വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

ഇവിടെ അന്ന് തറ ഉണ്ടായിരുന്നില്ല. ഓണക്കാലമായതിനാൽ ഒരു തട്ടൂഞ്ഞാൽ ആ മാവിൻ കൊമ്പിലുണ്ടായിരുന്നു.അന്നാണ് അവരെ അവസാനം കണ്ടത്, അവരുടെ സ്വരം കേട്ടത്. രണ്ട് വണ്ടികളിലായി എയർപോർട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം യാത്രയാകുന്നതിനു മുൻപ്.

ഊഞ്ഞാൽ പടിയിൽ വിഷമത്തോടെ ഇരുന്നു കയറിൽ തല ചാരിവച്ച സഞ്ജുവിന് സമീപം നന്ദിതയാണ് ആദ്യമെത്തിയത്.

‘സഞ്ജൂ ഞാൻ പോവ്വാ,’ ദുഃഖം ഘനീഭവിച്ച സ്വരത്തിൽ അവൾ അവനോട് പറഞ്ഞു.കറുപ്പ് ചുരിദാറിൽ അവൾ അന്ന് പതിവിലും സുന്ദരിയായിരുന്നു.ഒരു രാജകുമാരി.

സഞ്ജു വെറുതെ തലയാട്ടിയതേയുള്ളൂ.

‘പോയി വാ’ അവൻ നിസ്സംഗനായി പറഞ്ഞു.

‘വരും ഞാൻ വരും’ വികാരത്തിൽ അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.

അപ്പു തല ഉയർത്തി നോക്കി.അവൾ അവളുടെ കൈകൾ പൊക്കി അവന്റെ ചെമ്പൻ തലമുടിയിലൊന്നു തലോടി.

‘എന്നെ മറക്കല്ലേ പൊട്ടാ…’   അത്രയും പറഞ്ഞ് അവൾ തിരിഞ്ഞോടി.അവൾ കാറിന്റെ പിൻസീറ്റിലേക്കു കയറുന്നത് അവൻ നിർന്നിമേഷനായി നോക്കി നിന്നു.

മീരയാണ് പിന്നീട് വന്നത്.ജീൻസും കടും നീല സാൽവരുമായിരുന്നു വേഷം.അവളൊന്നും മിണ്ടിയില്ല.തീക്ഷ്ണമായ മുഖത്തോടെ അവനെ നോക്കി കുറെ മിനുട്ടുകൾ നിന്നു.

‘ങും എന്താ നോക്കുന്നെ ഉണ്ടക്കണ്ണി, പൊയ്ക്കോ അമേരിക്കേൽ പൊയ്ക്കോ, അവിടെ മദാമ്മമാർ നിന്നെ പിടിച്ചു കറി വയ്ക്കട്ടെ.’

അവളുടെ വിടർന്ന വലിയ കണ്ണുകൾ നോക്കി ബാല്യസഹജമായ അമർഷത്തോടെ അവനത് പറഞ്ഞപ്പോൾ അവ നീർ ചുരത്തി.അവൾ അവന്റെ കയ്യിൽ പിച്ചി  പാട് വരുത്തി.ചൂണ്ടുവിരൽ ‘നിന്നെ ഒരു പാഠം പഠിപ്പിക്കും ‘ എന്ന ഭാവത്തിൽ ഉയർത്തി കുലുക്കി.എന്നിട്ട് അവളുടെ വിരലിൽ കിടന്ന മരതക മോതിരം ഊരി അവന്റെ പോക്കറ്റിൽ ഇട്ടു. അവൾ വേഗത്തിൽ തിരിഞ്ഞു നടന്നെങ്കിലും അതിനേക്കാൾ വേഗത്തിൽ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകളിൽ നിന്നു രണ്ടു പുഴകൾ ഒഴുകുന്നുണ്ടായിരുന്നു.

ഊഞ്ഞാലില്ലാ മാവിന്റെ തറയിൽ തല കുമ്പിട്ടിരുന്നു സഞ്ജു തന്റെ മനസ്സിനെ  ഊയലാടിച്ചു..സുഖകരമായ ഓർമകൾ.

അവർ വീണ്ടും വരികയാണ്, വേദപുരത്തേക്ക്.. സഞ്ജുവിന്റെ അരികിലേക്ക്……….

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *