളുത്ത മുഖത്തെ
ചെഞ്ചുണ്ടുകളിൽ ഉണ്ട്. ആ ഒരു പുഞ്ചിരിയോടെ അല്ലാതെ മായയെ ഇതുവരെ കോളേജിൽ ആരും
കണ്ടിട്ടില്ല. അതുപോലെ തന്നെ അവളുടെ കുസൃതി നിറഞ്ഞ കണ്ണുകൾ ഒരിക്കലും അടങ്ങി
ഇരിക്കാറില്ല. സദാ സമയവും ചുറ്റും എന്തെല്ലാമൊക്കെയൊ പരതികൊണ്ടിരിക്കും. മെലിഞ്ഞ
ശരീര പ്രകൃതം ആയിരുന്നില്ല അവളുടേത്‌. എന്നാൽ അധികം വണ്ണം ഉണ്ടെന്നു പറയാനും
ആകില്ല.

തന്റെ നെറ്റിയിൽ ഓടിച്ചിരുന്ന ബാൻഡേജിൽ തൊട്ടുകൊണ്ട് ജിത്തു പറഞ്ഞു.

“തന്റെ പിന്നാലെ നടന്നതിന് ഇയ്യാളുടെ ചേട്ടനും കൂട്ടുകാരും തന്ന സമ്മാനം ആണ് ഇത്.”

കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

“പുറകെ നടന്നിട്ടല്ലേ കിട്ടിയത്. കണക്കായിപ്പോയി.”

അവളുടെ സ്വരത്തിലെ കുസൃതി അവനു മനസിലാക്കുകയും ചെയ്തു.

“ഞാൻ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ലെങ്കിൽ അത് എന്നോട് പറഞ്ഞാൽ പോരെ. എന്തിനാ
ഏട്ടനോട് പറയാൻ പോകുന്നത്.”

പിരികം മുകളിലേക്ക് ഉയർത്തിക്കൊണ്ട് അവൾ പറഞ്ഞു.

“ഞാൻ ആരോടും പരാതി പറഞ്ഞിട്ടൊന്നും ഇല്ല.”

ജിത്തു ഒരു നിമിഷം നടത്തം നിർത്തി. എന്നിട്ട് ഒരു ചിരിയോടെ ചോദിച്ചു.

“അപ്പോൾ ഞാൻ പിറകെ നടക്കുന്നതിൽ കുഴപ്പം ഇല്ലല്ലേ??”

മായ നടത്തം തുടരുന്നതിനിടയിൽ ചിരിയോടെ തന്നെ പറഞ്ഞു.

“കുഴപ്പം ഇല്ലെന്നും ഞാൻ പറഞ്ഞില്ലല്ലോ.”

“ഇയ്യാളെന്താടോ ഇങ്ങനെ. വ്യക്തമായ ഒരു ഉത്തരം തന്നുടെ.”

മായ പെട്ടെന്ന് നടത്തം നിർത്തി.

“ദേ..അവിടെ ഏട്ടൻ നിൽപ്പുണ്ട്. കൂടെ നടന്ന് ഇന്നും പ്രശ്നം ഉണ്ടാക്കേണ്ട.”

ജിത്തു നോക്കുമ്പോൾ അകലെ കോളേജ് ഗേറ്റിനരികിൽ ബൈക്ക് നിർത്തി അതിലിരിക്കുന്നു.
അവന്റെ പിറകിൽ തന്നെ സംഗീതയും ഇരിപ്പുണ്ട്. അവരോടു സംസാരിച്ചോണ്ടു നിൽക്കുകയാണ്
മായയുടെ സഹോദരൻ പ്രശാന്ത്.

ഒരു പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ജിത്തു നടത്തം നിർത്തി.

മായ ഒരു ചിരിയോടെ ബാഗ് തുറന്ന് ഒരു പ്ലാസ്റ്റിക് ബോക്സ് കൈയിലെടുത്തു. ഇവളിത് എന്താ
ചെയ്യുന്നതെന്ന ആകാംക്ഷയിൽ ജിത്തു ആ ബോക്സിലേക്ക് നോക്കി. മായ ബോക്സ് തുറന്നപ്പോൾ
അതിൽ നിന്നും പൈനാപ്പിളിന്റെ നറുഗന്ധം അവർക്ക് ചുറ്റും പരന്നു. പാത്രത്തിനുള്ളിൽ
ചെറു കഷണങ്ങളായി മുറിച്ച് വച്ചിരിക്കുന്ന കേക്കുകൾ  അവനു കാണാൻ കഴിഞ്ഞു.

അതിൽ നിന്നും ഒരു കഷ്ണം കേക്ക് എടുത്ത് മായ ജിത്തുവിന് നേരെ നീട്ടി.

ഞാൻ ഉണ്ടാക്കിയ പൈനാപ്പിൾ കേക്ക് ആണ്. കഴിച്ചു നോക്ക്.”

ഇതെന്തിനാണ് ഇപ്പോൾ ഈ കേക്ക് തന്നതെന്ന് അറിയാതെ കൈയിൽ കേക്കുമായി ജിത്തു വാ
പൊളിച്ച് നിൽക്കുമ്പോൾ മായ അവിടെ നിന്നും നടന്ന് അകന്നിരുന്നു.

അവൻ ആത്മഗതം എന്നവണ്ണം പറഞ്ഞു.

“ഇഷ്ട്ടം ആണോ അല്ലയോ എന്ന് പറയത്തും ഇല്ല. എന്നാൽ കേക്കും തന്നു പോകയും ചെയ്തു.
ഇതെന്തു പെണ്ണാണ്.”

അപ്പോഴേക്കും അവന്റെ പിന്നിൽ ജിതിൻ ബൈക്ക് കൊണ്ട് വന്ന് നിർത്തി.

“ഏന്തയാടാ?”

“ഒരു കേക്കും തന്നിട്ട് അവളങ്ങു പോയി അളിയാ.”

അവന്റെ കൈയിൽ ഇരുന്ന കേക്കിൽ നോക്കികൊണ്ട്‌ ജിതിൻ പറഞ്ഞു.

“കേക്ക് തന്നോ.. അതൊരു പോസിറ്റീവ് സൈൻ ആണല്ലോ അളിയാ.”

“അതൊരു പിരി ഇളകി കിടക്കുന്ന കേസ് ആണെടാ. അതുകൊണ്ട് ഇതൊന്നും ഒരു പോസിറ്റീവ് സൈൻ
ആയി കൂട്ടാൻ പറ്റില്ല.”

ജിതിൻ കേക്കിൽ നിന്നും കുറച്ച് എടുക്കാനായി കൈ നീട്ടിയപ്പോൾ അവന്റെ കൈ തട്ടിമാറ്റി
കൊണ്ട് ജിത്തു പറഞ്ഞു.

“നിനക്ക് ഞാൻ വേറെ വാങ്ങി തരാം, ഇതെനിക്ക് മാത്രം ഉള്ളതാണ്.”

തന്റെ കൈയിലിരുന്ന കേക്ക് വായ്ക്കുള്ളിലാക്കി കണ്ണടച്ച് ആസ്വദിച്ചു കഴിച്ചുകൊണ്ട്
ജിത്തു പറഞ്ഞു.

“സൂപ്പർ ടേസ്റ്റ്.. പെണ്ണിന് അടിപൊളിയായി കേക്ക് ഒക്കെ ഉണ്ടാക്കാനറിയാം.”

അവൻ ജിതിന്റെ പിന്നിൽ ബൈക്കിൽ കയറി ഇരുന്നപ്പോൾ കാണുന്നത് ആദിത്യനും സംഗീതയ്ക്കും
കേക്ക് കൊടുക്കുന്ന മായയെ ആണ്.

.                               .                              
.                               .

ലിസ്റ് അവർ ക്ലാസ് ഇല്ലാത്തതിനാൽ മിക്കപേരും വീട്ടിൽ പോയി കഴിഞ്ഞിരുന്നു. അപ്പുവിന്
ഫുട്ബാൾ പ്രാക്ടീസ് ഉള്ളതിനാൽ അമ്മു അവനെയും കാത്തു ക്ലാസ്സിൽ തന്നെ ഇരുന്നു.
വീട്ടിലേക്കുള്ള ബസ് വരാൻ സമയം ആകാത്തതിനാൽ കുറച്ച് പെൺപിള്ളേരും ക്ലാസ്സിൽ
ഉണ്ടായിരുന്നു.

ക്ലാസ്സിൽ ആണ്പിള്ളേര് ആരും ഇല്ലാത്തതിനാൽ അവർ എല്ലാപേരുംകൂടി വട്ടം കൂടിയിരുന്നു
സംസാരിച്ച് സംസാരിച്ച് അവസാനം വിഷയം സെക്സിൽ എത്തി.

ക്ലാസ്സിലെ വായാടിയും തന്റേടിയും ആയ ശ്രദ്ധ അവളുടെ കൂട്ടുകാരികൾ പറഞ്ഞ അനുഭവങ്ങളും
അവൾ കണ്ട സെക്സ് വിഡിയോസിലെ കാര്യങ്ങളും പൊടിപ്പും തൊങ്ങലും വച്ച്
പറഞ്ഞുകൊണ്ടിരുന്നു.

അവൾ പറഞ്ഞ കഥ കേൾക്കുന്നവരുടെ കൂട്ടത്തിൽ അമ്മുവും അമുല്യയും ഉണ്ടായിരുന്നു. വലിയ
പരിചയം ഇല്ലാത്ത മേഖല ആയതിനാൽ അമ്മുവും ചെറിയ ആകാംഷയോടെയും ജിജ്ഞാസയോടും
കൂടിതന്നെയാണ് ശ്രദ്ധയുടെ വിവരണം കേട്ടുകൊണ്ടിരുന്നത്.

പെട്ടെന്നാണ് ക്ലാസ്സിന്റെ വാതിക്കൽ ആദിത്യൻ വന്നത്. ഗൗണ്ടിൽ ഓടി തളർന്ന് ആകെ വാടിയ
മുഖത്തോടെ ആയിരുന്നു അവന്റെ വരവ്. ആദിത്യനെ കണ്ടപ്പോൾ ശ്രദ്ധ പെട്ടെന്ന് സംസാരം
നിർത്തി.

അതൊന്നും ശ്രദ്ധിക്കാതെ അവൻ പറഞ്ഞു.

“അമ്മു.. ഞാൻ ബൈക്കിന്റെ അടുത്ത് കാണും.. എന്റെ ബാഗും കൂടി എടുത്തിട്ട് നീ വാ.”

ക്ലാസ്സിലേക്ക് കയറാതെ തന്നെ അവൻ തിരികെ നടന്നു.

അമ്മു ബാഗെടുക്കാനായി അവിടെ നിന്നും എഴുന്നേറ്റപ്പോൾ ശ്രദ്ധ ചോദിച്ചു.

“സംഗീതേ.. നീ ഞാൻ പറഞ്ഞ ടൈപ്പ് വീഡിയോസ് കണ്ടിട്ടുണ്ടോ?”

അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

“പിന്നെ.. എനിക്കതല്ലെ പണി.”

“നിനക്ക് വേണമെങ്കിൽ ആദിയുടെന്നു വാങ്ങി കാണാവുന്നതല്ലേ ഉള്ളു. അതുകൊണ്ട്
ചോദിച്ചെന്നെ ഉള്ളു.”

ശ്രദ്ധ എന്നും സംഗീതയുടെയും ആദിയുടെയും ബന്ധം ഒരു സംശയ ദൃഷ്ടിയോടെ മാത്രമേ
കണ്ടിട്ടുള്ളു.

ശ്രദ്ധ പറഞ്ഞത് കേട്ട സംഗീത അവളെ ഒന്ന് രൂക്ഷമായി നോക്കിയാ ശേഷം ബാഗും എടുത്ത്
നടന്നു.

പെട്ടെന്ന് ശ്രദ്ധ തമാശ മട്ടിൽ പറഞ്ഞു.

“അല്ലെങ്കിൽ തന്നെ വീഡിയോ കാണേണ്ട ആവിശ്യം എന്താ നിനക്ക്, വേണേൽ അവനോടൊപ്പം
പ്രാക്ടിക്കൽ തന്നെ നടത്തല്ലോ നിനക്ക്.”

സംഗീത പെട്ടെന്ന് നടത്തം നിർത്തി തിരിഞ്ഞു കത്തുന്ന നോട്ടത്തോടെ സംഗീതയുടെ
അടുത്തേക്ക് ചെന്നു. അവളുടെ മുഖവും കണ്ണും ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

അവളുടെ വരക്കം കണ്ട് ശ്രദ്ധ ശരിക്കും ഒന്ന് പകച്ചു. ബാക്കി ഉള്ളവരുടെയും അവസ്ഥ അത്
തന്നെ ആയിരുന്നു.

ശ്രദ്ധയുടെ അടുത്തെത്തിയ സംഗീത അവളുടെ കണ്ണിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഒറ്റ
ശ്വാസത്തിൽ പറഞ്ഞു.

“എന്നെയും വേറെ ആൺപിള്ളേരും വച്ച് നീ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ ഞാൻ
ക്ഷമിച്ചെന്നിരിക്കും… പക്ഷെ ഇനി ഒരു തവണകൂടി അപ്പുവിനെ ചേർത്ത് എന്നെ എന്തെങ്കിലും
പറഞ്ഞാൽ അടിച്ച നിന്റെ ചെവിക്കന്നം പൊട്ടിക്കും ഞാൻ. അതിന്റെ പേരിൽ എന്തുണ്ടായാലും
എനിക്കത് പ്രശ്നമല്ല.”

സംഗീത ക്ലാസ് റൂം വിട്ട് പുറത്ത് പോയിട്ടും ശ്രദ്ധയുടെ കണ്ണുകളിൽ ഭയം വിട്ടു
മാറിയിരുന്നില്ല. ക്ലാസ്സിൽ വച്ച് സംഗീത ആദിത്യനോട് ദേഷ്യപ്പെടുകയും വഴക്ക്
പറയുകയും ചെയ്യുമായിരുന്നെങ്കിലും വേറാരോടും അവൾ ഇത്രയധികം ദേഷ്യപ്പെട്ട്
കണ്ടിരുന്നില്ല.

അമുല്യയും സംഗീതയുടെ ആ ഭാവമാറ്റം കണ്ട് ഞെട്ടി ഇരിക്കുകയായിരുന്നു.

നിശബ്തതക്ക് വിരാമം ഇട്ടുകൊണ്ട് കാർത്തിക പറഞ്ഞു.

“ശ്രദ്ധേ.. നിനക്ക് എന്തിന്റെ കേടായിരുന്നു. ഞാൻ ഒന്നാം ക്ലാസ് തൊട്ട്‌ അവരെ
രണ്ടുപേരെയും കാണുന്നതാണ്. അവർ തമ്മിൽ ഒരു അനാവശ്യ ബന്ധവും ഇല്ലെന്ന് എനിക്ക്
ഉറപ്പാണ്. ഇനിയും വെറുതെ ആവശ്യമില്ലാത്ത  പറഞ്ഞു അവളുടെന്ന് അടി വാങ്ങാൻ
നിൽക്കണ്ട.”

എല്ലാപേരുടെയും മുന്നിൽ പരാജയം സമ്മതിക്കാതിരിക്കാനായി ശ്രദ്ധ പറഞ്ഞു.

“പിന്നെ, അവൾ എന്നെയങ്ങു അടിക്കാൻ പോകയല്ലേ.”

ബാഗ് കൈയിലേക്ക് എടുത്തുകൊട്നു കാർത്തിക പറഞ്ഞു.

“നിനക്കത് അവളെ അറിയാഞ്ഞിട്ടുള്ള തോന്നലാണ്. പ്ലസ് ടു പഠിക്കുമ്പോൾ ഒരുത്തൻ അവളുടെ
പിന്നാലെ നടന്നിരുന്നു. അവളെന്റെ പ്രൊപോസൽ സംഗീത നിരസിച്ചതിന് അവൻ ആദിയെയും ചേർത്ത്
അവളെ അനാവശ്യം പറഞ്ഞു നടന്നു. ഇതറിഞ്ഞ സംഗീത ടീച്ചേഴ്സ് ഉൾപ്പെടെ നിൽക്കുമ്പോഴാണ്
അവനെ അടിച്ചത്. അതുകൊണ്ടു ഈ കാര്യത്തിൽ അവൾ അടിക്കുമെന്ന് പറഞ്ഞാൽ ഒരു സംശയവും വീണട
അവൾ അടിച്ചിരിക്കും.”

കാർത്തിക ക്ലാസ് റൂമിനു പുറത്തേക്ക് നടന്നപ്പോൾ അമൂല്യ പെട്ടെന്ന് ബാഗും എടുത്ത്
അവളുടെ പിന്നാലെ നടന്നു.

വരാന്തയിൽ കൂടി നടക്കുന്നതിനിടയിൽ അമൂല്യ കാർത്തികയോട് ചോദിച്ചു.

