ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Posted by

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2

AADHIYETTANTE SWANTHAM SREEKKUTTY PART 2 | AUTHOR : MR. DEVIL

PREVIOUS PART [https://kambimaman.com/tag/mr-devil/]

നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട
കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി.
ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി……“”ശ്രീദേവി “”
തുടർന്ന് വായിക്കുക….ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി… അത് അവൾ തന്നെയാണോ
എന്നുറപ്പിക്കാൻ.
എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി …അത് നമ്മുടെ ശ്രീദേവി കുട്ടി തന്നെയാ
മാഷേ… അല്ല.. അല്ല.. നമ്മുടെ അല്ല….. എന്റെ ശ്രീദേവി കുട്ടി… എന്റെ മാത്രം ശ്രീദേവി
കുട്ടി…
ദൈവം എനിക്കായ് കാത്തുവച്ച എന്റെ ദേവി….അവളുടെ കൂടെ ഒരു മധ്യവയസ്കയായ
സ്ത്രീയുമുണ്ട്. ഒരു മദാമ്മ.
പിന്നെയാണ് കാര്യങ്ങൾക്കു ഒരു വ്യക്തത കിട്ടിയത്… അവൾ ജോലി ചെയ്യാൻ വേണ്ടി വന്ന
കമ്പനിയിലെ ഒരു സ്റ്റാഫ്‌ തന്നെയാണ് ആ മദാമ്മയും…
ശ്രീദേവിയെ പോലെ മറ്റു രാജ്യങ്ങളിൽ നിന്നും ആ കമ്പനിയിലേക്ക് ജോലിക്ക് വരുന്നവരെ
എയർപോർട്ടിൽ പോയി റിസീവ് ചെയ്യുന്നതാണ് അവരുടെ ജോലി..
അതുപോലെ ഞാൻ താമസിക്കുന്ന വീടിന്റെ എതിർവശത്തുള്ള ബിൽഡിംഗ്‌ ആണ് അവരുടെ കമ്പനി
കോട്ടേഴ്സ്.
എന്തുകൊണ്ടും എന്റെ ശുക്രദശ തെളിഞ്ഞു നിൽക്കുവാണ്… ഇനിയെന്നും ശ്രീദേവിയെ അടുത്ത്
കാണാമല്ലോ.
അവളെന്തോ ആലോചിച്ചു ശോകമൂഖ ഭാവവുമായി നടന്നു നീങ്ങുന്നു..

അവളെകണ്ട ആവേശം ഉള്ളിൽ അടക്കിപിടിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഉറക്കെ വിളിച്ചു കൂകി…

“ ശ്രീദേവി……… “

പെട്ടന്ന് അവളും അവളുടെ കൂടെയുള്ള സ്ത്രീയും ഞെട്ടി ഞാൻ നിൽക്കുന്ന ഭാഗത്തേക്ക്
നോക്കി…

പെട്ടന്ന് അവളുടെ മുഖത്തെ ശോകമൂഖ ഭാവമെല്ലാം മാറി മുഖം പ്രസന്നമായി….
അവളുടെ മുഖത്ത് ഒരു ഹൈ വോൾടേജ് ചിരി വന്നു…..
എന്റമ്മോ…… ആ ചിരി കണ്ടപ്പോൾ സാക്ഷാൽ സരസ്വതി ദേവി എന്റെ മുന്നിൽ
പ്രത്യക്ഷപെട്ടതാണോ എന്ന് തോന്നിപോയി.
അങ്ങനെ ഞങ്ങൾ പരസ്പരം നോക്കി നിന്നപ്പോളാണ് ആ മദാമ്മ അവളോട്‌ എന്തോ പറഞ്ഞു.
അവളെനിക്ക് ഒരു ടാറ്റാ തന്നിട്ട് അവരുടെ കൂടെ പോയി…. ഞങ്ങടെ ഇടയിൽ ശല്യമായി വന്ന ആ
മദാമ്മയേ എനിക്കപ്പോൾ കൊല്ലാനാണ് തോന്നിയത്……
“ കള്ള കിളവി എന്റെ കൈകൊണ്ടു തന്നെ ചാകും“ എന്റെ അമർഷം കൊണ്ട് ഞാൻ പറഞ്ഞുപോയി.

എന്തായാലും ശ്രീദേവിയുടെ കാര്യത്തിൽ ഒന്ന് ഞാൻ തീരുമാനിച്ചു. ‘ഞാൻ ഇവളെയും കൊണ്ടേ
പോകൂ’…

മറ്റന്നാളാണ് ജലിക്ക് ജോയിൻ ചെയ്യേണ്ടത്. അതുകൊണ്ട് ഇന്നും നാളെയും ഫ്രീ ആയി
ഇരിക്കാം.
എനിക്ക് വൈൻ കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. അല്ലാതെ വെള്ളമടി, സിഗരറ്റ് വലി
അങ്ങനത്തെ ദുശീലം ഒന്നുമില്ല കേട്ടോ…..

എയർപോർട്ടിൽ നിന്ന് ടാക്സിയിൽ ഇങ്ങോട്ട് വരുന്ന വഴിക്ക് ഡ്രൈവറോടു വൈൻ കിട്ടുന്ന
സ്ഥലം ചോദിച്ചു മനസ്സിലാക്കി ഒരു മൂന്ന് കുപ്പി വൈൻ വാങ്ങിയിരുന്നു.
അതിൽ ഒരു കുപ്പി പൊട്ടിച്ചു ഞാൻ കുറേശ്ശേ കുടിച്ചു തുടങ്ങി.
ആഹാ….. എന്താ സുഖം
അപ്പോളാണ് വീട്ടിലേക്ക് വിളിക്കുന്ന കാര്യമോർത്തത്. എയർപോർട്ടിൽ നിന്ന് ഇവിടുത്തെ
സിം എടുത്തിരുന്നു.
അങ്ങനെ വീട്ടിലേക്ക് വിളിച്ചു കുറച്ചുനേരം സംസാരിച്ചു. അതുകഴിഞ്ഞു രണ്ടു ഗ്ലാസ്‌
വൈൻ കൂടി അകത്താക്കി. എന്നിട്ട് പോയി ടീവി കണ്ടിരുന്നു. വൈൻ കുടിച്ചത് കൊണ്ടാണെന്ന്
തോന്നുന്നു. മീനുവിന്റെ ചിന്തകൾ മനസ്സിൽ കടന്നുകൂടി. സമയം രണ്ടു മൂന്ന് മണിക്കൂർ
പിന്നിട്ടിരുന്നു.
കാളിങ് ബെല്ലിന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
പോയി വാതിൽ തുറന്നപ്പോൾ കണ്ടത് കുളിച്ചുകഴിഞ്ഞ ഈറൻ മുടികളോടെ കൈയിൽ ഒരു
പ്ലാസ്റ്റിക് പാത്രവുമായി നിൽക്കുന്നൊരു സുന്ദരിയെയാണ്.

വേറെ ആരാ…… എന്റെ ശ്രീദേവി കുട്ടി തന്നെയാണ്‌.
ഒരു ചുവന്ന ചുരിദാറാണ് വേഷം.. ഷാൾ ഉണ്ട്.
സരസ്വതി ദേവി ഇതാ ഒരു കണ്ണാടിയും വച്ചു എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഈ ഭക്തന് ദർശനം തന്നിരിക്കുന്നു. ഞാൻ ഒരു ദൈവവിശ്വാസി ആണെങ്കിലും അമ്പലത്തിലൊന്നും
പോകാറില്ലായിരുന്നു. അതുപോലെ ചന്ദനമോ, ഭസ്മമോ ഒന്നും എനിക്ക് നെറ്റിൽ ചാർത്തുന്നത്
ഇഷ്ടമേയല്ലായിയുന്നു.
അത് മനസ്സിലാക്കിയായിരിക്കും ദൈവം എനിക്ക് ഇങ്ങോട്ട് വന്നു ദർശനം തന്നത് എന്റെ
ദേവിയുടെ രൂപത്തിൽ….

“ ഏട്ടാ “

അവളുടെ ആ വിളിയാണ് എന്നെ ഉണർത്തിയത്. അത്രയും നേരം ഞാനവളുടെ മുഖത്ത് തന്നെ നോക്കി
നിൽപ്പായിരുന്നു.

“എന്താ ഏട്ടാ… സ്വപ്നം കാണുവാണോ”

“ഏയ് ഒന്നുമില്ല… അകത്തേക്ക് വാ”
ഞാനവളെ അകത്തേക്ക് ക്ഷണിച്ചു മുന്നിൽ നടന്നു.

അകത്തു കയറിയ അവൾ ചോദിച്ചു….

“ ഇത് ഏട്ടന്റെ വീടാണോ ? “
“അല്ല…. എന്റെ കൂട്ടുകാരന്റെ വീടാണ് ”. അവനിപ്പോൾ ഫാമിലിയുമായി ലണ്ടനിൽ സെറ്റിൽ
ആണെന്നും മറുപടി നൽകി.ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ കൈയ്യിലിരിക്കുന്ന
പ്ലാസ്റ്റിക് പാത്രം തുറന്ന് എന്റെ നേർക്ക് നീട്ടി….
ഉണ്ണിയപ്പം ആയിരുന്നു അതിൽ…. എനിക്ക് ഉണ്ണിയപ്പം ഒരുപാട് ഇഷ്ടമാണ്. എന്നാലും നമ്മൾ
ചാടിക്കേറി എടുക്കുന്നത് ശെരിയല്ലല്ലോ. ചുമ്മാ ഞാനൊരു നമ്പറിട്ടു…“ അയ്യേ…..
എനിക്ക് ഈ വൃത്തികെട്ട സാധനം ഒട്ടും ഇഷ്ടമല്ല. കാണുമ്പോഴേ ഛർദിക്കാൻ വരും”. മുഖത്തു
ഇഷ്ടമില്ലായ്മ വരുത്തികൊണ്ട് ഞാൻ വെറുതെ തട്ടിവിട്ടു.

