രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8
Rathishalabhangal Life is Beautiful 8 | Author : Sagar Kottapuram
Previous Part
കാറിൽ നിന്നിറങ്ങിയതും അമ്മായിയും വീണയും കൂടി ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു . ഡ്രൈവിംഗ് സീറ്റിൽ നിന്ന് റോസ് മോളെയും കൊണ്ടിറങ്ങിയ എന്നെ അമ്മായി അത്ഭുതത്തോടെ നോക്കി .
“ആഹ് ഹാ ..ഈ ചുന്ദരി ആണോ ഡ്രൈവർ ?”
മോഹനവല്ലി അമ്മായി പുഞ്ചിരിച്ചുകൊണ്ട് റോസ്‌മോളുടെ നുണക്കുഴി കവിളിൽ പയ്യെ നുള്ളി .
“അത് അവന്റെ അടുത്തൂന്നു പോവില്ല ആന്റി …വല്ലാത്ത കഷ്ടം ആണ് ”
മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞത് . അപ്പോഴേക്കും വീണ മഞ്ജുവിന്റെ അടുത്തെത്തി അവളെ ചേർത്തുപിടിച്ചു .
“വാ ചേച്ചി…എടാ അപ്പൂസേ ചേച്ചീനെ മറന്നോ നീ .?”
വീണ ആദിയെ നോക്കി ചിണുങ്ങി . എന്ത് മറിമായം ആണെന്ന് അറിയില്ല മഞ്ജുസ് അവനെ അവളുടെ അടുത്തേക്ക് നീട്ടിയതും ചെറുക്കൻ വീണയുടെ അടുത്തേക്ക് ചാഞ്ഞു !
പിന്നെ അധിക നേരം മുറ്റത്തു നിക്കാതെ ഞങ്ങളെല്ലാവരും ഉമ്മറത്തേക്ക് കയറി . കൃഷ്ണൻ മാമൻ എനിക്കിരിക്കാനുള്ള കസേര പുള്ളിക്കടുത്തായി തന്നെ നീക്കിയിട്ടു . റോസിമോളെയും എടുത്തുകൊണ്ട് തന്നെ ഞാൻ ആ കസേരയിലേക്കിരുന്നു .
“സുഖം അല്ലെ മോളെ ?”
ഉമ്മറത്തേക്ക് കയറിയ മഞ്ജുസിനോടായി കൃഷ്ണൻ മാമ കുശലാന്വേഷണം തിരക്കി .
“അതെ അമ്മാവാ …”
അവളതിന് ചിരിയോടെ മറുപടി നൽകി .
“ആഹ്..പിന്നെ അച്ഛൻ വന്നല്ലേ കണ്ണാ ?”
ഇത്തവണ എന്റെ നേരെ തിരിഞ്ഞു കൃഷ്ണനെ മാമ നെഞ്ച് ഒന്ന് തടവി .
“ആഹ് വന്നിട്ടുണ്ട്…നാളെയോ മറ്റന്നാളോ ആയിട്ട് ഇങ്ങോട്ടൊക്കെ ഇറങ്ങാമെന്നു പറഞ്ഞിട്ടുണ്ട് ”
ഞാൻ പതിയെ തട്ടിവിട്ടു .
“അല്ല..മായ എവിടെ ? അവളെ കണ്ടില്ലലോ ?”
ആദിയെ എടുത്തു നിൽക്കുന്ന വീണയെ നോക്കി അതിനിടയിൽ മഞ്ജുസ് ചോദിച്ചു .