“ടീച്ചേഴ്സിന്റെ മുന്നിൽ വച്ച് സംഗീത അവളെ അടിച്ചെന്ന് പറഞ്ഞത് ഉള്ളതാണോ?”

“പിന്നെ, അടിച്ചൊന്നൊ.. ഞാനും അപ്പോൾ അവിടെ ഉണ്ടായിരുന്നു. അതിന്റെ പേരിൽ എന്തൊക്കെ
പ്രോബ്ലം ഉണ്ടെയെന്നോ. അവനെയും ചേർത്ത് അനാവശ്യം പറഞ്ഞാൽ അവൾക്ക് ശരിക്കും ഭ്രാന്ത്
പിടിക്കും.”

കാർത്തികയുടെ മറുപടി കേട്ട അമൂല്യ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.

“അവരെ പറ്റി നിനക്കെന്താണ് അഭിപ്രായം.”

“വർഷങ്ങളായി എനിക്ക് അവരെ അറിയാവുന്നതാണ്. എല്ലാപേരുടെയും മുന്നിൽ അവരുടെ
പെരുമാറ്റം കുറച്ച് ഓവർ ആയിരിക്കാം.. അല്ല ഓവർ തന്നെ ആണ്. അവർ പരസ്പരം ചോറ് വാരി
കൊടുക്കും സന്തോഷം വരുമ്പോൾ കെട്ടിപ്പിടിക്കും.. പക്ഷെ അപ്പോഴൊക്കെയും അവരുടെ
മാനസിനുള്ളിൽ ഒരു കളങ്കവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്.

ഒരു നിമിഷം നിർത്തിയ ശേഷം കാർത്തിക പറഞ്ഞു.

“ആദി സംഗീതയ്ക്ക് കൊടുക്കുന്ന ഒരു കേറിങ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാണ്.
ശരിക്കും പറഞ്ഞാൽ ആദി കല്യാണം കഴിക്കുന്ന പെണ്ണ് ഒരു ഭാഗ്യവതി ആയിരിക്കും.

പെട്ടെന്ന് അമൂല്യ നടത്തം നിർത്തി അകലേക്ക് നോക്കി നിന്നു.

സംഗീത ബൈക്കിനടുത്ത് നിൽക്കുന്ന ആദിത്യന്റെ അടുത്തേക്ക് നടന്ന് ചെല്ലുന്ന ദൃശ്യം
ആണ് അവൾ നോക്കി നിന്നത്.

തന്റെ അടുത്തേക്ക് നടന്ന് വരുന്ന സംഗീതയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ ഒരു
പന്തികേട് ആദിക്ക് തോന്നി.

“എന്താടി മുഖം വീർപ്പിച്ചു വച്ചേക്കുന്നേ?”

“ഒന്നുമില്ല.”

ബൈക്കിന്റെ പിന്നിലേക്ക് കയറാൻ തുനിഞ്ഞ അവളെ തടഞ്ഞു കൊണ്ട് അപ്പു ചോദിച്ചു.

“എന്താ കാര്യം എന്ന് പറ.”

അമ്മു കലിയോടെ പറഞ്ഞു.

“ഞാൻ ആ ശ്രദ്ധയെ കൊല്ലും കേട്ടോ..”

ആദിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.

“ഇപ്പോൾ എന്താ ഉണ്ടായേ?”

“എന്നെയും നിന്നെയും ചേർത്ത് അവൾ ഓരോന്ന് പറഞ്ഞു.”

ആദി കുറച്ച് നേരം ദൂരേക്ക് നോക്കി ഇരുന്ന ശേഷം ബൈക്കിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞു.

സംഗീത പെട്ടെന്ന് അവനെ തടഞ്ഞ് കൊണ്ട് ചോദിച്ചു.

“നീ എവിടേക്ക് പോകുന്നു?”

“അവളോട് ചോദിക്കാൻ.”

സംഗീത പെട്ടെന്ന് ബാഗ് ബൈക്കിന്റെ ടാങ്കിന്റെ മുകളിലേക്ക് വച്ച് അവന്റെ പിറകിലേക്ക്
കയറി ഇരുന്നു.

ജീൻസും ടോപ്പും ആയതിനാൽ ഇരുവശത്തും കാലിട്ടാണ് ഇരുന്നത്.

“അവൾക്കുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. നീ ഇനി ഒന്നും ചോദിക്കാൻ പോകണ്ട.
നമുക്കിപ്പോൾ വീട്ടിലേക്ക് പോകാം.”

ആദി ബൈക്ക് മുന്നോട്ടെടുക്കാതെ നിന്നപ്പോൾ സംഗീത സ്വരം കടിപ്പിച്ച് പറഞ്ഞു.

“നിന്നോട് വീട്ടിലേക്ക് പോകാനാണ് പറഞ്ഞത്.”

സംഗീത അവന്റെ വയറിൽ കെട്ടിപിടിച്ച് മുതുകിൽ മുഖം ചേർത്തിരുന്നു.

അവൻ സംഗീതയെയും കൊണ്ട് കോളേജ് ഗേറ്റ് കടന്ന് പോകുമ്പോൾ അമൂല്യ ഒരു പുഞ്ചിരിയോടെ ആ
കാഴ്ചയും നോക്കി നിന്നു.

വീടെത്തുന്നവരെയും സംഗീത അവന്റെ ചുമലിൽ തന്നെ മുഖം ചേർത്ത് കെട്ടിപിടിച്ചാണ്
ഇരുന്നത്. അതിനിടയിൽ അവർ ചെറു തമാശകളൊക്കെ പറഞ്ഞ് വീടെത്തിയപ്പോഴേക്കും അവളുടെ
മൂഡോഫ് മാറിയിരുന്നു.

അല്ലെങ്കിലും പണ്ടേ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവനോടു ചേർന്നിരുന്ന് കുറച്ച്
നേരം സംസാരിച്ചാൽ അവൾ എല്ലാം മറക്കും.

വീട്ട് മുറ്റത്ത് ബൈക്കിൽ നിന്നും ഇറങ്ങിയ സംഗീത കൈയും മുഖവും തുടച്ച് കൊണ്ട്
പറഞ്ഞു.

“എന്ത് വയർപ്പട നിനക്ക്. നിന്റെ വിയർപ്പിൽ ഞാൻ നനഞ്ഞു കുളിച്ചു.”

“ഗ്രൗണ്ടിൽ ഓടിയിട്ട് വന്നാൽ പിന്നെ വിയർക്കില്ലേ. ഞാൻ പറഞ്ഞോ എന്നെ
കെട്ടിപ്പിടിച്ച് ഇരിക്കാൻ.”

അവൾ മുഖത്ത് ഒരു പുച്ഛഭാവം വരുത്തി കാണിച്ച ശേഷം ബാഗുമായി കിഴക്കയിൽ തറവാടിന്റെ
ഉള്ളിലേക്ക് കയറി പോയി. ആർഷ ക്ലാസ് കഴിഞ്ഞ് എത്തിയിരുന്നില്ല. ബാഗ് ഹാളിലെ
കസേരയിലേക്ക് ഇട്ട് സംഗീത നേരെ അടുക്കളയിലേക്കാണ് പോയത്. അവൾ ചെല്ലുമ്പോൾ സാവിത്രി
അമ്മ ചായ അടുപ്പിൽ നിന്നും ഇറക്കുകയായിരുന്നു. കൂടെ ലക്ഷ്മി അമ്മയും ഉണ്ടായിരുന്നു.

രണ്ടുപേരും കൂടി നട്ടുവർത്തമാനം പറഞ്ഞ് നിൽക്കുകയാണെന്ന് സംഗീതയ്ക്ക് മനസിലായി.

“ആ.. നീ എത്തിയോ.”

ലക്ഷ്മി അമ്മ പറഞ്ഞത് കേട്ട് സാവിത്രി അമ്മ തിരിഞ്ഞ് നോക്കി.

“ഇന്ന് നേരത്തെ ആണല്ലോ, നീ ഈ ചായ കൊണ്ട് അവനു കൊടുക്ക്.”

സാവിത്രി അമ്മ ഒഴിച്ച് കൊടുത്ത രണ്ടു ചായ ഗ്ലാസ്സുമായി അവൾ വെളിയിലേക്ക് ചെന്നപ്പോൾ
അപ്പുവിനെ അവിടെ കണ്ടില്ല. അവൻ റൂമിലേക്ക് പോയി കാണുമെന്ന് അവൾക്ക് മനസിലായി.

ബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് കട്ടിലിലേക്ക് ഇരിക്കുമ്പോൾ തടിപ്പടികളിൽ
കാലടി ശബ്‌ദം അവനു കേൾക്കാനായി.

മുറിയിലേക്ക് ചായയുമായി കയറി വരുന്ന സംഗീതയെ കണ്ട് അവൻ ചോദിച്ചു.

“നീയായിരുന്നോ?”

അവൾ പിരികം ഉയർത്തി തിരികെ ചോദിച്ചു.

“എന്തെ.. ഞാനയിക്കുടെ?”

അവനുള്ള ചായ അവൾ മേശപ്പുറത്തേക്ക് വച്ചു.

“സാധാരണ വന്നാലുടൻ ഡ്രസ്സ് മാറ്റാൻ ഓടുന്ന ആയാലെന്താ ഇന്ന് ഇവിടെ കിടന്ന് ചുറ്റി
കറങ്ങുന്നത്.”

ചായ കുടിച്ച്കൊണ്ടു അവൾ പറഞ്ഞു.

“എനിക്കെന്താ ഇവിടെ നിന്നുടെ?”

“ഫുൾ തർക്കുത്തരം ആണല്ലോ.”

അപ്പു വിയർത്ത് നനഞ്ഞിരുന്നു ഉടുപ്പൂരി ബെഡിലേക്കിട്ടു.

“ഡാ ചെറുക്കാ അത് പുറത്തെവിടെലും കൊണ്ടുപോയി ഇട്. അല്ലേൽ റൂം മൊത്തം സ്മെല്
ആയിരിക്കും.”

അവൻ ബെഡിൽ നിന്നും ഉടുപ്പെടുത്ത് അവളുടെ തോളിലേക്കിട്ടു.

“നീ പുറത്തേക്ക് പോകുമ്പോൾ അതങ്ങു ബാസ്കറ്റിൽ ഇട്ടേക്ക്.”

സംഗീത തിരിച്ചൊന്നും പറഞ്ഞില്ല. അവളുടെ നോട്ടം ബെഡിൽ കിടക്കുന്ന അവന്റെ
മൊബൈലിലേക്കായിരുന്നു.

അപ്പു ഫോണിൽ സെക്സ് വീഡിയോസ് കാണുമെന്ന് അവൾക്കറിയാം. അത് അവർക്ക് പരസ്പരം
അറിയാവുന്ന ഒരു രഹസ്യം പോലെ ആണ്.

അമ്മു അവന്റെ ഫോൺ എടുത്ത് കുത്തികളിക്കുമ്പോൾ അപ്പു പറയാറുണ്ട് വീഡിയോസ് ഓപ്പൺ
ചെയ്യരുതെന്ന്. അതിന്റെ കാരണം അറിയാവുന്നതിനാൽ അവൾ തിരിച്ചൊന്നും ചോദിക്കാരും ഇല്ല.