അവളുടെ പ്രതികരണം അറിയാൻ അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ കണ്ടത് നിറഞ്ഞു
തുളുമ്പാറായ അവളുടെ മിഴികളാണ്.
പറഞ്ഞത് കൂടിപ്പോയോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി.

“അയ്യേ… ഇയാൾ ഇത്രയേ ഉള്ളോ. ഞാനൊരു തമാശ പറഞ്ഞതല്ലേ” എന്ന് പറഞ്ഞു ഞാൻ അതിൽ
നിന്നൊരു ഉണ്ണിയപ്പം എടുത്തു കഴിച്ചു.
ഒരു രക്ഷയുമില്ല… അത്രക്കും രുചിയുണ്ട് ആ ഉണ്ണിയപ്പത്തിന്.
അത്രേയുമായപ്പോൾ അവളുടെ മുഖം ഒന്നു തെളിഞ്ഞു. ചുണ്ടിലൊരു ചിരിയും വിടർന്നു.

“ഇയാളെ കണ്ടപ്പോൾ ഞാൻ കരുതി താൻ കുറച്ചു ബോൾഡ് ആയിരിക്കുമെന്ന്. പക്ഷെ, താനൊരു
തൊട്ടാവാടി ആണല്ലോ”

“ഇതെന്റെ അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കി തന്നുവിട്ടതാ. അതാ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക്
പെട്ടന്ന് വിഷമമായത്”.
അവളുടെ ഈ സംസാരത്തിൽ നിന്നും അവൾക്ക് അവളുടെ അമ്മയെ ജീവനാണെന്ന് എനിക്ക്
മനസ്സിലായി.
അത് നല്ലതാ… വീട്ടുകാരോട് സ്നേഹമുള്ള പെൺകുട്ടികൾക്കേ കെട്ടുന്നവനേയും പൊന്നുപോലെ
സ്നേഹിക്കാൻ പറ്റൂ.

ഇവളെ എനിക്ക് തന്നെ വേണം… ജീവിതകാലം മുഴുവൻ സ്നേഹിച്ചു കൊല്ലാൻ.. എന്നു ഞാൻ
ഒന്നുകൂടി മനസ്സിൽ ഊട്ടിയുറപ്പിച്ചു.

“ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ… എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരമാണ് ഈ ഉണ്ണിയപ്പം”.

“ഇങ്ങനെയുള്ള തമാശകൾ പറഞ്ഞാൽ എന്റെ കയ്യിൽ നിന്നും നല്ല കുത്തു വാങ്ങും… കേട്ടല്ലോ”
ഒരു കുസൃതി ചിരിയോടെ അവൾ മറുപടി നൽകി.

ഇവൾ ഒരു കുറുമ്പി ആണല്ലോ എന്നു ഞാൻ ചിന്തിച്ചു.

അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. വായാടി പെണ്ണിന് സംസാരിക്കാൻ പിന്നെ കാരണങ്ങൾ
ഒന്നും വേണ്ടല്ലോ..

അവൾ ഇവിടെ ഒരു കമ്പനിയിൽ പാക്കിങ് സ്റ്റാഫ്‌ ആയിട്ടാണ് ജോലിക്ക് വന്നത്..

അവൾ അവളുടെ ജീവിതകഥ പറയാൻ തുടങ്ങി.

“പത്തനംതിട്ടയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനും, അമ്മയും,
അനിയനും, ഞാനും അടങ്ങിയ ഒരു ചെറിയ കുടുംബം. അച്ഛൻ രാഘവൻ, അമ്മ വിദ്യ, അനിയൻ
ശ്രീരാഗ്. അച്ഛന്റെയും അമ്മയുടെയും ഒരു പ്രേമ വിവാഹം ആയിരുന്നു. അതിന്റെ പേരിൽ
ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട്
ബന്ധുക്കൾ ഒന്നും ഞങ്ങളെ തിരിഞ്ഞു നോക്കില്ലായിരുന്നു. ഞാനും എന്റെ അനിയനും ഇതുവരെ
ഞങ്ങളെ ബന്ധുക്കളെ കണ്ടിട്ടുപോലുമില്ല. ഞങ്ങൾ ജനിച്ചപ്പോൾ പോലും ഞങ്ങളെ കാണാൻപോലും
അവരൊന്നും വന്നില്ലാത്രേ…”

ഇതിനിടക്ക് എന്റെ ഉണ്ണിയപ്പം കഴിക്കൽ തുടർന്നുകൊണ്ടേയിരുന്നു. അതിനുമാത്രം ഞാൻ
കോംപ്രമൈസ് ചെയ്യാറില്ല.
ഓഹ്….. നമ്മൾ കാര്യത്തിൽ നിന്നും വഴുതി മാറി അല്ലെ…… അവൾ കഥ തുടരട്ടെ…….

“അങ്ങനെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളുടെ ജീവിച്ചു പോന്നത്… വാടക വീടായിരുന്നു അത്…
അതിന്റെ വാടക, ബാക്കി വീട്ടാവശ്യങ്ങൾ, പിന്നെ എന്റെയും അനിയന്റേയും പഠിത്തം,
ഇതിനെല്ലാം വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു. അച്ഛന് കൂലിപ്പണി
ആയിരുന്നു. ഞങ്ങടെ അവസ്ഥ കൊണ്ട് എല്ലാ ജോലിക്കും അച്ഛൻ പോകുമായിരുന്നു.
അച്ഛന്റെ കഷ്ടപ്പാട് കണ്ടു വളർന്നതുകൊണ്ട് ഞങ്ങൾ നന്നായി തന്നെ പഠിച്ചു.
അങ്ങനെയിരിക്കെയാണ് അച്ഛന്റെ മരണം സംഭവിച്ചത്. ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു.
അപ്പോൾ ഞാൻ ഡിഗ്രി പഠിച്ചു ഇറങ്ങിയതേയുള്ളൂ. ഒരു വർഷം മുൻപാണ് ഈ ദുരന്തം
സംഭവിക്കുന്നത്.
ഞങ്ങൾക്കെല്ലാം അതൊരു ഷോക്കായിരുന്നു. പക്ഷെ ഞങ്ങളെല്ലാം ആ ഷോക്കിൽ നിന്നും
പെട്ടന്ന് തന്നെ മുക്തരായി.
കാരണം വേറൊന്നുമല്ല ദാരിദ്ര്യവും, പട്ടിണിയും തന്നെ…..

അനിയൻ പഠിക്കുന്ന സമയമായതുകൊണ്ട് അവനെ ജോലിക്ക് വിടാൻ നിക്ക് ഇഷ്ടമല്ലാരുന്നു.
ഞങ്ങൾ തമ്മിൽ വെറും ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ… പക്ഷെ അവനെ എന്റെ മകനെപോലെയാ
ഞാൻ സ്നേഹിക്കുന്നേ….
പിന്നെ അമ്മ ഒരു ആസ്മ രോഗിയാ… എന്നാലും അമ്മ വീടിനു അടുത്തുള്ളവരുടെ തുണികളെല്ലാം
തയ്ച്ചു അമ്മയെകൊണ്ട് കഴിയുന്നത് സമ്പാദിക്കുന്നുണ്ട്. പക്ഷെ അമ്മക്ക് ആസ്മയുടെ
ഇൻഹെയ്ലർ വാങ്ങാൻ പോലും ഞങ്ങളുടെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.
അങ്ങനെ ഞാനൊരു ജോലിക്ക് ശ്രമിച്ചു തുടങ്ങി. പക്ഷെ ഒന്നിനും പ്രതീക്ഷിച്ച ഫലം
ഉണ്ടായില്ല. ഞാൻ B.Sc ബോട്ടണി ആണ് പഠിച്ചത്. അതുകൊണ്ട് എല്ലായിടത്തും ജോലി
കിട്ടുന്നത് അത്ര എളുപ്പമല്ലായിരുന്നു.

അപ്പോളാണ് വീടിനടുത്തുള്ള ഒരു ആന്റി അവരുടെ മാർജിൻഫ്രീ ഷോപ്പിൽ എനിക്ക് ഒരു ജോലി
തന്നത്. ഞങ്ങടെ അവസ്ഥ മനസ്സിലാക്കി നല്ലയൊരു തുക തന്നെയാ ആന്റി ശമ്പളം തന്നത്.
ദൈവത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു ആ ദേവകി ആന്റി.

ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഒരുവിധം നന്നായി ഞങ്ങൾ
ജീവിച്ചുപോന്നു.
അപ്പോഴാ ദേവകി ആന്റി വഴി ഈ ജോലിക്കുള്ള വിസ കിട്ടുന്നത്. അനിയനുവേണ്ടിയാണ് ആന്റി
വിസ റെഡി ആക്കിയത്. പക്ഷെ അവൻ ഇങ്ങോട്ട് വരാൻ ഒരുക്കമല്ലായിരുന്നു. എനിക്കും അത്
ശെരിയാണെന്ന് തോന്നി. പഠിക്കേണ്ട പ്രായമല്ലേ അവന്റെ.
അങ്ങനെ ദേവകി ആന്റിയുടെ നല്ല മനസ്സ് കാരണമാണ് എനിക്ക് ഈ ജോലി കിട്ടിയത്.”ഇത്രേയും
പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ പൊട്ടികരഞ്ഞുപോയി പാവം.“ശ്രീദേവി…. താൻ ഇങ്ങനെ
കരഞ്ഞാൽ എങ്ങനെയാ. തനിക്ക് ഇനി നല്ല കാലമായിരിക്കും. അങ്ങനെ എന്റെ മനസ്സ് പറയുന്നു.
അമ്മയെയും അനിയനെയും ഇനി താനല്ലേ നോക്കേണ്ടത്… ആ താനിങ്ങനെ കരഞ്ഞാലെങ്ങനെയാ…”
ഇത്രെയും പറഞ്ഞപ്പോൾ പെണ്ണൊന്നു തണുത്തു.

