മഞ്ജുസ് എന്റെ ആവേശം കണ്ടു ചിരിച്ചു . അതോടെ ഞാൻ ഒന്നും മിണ്ടാതെ അവൾക്കൊപ്പം നടന്നു . പിന്നെ തിരിച്ചു റൂമിൽ വന്ന ശേഷം മഞ്ജു ആണ് അവളുടെ അമ്മയെ വിളിച്ചു കാര്യം പറയുന്നത് . പിന്നെ അത് സ്‌പ്രെഡ് ആയി എല്ലാവരും അറിഞ്ഞു . മഞ്ജുസ് ഗർഭിണി ആയെന്നറിഞ്ഞപ്പോൾ എല്ലാവരും എന്നെ കാണുമ്പോൾ ഒരു ചിരി ആയിരുന്നു . അതെന്തിനാണെന്നു എനിക്കിപ്പോഴും മനസിലായിട്ടില്ല .ആ ഓര്മകളൊക്കെ അയവിറക്കികൊണ്ട് ഞാൻ പയ്യെ കാർ ഓടിച്ചു . അങ്ങനെ അധികം വൈകാതെ ഞങ്ങൾ സ്വന്തം വീട്ടിലെത്തി . ഹേമാന്റിയും എന്റെ അമ്മയും അച്ഛനുമൊക്കെ ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു . കാർ കണ്ടതും അമ്മയും ഹേമാന്റിയും കൂടി മുറ്റത്തേക്കിറങ്ങി.
കാർ നിർത്തിക്കൊണ്ട് ഞാൻ ആദ്യം ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങി . പിന്നാലെ മഞ്ജുസും . ഉറങ്ങിക്കിടന്ന റോസിമോളെ തോളത്തിട്ടുകൊണ്ടാണ് അവൾ എഴുന്നേറ്റത് . ആദികുട്ടൻ മായേച്ചിയുടെ മടിയിലായിരുന്നു . അവനെ എന്റെ അമ്മ കൈനീട്ടി വാങ്ങിയതോടെ മായേച്ചിയും പുറത്തേക്കിറങ്ങി . സാമാന്യം വീർത്ത വയറുമായി മായേച്ചി പയ്യെ പുറത്തേക്കിറങ്ങി .അപ്പോഴേക്കും ആദികുട്ടനെ ഞാൻ എടുത്തുപിടിച്ചു .
“തള്ളെ സുഖം അല്ലെ ..”
കാറിൽ നിന്ന് പുറത്തിറങ്ങിയതും അവളെന്റെ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .
“സുഖം ആടി..നിനക്കോ..?”
അവളുടെ പുറത്തു തഴുകി അമ്മ ചിരിച്ചു .
“ആഹ്..അങ്ങനെ പോണൂ..”
അവൾ പയ്യെ പറഞ്ഞു അകന്നു മാറി പിന്നെ സ്വന്തം അമ്മയുടെ അടുത്തേക്ക് നീങ്ങി .
“ഇവിടെ വല്യ സന്തോഷം ഒന്നും ഇല്ലാലോ ? ഞാൻ വന്നത് ഇഷ്ടായില്ലേ?”
ഹേമന്റിയുടെ തോളിൽ കയ്യിട്ടുകൊണ്ട് മായേച്ചി ചിരിച്ചു .
“ഒന്ന് പോടീ പെണ്ണെ …”
ഹേമന്റി അവളെ ശകാരിച്ചുകൊണ്ട് ചിരിച്ചു . പിന്നെ അവളുടെ കയ്യും പിടിച്ചു പയ്യെ നടന്നു .
“ഹലോ ….അറിയോ ?”
ഉമ്മറത്ത് നിൽക്കുന്ന എന്റെ അച്ഛനെ നോക്കി കൈവീശികൊണ്ട് മായേച്ചി ഉറക്കെ വിളിച്ചു ചോദിച്ചു . അതിനു പുള്ളിയൊന്നു ചിരിക്കുക മാത്രം ചെയ്തു .
അകത്തേക്ക് കയറി മായേച്ചി എന്റെ അച്ഛനുമായി പരിചയം പുതുക്കി , പിന്നെ അകത്തേക്ക് കടന്നു അമ്മയോടും ഹേമാന്റിയോടും വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു ഞാനും മഞ്ജുസും ആ സമയത്തു മുകളിലെ റൂമിലേക്ക് പോയി . ഉറങ്ങി പോയ റോസിമോളെ തൊട്ടിലിലേക്ക് കിടത്തികൊണ്ട് മഞ്ജുസ് ആദിയെ ഉറക്കാനുള്ള ശ്രമം തുടങ്ങി . പക്ഷെ ചെറുക്കന് പാലുകുടിച്ചാലേ ഉറങ്ങാനുള്ള മൂഡ് വരൂ !