സംഗീതയുടെ നിശബ്തത കണ്ട് ചായ കുടിച്ച് കൊണ്ട് അവൻ ചോദിച്ചു.

“നിനക്കെന്താ എന്നോട് പറയാനുള്ളത്?”

ഒരു നിമിഷം അവൾ അപ്പുവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. പിന്നെ നോട്ടം
മാറ്റിക്കൊണ്ട് പറഞ്ഞു.

“ഞാനിപ്പോൾ നിന്റെ ഫോൺ കൊണ്ട് പോയിട്ട് രാത്രി തിരിച്ച് തന്നാൽ മതിയോ?”

“എന്തിനാ ഇപ്പോൾ എന്റെ ഫോൺ?”

അവൾ കുടിച്ച് തീർത്ത ചായ ഗ്ലാസ് മേശപ്പുറത്തേക്ക് വച്ചു.

“അപ്പു.. എന്നെ ചീത്ത വിളിക്കല്ലും.”

അവളുടെ മുഖത്ത് നിറയുന്ന ലജ്ജ അവനിൽ ആകാംഷ വർധിപ്പിച്ചു.

“ഇല്ല. നീ ധൈര്യമായി പറഞ്ഞോ.”

അവൾ അപ്പുവിന്റെ മുഖത്തു നോക്കാതെ തറയിൽ നോക്കിക്കോണ്ട് പറഞ്ഞു.

“നീ വൈകുന്നേരം ക്ലാസ്സിലേക്ക് വന്നപ്പോൾ ശ്രദ്ധ ഞങ്ങളോട് സെക്സ് വിഡിയോസിനെ
കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതൊക്കെ കേറ്റിട്ടപ്പോൾ മുതൽ എനിക്ക്
കാണുവാൻ ഒരു ആകാംഷ.”

ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.

“നിന്റെ മൊബൈലിൽ ഉണ്ടല്ലോ. ഞാൻ ഒന്ന് കൊണ്ടുപോയി കണ്ടോട്ടെ?”

അമ്മുവിൻറെ ആവിശ്യം കേട്ട് അവൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല. ആദ്യമായിട്ടാണ്
അവൾ ഇങ്ങനെ ഒരു കാര്യം ആവിശ്യപെടുന്നത്. താൻ വീഡിയോ കാണുന്നതിനെ കുറിച്ച് അവൾക്ക്
അറിയാമെങ്കിലും ഒരിക്കൽ പോലും അതറിയാവുന്നതായി ഭാവിച്ചിട്ടില്ല. ഇതിപ്പോൾ ഒരു ആകാംഷ
കൊണ്ടല്ലേ അവൾ കാണണം എന്ന് പറയുന്നത്. ഇതേ ആകാംഷ ഒരു പ്രായത്തിൽ തനിക്കും
ഇല്ലായിരുന്നോ.. അമ്മുവിന് വേണമെങ്കിൽ നെറ്റിൽ നിന്നും കാണാവുന്നതേ ഉള്ളു. പക്ഷെ
തന്നോടുള്ള വിശ്വാസം കൊണ്ടല്ലേ അവൾ ഈ ആഗ്രഹം തുറന്ന് പറഞ്ഞത്.”

പലതരം ചിന്തകൾ അവന്റെ മനസ്സിൽ കൂടി കടന്ന് പൊയ്ക്കൊണ്ടിരുന്നു.

അവന്റെ നിശബ്തത കണ്ട് തെറ്റ് ചെയ്തവളെ പോലെ അമ്മു പറഞ്ഞു.

“ഡാ.. സോറി, കാണണ്ട എനിക്ക്.”

വിഷമം നിറഞ്ഞു നിൽക്കുന്ന അവളുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം അവൻ പറഞ്ഞു.

“നീ ഫോൺ കൊണ്ട് പൊയ്ക്കോ, രാത്രി വരുമ്പോൾ തിരികെ തന്നാൽ മതി.”

അവൾ വിശ്വാസം വരാത്ത പോലെ അവന്റെ മുഖത്തേക്ക് നോക്കി.

അപ്പു ഫോണെടുത്ത് അവളുടെ കൈയിലേക്ക് വച്ചുകൊണ്ടു പറഞ്ഞു.

“കാര്യായിട്ട് പറഞ്ഞതാണ്.”

അമ്മുവിൻറെ മുഖത്ത് ചിരി വിടർന്നു. അവൾ തന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവന്റെ
കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

“അതുവരെ നിനക്ക് ആരെയെങ്കിലും വിളിക്കണമെങ്കിൽ എന്റെ ഫോൺ യൂസ് ചെയ്തോ.”

റൂമിൽ നിന്നും ഇറങ്ങി പോകുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.

“ആരെങ്കിലും മെസ്സേജ് അയച്ചാൽ റിപ്ലൈ കൊടുക്കണ്ട.”

സംഗീത പടികൾ ഇറങ്ങി ചെല്ലുമ്പോഴാണ് ആർഷ ക്ലാസ് കഴിഞ്ഞു വന്നത് കണ്ടത്.

“ചേച്ചി പോകുവാണോ?”

തോളിൽ കിടന്ന അപ്പുവിന്റെ ഉടുപ്പ് ബാസ്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

“ചേച്ചി പോയിട്ട് രാത്രി വരാട്ടോ.”

കസേരയിൽ കിടന്ന ബാഗുമെടുത്ത് അവൾ വീട്ടിലേക്ക് നടന്നു.

രാത്രി വാസുദേവനും ആർഷയും ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഗീത അവിടേക്ക് കയറി
വന്നത്.

അവളെ കണ്ടയുടൻ വാസുദേവൻ ചോദിച്ചു.

“മോള് ചോറ് കഴിച്ചായിരുന്നോ?”

“കഴിച്ചു അച്ഛാ.. അപ്പു എവിടെ?”