“വിഷമം കൊണ്ട് കരഞ്ഞു പോയതാ ഏട്ടാ… കഷ്ടതകൾ മാത്രം അനുഭവം വിധിക്കപ്പെട്ട ജന്മമാണ്
ഞാനും എന്റെ കുടുംബവും.”

“ഏയ്‌…. ഇനി അങ്ങനെയൊന്നും ചിന്തിക്കേണ്ട. ഞാനില്ലേ കൂടെ” വായിൽ നിന്ന് അറിയാതെ
ഇങ്ങനെ വീണുപോയി.

ചെറുതായി കരഞ്ഞുകൊണ്ടിരുന്ന ഉണ്ടക്കണ്ണി പെട്ടന്ന് എന്നെയൊന്നു നോക്കി. അവളുടെ
കണ്ണുകളിൾ മിന്നിമറഞ്ഞ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ആ കണ്ണുകളിൽ ഉറപ്പില്ലാത്തൊരു പ്രതീക്ഷയുടെ നാളം മാത്രം എനിക്ക് മനസ്സിലാക്കാൻ
പറ്റി.

വീണ്ടും കുറെ കാര്യങ്ങൾ സംസാരിച്ചു അവൾ പോകാനിറങ്ങി.
അവൾ ഉണ്ണിയപ്പം കൊണ്ടുവന്ന പാത്രം മേശപ്പുറത്തിരിക്കുന്നത് അപ്പോളാണ് ഞാൻ കണ്ടത്.
അപ്പോളവൽ വീടിന്റെ പുറത്ത് ഇറങ്ങിയതേ ഉള്ളൂ…
ഞാൻ പാത്രവും എടുത്ത് അവളുടെ പിന്നാലെ പോയി വിളിച്ചു.

“ശ്രീക്കുട്ടി”…. വിളിച്ച ശേഷമാണ് പറ്റിയ അബദ്ധം ഞാൻ മനസ്സിലാക്കിയത്. ശ്രീദേവി
എന്നുള്ള അവളുടെ പേര് സ്നേഹംകൊണ്ട് വിളിച്ചപ്പോൾ ശ്രീക്കുട്ടി എന്നു മാറിപോയത്.

പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി… അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു.

വെറുതേ പോയ പണി ചോദിച്ചു വാങ്ങിയല്ലോ ഈശ്വരാ… എന്നു ഞാൻ ചിന്തിച്ചു.

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.

നടക്കുന്നത് സ്വപ്നമാണോ എന്നു ഞാൻ ചിന്തിച്ചുപോയി.
ആ സമയവും കാച്ചിയ എണ്ണയുടെ മണം എന്റെ മൂക്കിൽ തുളച്ചു കയറി. സന്ദർഭം
അനുകൂലമല്ലെങ്കിലും ഞാൻ ആ മണം ആസ്വദിച്ചു നിന്നുപോയി. അധികനേരം ആ ആസ്വാദനം
ഉണ്ടായില്ല. എന്തോ ആലോചിച്ചെന്ന പോലെ അവന്റെ എന്നിൽ നിന്നും വിട്ടുമാറി.

“ഏട്ടാ…. എന്റെ അച്ഛൻ എന്നെ വിളിച്ചിരുന്ന പേരാണ് ഈ ശ്രീക്കുട്ടി. ഏട്ടൻ അങ്ങനെ
വിളിച്ചപ്പോൾ എനിക്ക് എന്റെ അച്ഛൻ വിളിക്കുന്നപോലെ തോന്നി. അതാ ഞാൻ അങ്ങനെ…”

“എങ്ങനെ….?” ഞാൻ വെറുതെ അവളെയൊന്ന് വട്ട് ഇളക്കി.

“ പോ ഏട്ടാ ” പെണ്ണിന്റെ മുഖം പെട്ടന്ന് തക്കാളി പോലെ ചുവന്നു തുടുത്തു.
“അപ്പോൾ ഞാൻ ഇനി ശ്രീക്കുട്ടി എന്ന് വിളിച്ചോട്ടെ”

“മ്മ്..” ഒരു മൂളൽ മാത്രമായിരുന്നു പെണ്ണിന്റെ മറുപടി.

“ എന്നാ ശ്രീക്കുട്ടി എന്നുതന്നെ വിളിക്കാം. ചിലപ്പോൾ ഇനിയും ഒരു കെട്ടിപ്പിടിത്തം
കിട്ടിയാലോ”… ഞാൻ തമാശരൂപേണ, എന്നാൽ കുറച്ചു ആവേശത്തോടെ ഞാൻ പറഞ്ഞു.

“അയ്യേ…. വൃത്തികെട്ടത് ” എന്നു പറഞ്ഞു ഒരു കുസൃതി ചിരിയോടെ അവൾ എന്റെ കൈയിൽ നിന്ന്
ആ പാത്രവും തട്ടിപ്പറിച്ചുകൊണ്ട് ഓടി.

ഞാൻ അവളുടെ കുസൃതിചിരിയോടെ ഉള്ള ഓട്ടം നോക്കി അവിടെ നിന്നുപോയി.

***********—–
അങ്ങനെ രണ്ട് ദിവസം പെട്ടന്ന് കടന്നുപോയി. ശ്രീക്കുട്ടിയുടെ വായാടിത്തരവും
കുസൃതിയും ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം പോയതേ അറിഞ്ഞില്ല….

ഇന്നാണ് എനിക്ക് ജോലിക്ക് ജോയിൻ ചെയ്യേണ്ടത്. ശ്രീകുട്ടിക്ക് നാളെ ജോയിൻ ചെയ്‌താൽ
മതി.

രാവിലെ എണീറ്റ് കുറച്ചു വർക്ഔട്ട് ഒക്കെ ചെയ്തു. പ്രഭാതകൃത്യങ്ങളും കഴിഞ്ഞു ഒരു
കുളിയും പാസ്സ് ആക്കി. ഫോർമൽ ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നും
മുടി ചീകുമ്പോളാണ് ആരോ മുറിയിലേക്ക് കടന്നു വരുന്നതായി തോന്നിയത്.
തിരിഞ്ഞു നോക്കിയപ്പോൾ അതാ കയ്യിൽ ആവിപറക്കുന്ന ഒരു കപ്പ്‌ ചായയുമായി ശ്രീക്കുട്ടി.

ഞാൻ പറഞ്ഞില്ലല്ലോ…. കഴിഞ്ഞ രണ്ടുദിവസവും എനിക്ക് ചായയും, ബ്രേക്ഫാസ്റ്റും
ഉണ്ടാക്കി തന്നത് ശ്രീകുട്ടയാണ്. ചുമ്മാ പറയുന്നതല്ല… അവൾ ഉണ്ടാക്കുന്ന ചായയും
ഫുഡും ഒക്കെ ഒടുക്കത്തെ ടേസ്റ്റ് ആണ്…. നമ്മുടെ നാവ് ഇറങ്ങി പോകും അത്രക്ക്
അടിപൊളിയാണ്.
ഉച്ചക്കും രാത്രിയും ഞാൻ റെസ്റ്റോറന്റിൽ നിന്നും കഴിക്കും… എനിക്ക് ഈ അടുക്കളയിൽ
കയറുന്നത് അലർജിയാണ്. കേറി എന്തെങ്കിലും ഉണ്ടാക്കാൻ മടി ഒന്നുമില്ല… പക്ഷെ എനിക്ക്
അടുക്കള അലർജിയായി പോയില്ലേ….. പാവം ഞാൻ… 😁

ശ്രീകുട്ടിക്കും അവളുടെ കൂടെയുള്ള ബാക്കി സ്റ്റാഫിനും അവരുടെ കമ്പനി ഫുഡ്‌ പ്രൊവൈഡ്
ചെയ്യുന്നുണ്ട്.എന്നാലും അവളെ നിർബന്ധിച്ചു ഞാൻ ഇവിടുന്ന് ബ്രേക്ഫാസ്റ്റ്
കഴിപ്പിക്കും. എനിക്ക് വിളമ്പി തന്ന് എന്നെ കഴിപ്പിച്ചിട്ടേ അവൾ കഴിക്കൂ. അത്
അങ്ങനെയൊരു വട്ട്. എന്തെങ്കിലുമാകട്ടെ അവൾ കഴിക്കുന്നുണ്ടല്ലോ…. എനിക്കത് മതി.

ഒന്നു ചിരിച്ചിട്ട് അവളുടെ കയ്യിൽ നിന്നും ഞാൻ ആ ചായ വാങ്ങി കുടിച്ചു. പറയേണ്ട
കാര്യമില്ലല്ലോ നല്ല അസ്സൽ ചായ. ഏലക്കയുടെ ടേസ്റ്ററും കൂടിയപ്പോൾ ഒരു രക്ഷയുമില്ല.
പെണ്ണിന് ഒടുക്കത്തെ കൈപ്പുണ്യം ആണ്.
അമ്മയുടെ അടുത്തുന്നു കിട്ടിയതായിരിക്കും ഈ കൈപ്പുണ്യം. അവളുടെ അമ്മയുണ്ടാക്കിയ
ഉണ്ണിയപ്പം ഞാൻ കഴിച്ചതാണല്ലോ.

ഇവൾ ദിവസം പോകുന്തോറും സുന്ദരിയായി വരുന്നല്ലോ…. ഫ്ലൈറ്റിൽ വച്ചു കണ്ടപ്പോൾ
ഇട്ടിരുന്ന ചുരിദാറാണ് അവൾ ഇന്ന് ഇട്ടിരിക്കുന്നത്.

പിന്നെ അവൾ ബ്രേക്ഫാസ്റ്റ് വിളമ്പി തന്നു. ഞാൻ കഴിച്ചു കഴിഞ്ഞപ്പോൾ അവളും കഴിച്ചു.
അങ്ങനെ അവളോട്‌ യാത്ര പറഞ്ഞു വീടും പൂട്ടി ഞാൻ ഓഫീസിലേക്ക് യാത്ര തിരിച്ചു.
കാനഡയിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയിൽ ആണ് എനിക്ക് ജോലി കിട്ടിയത്.

അങ്ങനെ ജോലിയിൽ ജോയിൻ ചെയ്യ്തു. കമ്പനിയിൽ എന്റെ ഡിപ്പാർട്മെന്റിൽ ഉള്ള ഒരു
കുട്ടിയുമായി പെട്ടന്ന് തന്നെ ഞാൻ കൂട്ടായി.
“ലിയ മരിയ” എന്നാണ് അവളുടെ പേര്. ഇസ്രായേൽ ആണ് സ്വദേശം.
എന്നേക്കാൾ ഒരു വയസ്സ് കൂടുതലുണ്ട്. 25 വയസ്സായി അവൾക്ക്. പക്ഷെ അതിന്റെ ഒരു
അഹങ്കാരവും അവൾക്കില്ല. കൊച്ചുകുട്ടികളെപോലെയാണ് അവളുടെ സ്വഭാവം.
അവളുടെ നീല കണ്ണുകൾ എടുത്തു പറയേണ്ടത് തന്നെയാണ്. അത് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു.
എന്റെ പച്ച കളർ കണ്ണ് അവൾക്കും ഇഷ്ടമായെന്ന് പറഞ്ഞു.
അവളുള്ളത് കൊണ്ട് ഓഫീസിൽ ഒരിക്കലും ബോറടിക്കേണ്ടിവരില്ല. ശ്രീക്കുട്ടിയുടെ
അത്രയില്ലെങ്കിലും ഇവളും മോശമല്ലാത്തൊരു വായാടി തന്നെയാ. അവിടെ മലയാളം ആണെങ്കിൽ
ഇവിടെ ഇംഗ്ലീഷ്. അത്രേയുള്ളു വ്യത്യാസം.

വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ മൊബൈൽ എടുത്ത്
നോക്കിയപ്പോളാണ് ശ്രീക്കുട്ടിയുടെ 3 മിസ്സ്ഡ് കാൾസ്. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു
എന്നു ഞാൻ അപ്പോളാണ് മനസ്സിലാക്കിയത്.
ലിയയും ഞാനും മൊബൈൽ നമ്പറുകൾ കൈമാറ്റം ചെയ്തപ്പോൾ ലിയ എന്റെ മൊബൈൽ വാങ്ങി അവളുടെ
നമ്പർ ടൈപ്പ് ചെയ്യുകയും, ഞാൻ അവളുടെ മൊബൈൽ വാങ്ങി എന്റെ നമ്പർ ടൈപ്പ്
ചെയ്യുകയുമാണ് ചെയ്യ്തത്.

അതുകൊണ്ട് അപ്പോളും മൊബൈൽ സൈലന്റ് ആണെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല.എന്തെങ്കിലും
ആകട്ടെ ഞാൻ ശ്രീകുട്ടയെ തിരിച്ചു വിളിച്ചു. രണ്ടു മൂന്ന് റിങ് ആയപ്പോഴേക്കും അവൾ
ഫോണെടുത്തു. എടുത്ത ഉടൻ…….

“പോ….. എന്നോട് മിണ്ടണ്ട” എന്നു പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു.

അവളുടെ സംസാരശൈലി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്നാലും അവൾ എന്തായിരിക്കും
ഇങ്ങനെ പറഞ്ഞത് എന്നുള്ള ടെൻഷനും ഉണ്ടായിരുന്നു. എന്തിനായിരിക്കും അവൾ മൂന്ന് തവണ
വിളിച്ചിരുന്നത്. എന്തായാലും ഞാൻ തിരിച്ചു വിളിക്കാൻ പോയില്ല… വീട്ടിൽ പോയിട്ട്
നേരിട്ട് സംസാരിക്കാമെന്ന് കരുതി….

അങ്ങനെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു. പെട്ടന്ന് എന്റെ അടുത്ത് ഒരു BMW i8 car
വന്നു നിന്നു. നോക്കിയപ്പോൾ നമ്മുടെ ലിയ കാറിൽ ഇരുന്നു പുഞ്ചിരിക്കുന്നു. അവളുടെ
കാറാണ് അത്. അവൾ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു. ഒരു ലിഫ്റ്റ് കിട്ടിയ
സന്തോഷത്തിൽ ഞാൻ വണ്ടിയിൽ ചാടിക്കേറി. അങ്ങനെ ആ Bmw i8 ഞങ്ങളെയും കൊണ്ട്
ചീറിപ്പാഞ്ഞു.

ഒരു അസാധ്യ റൈഡ് തന്നെയായിരുന്നു അത്. അവൾ ഡ്രൈവിങ്ങിൽ എക്സ്പേർട്ട് ആണെന്നും
എനിക്ക് മനസ്സിലായി.
അവളുടെ ഡ്രൈവിങ്ങിന്റെ മെച്ചം കാരണം കണ്ണടച്ചു തുറക്കും മുമ്പേ ഞങ്ങളുടെ എന്റെ
വീട്ടിൽ എത്തി.
ഞാൻ അവളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്തിനു മുൻപേ അവൾ കാറിൽ നിന്നുമിറങ്ങി എന്റെ
വീട്ടിലേക്ക് നടന്നു.
അതുകണ്ടു അന്ധംവിട്ടിരുന്ന എന്നെ അവൾ നോക്കിയിട്ട് വരുന്നില്ലേ എന്നു ചോദിച്ചു.
അവളുടെ പെരുമാറ്റം കണ്ടാൽ അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നത് പോലെയാണ്.
ഒരു അൺലിമിറ്റഡ് കുസൃതി കുടുക്ക തന്നെയാണ് ഇവളെന്ന് എനിക്ക് മനസ്സിലായി.
ഞാൻ കാറിൽ നിന്നിറങ്ങി അവളുടെ പുറകെ വീട്ടിലേക്ക് നടന്നു. നമ്മുടെ മായാവി കഥയിൽ ഓം
ക്രീം കുട്ടിച്ചാത്താ എന്നു വിളിക്കുമ്പോൾ മായാവി വരുംപോലെ നമ്മുടെ കുറുമ്പി
കുട്ടിചാത്തൻ ശ്രീക്കുട്ടി എവിടെനിന്നോ പറന്നെത്തി. പെണ്ണ് മാരത്തോൺ ഓട്ടം ഓടിയപോലെ
കിതയ്ക്കുന്നുണ്ട്.

എന്നെ ഒന്നു നോക്കി ദഹിപ്പിച്ചിട്ട് ലിയയെ നോക്കിയൊന്നു ചിരിച്ചു. ലിയ തിരിച്ചും.

ലിയക്ക് വേറൊന്നും ഒരു വിഷയമല്ല എന്ന രീതിയിൽ അവൾ ഡോറു തുറന്ന് അകത്തുകയറി.
അകത്തെ ഭംഗിയൊന്ന് വീക്ഷിച്ചിട്ട് “ Nice House ” എന്ന് പറഞ്ഞു.
ഞാനൊരു Thank you പറഞ്ഞു.

ലിയ :- Who’s this ? എന്നു ശ്രീകുട്ടയെ ഒന്നു നോക്കിയിട്ട് എന്നോട് ചോദിച്ചു.
“She’s my friend… And, she’s also from INDIA”. ഞാൻ മറുപടി പറഞ്ഞു.

ലിയ :- Ohh…. Anyway She is so beautiful.

അതുകേട്ടപ്പോൾ നമ്മുടെ സുന്ദരി കുട്ടിയുടെ മുഖത്ത് ഒരു ചിരി വിടർന്നു.

പിന്നെ അവർ തമ്മിലായി സംസാരം. ലിയയുടെ ചറപറാ ഇംഗ്ലീഷിന് മുന്നിൽ പിടിച്ചു നിൽക്കാൻ
എന്റെ കുട്ടി കുറച്ചു കഷ്ടപെടുന്നുണ്ട്. എന്നാലും മോശമല്ലാത്ത രീതിയിൽ ശ്രീകുട്ടയും
ഇംഗ്ലീഷ് പറയുന്നുണ്ട്. ലിയ എന്നെപറ്റി എന്തൊക്കെയോ ശ്രീകുട്ടിയോട് പറയുന്നുണ്ട്.
വളരെ പതുക്കെ ആയതുകൊണ്ട് എനിക്ക് അത് കേൾക്കാൻ പറ്റുന്നില്ല. പിന്നെ ഞാൻ
ശ്രദ്ധിക്കാനും പോയില്ല.

ശ്രീക്കുട്ടി എന്നോട് സംസാരിക്കുന്നത് പോയിട്ട് എന്നെ ഒന്നും നോക്കുന്നത്
പോലുമില്ല. ആ പ്രവർത്തി കണ്ടിട്ട് എനിക്ക് നല്ല ദേഷ്യം വന്നു.

എന്നിട്ട് ലിയക്ക് കുടിക്കാനായി സ്ക്വാഷ് കലക്കാൻ ശ്രീക്കുട്ടി അടുക്കളയിലേക്ക്
പോയി.
ലിയയോട് ഇരിയ്ക്കാൻ പറഞ്ഞിട്ട്…. ഇപ്പോ വരാമെന്നും പറഞ്ഞു ഞാൻ നേരെ അടുക്കളയിലേക്ക്
പോയി. അവിടെ സ്ക്വാഷ് കലക്കുന്ന തിരക്കിലായിരുന്നു ശ്രീക്കുട്ടി.

“ശ്രീക്കുട്ടി എന്തിനാ എന്നെ വിളിച്ചിരുന്നേ…. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു”.
ഞാൻ സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും അവൾ എന്നെ നോക്കുന്നില്ല.

“എടി.. നീ എന്താ മിണ്ടാതെ നിക്കുന്നേ… നിനക്ക് നാവില്ലേ. അതോ എന്നോട്
സംസാരിക്കില്ലേ”. ഞാൻ ശബ്ദം കുറച്ചു കൂട്ടിയാണ് അത് ചോദിച്ചത്. എനിക്ക് നല്ല ദേഷ്യം
വന്നിരുന്നു.

എനിക്ക് ഏറ്റവും ദേഷ്യം വരുന്ന കാര്യമാണ് ഞാൻ ആരോടെങ്കിലും സംസാരിക്കുമ്പോൾ അവർ
തിരിച്ചു മറുപടി തരാത്തത്.

പിന്നെ ഞാനൊന്നും സംസാരിക്കാൻ നിന്നില്ല. ചുമ്മാ എന്തിനാ നമ്മുടെ വില കളയുന്നത്.

നേരെ ഹാളിൽ പോയപ്പോൾ അവിടെ മുഴുവൻ ഓടിനടന്ന് നോക്കി കാണുകയായിരുന്നു ലിയ. ഒരു
കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു അവളുടെ പ്രവർത്തി.
അതോ ഈ സാധനത്തിനു വട്ടാണോ എന്നും ഞാൻ ചിന്തിക്കാതിരുന്നില്ല. അതുപോലെയായിരുന്നു
അവളുടെ പ്രവർത്തികൾ. എന്തായാലും കാണാൻ നല്ല രസമുണ്ട്.

അങ്ങനെ അവളെ നോക്കി നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ രംഗപ്രവേശനം.
കരഞ്ഞു കലങ്ങിയപോലെ ആയിരുന്നു അവളുടെ കണ്ണുകൾ.
ലിയ അവളുടെ കൈയിൽ നിന്നു സ്ക്വാഷ് വാങ്ങി കുടിച്ചു. അപ്പോളും അവൾ എല്ലാം
നോക്കിക്കാണുന്ന തിരക്കിൽ തന്നെയായിരുന്നു. ഇതിനും മാത്രം എന്താണാവോ ഇവിടെ കാണാൻ
ഉള്ളത്. എന്നിട്ട് ഞാൻ ഒന്നും കണ്ടില്ലല്ലോ.

സ്ക്വാഷ് കുടിച്ചു കഴിഞ്ഞു എന്നോടും ശ്രീകുട്ടിയോടും യാത്ര പറഞ്ഞു ലിയ പോകാനിറങ്ങി.
കാറിനടുത്തു എത്തിയപ്പോൾ എന്നെ കെട്ടിപിടിച്ചു ഒന്നുകൂടി യാത്ര പറഞ്ഞിട്ടാണ് ലിയ
പോയത്.

അത് നമ്മുടെ കുട്ടിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നു ആ മോന്ത കണ്ടാലറിയാം.

അവളുടെ കാറ്‌ പോയി കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മുഖവും വീർപ്പിച്ചു നിക്കുന്ന
ശ്രീകുട്ടിയെയാണ് കണ്ടത്.
അവൾ എന്നെ നോക്കാതെ അവളുടെ കോട്ടേഴ്‌സിലേക്ക് പോകാനൊരുങ്ങി.
തെണ്ടി ഒന്നും മൈൻഡ് ചെയ്യുന്നുപോലുമില്ല.
എനിക്ക് നല്ല ദേഷ്യം വന്നു ഞാൻ പറഞ്ഞു…

“ഇന്ന് ഇവിടുന്നു എന്നോട് ഒന്നും സംസാരിക്കാതെ പോകാനാണ് പരിപാടിയെങ്കിൽ ഇനി
ഇങ്ങോട്ട് വരണ്ട”

അത് കേട്ടപ്പോൾ പെണ്ണ് ബ്രേക്ക്‌ ഇട്ടപോലെ നിന്നു. എന്നിട്ട് വന്നു
വീട്ടിനകത്തേക്ക് കയറി പോയി. അപ്പോളും നോ സംസാരം.
അവളുടെ ആ പ്രവർത്തിയിൽ എനിക്ക് ചിരിപൊട്ടി. വളരെ കഷ്ടപ്പെട്ട് ഞാൻ അത് കണ്ട്രോൾ
ചെയ്തു. എന്നിട്ട് ഗൗരവത്തിൽ തന്നെ പറഞ്ഞു..

“ പറ്റുമെങ്കിൽ രാത്രിയിലെ ഫുഡ്‌ ഒന്നു ഉണ്ടാക്കിതരണം. അടുക്കളയിൽ സാധനങ്ങൾ ഒക്കെ
ഉണ്ടല്ലോ”

“ അതേ…. നിങ്ങക്ക് ഇപ്പോളും ആഹാരം ഉണ്ടാക്കി തരാൻ ഞാൻ നിങ്ങളുടെ കെട്ട്യോൾ
ഒന്നുമല്ല”. ഉടനെ അവളുടെ മറുപടി വന്നു.

“ കെട്ട്യോൾ ആക്കാൻ എനിക്ക് മടിയൊന്നുമില്ല…. ഞാൻ റെഡി ആണ്…. പിന്നെ ഫുഡ്‌ നിനക്ക്
പറ്റുമെങ്കിൽ ഉണ്ടാക്കിയാൽ മതി. അല്ലെങ്കിൽ ഞാൻ പുറത്തുന്ന് കഴിച്ചോളാം”.
എടുത്തടിച്ചപോലെ ആയിരുന്നു ഞാൻ ഇത് പറഞ്ഞത്.
അവൾ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അതിന്റെ ഞെട്ടൽ മുഖത്ത്
വ്യക്തമാണ്.

ഇത്രേയും പറഞ്ഞു ഞാൻ പുറത്തേക്ക് നടക്കാനൊരുങ്ങി. ഉടനെ പുറകിൽ നിന്ന് അവളുടെ ശബ്ദം
കേട്ടു…

“ ഏട്ടാ….. ഞാൻ ആഹാരം ഉണ്ടാക്കി തരാം. പോകല്ലേ”.
ഈ മറുപടി കേൾക്കാൻ കാത്തുനിന്ന എന്റെ ചെവിയിലേക്ക് ഒരു കുളിർമഴ പോലെയാണ് ഈ വാക്കുകൾ
പെയ്യ്തിറങ്ങിയത്.

അത്രേയും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി….
ഈ പിണക്കത്തിന്റെ കാരണം എന്താണെന്ന് അറിയണമല്ലോ… അതറിയാൻ ഞാനും അവളുടെ പുറകേ പോയി.

രാത്രി ചപ്പാത്തിക്കുള്ള മാവ് കുഴക്കുകയായിരുന്നു അവൾ. മുഖം വീർപ്പിച്ചാണ് നിൽപ്പ്.

“എന്താ ശ്രീക്കുട്ടി…. എന്താ നിനക്ക് പറ്റിയത്… എന്നോട് എന്തിനാ പിണങ്ങി
ഇരിക്കുന്നേ…”

“ഒന്നുമില്ല ഏട്ടാ”… ഈ രണ്ട് വാക്കിൽ അവളുടെ മറുപടി ഒതുങ്ങി.

പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല… പോയി ഒന്നും നന്നായി കുളിച്ചു. കുളി
കഴിഞ്ഞപ്പോൾ നല്ല ഒരു ഉന്മേഷം.
ഡ്രസ്സ്‌ മാറി താഴേക്കു ചെന്നപ്പോൾ ഫുഡ് റെഡി ആക്കി ഡൈനിങ്ങ് ടേബിളിൽ
വച്ചിട്ടുണ്ട്. അതിന്റെ അടുത്ത് തന്നെ കസേരയിൽ ശ്രീകുട്ടിയും ഇരിക്കുന്നുണ്ട്.

സമയം രാത്രി 7:30 ആയി….
ഞാൻ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ ശ്രീക്കുട്ടി എഴുന്നേറ്റു പറഞ്ഞു….

ശ്രീക്കുട്ടി :- “ഏട്ടാ ചപ്പാത്തിയും ഉള്ളിക്കറിയും ഉണ്ടാക്കിയിട്ടുണ്ട്. അപ്പോൾ
ഞാൻ ഇറങ്ങുവാ”

“ഇരിക്ക്… കഴിച്ചിട്ട് പോകാം”

“വേണ്ട ഏട്ടാ…. അവിടെ എനിക്കുള്ള ആഹാരം ഉണ്ട്… ഞാൻ അവിടുന്നു കഴിച്ചോളാം”

“എന്നാൽ ഞാൻ കഴിക്കുന്നില്ല”… അതോടെ കക്ഷി ഒന്നു അയഞ്ഞു.

“എന്നാൽ വേഗം വിളമ്പിക്കോ…. നല്ല വിശപ്പ്..”
ഞാൻ സ്ഥിരം കഴിക്കുന്ന സമയം ആയിട്ടില്ല… അതുപോലെ എനിക്ക് വിശക്കുന്നുമില്ല…
സംഭവം എന്നാണെന്നു വച്ചാൽ അവളുടെ കോട്ടേഴ്‌സിലെ എല്ലാവരും എട്ട് മണിക്ക് ആഹാരം
കഴിക്കും…. ഇപ്പോൾ 7:30 ആയി…. ഇനിയും കഴിക്കാതിരുന്നു താമസിച്ചാൽ അവൾ ചിലപ്പോൾ
മുങ്ങികളയും…

അങ്ങനെ അവൾ ആഹാരം വിളമ്പി… ഞാൻ കഴിച്ചതിന് ശേഷമാണ് അവൾ കഴിക്കുന്നതെന്ന്
പറഞ്ഞല്ലോ.. പക്ഷെ ഇന്ന് ഞാനതിനു സമ്മതിച്ചില്ല. എന്റെ കൂടെ ഇരുത്തി കഴിപ്പിച്ചു.
ആദ്യമൊന്ന് മടി കാണിച്ചെങ്കിലും എന്റെ ശബ്ദം കടുത്തപ്പോൾ അവൾ കഴിച്ചു തുടങ്ങി.

വായാടി പെണ്ണ് ഇന്ന് ഭയങ്കര സൈലന്റ് ആണ്.
എങ്ങനെയും പിണക്കം മാറ്റിയേ പറ്റൂ.

കഴിച്ച പാത്രങ്ങൾ കഴുകിവച്ച് അവൾ പോകാനൊരുങ്ങി.

“ഞാൻ നിന്നോടൊരു കാര്യം പറഞ്ഞിരുന്നു.. ഇന്ന് എന്നോട് മിണ്ടാതെയാണ് ഇവിടുന്നു
പോകുന്നതെങ്കിൽ ഇനി ഇങ്ങോട്ട് വരണ്ട എന്ന്…. ശ്രീക്കുട്ടി എന്താ നിന്റെ പ്രശ്നം”
ഇതിൽ അവൾ വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം അവളുടെ ആ കോട്ടേഴ്സിൽ അവൾ
മാത്രമായിരുന്നു ഒരു മലയാളി. അപ്പോൾ അവൾക്ക് മാതൃഭാഷയിൽ എന്തെങ്കിലും മിണ്ടിയും
പറഞ്ഞും ഇരിക്കണമെങ്കിൽ എന്റെ അടുത്ത് തരണേ വരണമായിരിന്നു.

“ഒന്നുമില്ല ഏട്ടാ…. ഞാൻ വിളിച്ചിട്ട് ഏട്ടൻ ഫോൺ എടുക്കാത്തപ്പോൾ ചെറിയൊരു വിഷമം
തോന്നി…. അത്രേ ഉള്ളൂ”

അതുമാത്രമല്ല അവളുടെ പ്രശ്നമെന്ന് അവളുടെ മുഖത്ത് നിന്നും വ്യക്തമാണ്.

എന്നാലും ഞാൻ കുത്തി കുത്തി ചോദിക്കാൻ പോയില്ല.

“അല്ല… എന്തിനാ നീ വിളിച്ചത്…”

“അതേ…. ഏട്ടൻ ജോലി കഴിഞ്ഞു വരുമ്പോഴേ…. കപ്പലണ്ടി മിട്ടായി ഉണ്ടെങ്കിൽ വാങ്ങി വരുമോ
എന്ന് ചോദിക്കാനാ വിളിച്ചേ…” പെണ്ണ് ചെറിയൊരു ചമ്മലോടെ കൊഞ്ചി കൊഞ്ചിയാണ് ഇത്
പറഞ്ഞത്.

ഇത് കേട്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല. പൊട്ടിചിരിച്ചുപോയി ഞാൻ. ഇവിടെ
കപ്പലണ്ടി മിട്ടായി കിട്ടുമോ എന്നും ഞാൻ ചിന്തിച്ചു.

“ദേ കഷ്ടം ഇണ്ട് ഏട്ടാ…. എന്തിനാ ഇങ്ങനെ കളിയാക്കാണേ…”

“പിന്നല്ലാതെ…. ഒരു കപ്പലണ്ടി മിട്ടായിക്ക് വേണ്ടിയാണോ നീ ഇത്രേയും നേരം മുഖം
വീർപ്പിച്ചിരുന്നെ…”

അതുപറഞ്ഞപ്പോൾ മുപ്പത്തിരണ്ട് പല്ലും കാട്ടിയുള്ളോരു ചിരിയായിരുന്നു മറുപടി.

ഇപ്പോൾ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞാലോ എന്നു ഞാൻ ചിന്തിച്ചു. ഇത് തന്നെയാ നല്ല
അവസരം. ഞാൻ പറയാൻ തന്നെ തീരുമാനിച്ചു. കിട്ടിയാ ഊട്ടി ഇല്ലെങ്കിൽ… ഇല്ലെങ്കിലും
ഊട്ടി തന്നെയാ… ഇവളെ എനിക്ക് തന്നെ വേണം.

“പിന്നെ നീ നേരത്തെ പറഞ്ഞില്ലേ… എപ്പോളും ആഹാരം ഉണ്ടാക്കി തരാൻ നീ എന്റെ
കെട്ട്യോളൊന്നും അല്ലെന്ന്…”

“അയ്യോ ഏട്ടാ അത് ഞാൻ അപ്പോഴത്തെ ഒരുതിന് പറഞ്ഞു പോയതാ…. ഒരു ബോധം ഇല്ലാത്ത
പൊട്ടിയാ ഞാൻ… സോറി”

“എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ട് ശ്രീക്കുട്ടി”

“എന്ത് ആഗ്രഹമാ ഏട്ടാ”

ഇതിന് മനസ്സിലാക്കി എടുക്കാനുള്ളൊരു കഴിവില്ലേ ഈശ്വരാ… എന്നു ഞാൻ മനസ്സിൽ
വിചാരിച്ചു പോയി.
“എനിക്ക് നിന്നെഒരുപാട് ഇഷ്ടമാണ് ശ്രീക്കുട്ടി… ചുമ്മാ പ്രേമിച്ചു നടക്കാൻ
വേണ്ടിയല്ല… കല്യാണം കഴിച്ചു ജീവിതകാലം മുഴുവൻ എന്റെ കൂടെ കൂട്ടാൻ വേണ്ടിയാ…”

ഇത് ഞാൻ പറയുന്ന സമയം ഉണ്ടക്കണ്ണു മിഴിച്ചു എന്നെതന്നെ നോക്കി നിക്കുവായിരുന്നു
എന്റെ ഉണ്ടക്കണ്ണി.

“എന്താ ശ്രീക്കുട്ടിയുടെ അഭിപ്രായം”

“ഏട്ടാ………. ഞാൻ………”

“നല്ലപോലെ ആലോചിച്ചു പറഞ്ഞാൽ മതി…. എന്റെ ജീവിതത്തിൽ എനിക്ക് ആദ്യമായി പ്രണയം
തോന്നിയ പെണ്ണാ നീ…… എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും മറ്റൊരു പെണ്ണ് ഉണ്ടാകില്ല….
നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിലും സാരമില്ല….. ഈ ജന്മം മുഴുവൻ എന്റെ ഹൃദയത്തിനുള്ളിൽ
നിന്നെയും പൂജിച്ചു ഞാൻ ജീവിക്കും”.

ഈ സമയം ശ്രീക്കുട്ടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി
ഒഴുകുന്നുണ്ടായിരുന്നു.
അത് എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ അവളോട്‌ പൊയ്ക്കോളാൻ പറഞ്ഞു.
അവൾ പോയി കഴിഞ്ഞു ഞാൻ എന്തൊക്കെയോ ചിന്തിച്ചിരുന്നു. മനസ്സ് ഒട്ടും
ശാന്തമല്ലായിരുന്നു.
ചിന്തയിലാഴ്ന്നു എപ്പോഴോ ഉറങ്ങിപോയി.

എന്നും രാവിലെ exercise ചെയ്യാൻ എണീക്കുന്നതുകൊണ്ട് ഇന്നും കൃത്യം 5 മണിക്ക് തന്നെ
ഉണർന്നു. വീടിനു പുറത്തിറങ്ങി പുഷ്അപ്പ് സിറ്റ്അപ്പ് പുൾഅപ്പ് അങ്ങനെ കുറച്ചു
പരിപാടികൾ. ഉടനെ ഒരു ജിമ്മിൽ കേറണം എന്നും ആലോചിക്കുന്നു. വർക്ക്ഔട്ട് ഒക്കെ
കഴിഞ്ഞു നിക്കുമ്പോളാണ് ശ്രീദേവി വരുന്നത്. അവൾ ഒന്നും പറയാതെ വീടിനുള്ളിലേക്ക്
കേറിപ്പോയി. ചായ ഇടാനും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാനുമുള്ള പോക്കാണ്. അവളുടെ മട്ടും
ഭാവവും കണ്ടാൽ എന്റെ ഭാര്യ ആണെന്ന് തോന്നിപോകും. അത്രക്ക് കേറിങ് ആണ്. ഇതൊക്കെ
എവിടെപ്പോയി നിൽക്കുമോ എന്തോ..?

ഇന്നലെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണോ അവൾ ഒന്നും മിണ്ടാതെ പോയത്. അതോ ഇനി
ഇവൾക്ക് എന്നെ ഇഷ്ടമല്ലേ… അങ്ങനെ പല ചിന്തകളും എന്റെ ഉള്ളിലൂടെ കടന്നുപോയി.
എന്തായാലും അവളോട്‌ തന്നെ ചോദിക്കാമെന്ന് കരുതി ഞാനും വീടിന്റെ അകത്തോട്ടു കയറി.

അടുക്കളയിൽ ചായയും ഭക്ഷണവും ഉണ്ടാക്കുന്ന തിരക്കിലാണ് ശ്രീക്കുട്ടി. ഇന്ന് അവൾക്ക്
ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസമാണെന്ന് അപ്പോളാണ് ഞാൻ ഓർത്തത്. അതുകൊണ്ട് ഞാൻ
പറഞ്ഞു….

“ഇന്ന് നിനക്ക് ജോലിക്ക് കേറേണ്ട ദിവസമല്ലേ… ബ്രേക്ഫാസ്റ്റ് ഞാൻ പുറത്ത് നിന്ന്
കഴിച്ചോളാം. നീ പൊയ്ക്കോ..”

“ഇപ്പോ സമയം 6:30 ആയല്ലേയുള്ളൂ.. എനിക്ക് 9:30-ന് അവിടെ എത്തിയാൽ മതി. അതുകൊണ്ട്
ഒരു 9 മണിക്ക് ഇവിടുന്നു പോയാൽ മതി.”

“ആയിക്കോട്ടെ…. പിന്നെ ഞാൻ ഇന്നലെ പറഞ്ഞ കാര്യം………”

“അത് വേണ്ട ഏട്ടാ….. അത് ശെരിയാകില്ല…”
ആ മറുപടി എന്നെ ചെറിയ രീതിയിൽ വിഷമിപ്പിക്കാതിരുന്നില്ല.

“ഞാൻ ഒരു ഗതികെട്ടവളാ ഏട്ടാ… ഞാൻ ഏട്ടന് ഒരിക്കലും ചേരാത്ത ഒരു പെണ്ണാണ്. സ്കൂളിലും
കോളേജിലും പഠിക്കുമ്പോൾ ഒരുപാടുപേര് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ
അവരെയൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. അപ്പോഴെല്ലാം എന്റെ മനസ്സിൽ എന്റെ അച്ഛൻ
ഞങ്ങൾക്ക് വേണ്ടി

കഷ്ടപ്പെടുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് നല്ലപോലെ പഠിച്ചു ഒരു ജോലി
വാങ്ങണം… എന്നിട്ട് അച്ഛനെ ജോലിക്ക് വിടാതെ വീട്ടിലെ എല്ലാവരേയും നല്ലപോലെ നോക്കണം
എന്നായിരുന്നു എന്റെ ഒരേയൊരു ആഗ്രഹം.
പക്ഷെ അതിനൊക്കെ മുൻപ് എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയി.” വിതുമ്പിക്കൊണ്ടാണ് അവൾ
ഇതൊക്കെ പറഞ്ഞത്.
“എന്നെ ഏട്ടന്റെ ജീവിതത്തിലേക്ക് കൂട്ടിയാൽ ഏട്ടനും പ്രശ്നങ്ങൾ മാത്രമേ
ഉണ്ടാകുള്ളു…”
“ആ പ്രശ്നങ്ങളൊക്കെ നേരിടാൻ ഞാൻ തയ്യാറാണെങ്കിലോ” വളരെ പെട്ടെന്നായിരുന്നു എന്റെ
മറുപടി.
“അതേ ശ്രീക്കുട്ടി…. ഞാൻ ഇതുവരെ ആരേയും പ്രണയിച്ചിട്ടില്ല. നീയാണ് എന്റെ മനസ്സിൽ
ആദ്യമായി കയറികൂടിയ പെണ്ണ്. ഞാൻ മരിക്കുന്നതുവരെ നീ മാത്രമേ എന്റെ മനസ്സിൽ
ഉണ്ടാകൂ…”ഇത്രെയും കേട്ടതും ശ്രീക്കുട്ടി പൊട്ടിക്കരയാൻ തുടങ്ങി. കണ്ണടച്ചു
തുറക്കുംമുമ്പ് അവൾ വന്നു എന്നെ കെട്ടിപിടിച്ചു വരിഞ്ഞുമുറുക്കി.
എന്റെ വാരിയെല്ലു പൊട്ടിപ്പോകുമോ എന്ന് ഞാൻ സംശയിച്ചു. അത്രക്ക് ശക്തിയായിരുന്നു
അവൾക്കപ്പോൾ. പക്ഷെ കാണാൻ എന്റെ പകുതിയേയുള്ളൂ അവൾ.“അന്ന് ഞാൻ ഏട്ടനെ ഫ്ലൈറ്റിൽ
കയറുന്നതിനുമുമ്പ് തന്നെ ഞാൻ കണ്ടെന്നു പറഞ്ഞില്ലേ. അന്ന് എയർപോർട്ടിൽ വച്ചു ഏട്ടൻ
സ്വപ്നം കണ്ടു നിലവിളിച്ചപ്പോൾ. ആ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് ഏട്ടനെ ഒരുപാട്
ഇഷ്ടമായി. നെഞ്ചിനകത്ത് എന്തോ ഒരു പ്രേത്യേക ഫീൽ ആയിരുന്നു അപ്പോൾ. ആ സമയം
നെഞ്ചിടിപ്പൊക്കെ നല്ലപോലെ കൂടി എനിക്ക്. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥ”.

ഞാനൊന്ന് ചെറുതായി ഞെട്ടി. എന്റെ ഫീമെയിൽ വേർഷൻ ആണോ ഇവൾ. എനിക്കും ഇതുപോലെയൊക്കെ
തോന്നിയതാണല്ലോ അപ്പോൾ. അവൾക്കും അതേ അവസ്ഥ. ഒന്നുറപ്പായി ഇവൾ എനിക്ക് വേണ്ടി
ജനിച്ച പെണ്ണ് തന്നെയാ…. എന്റെ പെണ്ണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഇനി ആകാശം
ഇടിഞ്ഞു വീണാലും എന്റെ ജീവിതാവസാനം വരെ ഇവളെ ഞാനെന്റെ കൂടെകൂട്ടും. ഈ ആദിയുടെ
പെണ്ണായിട്ട്.
അവൾ പറയുന്നത് തുടർന്നു….

“എനിക്ക് പേടിയായിരുന്നു എന്നെപോലെ ഒരുഗതിയും ഇല്ലാത്തൊരു പെണ്ണിനെ ഏട്ടന്
ഇഷ്ടമാകുമോ എന്ന്. അതുകൊണ്ടാ ഇതുവരെ ഞാൻ ഒന്നും തുറന്നു പറയാതിരുന്നത്. ഏട്ടൻ ഇവിടെ
ഉള്ളടുത്തോളം കാലം ഏട്ടന്റെ ഒരു വേലക്കാരിയായിട്ടെങ്കിലും കൂടെ നിൽക്കാനായിരുന്നു
എന്റെ തീരുമാനം. അതുകൊണ്ടാണ് ഞാൻ എന്നും രാവിലെ ഏട്ടന് ആഹാരം ഉണ്ടാക്കി തരാൻ
വരുന്നതും പിന്നെ ഏട്ടൻ ജോലി കഴിഞ്ഞു വന്നാലുടാൻ ഞാൻ ഓടി ഇങ്ങോട്ട് വരുന്നതും.
അത്രേയും നേരം എനിക്ക് ഏട്ടനെ കണ്ടുകൊണ്ടിരിക്കാല്ലോ”.

അവൾ ഇതൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകളിൽ പ്രണയമെന്നൊരു വികാരം മാത്രമേ
ഉണ്ടായിരുന്നുള്ളൂ. ആ ഉണ്ടക്കണ്ണുകളിൽ എന്നോടുള്ള പ്രണയം
നിറഞ്ഞുനിൽക്കുകയായിരുന്നു. ഞാൻ ചോദിച്ചാൽ എനിക്ക് വേണ്ടി ഹൃദയം വരെ പറിച്ചുതരും
അവൾ. അത്രക്കും അവൾ എന്നെ സ്നേഹിക്കുന്നുണ്ട്. ഒരുപക്ഷെ അവളുടെ ജീവനേക്കാൾ കൂടുതൽ…

“ഇനി അങ്ങനെയൊന്നും വേണ്ടല്ലോ ശ്രീക്കുട്ടി… ഇനി നമ്മുക്ക് മനസറിഞ്ഞു സ്നേഹിക്കാം.
എനിക്ക് വേണം നിന്നെ എന്നും. എന്റെ ഭാര്യയായിട്ട്. എന്റെ പതിനഞ്ചു കുട്ടികളുടെ
അമ്മയായിട്ട്.”

“പതിനഞ്ചു കുട്ടികളോ….?” ഉണ്ടകണ്ണ് മിഴിച്ചു അവളെന്നെ നോക്കി ചോദിച്ചു.

“പത്ത് കുട്ടികളായാലും മതി” കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു.

“അയ്യടാ… ഒന്ന് അല്ലെങ്കിൽ രണ്ടെണ്ണം.. അതുമതി” അവൾ നാണത്തോടെ പറഞ്ഞു.

“മതിയെങ്കിൽ മതി….. പിന്നെ ഞാനൊരു കാര്യം പറഞ്ഞേക്കാം.., ഇന്നലത്തെപ്പോലെ മുഖവും
വീർപ്പിച്ചു എന്റെ മുൻപിൽ ഇനി നിന്നേക്കരുത്. എന്തുണ്ടെങ്കിലും എന്നോട് തുറന്ന്
സംസാരിക്കണം കേട്ടല്ലോ…. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും” ഞാൻ കുറച്ചു കടുപ്പിച്ചു
തന്നെ പറഞ്ഞു.

“മ്മ്…. ഇന്നലെ ഞാൻ വിളിച്ചപ്പോൾ ഏട്ടൻ ഫോൺ എടുക്കാതിരിന്നപ്പോൾ എനിക്ക് ചെറിയ
വിഷമം ഉണ്ടായി എന്നുള്ളത് നേരാ… അതാ ഏട്ടൻ എന്നെ ഇങ്ങോട്ട് വിളിച്ചപ്പോൾ ‘എന്നോട്
മിണ്ടാൻ വരണ്ട’ എന്നു ഞാൻ പറഞ്ഞേ…
പക്ഷെ ഏട്ടൻ വരുമ്പോൾ അങ്ങനെ പറഞ്ഞുപോയതിനു വന്നു സോറി പറയാൻ ഇരുന്നതാ ഞാൻ. അങ്ങനെ
ഏട്ടനെ കാത്തിരിക്കുമ്പോഴാ ഒരു പെണ്ണ് ഏട്ടന്റെ കൂടെ വരുന്നത് കണ്ടത്. ഏട്ടൻ എന്നെ
വിട്ടു പോകുമോ എന്ന് ആലോചിച്ചു ഞാൻ പെട്ടന്ന് ടെൻഷൻ ആയി. ഏട്ടൻ ഒരു പെണ്ണുമായി
ഇഷ്ടത്തിലായാൽ പിന്നെ എപ്പോളും അവളുടെ കൂടെ ആയിരിക്കില്ലേ. അപ്പോൾ എനിക്ക് പിന്നെ
ഏട്ടനെ കാണാൻ കിട്ടില്ലല്ലോ. അത് ആരാണെന്ന് അറിയാൻ വേണ്ടിയാ ഞാൻ അങ്ങോട്ട് ഓടി
വന്നത്.”

