‘ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെ തന്നെയാണ്’
വാക്കുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും കൺമുന്നിൽ അവളുടെ മുഖം തെളിഞ്ഞുവന്നു. പക്ഷേ പണ്ടത്തെപ്പോലെ വിഷമിക്കാനോ കണ്ണു നിറക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അവളെ പറിച്ചുമാറ്റി കൊണ്ടൊരു ജീവിതം എനിക്ക് സാധ്യമല്ല. മനസ്സിനുള്ളിൽ അവൾ അവിടെ അങ്ങനെ ഇരുന്നോട്ടെ..
സുഖമുള്ളൊരോർമയായി…
കുളിരേകുന്നൊരു നൊമ്പരമായി…
കനലാകുന്നൊരു വിരഹമായി…
ഓർമ്മകൾ നൂലു പൊട്ടിയ പട്ടം പോലെ പാറിപ്പറന്നപ്പോൾ ഞാനതിൽ ലയിച്ചങ്ങനെ ഇരുന്നു…
ഓർമ്മകളെ പറക്കാൻ വിട്ടപ്പോൾ കത്തിച്ച സിഗരറ്റ് കത്തി ചാരമായിരിക്കുന്നു. കയ്യിൽ ചെറുചൂട് അനുഭവപ്പെട്ടപ്പോയാണ് ഞാൻ ബോധം വീണ്ടെടുത്തത്.
ഇതെല്ലാം കണ്ട് അന്തംവിട്ട് ഇത്താത്ത ആശ്ചര്യത്തോടെ എൻറെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്.
“പെട്ടെന്ന് എല്ലാം ഒന്ന് ഓർത്തുപോയി… ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ കണ്മുന്നിൽ ഇങ്ങനെ നിൽക്കാ..”
ഞാനൊരു ചെറു മന്ദഹാസത്തോടെ പറഞ്ഞു
“നിനക്ക് ഇപ്പോഴും നല്ല വിഷമം ഉണ്ട് ല്ലേ??”
അവൾ കളിയായെന്നോണം ചോദിച്ചു. പക്ഷേ ഞാനത് ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല. മറുപടിയെന്നോണം ഞാനൊന്ന് പുഞ്ചിരി അഭിനയിച്ചു.
“ചിന്നു…. അവളെന്റെ ആയിരുന്നു… ഓർമകൾക്ക് വർണ്ണമേകിയവൾ… ഒന്നും അല്ലാതിരുന്ന കളിക്കൂട്ടുകാരനെ ഇന്നിവിടെ വരെ എത്തിച്ച കളിക്കൂട്ടുകാരി…
ചെറുപ്പത്തിൽ അവളായിരുന്നു എന്റെ സന്തോഷവും കിന്നാരവും ഉന്മാദവുമെല്ലാം… മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ കളിക്കൂട്ടുകാരിയായി… അടിപിടി കൂടുമ്പോൾ അവളെനിക്കൊരു കുഞ്ഞുപെങ്ങളായി… പഠന കാര്യങ്ങളിൽ അവളെനിക്ക് ഒരു ടീച്ചറായി… വിഷമിച്ചിരിക്കുമ്പോൾ സ്വാന്തനിപ്പിച്ച് അമ്മയായ്…. അവളേക്കാളേറെ പരിഗണന വേറെ ആർക്കെങ്കിലും കൊടുക്കുന്നെന്ന് തോന്നിയാൽ സ്വാർത്ഥതയിൽ ഒരു കാമുകിയായ് അവളെനിക്കെല്ലാമായിരുന്നു….
ആറാം വയസ്സിൽ കൂടെ കൂടിയൊരു സൗഹ്യദം… പരസ്പരം എല്ലാം പങ്കുവെച്ച് ഞങ്ങൾ വളർന്ന കൂട്ടത്തിൽ ഞങ്ങളുടെ സൗഹൃദവും വളർന്നു.. എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.. ഞങ്ങളുടേതായിരുന്നു… എല്ലാം…
ഞങ്ങളിലൂടെ ഞങ്ങളുടെ വീട്ടുകാരും നല്ല അടുപ്പത്തിൽ ആയിരുന്നു. എനിക്ക് അവളുടെ വീട്ടിൽ ഒരംഗമെന്ന പരിഗണ എപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. എന്റെ ഉപ്പാക്ക് അവളെന്നാൽ ജീവനായിരുന്നു. പെൺ മക്കളില്ലാത്ത വിഷമത്തിന് ഉമ്മയും ഉപ്പയും ഒരു പരിധി വരെ സമാധാനം കണ്ടിരുന്നത് അവളിലൂടെയായിരുന്നു.
ഒരു വെക്കേഷന് ജിദ്ദയിലെ അവളുടെ ഉമ്മാന്റേം ഉപ്പാന്റേം അടുത്തേക്ക് പോയ അവൾ തിരിച്ച് വരുന്നത് രണ്ട് വർഷത്തിന് ശേഷമായിരുന്നു.