അതിനുള്ള മറുപടി നൽകിയത് ആർഷ ആണ്.

“ഏട്ടൻ റൂമിലേക്ക് പോയി.”

സംഗീത അവിടന്ന് വേഗം തടിപ്പടികൾ അമർത്തി ചവിട്ടി മുകളിലേക്ക് ഓടി. അവൾക്ക് എപ്പോഴും
ഉച്ചത്തിൽ ശബ്‌ദം ഉണ്ടാക്കി നടക്കാനാണ് ഇഷ്ട്ടം.

വാതിൽ തള്ളിത്തുറന്ന് അവൾ റൂമിലേക്ക് കയറി ചെല്ലുമ്പോൾ അവൻ എന്തോ
എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

അവനൊന്നു തിരിഞ്ഞ് നോക്കികൊണ്ട്‌ പറഞ്ഞു.

“പാടി ചവിട്ടിപൊളിക്കുന്ന ശബ്‌ദം കേട്ടപ്പോഴേ തോന്നി നീ ആയിരിക്കുമെന്ന്.”

അവൾ പല്ലു മൊത്തം കാണിച്ച അവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു.

ബെഡിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.

“ഇന്നാ നിന്റെ ഫോൺ.”

എഴുത്തു തുടർന്ന് കൊണ്ട് അവൻ പറഞ്ഞു.

“അവിടെ വെച്ചേക്ക്.”

അവൻ എന്തെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയിൽ അവൾ കുറച്ച് നേരം ബെഡിൽ ഇരുന്നു.
എന്നിട്ടും അവന്റെ ഭാഗത്ത് നിന്നും അനക്കമൊന്നും ഇല്ലെന്ന് കണ്ട് അവൾ ചോദിച്ചു.

“നീ എന്താ ഒന്നും മിണ്ടാത്തത്.”

എഴുത്തു തുടർന്നുകൊണ്ട് തന്നെ അവൻ ചോദിച്ചു.

“നീ കഴിച്ചായിരുന്നോ?”

അവൾ കഴിച്ചു എന്ന അർഥത്തിൽ മൂളി.

പിന്നും അവൻ എഴുത്തിൽ ശ്രദ്ധ ചെലുത്തി.

കുറച്ച് കഴിഞ്ഞപോൾ അവളുടെ ഇടറിയ സ്വരം അവൻ കേട്ടു.

“നിനക്ക് ഇഷ്ടമല്ലെങ്കിൽ മൊബൈൽ തരേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ.”

അപ്പു പേന താഴെ വച്ച് തിരിഞ്ഞ് നോക്കി.

അമ്മുവിൻറെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു, ഏതു നിമിഷവും കണ്ണുനീർ കവിളിലൂടെ ഒഴുകുമെന്ന
സ്ഥിതി.

ഒരു ചുവന്ന ലോങ്ങ് പാവാടയും വെള്ള ടോപ്പും ആണ് അവൾ ഇട്ടിരിക്കുന്നത്. കുളി കഴിഞ്ഞ്
മുടിയൊക്കെ പിരുത്ത് ഇട്ടിരിക്കുകയാണ്.

ആദി കസേരയിൽ നിന്നും എഴുന്നേറ്റ് ബെഡിൽ അവളുടെ അരികിലേക്ക് പോയി ഇരുന്നു.

“നീയെന്തിനാ ഇപ്പോൾ കരയുന്നെ?”

“ഞാൻ അത് കണ്ടത് ഇഷ്ട്ടപെടഞ്ഞിട്ടല്ലേ നീ എന്നോട് മിണ്ടാതിരിക്കുന്നത്.”

“എനിക്ക് ഇഷ്ടമല്ലായിരുന്നെകിൽ ഞാൻ നിന്നെ കാണാൻ സമ്മതിക്കുമായിരുന്നു എന്ന്
തോന്നുന്നുണ്ടോടി പൊട്ടി.”

ചിലമ്പിച്ച സ്വരത്തിൽ അവൾ ചോദിച്ചു.

“പിന്നെന്താ നീ എന്നോട് മിണ്ടാതിരുന്നേ?”

അപ്പു അവളുടെ തോളിൽ കൂടി കൈ ഇട്ടു.

“ഞാൻ എന്താ, നിന്നോട് വീഡിയോ എങ്ങനെ ഉണ്ടായിരുന്നു, കണ്ടിട്ട് ഇഷ്ടപ്പെട്ടോ,
കണ്ടപ്പോൾ എന്ത് തോന്നി എന്നൊക്കെ ചോദിക്കണമായിരുന്നോ?.. അത്തരം സംഭാഷങ്ങൾ
ഒഴിവാക്കാനായി ഞാൻ ഇത്തിരി ജാഡ കാണിച്ച് ഏറുന്നതല്ലേ.”

അവൾ കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് കണ്ണ് തുടച്ച് കൊണ്ട്
പറഞ്ഞു.

“അത്തരം ചോദ്യങ്ങൾ ചോദിക്കണമെന്ന് ഞാനും പറഞ്ഞില്ലല്ലോ. സാധാരണ മിണ്ടുന്നപോലെ
സംസാരിക്കാമായിരുന്നല്ലോ. ഇത്തരം ഒരു സാഹചര്യത്തിൽ നീ മിണ്ടാതിരിക്കുമ്പോൾ ഞാൻ
എന്താ കരുതേണ്ടത്.”

അവളുടെ കൈയിൽ അവൻ മുറുകെ പിടിച്ചു.

“ഓഹ്, സോറി.. എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. ക്ഷമിക്ക് നീ.”

ഒരു ചിരിയോടെ ഫോൺ അവൾ അവന്റെ കൈയിലേക്ക് വച്ച് കൊടുത്തു.

