ഷെറിന് ദൈന്യതയോടെ തലയാട്ടിയിട്ട് ദുര്‍ബ്ബലമായ കാലടികളോടെ തിരിഞ്ഞുനടന്നു. അച്ചന്‍ വീണ്ടും പുസ്തകത്തിലേക്ക് മുങ്ങാംകുഴിയിട്ടു.
വാഹനത്തിനു സമീപമെത്തിയ ഷെറിന്‍ ഒരുനിമിഷം ആലോചിച്ചു. ഭര്‍ത്താവിന്റെ അച്ഛന്‍ കുര്യന്റെ മുഖം മനസ്സിലേക്കെത്തിയപ്പോള്‍ കുറ്റബോധത്താല്‍ അവള്‍ നീറി. ഒന്നുമില്ലാത്ത വീട്ടില്‍ നിന്നും തന്നെ മരുമകളായി സ്വീകരിച്ച ഡാഡിയോട് കൊടിയ പാപമാണ് താന്‍ ചെയ്തിരിക്കുന്നത്. ഇനിയത് ആവര്‍ത്തിക്കില്ല എങ്കിലും, ചെയ്തുപോയ തെറ്റ് അദ്ദേഹത്തോട് പറഞ്ഞേ മതിയാകൂ. എല്ലാറ്റിനും കാരണം അവളാണ്, ജൂബി. പക്ഷെ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഭര്‍ത്താവ് ജോസനോട് അവള്‍ക്ക് ലവലേശം സ്നേഹമോ ബഹുമാനമോ ഉണ്ടായിരുന്നില്ല. അവനെപ്പോലെ ഒരുവന്റെ ഭാര്യ ആകേണ്ടി വന്നതില്‍ അവള്‍ക്ക് ഖേദവും ഉണ്ടായിരുന്നു. പക്ഷെ ഒന്നുമില്ലാത്ത ഇടത്ത് നിന്നും സൌന്ദര്യം കൊണ്ടുമാത്രമാണ് നാട്ടിലെ പ്രമാണിയായ കുര്യന്‍ മുതലാളിയുടെ മകന്റെ ഭാര്യയാകാന്‍ അവള്‍ക്ക് സാധിച്ചത്. പണത്തിന്റെ ധാരാളിത്തത്തില്‍ സുഖിച്ചു പുളയ്ക്കാവുന്ന ജീവിതമാണ് ഇന്ന് തനിക്കുള്ളത്. ഭര്‍ത്താവ് വൃത്തികെട്ടവന്‍ ആണെങ്കിലും, തന്നെ മരുമകളാക്കിയ മുതലാളിയോട് അവള്‍ക്ക് നിസ്സീമമായ കടപ്പാടും സ്നേഹവും ആരാധനയും ഉണ്ടായിരുന്നു. പണത്തിന്റെ ധാരാളിത്തം പോലെതന്നെ നന്മയുടെ ധാരാളിത്തവും കുര്യന്‍ മുതലാളിക്കുണ്ട്. പള്ളി നടത്തുന്ന ആതുരാലയങ്ങള്‍ക്ക് ഏറ്റവും ധനസഹായം നല്‍കുന്നത് അദ്ദേഹമാണ്. നാട്ടുകാര്‍ക്ക് ഒന്നടങ്കം ഇഷ്ടമുള്ള വ്യക്തിത്വമാണ് മുതലാളിയുടേത്. അങ്ങനെയുള്ള അദ്ദേഹത്തെ ചതിച്ച തനിക്ക്, ദൈവം പോലും മാപ്പ് തരില്ല എന്ന് ഷെറിന് തോന്നി. അച്ചനിലൂടെ തന്റെ തെറ്റ് അദ്ദേഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവള്‍ പള്ളിയിലേക്ക് വന്നത്. പക്ഷെ..
ഷെറിന്‍ തിരിഞ്ഞുനോക്കി. അച്ചന്‍ വായനയിലാണ്.
വിരല്‍ കടിച്ച് ഒരുനിമിഷം അവള്‍ സംശയത്തോടെ നിന്നു. ഇക്കാര്യത്തില്‍ തനിക്ക് ധൈര്യത്തോടെ ആശ്രയിക്കാന്‍ അച്ചന്‍ മാത്രമേ ഉള്ളു. പക്ഷെ കുമ്പസാര രഹസ്യം മറ്റൊരാളോട് പങ്കുവയ്ക്കാന്‍ അച്ചന്‍ തയ്യാറല്ല. പിന്നെങ്ങനെ? അവളുടെ മനസ്സിലൂടെ മറ്റുചില ചിന്തകള്‍ കടന്നുപോയി.
വീണ്ടും അവള്‍ അച്ചന്റെ അടുത്തേക്ക് നടന്നു.
“ഷെറിന്‍ പോയില്ലേ?” അച്ചന്‍ തലയുയര്‍ത്തി.
ദൈന്യതയോടെ അവള്‍ തലയാട്ടി.
“എന്നെ അച്ചന്‍ സഹായിക്കണം” വിറയാര്‍ന്ന അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
അച്ചന്‍ പുസ്തകം മടക്കിവച്ചിട്ട് ആലോചിച്ചു. കുര്യന്‍ മുതലാളിയോട് ഇവള്‍ക്കെന്താണ് നേരില്‍ പറയാന്‍ സാധിക്കാത്ത ഇത്രവലിയ വിഷയം?
“ഒകെ ഷെറിന്‍. നിന്റെ നിര്‍ബന്ധം മൂലം മാത്രം ഞാനൊരു ഉപാധി നല്‍കാം. കുമ്പസാരം വേണ്ട. നീ കാര്യം എന്നോട് വ്യക്തിപരമായി പറഞ്ഞാല്‍ മതി. ഞാനത് കുര്യന്‍ മുതലാളിയോട് പറഞ്ഞോളാം” ഒടുവില്‍ അച്ചന്‍ പറഞ്ഞു.