ഈ പെണ്ണ് എന്നെ ഇത്രക്കും സ്നേഹിക്കുന്നുണ്ടോ. അവളുടെ മനസ്സിൽ എന്നെ നഷ്ടമാകുമോ
എന്ന പേടി നല്ലപോലെ ഉണ്ട്. എന്നാലും അവളുടെ ഇന്നലത്തെ ആ വരവ് ആലോചിച്ചപ്പോൾ എനിക്ക്
ചിരിച്ചു വന്നു.

“അതാണോ കുട്ടിച്ചാത്തൻ വരുന്നതുപോലെ എവിടെനിന്നോ പറന്നു നീ ഇവിടെ എത്തിയത്”

അതുകേട്ടതും അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി. മുത്ത് പൊഴിയുന്നപോലെയുള്ള നല്ല അസൽ
ചിരിച്ചു.

“ഇന്നലെ മുഴുവൻ എന്നെ ടെൻഷൻ അടുപ്പിച്ചിട്ട് ഇപ്പോൾ നിന്ന് ചിരിക്കുന്നോ….”
പെട്ടന്ന് ചിരി നിർത്തിയിട്ടു അവൾ പറഞ്ഞു…

“എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് ആ ചേച്ചിയോട് സംസാരിച്ചില്ലേ… അപ്പോൾ ഏട്ടൻ ആ
ചേച്ചിയുടെ കാമുകൻ ആണെന്ന രീതിയിലാണ് ആ ചേച്ചി എന്നോട് സംസാരിച്ചത്. അതുകൂടി
കേട്ടപ്പോൾ ഞാൻ അങ്ങു ഇല്ലാണ്ടായി പോയി. അതുകൊണ്ടാ ഞാൻ മുഖവും വീർപ്പിച്ചു നടന്നേ….
അത് പക്ഷെ ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ടാ…”

കുട്ടി മാമാ… ഞാൻ ഞെട്ടി മാമാ…. അതുപോലെ ആയി എന്റെ അവസ്ഥ. ഇത്രെയൊക്കെ
ഉണ്ടായിരുന്നോ ഇവളുടെ മനസ്സിൽ. അവളെ ഒന്നും സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു..

“എടി അത് അവൾ ചുമ്മാ നിന്നെയൊന്ന് ഇളക്കിയതാ… അവളുടെ പെരുമാറ്റം കൊച്ചുകുട്ടികളെ
പോലെയാ… ശെരിക്കും ഒരു കുറുമ്പി”

ലിയയുടെ ഇന്നലത്തെ ചെയ്തികളെല്ലാം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു.

“ആണോ”? അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് ശെരിക്കും ഈ
പൊട്ടിപെണ്ണിനോട് വാത്സല്യമാണ് തോന്നിയത്.

“അതേടി പെണ്ണേ…. എനിക്ക് നിന്നെയല്ലാതെ വേറെ ആരേയും ഇനി സ്നേഹിക്കാൻ പറ്റില്ല”
എന്നു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ആദ്യ സ്നേഹചുംബനം നൽകി.
പെട്ടന്ന് പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുമന്നു രക്തവർണം ആയി.

“ഏട്ടാ…. എനിക്ക് ഇങ്ങനെ മോഹം തന്നിട്ട് എന്നെ ഇട്ടിട്ടു പോയാൽ പിന്നെ ഈ
ശ്രീക്കുട്ടി ജീവനോടെ ഉണ്ടാകില്ല… ഏട്ടനെ ഞാൻ അത്രക്ക് സ്നേഹിച്ചുപോയി…”
അവളുടെ വായിൽ നിന്നല്ല ഹൃദയത്തിൽ നിന്നായിരുന്നു ഈ വാക്കുകൾ വന്നത്.

ഞാൻ അവളുടെ വലത് കൈ എടുത്തു എന്റെ ഇടം നെഞ്ചിൽ വച്ചിട്ട്….
“ഈ ഹൃദയം നിലയ്ക്കുന്ന വരെയും ഞാൻ നിന്നെ തനിച്ചാക്കില്ല… ഇതെന്റെ ഉറപ്പാണ്…”
എന്നു പറഞ്ഞ് ഞാൻ അവളെ എന്റെ മാറോടു ചേർത്ത് വാരി പുണർന്നു.
പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. തിരിച്ചു അവളും എന്നെ മുറുക്കെ കെട്ടിപിടിച്ചു…
അവളുടെ മാത്രം സ്വന്തമാണ് ആർക്കും ഇനി വിട്ടുകൊടുക്കില്ല എന്നൊരു ഉറച്ച തീരുമാനം
പോലെ.
കുറേനേരം ആ നിൽപ്പ് നിന്നു…. പെട്ടന്ന് അവൾ എന്റെ മാറിൽ നിന്നും വിട്ടുമാറി ചുമരിലെ
ക്ലോക്കിലേക്ക് നോക്കി. സമയം 8 ആയി.
വീണ്ടും അവളെ മാറോടു ചേർക്കാൻ പോയ എന്നോട് അവളെ പറഞ്ഞു…

“ ദേ മനുഷ്യ… സമയം എട്ടായി. നിങ്ങക്ക് ഓഫീസിൽ പോകണ്ടേ. എനിക്കും ഒരു 9 മണിയാകുമ്പോൾ
ഇറങ്ങണം.”

“ഒന്നര മണിക്കൂർ ഇത്ര വേഗം പോയോ…. നിന്നെ കെട്ടിപിടിച്ചു നിന്ന് കൊതിമാറിയില്ല
മോളേ”

വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു. ദൈവം ഈ പെണ്ണുങ്ങൾക്ക് മാത്രം അനുഗ്രഹിച്ചു
കൊടുത്തതാണെന്ന് തോന്നുന്നു കണ്ണുനീർ എന്ന ഈ വരം. പക്ഷെ ഇവിടെ സങ്കടം കൊണ്ടല്ല അവൾ
കരയുന്നത്. മറിച്ചു സന്തോഷം കൊണ്ടാണ്. ഞാൻ കൊടുക്കുന്ന ഈ സ്നേഹമാണ് അവളുടെ കണ്ണു
നനയിക്കുന്നത്.

“ഇനി ഞാനെന്നും എന്റെ ഏട്ടന്റെ കൂടെയുണ്ടല്ലോ… അപ്പോൾ എത്ര സമയം
വേണമെങ്കിലും എന്നെ കെട്ടിപിടിച്ചോ. ഇപ്പോ നമ്മുക്ക് രണ്ടുപേർക്കും ജോലിക്ക്
പോകേണ്ടതല്ലേ.”

അവൾ പറയുന്നത് ശെരിയാണ്. ഇനി നമ്മൾ എന്നും ഒരുമിച്ചു ഉണ്ടാകുമല്ലോ. അതുകൊണ്ട്
പിന്നെ റെഡി ആകാൻ വേണ്ടി ഞാൻ നേരെ റൂമിലേക്ക് പോയി. അവൾ അവളുടെ ജോലിയിലും മുഴുകി.

“ഏട്ടാ ഞാൻ പോയി റെഡി ആയിട്ട് വേഗം വരാവേ”
ഞാൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ അവൾ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു. ശരി എന്നു ഞാനും
മറുപടി കൊടുത്തു.

ഡ്രസ്സ്‌ ചെയ്തു റെഡി ആയി താഴേക്ക് ചെല്ലുമ്പോൾ നല്ല ദോശയും കിഴങ്ങുകറിയും
മേശപുറത്ത് കൊണ്ടു വയ്ക്കുന്ന ശ്രീക്കുട്ടിയെയാണ് കാണുന്നത്.
കുളിച്ചു സുന്ദരി ആയി നിൽക്കുന്ന എന്റെ ദേവി. പതിവുപോലെ നെറ്റിയിൽ ചന്ദനവും
കുങ്കുമവും എല്ലാമുണ്ട്. ഒരു മജന്ത കളർ ചുരിദാറും അതേ നിറത്തിലുള്ള പാട്ടിയാല
പാന്റും ഷാളും ആണ് വേഷം. കഴുത്തിന് താഴേക്ക് നോക്കിയാൽ ഒരു അസൽ പഞ്ചാബി കുട്ടി
തന്നെ. കഴുത്തിനു മുകളിലുള്ള അവളുടെ ആ സുന്ദര മുഖം കണ്ടാൽ ഒരു അസൽ മലയാളി
കുട്ടിയും. 2 ഇൻ 1 കോമ്പിനേഷൻ ആണ്. അവളുടെ ഏറ്റവും വലിയ സൗന്ദര്യമാണ് അവളുടെ
കണ്ണാടി.

“ഞാനിപ്പോൾ ദഹിച്ചു പോകുമല്ലോ എന്റെ മാഷേ…” തെല്ലു നാണത്തോടെ എന്നാൽ അതിനേക്കാൾ
വലിയ കുസൃതിയോടെയാണ് അവൾ അത് പറഞ്ഞത്.

“ഈ സുന്ദരികുട്ടിയെ കണ്ടാൽ എങ്ങനെയാ നോക്കാതെ ഇരിക്കുന്നേ… നോക്കിയിട്ട് കണ്ണ്
എടുക്കാൻ തോന്നുന്നില്ല..” അതോടെ പെണ്ണ് ഫ്ലാറ്റായി. അവളുടെ നാണം അതിന്റെ
മൂർധന്യാവസ്ഥയിൽ എത്തി.
അവളുടെ പതിവ് പരിപാടി തന്നെ ഇന്നും ആവർത്തിച്ചു. എന്നെ അടുത്തിരുന്നു
കഴിപ്പിച്ചിട്ടാണ് അവൾ കഴിച്ചത്.
കഴിച്ചു കഴിഞ്ഞു അവൾ വേഗം പാത്രങ്ങളെല്ലാം കഴുകിവന്നു.

ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന
പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.

ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ
എതിർദിശകളിലേക്ക് നടന്നു നീങ്ങി…….

തുടരും.

Leave a Reply