“ഇന്നാ നിന്റെ മൊബൈൽ. ഇനി എനിക്കത് കാണണ്ട. ഒരു ആകാംഷ കൊണ്ട് കണ്ട് നോക്കിയതാണ്
ഇന്ന്.”

“എന്നിട്ട് ആകാംഷ തീർന്നോ?”

അവളുടെ മുഖം ചെറുതായി ചുവന്നു തുടുത്തു.

“പോടാ പട്ടി.”

അവൻ ചിരിച്ച് കൊണ്ട് അവളുടെ മുടിയിൽ തലോടി.

അമ്മു അവന്റെ തോളിൽ തല ചേർത്ത് കുറച്ച് നേരം ഇരുന്ന ശേഷം പറഞ്ഞു.

“സത്യത്തിൽ നീ വീഡിയോയെ കുറിച്ച് എന്തെങ്കിലും ചോദിക്കുമെന്ന് എന്റെ മനസ്സിൽ
ഉണ്ടായിരുന്നു. എന്നാൽ നീ പറഞ്ഞതാണ് ശരി. നമുക്കിടയിൽ ആ ഒരു സംസാരം
ഇല്ലാതിരിക്കുന്നതാണ് നല്ലത്.”

ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.

“പക്ഷെ..”

അപ്പു ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“എന്താ ഒരു പൊക്ഷേ?”

കുറച്ച് നേരം നിശ്ശബ്ദതയായി ഇരുന്ന ശേഷം അവൾ പറഞ്ഞു.

“ഒന്നുമില്ല… ഞാൻ ഇന്ന് ഇവിടാ കിടക്കുന്നത്.”

അവൻ അമ്മുവിൻറെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു.

“ഒന്നും ഇല്ല അപ്പു.”

“അമ്മു.. പറയുന്നുണ്ടോ നീ.”

അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.

“അപ്പു….”

അവൻ നീട്ടിയൊന്നു മൂളി.

“ആ വീഡിയോസ് കണ്ടപ്പോൾ തൊട്ട്‌ വല്ലാത്ത ഒരു മൂഡിൽ ആണ് ഞാൻ. ഇതുവരെ എനിക്കങ്ങനെ ഒരു
അവസ്ഥ വന്നിട്ടില്ല. ഒറ്റക്കിരുന്നാൽ ശരിയാകില്ലെന്ന് തോന്നി. അതാ ഇന്നിവിടെ
കിടക്കാൻ വന്നത്.”

അപ്പു കുസൃതി നിറഞ്ഞ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അമ്മുവിൻറെ
മുഖത്തു പെട്ടെന്ന് നാണം ഇരച്ചു കയറി.

“ഡാ ഇങ്ങനെ നോക്കാതെ എന്നെ, സത്യായിട്ടും എനിക്ക് നല്ല നാണം വരുന്നുണ്ട്.”

അവളുടെ പറച്ചിൽ കേട്ട് അവൻ പൊട്ടിച്ചിരിച്ച് പോയി.

സംഗത അവൻ തോളിൽ ശക്തിയായി തന്നെ ഇടിച്ചു.

“അപ്പു.. ചിരിച്ചാൽ ഞാൻ സത്യായിട്ടും മിണ്ടില്ല കേട്ടോ. ഒരു പെണ്ണും കൂട്ടുകാരനോട്
പറയുന്ന കാര്യമല്ല ഞാൻ വന്ന് നിന്നോട് പറഞ്ഞത്, അപ്പോൾ എന്നെ കളിയാക്കുന്നോ.”

അവൻ ചിരി കടിച്ചമർത്തികൊണ്ടു പറഞ്ഞു.

“ഓക്കേ.. ഞാൻ ചിരിക്കുന്നില്ല.”

അപ്പു ചിരി കടിച്ചമർത്തുന്നത് കണ്ട് അമ്മു അവന്റെ നെഞ്ചിൽ തലചേർത്തിരുന്നു
ചിണുങ്ങി.

“അപ്പു..”

“നിനക്കിപ്പോൾ ഒറ്റക്കിരിക്കാൻ വയ്യ, അത്രയല്ലേ ഉള്ളു. നീ പോയി ആർഷയെ വിളിച്ചു
കൊണ്ട് വാ. നമുക്ക് മൂന്നുപേർക്കും കഥയൊക്കെ പറഞ്ഞ് ഇന്ന് എന്റെ റൂമിൽ കിടന്നു
ഉറങ്ങാം.”

അത് കേട്ടപ്പോൾ സംഗീതയ്ക്ക് സന്തോഷമായി.

അവൾ പെട്ടെന്ന് ആർഷയെ വിളിച്ച് കൊണ്ട് വരാനായി റൂമിനു വെളിയിലേക്ക് പോയി. ആദി ആ
സമയത്തു ബെഡ് എടുത്തു നിലത്തേക്കിട്ടു.  എന്നിട്ട് അതിലേക്ക് കിടന്നു.

കുറച്ച് സമയത്തിനകം തന്നെ അമ്മു ആർഷയെയും കൂട്ടി വന്നു. രണ്ടുപേരും അവന്റെ ഇരു
വശത്തുമായി കിടന്നു.

കഥകളും തമാശകളും പറഞ്ഞു ഏറെ സമയത്തു ശേഷം അവർ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.
ആർഷ അവനെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ അമ്മു അവനോടു നന്നേ ചോതുങ്ങിയാണ്
കിടന്നുറങ്ങിയത്.

തുടരും

(സെക്സ് കാണുകയില്ല. ഇതൊരു സൗഹൃദവും പ്രണയവും നിറഞ്ഞ കഥ ആണ്. തുടരണമോ വേണ്ടയോ
എന്നുള്ള നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാക്കി എഴുതാം. )

Leave a Reply